വനത്തിൽ മാന്യരാകാം, ‘സെൽഫി ഭ്രാന്ത്’ കാട്ടാനയോട് കാട്ടിയാൽ കിട്ടുന്ന പണി…

കാടിനുള്ളിലൂടെ യാത്ര ചെയ്യുവാൻ അവസരം കിട്ടിയാൽ നിങ്ങൾ എന്ത് ചെയ്യും? പേടിയുണ്ടെങ്കിലും ആ യാത്ര ആസ്വദിക്കും അല്ലെ? അതെ യാത്രകൾ ആസ്വദിക്കേണ്ടതു തന്നെയാണ്. പക്ഷെ ആസ്വാദനം അതിരു കവിഞ്ഞാലോ? വന്യമൃഗങ്ങളെ കാണുമ്പോൾ വണ്ടി നിർത്തിയും ഫോട്ടോ എടുത്തുമൊക്കെ മിക്കയാളുകളും വനക്കാഴ്ചകൾ എന്ജോയ് ചെയ്യാറുണ്ട്. ചിലരാകട്ടെ കുരങ്ങൻ, മാൻ പോലുള്ള മൃഗങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ ഇട്ടു കൊടുക്കുകയും ചെയ്യും. വനപാലകർ ഇതെങ്ങാനും കണ്ടു നിങ്ങളെ പിടിച്ചാൽപിന്നെ നല്ല തുക പിഴയടക്കേണ്ടി വരും. അല്ലെങ്കിൽ കേസ് പുറകെ വരും.

ഇത്തരത്തിൽ മൈസൂർ – ഊട്ടി ദേശീയപാതയിൽ ബന്ദിപ്പൂർ വനമേഖലയിൽ റോഡരികിൽ നിൽക്കുന്ന ആനയുടെയും കുഞ്ഞിൻറെയും കൂടെ ‘സെൽഫി’യെടുത്ത കാർ യാത്രക്കാർക്ക് കാട്ടാനയുടെ വക നല്ല പണി കിട്ടിയ കഥയാണ് ഇനി പറയുവാൻ പോകുന്നത്. മൈസൂർ – ഊട്ടി ദേശീയപാതയിൽ ബന്ദിപ്പൂർ വനമേഖലയിൽ നിന്നും ഈ ദൃശ്യങ്ങൾ പകർത്തിയതും വിവരണം എഴുതിയതും വനം-വന്യ ജീവി ഫോട്ടോഗ്രാഫർ ഓസ്റ്റിൻ ചെറുപുഴയാണ്.

സംഭവം ഇങ്ങനെ – കർണാടക സ്വദേശികളായ ഒരു കുടുംബം കാറിൽ ബന്ദിപ്പൂർ വനത്തിലൂടെ വരികയായിരുന്നു. ഊട്ടിയിലോ മറ്റോ ടൂർ പോയ യാത്രക്കാരായിരുന്നിരിക്കണം. വഴിക്കുവെച്ച് ഇവർ റോഡരികിൽ വനത്തിൽ ഒരാനയും കുട്ടിയാനയും നിൽക്കുന്ന കാഴ്‌ച കണ്ടു. കാലിൽ കൂച്ചുവിലങ്ങു ധരിച്ച ആ ആന ബന്ദിപ്പൂർ ടൈഗർ റിസർവ്വിന്റെയായിരുന്നു. വനത്തിൽ കഴിയുന്നതെങ്കിലും കുഞ്ഞുളള ആനകള്‍ പൊതുവേ അക്രമകാരിയാവുമെന്നതിനാൽ ഇവ വാഹനങ്ങളുടെ നേരെ പാഞ്ഞടുക്കാതിരിക്കുവാനാണ് മുന്‍കാലുകളില്‍ കൂച്ചുവിലങ്ങിട്ടത്. ഈ കാഴ്ച കണ്ടപ്പോൾ നമ്മുടെ കർണാടക കുടുംബത്തിന് ഒരു മോഹം.. ആനയുമായി ഒരു സെൽഫി എടുക്കണം. കാർ റോഡിന് നടുവിൽ നിർത്തിയാണ് കാറോടിച്ചിരുന്ന യുവാവും യുവതിയുമടക്കം പുറത്തിറങ്ങി ആനയോടൊപ്പം ‘സെൽഫി’യെടുത്തത്. അപ്പോഴാണ് കാട്ടാന കുഞ്ഞുമായി കാറിനടുത്തേക്ക് നീങ്ങിയത്. പുറത്തിറങ്ങി ചിത്രം പകർത്താൻ നിന്ന ഇവർക്ക് കാറിൽ കയറാനും കഴിഞ്ഞില്ല.

