ബന്ദിപ്പൂരിലെ കടുവ രാജാവായിരുന്ന പ്രിൻസിനെ നേരിട്ടു കണ്ട യാത്ര..

വിവരണം: അനീഷ് കൃഷ്ണമംഗലം, ഫോട്ടോഗ്രാഫേഴ്സ് കടപ്പാട് : BijuGeorge, RajeshPonad, SubinSukumaran, Jose Augustine, Shiju Palakadu, Ramesh Imax, Rajeev Pala, Diljith Thomas, Anoop MC, Girish Kurup, Wildways Abid.

“കബനിയിൽ കടുവ പ്രസവിച്ചിരിക്കുന്നു. രണ്ട് കുട്ടികൾ ഉണ്ട്. കാണാൻ പോകണ്ടേ.” ആഗസ്റ്റ് മാസത്തിലെ മസിനഗുടി യാത്ര കഴിഞ്ഞ് ഒരു മാസം കഴിയും മുൻപേ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഗിരീഷ് കുറുപ്പിന്റെ സന്ദേശമെത്തി. കഴിഞ്ഞ തവണ മസിനഗുടിയിലും ബന്ദിപ്പൂരിലും ചെന്ന് കാടാകെ അരിച്ചു പെറുക്കിയിട്ടും കടുവയോ പുലിയോ കൺമുന്നിൽ എത്തിയിരുന്നില്ല.ആനകളെ മതിയാവോളം കാണുകയും ചെയ്തു.

അന്ന് കാട്ടിനുള്ളിലെ മൺകുടിലിലിരുന്ന് രാത്രിയിൽ ഗിരീഷ് ചേട്ടനും ആബിദ് ചേട്ടനും പറഞ്ഞ കാടറിവുകളിൽ ‘കടുവ’യെക്കുറിച്ച് കേൾക്കുമ്പോൾ ഉള്ളിൽ കൗതുകമേറി വന്നു. മനസ്സ് കാടിന്റെ അറിയാകഥകളിൽ മുഴുകുമ്പോൾ കണ്ണുകൾ ഭീതിയോടെ ചുറ്റിലും തിരഞ്ഞിരുന്നു. തിളങ്ങുന്ന രണ്ട് മാർജാരനയനങ്ങൾ ഇരുളിലെവിടെയോ വന്ന് തുറിച്ചു നോക്കുന്ന പോലെ.

കടുവകളെന്നും ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടവിഷയമാണ്. എങ്ങിനെ ക്യാമറാ വച്ചാലും നല്ലൊരു ഫ്രെയിം ഉറപ്പാണ്. ബ്രൗൺ നിറത്തിൽ കറുത്ത വരകളോട് കൂടിയ രോമാവൃതമായ ശരീരവും രൗദ്രമായ കണ്ണുകളും പൗരുഷത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്..ആകാരത്തിലും സ്വഭാവത്തിലുമുള്ള പ്രത്യേകതകൾ കണക്കിലെടുത്താൽ കാട്ടിലെ രാജാവ് എന്ന സ്ഥാനം കടുവയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ബംഗാൾ കടുവ ദേശീയമൃഗമായതും അത് കൊണ്ടാണല്ലോ.ഇന്ത്യയടക്കം എട്ട് രാജ്യങ്ങളുടെ ദേശീയ മൃഗമാണ് കടുവ. എന്നാൽ ചില രാജഗുണങ്ങളാണ് സിംഹത്തിനു കാട്ടിലെ രാജാവ് എന്ന സ്ഥാനം നൽകിയത്.

70 മുതൽ 100 ചതുരശ്ര കിലോമീറ്ററോളം വരുന്ന വനം സ്വന്തം അധികാരപരിധിയിൽ കാത്തുസൂക്ഷിക്കുന്ന രീതിയാണ് കടുവയ്ക്ക്. ഈ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആൺകടുവ പ്രവേശിച്ചാൽ രണ്ടിലൊരാളുടെ മരണംവരെ യുദ്ധം നടക്കും. പെൺകടുവകൾക്ക് ഈ നിയമം ബാധകമല്ല. അതിർത്തികളിൽ റോന്ത് ചുറ്റിയും വിസർജനം നടത്തിയുമാണ് തന്റെ അധികാരപരിധി നിശ്ചയിക്കുന്നത്. വനഭൂമി കുറഞ്ഞ് വരുന്നത് കടുവകളുടെ നാശത്തിന് കാരണമാകുന്നത് അവയുടെ ഈ സവിശേഷസ്വഭാവം കൊണ്ടാണ്.

സ്വന്തമായി സാമ്രാജ്യം കാത്ത് സൂക്ഷിച്ചിട്ടും രാജ്യാധികാരം ഇല്ലാത്ത ഈ രാജാവിനെ തേടി പ്രകൃതിസ്നേഹികളും ഫോട്ടോഗ്രാഫർമാരും ദിവസങ്ങളോളം കാടുകയറുന്നു. എന്നാൽ ഇവന്റെ ദർശനം എന്നത് അത്യപൂർവ്വമായ കാര്യമാണ്. കൂടുതൽ അറിഞ്ഞപ്പോൾ കാട്ടിൽ ചെന്ന് തന്നെ കടുവയെ കാണണം എന്ന മോഹം അടക്കാനാവാതായി. ഗിരീഷ് ചേട്ടന്റെയും ആബിദ് ചേട്ടന്റെയും ക്യാമറയിൽ നിരവധി കടുവ ചിത്രങ്ങളുണ്ട്. എന്നാൽ അത് കിട്ടാനുള്ള കഷ്ടപ്പാടുകളെ കുറിച്ചുള്ള അവരുടെ വിവരണം കേട്ടപ്പോൾ അതിനുള്ള ഭാഗ്യം ഞങ്ങൾക്കാർക്കും ഉണ്ടാവില്ലെന്ന് തോന്നി.

