കർണാടകയിലെ നന്ദിഹിൽസിൽ നിന്നും തമിഴ്‌നാട്ടിലെ ദേവാലയിലേക്ക്..

നന്ദി ഹിൽസിലെ താമസവും കിടിലൻ മഞ്ഞുമൊക്കെ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ രാവിലെ തന്നെ അവിടെ നിന്നും തിരികെ മലയിറങ്ങുവാൻ തുടങ്ങി. ഇനി ഞങ്ങളുടെ അടുത്ത ലക്‌ഷ്യം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള ‘ദേവാല’യാണ്. നന്ദിഹിൽസിൽ നിന്നും മൈസൂർ വഴിയാണ് ഞങ്ങളുടെ യാത്ര.

പോകുന്ന വഴിയിൽ കിടിലൻ കാഴ്ചകൾ ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്. അവിടെ വഴിയരികിൽ ഒരു മുന്തിരിത്തോട്ടം കണ്ടപ്പോൾ ഞങ്ങൾ വണ്ടി നിർത്തി അതിനടുത്തേക്ക് നടന്നു. ഞങ്ങളെ കണ്ടിട്ട് തോട്ടം കാവൽക്കാരൻ അടുത്തേക്ക് വരികയുണ്ടായി. കൃഷ്ണപ്പ എന്നായിരുന്നു ആ ചേട്ടന്റെ പേര്. ചേട്ടന് കുറച്ചു പൈസ കൊടുത്തിട്ട് ഞങ്ങൾ തോട്ടത്തിലേക്ക് കയറി. ശ്വേത ആദ്യമായിട്ടായിരുന്നു ഒരു മുന്തിരിത്തോട്ടം നേരിട്ടു കാണുന്നത്.

നിങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ യാത്രചെയ്യുമ്പോൾ വഴിയരികിൽ ഇതുപോലെ പലതരം തോട്ടങ്ങൾ കാണാം. പക്ഷെ യാതൊരു കാരണവശാലും അനുവാദമില്ലാതെ നിങ്ങൾ അതിനകത്തേക്ക് കയറുവാൻ ശ്രമിക്കരുത്. ഇതുപോലെ കാവൽക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഇരുപതോ അമ്പതോ രൂപ കൊടുത്താൽ അവർ തന്നെ നിങ്ങളെ അതിനുള്ളിലെ കാഴ്ചകൾ കൂടെ നടന്നുകൊണ്ട് കാണിച്ചു തരും.

മുന്തിരിത്തോട്ടത്തിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കർണാടകയിലെ റോഡുകൾ വളരെ നല്ലതായിരുന്നതിനാൽ ഞങ്ങൾക്ക് വളരെ റിലാക്സ് ആയി സഞ്ചരിക്കുവാൻ സാധിച്ചു. അങ്ങനെ നാലു മണിക്കൂറുകൾ കൊണ്ട് ഞങ്ങൾ നന്ദി ഹിൽസിൽ നിന്നും മൈസൂരിൽ എത്തിച്ചേർന്നു. മൈസൂരിൽ എത്തിയപ്പോൾ ബസ് സ്റ്റാൻഡിനു പുറത്തായി വഴിയരികിൽ നമ്മുടെ ചില കെഎസ്ആർടിസി ബസ്സുകൾ കിടക്കുന്നതു കണ്ടു. കുറച്ചു ദിവസം നാട്ടിൽ നിന്നും മാറിനിന്നിട്ട് നമ്മുടെ ആനവണ്ടികൾ കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഒന്നു വേറെത്തന്നെ ആയിരുന്നു.

മൈസൂരിൽ അധികമൊന്നും കറങ്ങുവാൻ നിൽക്കാതെ ഞങ്ങൾ യാത്ര തുടർന്നു. മൈസൂരിൽ നിന്നും ഗുണ്ടൽപേട്ട് വഴിയാണ് ഇനി ഞങ്ങളുടെ യാത്ര. നേരത്തെ പറഞ്ഞല്ലോ ഞങ്ങൾക്ക് പോകേണ്ടത് നീലഗിരിയിൽ ദേവാലയിലേക്ക് ആണെന്ന്. ചുമ്മാ അങ്ങ് പോകുകയല്ല കേട്ടോ, അവിടെ കേരള അതിർത്തിയോട് ചേർന്നുള്ള മനോഹരമായ വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിൽ താമസിക്കുവാൻ വേണ്ടിയാണ് ഈ യാത്ര. അടുത്ത മൂന്നു ദിവസം ഇനി അവിടെയാണ് താമസം.