ആനയാകട്ടെ കാറിന്റെ തുറന്ന ഗ്ലാസ്സിലൂടെ തുമ്പിക്കൈ കടത്തി കാറിനുളളിലെ ഭക്ഷണ സാധനങ്ങളെല്ലാം വാരിയെടുത്ത് മൃഷ്ടാന്ന ഭോജനമാക്കി. അതും പോരാഞ്ഞു സ്വർണ്ണവും പണവും അടങ്ങിയ ബാഗുകളും, വസ്ത്രങ്ങളും ഒക്കെ എല്ലാം വാരി എടുത്ത് അകത്താക്കുകയും ചെയ്തു. ഇതെല്ലം കണ്ടുകൊണ്ട് ദയനീയമായി നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുളളൂ. അതിനിടെ കയറ്റത്തിൽ നിർത്തിയിരുന്ന ഈ വാഹനം വേഗത്തിൽ പിന്നോട്ടുരുണ്ടത് പുറകിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഉണ്ടായിരുന്നവർക്കും ഭയമുളവാക്കി. വണ്ടി ഉരുളുന്നത് കണ്ട് യുവാവ് ഓടി കാറിനു പുറകിൽ തളളിപ്പിടിച്ച് നിർത്താൻ ശ്രമിച്ചതും ഭീതിയുണർത്തി. മറ്റുളളവർ ബഹളം വച്ച് തടഞ്ഞത് കൊണ്ട് മറ്റൊരു ദുരന്തം ഒഴിവായി. കാർ സൈഡിലേക്കുരുണ്ട് തിട്ടയിൽ ഇടിച്ച് നിന്നതിനാൽ മറ്റ് കാറുകളും യാത്രക്കാരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ആ കുടുംബത്തെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ല. എന്നാലും ഇനിയൊരിക്കലും അവർ ഇതുപോലുള്ള സാഹസങ്ങൾക്ക് മുതിരില്ല. അതുറപ്പാണ്. അവരുടെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണ് എന്നിരുന്നാലും ഒരു ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.

വനനിയമങ്ങൾ പാലിക്കാത്തവർക്ക് ഇത്തരം അനുഭവങ്ങൾ പകർന്ന് നൽകുന്നത് നല്ല പാഠങ്ങൾ തന്നെയാണ്. ഉച്ചത്തിൽ പാട്ടുവച്ചും, തെരുതെരെ ഹോണടിച്ചും, അമിത വേഗതയിൽ വാഹനമോടിച്ചും, മൃഗങ്ങളേ കാണുമ്പോൾ ബഹളമുണ്ടാക്കിയും, വന്യ ജീവികൾക്ക് റോഡിൽ ഭക്ഷണമിട്ട് കൊടുത്തും, മദ്യപിക്കാനും ഭക്ഷണം കഴിക്കാനും വാഹനം വനത്തിൽ നിർത്തി ഇറങ്ങിയും, പ്ലാസ്റ്റിക്ക് അടക്കമുളള മാലിന്യങ്ങൾ വനപാതയിൽ തളളിയും ചെയ്യുന്ന ക്രൂരതകൾക്ക് ‘മൃഗീയ’ പ്രതികാരം ചെയ്യാൻ അവർക്കും അവകാശമുണ്ട്. ഈ ലേഖനം വായിക്കുന്ന എല്ലാവരുടെയും ഉള്ളിൽ ഇനി ഈ സംഭവം മായാതെ കിടക്കട്ടെ. നിങ്ങളും വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഇതുപോലെ പെരുമാറാതിരിക്കുവാൻ ഇത് ഒരു ഓർമ്മപ്പെടുത്തലാകട്ടെ. കാഴ്ചകൾ കണ്ണുകൊണ്ടു കാണുക.. .ആസ്വദിക്കുക… മറ്റു കലാപരിപാടികൾ ഒഴിവാക്കുക. എല്ലാവർക്കും ഹാപ്പി ജേർണി….

A selfie could win you brownie points, but it could be dangerous given the way people are going about it. A family, who tried to click a selfie (or should we call it elphie?) with an elephant at Bandipur, had a close shave when the pachyderm charged at their car and had their bag containing debit cards, cash and gold taken away. The scenes of this alarming incident were captured by a Kerala-based wildlife photographer Austin Cherupuzha.