ദിവസവും രണ്ട് നേരം സഞ്ചാരികളെയും കൊണ്ട് കാട് കയറാറുള്ള ആബിദിന് നീണ്ട പതിനഞ്ച് വർഷത്തിനു ശേഷമാണ് ആദ്യമായി കടുവയെ കാണാനായതും ഒരു ചിത്രം പകർത്തുവാനായതും. അതുപോലെ ഇതുവരെയും നല്ലൊരു ചിത്രം കിട്ടാത്ത എത്രയോ ഫോട്ടോഗ്രാഫർമാർ ഉണ്ട്. അവരുടെയൊക്കെ ഊഴം കഴിഞ്ഞുമാത്രമേ ഞങ്ങൾക്കാ ഭാഗ്യം ഉണ്ടാവാൻ തരമുള്ളൂ. അങ്ങനെയിരിക്കെയാണ് കബനിയിൽ കടുവയുടെ പ്രസവവും രണ്ട് കുട്ടികൾ ഉണ്ടെന്ന വാർത്തയും കേൾക്കുന്നത്. ഭാഗ്യപരീക്ഷണത്തിനു ഒരു ശ്രമം നടത്തി നോക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

വന്യമൃഗങ്ങളെ ഏറ്റവുമധികം കാണപ്പെടുന്ന കബനീനദിയുടെ തീരത്തെ “നാഗർഹോലെ ദേശീയ കടുവസംരക്ഷണ കേന്ദ്ര”ത്തിലെ വന്യജീവിസങ്കേതങ്ങളിൽ ഒന്നായ ‘അന്തർസന്തെ’ യിലേക്കാണ് പോകേണ്ടത്. കർണാടകയിലെ മൈസൂർ, കുടക് ജില്ലകളിലായാണ് “അന്തർസന്തെ വൈൽഡ് ലൈഫ് റേഞ്ച്” സ്ഥിതി ചെയ്യുന്നത്. എല്ലാ കാര്യങ്ങളും ആബിദ് ചേട്ടൻ തന്നെ തയ്യാറാക്കി തന്നു. മാർഗദർശിയായി പതിവുപോലെ ഗിരീഷേട്ടനും.

മസിനഗുടി യാത്രകഴിഞ്ഞ് എട്ട് മാസത്തിനുശേഷം ഏപ്രിൽ മാസം രാവിലെ ഞങ്ങൾ പത്ത് ഫോട്ടോഗ്രാഫർമാർ കമ്പനിയിലേക്ക് പുറപ്പെട്ടു. നിലമ്പൂർ ഗുണ്ടൽപേട്ട് റോഡിലെ മുതുമല വന്യജീവി സങ്കേതത്തിന് മുന്നിൽവച്ച് ആബിദും മകനും സംഘത്തിനൊപ്പം ചേർന്നു.

ഗുണ്ടൽപേട്ട് നിന്നും മൈസൂർ വരെ മനോഹരമായ മികച്ച റോഡുണ്ട്. മൈസൂർ എത്തുന്നതിന് 43 കിലോമീറ്റർ മുമ്പ് ബേഗൂരിൽ വച്ച് ഹൈവേയിൽ നിന്നും ഇടത്തേക്കു തിരിഞ്ഞു. ഇരുവശവും കൃഷി സ്ഥലങ്ങൾ. റോഡിൽ പടർന്നുനിൽക്കുന്ന പേരാൽമരങ്ങൾ മാത്രമാണ് തണൽ തരുന്നത്.

ഗിരീഷ് ചേട്ടന് കാടെന്നോ നാടെന്നോ ഭേദമില്ല. എല്ലായിപ്പോഴും എന്തെങ്കിലുമൊരു കാഴ്ചകൾക്കായി സൈഡിലേക്ക് നോക്കി ശ്രദ്ധിച്ചിരിക്കും. വഴിയരികിൽ ഒരു മരക്കൊമ്പിൽ പ്രത്യേകതയിനം പക്ഷിയെ കണ്ടു വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ഐബിസ് (Ibis) എന്ന ദേശാടനകൊക്ക്‌ ആയിരുന്നു അത്. ഇടവഴിയിലൂടെ ഉൾഭാഗത്തേക്ക് നടന്നപ്പോൾ പരന്നുകിടക്കുന്ന ചെറിയൊരു തടാകവും അതിൽ നിറയെ പക്ഷികളും വർണകൊക്കു(painted stork)കളും അവിടെയുണ്ടായിരുന്നു. ശബ്ദമുണ്ടാക്കാതെ ഇരിക്കണമെന്ന പ്രാഥമിക പാഠം മറന്ന ഞങ്ങളെ നിരാശരാക്കിക്കൊണ്ട് പക്ഷികൾ ഒന്നടങ്കം ആകാശത്തേക്ക് പറന്നുയർന്നു.

കടുവയുടേത് പോലുള്ള നിറവും വരകളും തലയിൽ തൂവൽകിരീടവുമുള്ള ഹൂപു (hoopoe) എന്ന പക്ഷിയെ ഞാനാദ്യമായി കണ്ടത് അവിടെയായിരുന്നു. മനുഷ്യരുടെ ശബ്ദവും ദേഹത്ത് വാരിപൂശുന്ന സുഗന്ധലേപനങ്ങളും പക്ഷിമൃഗാദികളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. കാട് കാണാൻ പോകുമ്പോൾ ഏറ്റവും ഉപേക്ഷിക്കേണ്ട വസ്തുക്കളാണ് ഇത് രണ്ടും. അതുപോലെ കടുംനിറത്തിലുള്ള വസ്ത്രങ്ങളും മൃഗങ്ങളെ ആകർഷിക്കുന്ന പഴവർഗങ്ങളും കൈയിൽ കരുതാൻ പാടില്ല.

സഹ്യപർവ്വതത്തിന്റെ ഓരം ചേർന്നാണ് ഇപ്പോൾ പോകുന്നത്. വയനാടൻമലയിറങ്ങി വരുന്ന തണുത്ത കാറ്റ് കന്നടനാട്ടിലെ ചൂടിനെ തെല്ലു ശമിപ്പിച്ചു. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്നു നദികളിൽ ഏറ്റവും വലുതാണ് കബനി. വയനാട്ടിൽ നിന്നും ഉത്ഭവിച്ച് മാനന്തവാടി പുഴയും പനമരം പുഴയും സംഗമിച്ച് “കപില”യെന്ന കബനിയായി 234 കിലോമീറ്റർ ഒഴുകി കർണാടകയിലെ നർസിപുരയിൽ കാവേരിയുമായി സംഗമിക്കുന്നു.

കബനിയിലും കൈവഴികളിലും അണകെട്ടി കാടിനും നാടിനും ആവശ്യമായ ജലം സംഭരിച്ചുനിർത്താൻ കർണാടകയ്ക്ക് സാധിച്ചിട്ടുണ്ട്.കബനി, നുഗു, താരക തുടങ്ങിയ ഡാമുകളുടെ റിസർവോയറിന് ചുറ്റുമാണ് കബനിയിലെ വന്യജീവിസമ്പത്ത് ജീവിച്ചുപോരുന്നത്. കാടിനുള്ളിൽ ആളും ബഹളവുമില്ലാതെ “നുഗു” അണകെട്ട് കണ്ടു. അണക്കെട്ട് സൃഷ്ടിച്ച മനോഹരമായ തടാകതീരത്ത് കൂടിയാണ് കുറെ ദൂരം റോഡ് കടന്ന് പോകുന്നത്.

ഒടുവിൽ ഹാൻപോസ്റ്റ് എന്ന സ്ഥലത്ത് ഞങ്ങൾക്ക് താമസിക്കാനുള്ള റൂമിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞു. സാധനങ്ങൾ എല്ലാം റൂമിൽ വച്ച് വൈകുന്നേരത്തെ സഫാരിക്കായി ഫോറസ്റ്റ് ഓഫീസിന് മുന്നിലെത്തി. ഒരു വാനിൽ 20 സീറ്റ് മാത്രമാണ് അവിടെയുള്ളത്. രാവിലെയും വൈകിട്ടും ഓരോ ട്രിപ്പ് മാത്രം. അതിന് വേണ്ടി കാത്ത് നിൽക്കുന്നത് അതിലേറെ ആളുകളും ഞങ്ങളും.

പുലർച്ചെ മുതൽ ക്യൂ നിന്നാലും കൗണ്ടർ തുറക്കുമ്പോൾ ഇടിച്ചു കയറി ഗുണ്ടായിസം കാട്ടി ടിക്കറ്റ് എടുത്ത് കരിഞ്ചന്തയിൽ വിൽക്കുന്ന മാഫിയ സജീവമാണവിടെയെന്ന് കേട്ടിട്ടുണ്ട്. സഫാരിവാൻ വന്ന് നിർത്തിയതും അവിടെ നിന്നിരുന്നവർ ഇടിച്ചു കയറി. ഞങ്ങൾ മാത്രം ബാക്കി. “കാത്തിരിക്കൂ…അവർ പൊയ്കൊള്ളട്ടെ”എന്ന് ആബിദ്. എന്തെങ്കിലും പോംവഴി കണ്ടിട്ടുണ്ടാവും. ഒന്നര മണിക്കൂറിന് ശേഷം വാൻ തിരികെ എത്തിയപ്പോൾ ഞങ്ങളെയും കയറ്റി വീണ്ടും കാട്ടിലേക്ക്.

മാനന്തവാടി..മൈസൂർ റോഡിലൂടെ അൽപ്പദൂരം ഓടിയ ശേഷം വാഹനം കാട്ടിലേക്ക് കയറി. കാട്ടിലേക്കുള്ള എല്ലാ കവാടത്തിലും ചെക്ക് പോസ്റ്റും കാവൽകാരനും ഉണ്ട്. വേനൽക്കാലം അരംഭിച്ചതിനാൽ കാടാകെ ഉണങ്ങിതുടങ്ങി. പച്ചപ്പ് ഉള്ളത് ഏതെങ്കിലും ജലാശയത്തിന്റെ സമീപം മാത്രം. ഒരു കീരിയായിരുന്നു അദ്യ അതിഥി. ചെളി മാത്രം നിറഞ്ഞ ഒരു കുളത്തിലെ കലക്കവെള്ളം കുടിക്കുന്ന മാനുകളെ കണ്ടൂ.

“ലന്താന” എന്ന കൊങ്ങിണി ചെടികൾ ആണ് കാട് നിറയെ. അവയുടെ ഇടയിൽ പതുങ്ങി നിൽക്കുന്ന ആനകളെ പലയിടത്തും കണ്ടൂ. എങ്കിലും മനസ്സ് തേടിയത് ഒന്ന് മാത്രം. ഏതങ്കിലുമൊരു മരച്ചില്ലയിൽ അലസമായി കിടക്കുന്ന ഒരു പുള്ളിപ്പുലിയെ, അല്ലെങ്കിൽ കബിനിയുടെ സ്വന്തം കരിമ്പുലിയെ, അതുമല്ലെങ്കിൽ കാണാൻ കൊതിച്ച് വന്ന കടുവയെ….ഒരിടത്തും കാണുന്നില്ല.

ആനകൾ മുന്നിൽ വരുമ്പോൾ നിരാശയാണിപ്പോൾ മനസിൽ. കേഴമാനുകളും പുള്ളിമാനുകളും മലയണ്ണാനും കുരങ്ങന്മാരും ഇഷ്ടം പോലെ.മയിലുകൾ പീലി വിരിച്ച് നിൽക്കുന്നതും വഴക്ക് കൂടുന്നതും പലയിടത്തും കണ്ടൂ. അനൂപിനാണ് ആ ചിത്രങ്ങൾ കിട്ടാൻ ഭാഗ്യമുണ്ടായത്. “ഹനുമാൻ ലംഗൂറി”ന്റെ വിഷാദാർദ്രമായ മുഖവും വണ്ടിയുടെ മുരൾച്ചയിൽ പേടിച്ചോടുന്ന “സാമ്പാർ” മാനുകളും വന്യജീവിതത്തിന്റെ മറ്റൊരു മുഖവും കാണിച്ച് തന്നു.

കാട്ടിൽ ജലം ഉള്ള ചെറിയ കുഴികളുടെയും തടാകത്തിന്റെയും കരകളിൽ ഒരുപാട് സമയം കാത്ത് കിടന്നെങ്കിലും തേടി വന്ന വനരാജനെ മാത്രം കണ്ടില്ല. നിരാശ കനക്കുമ്പോൾ ഉണ്ടാകാറുള്ള ദീർഘനിശ്വാസം ഇടക്കിടെ കേൾക്കാം. ഒടുവിൽ സഫാരിയുടെ അവസാനം ചെറിയ ഒരു കുളത്തിന്റെ കരയിലെത്തിയപ്പോൾ വണ്ടിയുടെ എൻജിൻ ഓഫാക്കി.

അവിടെ മുഴുവനും വിദേശ ടൂറിസ്റ്റുകളെയുമായി വന്ന സ്വകാര്യ ഏജൻസിയുടെ ജിപ്‌സികളും ടാറ്റ മൊബൈലും നിരന്ന് കിടക്കുന്നു. വൻ തുക വാങ്ങി സഫാരിയും താമസവും ഫുഡും നൽകുന്ന സ്വകാര്യ റിസോർട്ടു മാഫിയയാണ് കബനി അടക്കി ഭരിക്കുന്നത്. പൊതുജനത്തിന് വേണ്ടി ആകെ ഒരു വാനും 20 സീറ്റും മാത്രം. (ഇപ്പോൾ രണ്ട് വാനുകൾ ഉണ്ട്).

നേരെ മുൻപിലായി കുളം പോലെ കുഴിഞ്ഞ് കിടക്കുന്ന സ്ഥലത്താണ് കടുവയും കുഞ്ഞുങ്ങളും ഉള്ളത്. തൊട്ടടുത്ത് ഒരു വാച്ച് ടവറും ഉണ്ട്. അവിടെ ചെന്ന് നോക്കിയാൽ അവയെ കാണാം. പക്ഷേ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിന് അനുമതിയില്ല. 50 മീറ്റർ അകലെ നിന്ന് എല്ലാവരും സാകൂതം വീക്ഷിക്കുകയാണ്.

സായിപ്പന്മാരുടെ കൈയിൽ മുളംകുഴൽ പോലുള്ള വലിയ ലെൻസുകൾ ഉണ്ട്. കൂടെയുള്ള സുബിന്റെ കൈയിൽ മാക്സിമം 300 mm ലെൻസ് വരെയേ ഉള്ളൂ. ശ്വാസം വിടുന്ന ശബ്ദവും അടക്കി പിടിച്ച പിറുപിറുക്കലുകളും മാത്രം. സമയം ഇഴഞ്ഞ് നീങ്ങി. കുളക്കരയിലെ കല്ലിൽ നിന്നും എപ്പോഴെങ്കിലും ഒന്ന് തല നീട്ടിയാൽ ആ നിമിഷം ക്ലിക്ക് ചെയ്യാൻ വിരലുകൾ തരിച്ച് നിൽക്കുന്നു.

ഒരു മണിക്കൂർ സമയം കഴിഞ്ഞിരിക്കുന്നു. കടുവകൾ പുറത്ത് വന്നതേയില്ല. പല വണ്ടികളും നിരാശരായി തിരിച്ച് പോയി. ആ കുഴിയിൽ അമ്മയുടെ അടുത്ത് രണ്ട് കടുവകുട്ടികൾ കളിച്ച് തിമിർക്കുന്നുണ്ടാവണം. സഫാരിയുടെ സമയവും കഴിയാറായി. സന്ധ്യ മയങ്ങാൻ തുടങ്ങിയതോടെ വെളിച്ചവും കുറഞ്ഞു. ഇനി നിന്നാൽ ഇരുട്ടാകും. തിരിച്ച് പോകാൻ തീരുമാനിച്ചു. മടങ്ങുമ്പോൾ എല്ലാവരും മൗനത്തിലായിരുന്നു. ഇനിയെന്നാണ് ഇങ്ങനെ ഒരവസരം കിട്ടുക. ഭാഗ്യം ഇല്ലാതായി പോയല്ലോ.

കാട്ടിലെങ്ങും ഇരുട്ട് വീഴാൻ തുടങ്ങി. മെയിൻ റോഡിലേക്കെത്താൻ കുറച്ച് ദൂരമേയുള്ളൂ. പെട്ടെന്ന് വണ്ടി സഡൻ ബ്രേക്ക് ചെയ്തു. ഗിരീഷ് ചേട്ടനിൽ നിന്നും ഒരാഹ്ലാദശബ്ദം. നോക്കുമ്പോൾ റോഡരുകിലൂടെ നടന്നു വരുന്നു ഒരു കടുവ. ഒരു നിമിഷം..എല്ലാവരും ഒന്ന് അന്ധാളിച്ചു. ഉണങ്ങിയ കാട്ടു പുല്ലിന് മുകളിലൂടെ മെല്ലെ വന്ന വനരാജാവ് ഞങ്ങളെ നോക്കി കുറച്ച് നേരം അനങ്ങാതെ നിന്നു. പിന്നെ സ്ലോ മോഷനിൽ കാട്ടിലേക്ക് നടന്നു. എല്ലാവരും ക്യാമറാ എടുത്ത് തുരുതുരാ നിറയൊഴിച്ചു. ജീവിതത്തിലെ ആദ്യ കടുവാവേട്ട ക്യാമറകളിൽ.

നടക്കുമ്പോൾ ഇടക്ക്‌ നിന്നും, ചാഞ്ഞ് നോക്കിയും നല്ല പോസുകൾ തന്നു. പിന്നെ പൂച്ചയെ പോലെ കൈകൾ കൊണ്ട് കുഴി കുത്തി അവിടെ വിസർജിച്ച് മണ്ണിട്ട് മൂടി. വെളിച്ചം തീരെ കുറവായതിനാൽ ഉയർന്ന iso ഉപയോഗിക്കേണ്ടി വന്നു. എല്ലാവർക്കും നല്ല ചിത്രങ്ങൾ ലഭിച്ചു. ഉണങ്ങിയ പുല്ലിനുള്ളിൽ ഒളിച്ചിരിക്കാൻ തന്റെ ശരീരത്തിലെ വരകൾ എങ്ങിനെ സഹായിക്കുന്നുവെന്നത് നേരിട്ട് കണ്ടു. വയറിനും കഴുത്തിനും താഴെ വെളുപ്പ് നിറവും അലസമെങ്കിലും മനോഹരമായി വരച്ച് ചേർത്തത് പോലുള്ള കറുത്ത വരകളും. വണ്ടിക്ക് സമാന്തരമായി കുറച്ച് നടന്നതിനു ശേഷം ഒന്ന് കൂടി ഞങ്ങളേ ഗൗരവത്തിൽ നോക്കി പതിയെ അവൻ കാടിനുള്ളിൽ മറഞ്ഞു.

സ്വർഗം ലഭിച്ച സന്തോഷത്തോടെയാണ് കാട്ടിൽ നിന്നും മടങ്ങിയത്. ഹോട്ടലിന്റെ ടെറസിലിരുന്ന് രാത്രി മുഴുവൻ കടുവയെപ്പറ്റിയായിരുന്നു ചർച്ച. രാജേഷ് പോണാടും ബിജു ആരാധനയും തങ്ങളുടെ അറിവുകൾ പങ്ക്‌ വച്ചു. 2014 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിലാകെ 2226 കടുവകളാണ് ഉള്ളത്. അതിൽ 408 എണ്ണം കർണാടകയിലും 136 എണ്ണം കേരളത്തിലും ഉണ്ടെന്നാണ് കണക്ക്. നിബിഡവനങ്ങളിൽ നേരിൽ കണ്ടെത്തി കണക്കെടുപ്പ് അസാദ്ധ്യമായതിനാൽ കാൽപ്പാടുകളും വിസർജ്യവും നോക്കിയാണ് കടുവകളുടെ എണ്ണം എടുക്കുന്നത്.

മുല്ലപെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഇനിയും വർദ്ധിപ്പിക്കണമെന്ന മുറവിളി ഉയരുമ്പോൾ നഷ്ടമാകുന്ന വനഭൂമിയിൽ എത്ര കടുവകളുടെ സാമ്രാജ്യം ഉണ്ടായിരിക്കണം. പ്രത്യേക സ്ഥലത്ത് സംരക്ഷിക്കാവുന്ന ജീവിയല്ലല്ലോ കടുവ. അതിന് സ്വാഭാവിക വനം തന്നെ വേണം.

പിറ്റേന്ന് രാവിലെ 6 മണിക്ക് വീണ്ടും ഫോറസ്റ്റ് ഓഫീസിന് മുന്നിലെത്തി. ഞങ്ങൾക്ക് വേണ്ടി സഫാരിവാൻ തയാറായി കിടക്കുന്നു. സംഘത്തിലെ പുതിയ അംഗങ്ങളായ രമേശും രാജീവും ഉത്സാഹത്തോടെ ആദ്യം കയറി സീട്ടുറപ്പിച്ചു. തലേദിവസം പോയ വഴികളിലൂടെ ഒന്ന് കൂടി പോയി. കടുവയെ കണ്ട സ്ഥലത്ത് വീണ്ടും ചുറ്റിക്കറങ്ങി. കണ്ടതേയില്ല. കുഞ്ഞുങ്ങൾ ഉള്ള കുഴിയുടെ കരയിലും കുറെ നേരം കാത്തിരുന്നെങ്കിലും അവയും പുറത്ത് വന്നില്ല.

പുതിയ വഴികളിലൂടെ കുറെ ദൂരം കറങ്ങി കബനി റിസർവോയറിന്റെ കരയിലെത്തി. അതിമനോഹരമായ പ്രദേശം. കിലോമീറ്ററുകളോളം പുൽത്തകിടിയും മുളങ്കൂട്ടങ്ങളും. പ്രഭാതവെയിൽ വീണു പരിസരമാകെ വല്ലാത്ത തിളക്കം. സൂം ലെൻസിന് എത്തിപ്പിടിക്കാനാവാത്ത ദൂരത്തിൽ തടാക തീരത്തെ പുല്ല് തിന്നു കൊണ്ട് നിൽക്കുന്ന കൂറ്റൻ കാട്ടുപോത്തിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു.

അവിടെ നിന്ന് മടങ്ങുമ്പോൾ കാട്ടുകോഴികളും ആനകളും മാനുകളും യഥേഷ്ടം മുന്നിൽ പ്രത്യക്ഷപ്പെട്ടു. കടുവയെ കണ്ടു കഴിഞ്ഞപ്പോൾ പിന്നെ ആനയെ കാണുമ്പോഴുള്ള ആവേശം തെല്ലു കുറഞ്ഞു. മരച്ചില്ലയിൽ നിന്നു പറന്നുയർന്ന ചുട്ടിപരുന്തിനെയും റോളർ, ഇന്ത്യൻ റോബിൻ, പവിഴക്കാലി തുടങ്ങിയ കുരുവികളെയും കണ്ടു. ഇനി കബനിയിൽ നിന്നും മടങ്ങുകയാണ്.

“മടക്കയാത്ര ബന്ദിപ്പൂർ വനത്തിലൂടെയാണ്. ബന്ദിപ്പൂർ വനത്തിലെ പ്രിൻസിനെ കാണാൻ ശ്രമിച്ചാലോ”. ….ഗിരീഷ് ചേട്ടന്റെ പ്രലോഭനം വീണ്ടും. ബന്ദിപ്പൂരിലെ സന്ദർശകരുടെ ഇഷ്ടതോഴനാണ് “പ്രിൻസ്” എന്ന കടുവ. വനത്തിനുള്ളിൽ അവനെ കണ്ടെത്താൻ പ്രയാസമാണെങ്കിലും കണ്ടെത്തിയാൽ പിന്നെ മതിവരുവോളം മുന്നിൽ നിന്ന് തരും. ആളുകളെ കണ്ട് കണ്ട് ഏതാണ്ട് ഇണങ്ങിയ പോലെ ആയി പ്രിൻസ്. അതുകൊണ്ട് തന്നെ ഫോട്ടോഗ്രാഫേഴ്‌സിന്റെ ഇഷ്ടതാരം. സൂപ്പർ സ്റ്റാർ പ്രിൻസിനെപ്പറ്റി കേട്ടതോടെ ഒരു ശ്രമം നടത്താൻ തന്നെ തീരുമാനിച്ചു.

ബന്ദിപ്പൂർ പാർക്കിന്റെ സന്ദർശക ഗ്യാലറിയിൽ നിറയെ ഇന്ത്യയിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാർ പകർത്തിയ പ്രിൻസിന്റെ വിവിധ ചിത്രങ്ങൾ. ആബിദ് ചേട്ടന്റെ സുഹൃത്തായിരുന്നു സഫാരിവാനിന്റെ ഡ്രൈവർ. അവിടെയും ഞങ്ങൾക്ക്‌ മാത്രമായി ഒരു ചെറിയവാൻ ബുക്ക് ചെയ്തു. എല്ലാ വണ്ടികളും പോയ ശേഷം അവസാനമായിട്ടാണ് ഞങ്ങൾ പുറപ്പെട്ടത്.

പ്രധാന റോഡിന്റെ ഇരു വശവും കാടാണ്. മറ്റു വണ്ടികൾ പോയതിന്റെ എതിർ വശത്തെ കാട്ടിനുള്ളിലേക്കാണ് ഞങ്ങൾ പോയത്. അതിനാൽ അവിടം തീർത്തും വിജനമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഇവിടെ വന്നപ്പോൾ കണ്ട പച്ചപ്പിൽ കുളിച്ച് നിന്ന വനമൊക്കെ ഉണങ്ങി തുടങ്ങി. പൂത്ത് നിന്നിരുന്ന കൊങ്ങിണി കാടുകൾ ചുള്ളിക്കമ്പുകൾ മാത്രമായിരിക്കുന്നു. പ്രിൻസ് പതിവായി വരാറുള്ള ഒരു കുളക്കരയിൽ ചെന്ന് കാത്തിരുപ്പായി. അവിടെ ആകെയുള്ളത് ഒരു നീലപൊന്മാൻ മാത്രം. ജോസ് ചേട്ടനും ദിൽജിതും പൊന്മാന്റെ പടം പകർത്താനുള്ള ശ്രമമായി.

പെട്ടന്ന് ഡ്രൈവറുടെ ഫോണിൽ സന്ദേശമെത്തി. പ്രിൻസ് മറ്റൊരു കുളത്തിൽ വെള്ളത്തിൽ കിടക്കുന്നു. എല്ലാ വണ്ടികളും അവിടെയാണ്. അബദ്ധമായല്ലോ ദൈവമേ..അവിടെയെത്തണമെങ്കിൽ പോയ വഴിയെ തിരിച്ച് വന്ന് മെയിൻ റോഡ് മുറിച്ച് കടന്ന് എതിർ വശത്തെ കാട്ടിലൂടെ കിലോമീറ്ററുകൾ പോകണം. കുണ്ടും കുഴിയും നിറഞ്ഞ ഈ വഴികൾ താണ്ടി അവിടെയെത്തുമ്പോൾ പ്രിൻസ് കയറിപോകാനും ചാൻസ് ഉണ്ട്.

“ഇനി ഞങ്ങൾക്ക് മറ്റൊന്നും കാണണ്ട. കത്തിച്ച് വിട്ടോ. പ്രിൻസിന്റെ അടുത്തേക്ക്” കേട്ടപാതി ഡ്രൈവർ “മൈക്കൽ ഷൂമാക്കർ” ആയി മാറി. അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു. ഒരാളും സീറ്റിൽ ഇരുന്നില്ല.ടെൻഷൻ കയറിയ ആബിദ് കൈനഖം കടിക്കുകയും സീറ്റിൽ ഇടിക്കുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴാണ് വഴിയരുകിൽ വലിയൊരു കൊമ്പനാന. സ്ലോ ചെയ്ത് രണ്ട് പടം എടുത്തു. നിർത്തിയില്ല. കടുവയുള്ളപ്പോൾ എന്തോന്ന് ആന. ഏകദേശം 20 മിനിറ്റ് എടുത്തു അവിടെയെത്താൻ.

ആശ്വാസം… പ്രിൻസ് പോയിട്ടില്ല. പക്ഷേ കുളത്തിനെ പൊതിഞ്ഞ് വണ്ടികൾ കിടക്കുകയാണ്. വാനിൽ നിന്നും ഇറങ്ങാൻ അനുമതിയില്ല. ഡ്രൈവർ കിണഞ്ഞ് പരിശ്രമിച്ചിട്ടും കടുവയെ കാണാവുന്ന നല്ലൊരു ആംഗിളിൽ വണ്ടി എത്തിക്കുവാൻ സാധിച്ചില്ല. കേട്ടറിഞ്ഞ് മറ്റു വാനുകളും അങ്ങോട്ട് വന്നു കൊണ്ടിരിക്കുന്നു. അക്ഷമരായി കാത്തിരിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.

കാശ് മുടക്കി വരുന്ന മറ്റ് സഞ്ചാരികൾക്ക് കാട് മുഴുവനും കാണണം. അത് കൊണ്ട് തന്നെ അരമണിക്കൂറിനുള്ളിൽ ബാക്കി വാനുകൾ എല്ലാം സ്ഥലം വിട്ടു. അതോടെ ഞങ്ങളും ഫോട്ടോഗ്രാഫർമാർ മാത്രമുള്ള മറ്റ് വണ്ടികളും മാത്രമായി അവിടെ. ഞങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ വണ്ടി തിരിച്ച് ഇട്ട് ആവശ്യത്തിന് ഫോട്ടോ എടുക്കാൻ പറ്റി.

ചെറിയൊരു കുളത്തിൽ കഴുത്തോളം വെള്ളത്തിൽ കിടക്കുകയാണ് പ്രിൻസ്. ഒരു കേഴമാനിനെ തിന്നിട്ട്‌ ദഹിക്കാനായി വെള്ളത്തിൽ കിടക്കുന്നതാണെന്ന് ഡ്രൈവർ പറഞ്ഞു. ചുറ്റിലും നിരന്ന് നിൽക്കുന്ന ആളുകളെ ശ്രദ്ധിക്കാതെ അവനങ്ങിനെ കിടക്കുകയാണ്. ഇടയ്ക്ക് അല്പം വെള്ളം കുടിച്ചു. താടിയിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികൾ സൂര്യപ്രകാശത്തിൽ തിളങ്ങി. കോട്ടുവാ ഇടുമ്പോൾ വലിയ ദംഷ്ട്രകൾ പുറത്ത് കണ്ടു.

വെറുതെ വ്യൂ ഫൈന്ററിലൂടെ നോക്കിക്കൊണ്ടും ചലനങ്ങൾ ശ്രദ്ധിച്ച് കൊണ്ടും 2 മണിക്കൂറോളം അവിടെത്തന്നെ ഞങ്ങൾ ചിലവഴിച്ചു. മറ്റെങ്ങോട്ടും പോകാൻ തോന്നിയില്ല ആർക്കും. ഇനിയിങ്ങനെ ഒരു കാഴ്ച ചിലപ്പോൾ സാധിച്ചെന്ന് വരില്ല. മറ്റ് വണ്ടികളെല്ലം തന്നെ പോയികഴിഞ്ഞു. ഒരു ജിപ്‌സിയിൽ കുറച്ച് സായിപ്പന്മാർ മാത്രം ഉണ്ട്. അവർ വലിയ ക്യാമറകളും ലെൻസുകളുമായി ശബ്ദിക്കാതെ അങ്ങിനെ തന്നെ ഇരിക്കുന്നു.

ഇടക്കെപ്പോഴോ വെള്ളത്തിൽ നിന്നും എഴുന്നേറ്റ് ആയാസപ്പെട്ട് കരയിൽ കയറി തണലത്ത് കിടന്ന് ഉറക്കമായി. വയർ വല്ലാതെ നിറഞ്ഞിട്ടുണ്ട്. മുഖത്ത് പരിക്ക് പറ്റിയതിന്റെ അടയാളം കാണാനുണ്ട്. നീളമുള്ള വെളുത്ത മീശനാരുകൾ കാണാൻ നല്ല ഭംഗിയാണ്. പ്രായത്തിന്റെ അവശത ഉണ്ടെന്ന് തോന്നി. 10 വയസ് ആണ് പ്രിൻസിന്റെ പ്രായം. കടുവകളുടെ ആയുസ്സ് 12 വർഷം വരെയാണ്. പൂർണ്ണവളർച്ചയെത്തിയ ഒരു കടുവയുടെ ശരാശരി ഉടൽനീളം 3 മീറ്ററും ഭാരം 200 മുതൽ 300 കിലോയുമാണത്രെ.

ഇനി മറ്റ് അംഗിളുകളൊന്നും തന്നെ കിട്ടില്ല. അനുവദിച്ചിരിക്കുന്നതിലും ഏറെ നേരം അതിക്രമിച്ചതിനാൽ മടങ്ങിപ്പോകാൻ ഡ്രൈവർ തിരക്ക് കൂട്ടി. മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും തിരിച്ച് പോന്നു. കടുവയെ തേടിയുള്ള ആദ്യ യാത്രയിൽത്തന്നെ വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് കടുവകളെ കാണാൻ പറ്റിയെന്നത് അപൂർവഭാഗ്യമായി മാറി. തേടിപ്പോയ കടുവകുഞ്ഞുങ്ങളെ കാണാൻ പറ്റിയില്ലെങ്കിലും തെല്ലും നിരാശ തോന്നിയില്ല. എത്രയെത്ര കാഴ്ചകൾ കാട് ഇനിയും ഒളിപ്പിച്ച് വച്ചിട്ടുണ്ടാവണം. തേടി ചെല്ലാനുള്ള മനസ്സ് ഉണ്ടായാൽ മതി. പിന്നെ അല്പം ഭാഗ്യവും. മടങ്ങുമ്പോഴും കബനിയും കാടും പ്രിൻസും പിൻവിളിച്ചു കൊണ്ടേയിരുന്നു……

നാട്ടിൽ മടങ്ങിയെത്തി അധികനാൾ കഴിയും മുന്നേ പ്രിൻസിനെ ചത്തനിലയിൽ കണ്ടെന്ന ദുഃഖവാർത്തയാണ് കേൾക്കുന്നത്. മറ്റൊരു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഫോറസ്റ്റ്കാരുടെ നിഗമനം. ഒരിക്കലേ കണ്ടിട്ടുള്ളൂവെങ്കിലും ആ വേർപാട് ഉള്ളിൽ വലിയൊരു നൊമ്പരം ഉണ്ടാക്കി. ജീവിച്ചിരുന്ന കാലം ബന്ദിപ്പൂരിന്റെ താരം തന്നെയായിരുന്നു അവൻ. മൺമറഞ്ഞെങ്കിലും നിരവധി മനോഹര ചിത്രങ്ങളിലൂടെ അവനിന്നും ജീവിക്കുന്നു.

പ്രീയപ്പെട്ട പ്രിൻസ്…….പേരിൽ രാജകുമാരനാണെങ്കിലും ഞങ്ങളുടെ മനസിൽ നീ രാജാവാണ്. കാട് വാഴുന്ന, സ്നേഹിച്ചവരുടെ മനസ്സ് വാഴുന്ന കിരീടമില്ലാത്ത രാജാവ്.