തലേദിവസം റിസോർട്ടിൽ നിന്നും “വൈകീട്ട് ആറു മണിയ്ക്ക് മുൻപായി അവിടെ എത്തണം” എന്ന മെസ്സേജ് ലഭിച്ചിരുന്നു. വേറൊന്നുമല്ല കാരണം, ദേവാലയിൽ ചെന്നിട്ട് ഈ റിസോർട്ടിലേക്ക് പോകുന്നത് കാട്ടിനുള്ളിലൂടെയുള്ള ഒരു ഓഫ്‌റോഡ് വഴിയാണ്. നേരം ഇരുട്ടിയാൽ ഈ വഴിയിൽ വന്യമൃഗങ്ങൾ ഇറങ്ങുമെന്നതിനാലാണ് ആറു മണിയ്ക്ക് മുൻപായി എത്തുവാൻ അവർ പറഞ്ഞത്.

അങ്ങനെ ഞങ്ങൾ ഗുണ്ടൽപ്പേട്ടും പിന്നിട്ട് ബന്ദിപ്പൂർ വനത്തിലൂടെ യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഞങ്ങൾ മാനുകളെ കാണുകയുണ്ടായി. ചില സമയങ്ങളിൽ ഇവിടെ ആനക്കൂട്ടങ്ങളെയും മറ്റും കാണുവാൻ സാധിക്കും. വന്യമൃഗങ്ങൾ എപ്പോൾ വേണമെങ്കിലും റോഡ് ക്രോസ്സ് ചെയ്യുവാൻ സാധ്യതയുള്ളതിനാൽ ഞങ്ങൾ വളരെ പതിയെയാണ് അതിലൂടെ സഞ്ചരിച്ചിരുന്നത്.

ബന്ദിപ്പൂർ വനത്തിലാണ് കർണാടക – തമിഴ്നാട് അതിർത്തി. കർണാടക അതിർത്തി വരെ ബന്ദിപ്പൂർ എന്നറിയപ്പെടുന്ന ഈ കാടിന് തമിഴ്‌നാട് അതിർത്തി മുതൽ മുതുമല എന്നാണു പേര്. അതിർത്തിയിലെ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിൽ ഭയങ്കര ചെക്കിംഗാണ്. വേറൊന്നുമല്ല എന്തെങ്കിലും കാശ് തടയണം. അതിനുള്ള പരിപാടിയാണ്. കൂടാതെ ഇവിടെ ബോർഡർ ക്രോസ്സ് ചെയ്തുകൊണ്ട് തമിഴ്‌നാട്ടിലേക്ക് കയറണമെങ്കിൽ 30 രൂപ എൻട്രി ഫീ കൊടുക്കുകയും വേണം. ഞങ്ങളുടെ വണ്ടി എന്തുകൊണ്ടോ അവർ ചെക്ക് ചെയ്തില്ല.

അങ്ങനെ ഞങ്ങൾ മുതുമലയും കടന്നു ദേവാല എത്തിച്ചേർന്നു. ഡെവലയിൽ എത്തിയപ്പോൾ റിസോർട്ടുകാരെ വിളിച്ച് വഴി കൃത്യമാക്കി മനസിലാക്കുകയും അവർ പറഞ്ഞതനുസരിച്ചുള്ള വഴിയിലൂടെ ഞങ്ങൾ യാത്ര തുടരുകയും ചെയ്തു. ചുറ്റിനും തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മണ്ണ് റോഡിൽ ഞങ്ങൾ പതിയെ ആസ്വദിച്ചു നീങ്ങി. വഴിയിൽ ആരെയും ഞങ്ങൾ കണ്ടിരുന്നില്ല. വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു അവിടെ ഞങ്ങൾക്ക് ഫീൽ ചെയ്തത്. ഈ നിശബ്ദതയെ ഭഞ്ജിക്കുന്നത് ഇടയ്ക്കിടയ്ക്ക് വീശുന്ന കാറ്റായിരുന്നു.

അങ്ങനെ ഞങ്ങൾ റിസോർട്ടിലെ എൻട്രൻസിൽ എത്തിച്ചേർന്നു. അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് റിസോർട്ടിന്റെ വണ്ടിയിൽ കയറി വേണം ഇനി യാത്ര തുടരുവാൻ. അവിടെ നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം കാടിനുള്ളിലൂടെ ഓഫ്‌റോഡിൽ യാത്ര ചെയ്തിട്ടു വേണം റിസോർട്ടിൽ എത്തിച്ചേരാൻ. അങ്ങനെ ഞങ്ങൾ റിസോർട്ടിൽ എത്തിച്ചേർന്നു.

റിസോർട്ട് പ്രതിനിധിയായ ജൊഹാൻ ഞങ്ങൾക്ക് റിസോർട്ടിനെക്കുറിച്ചും അവിടത്തെ ആക്ടിവിറ്റികളെക്കുറിച്ചും വിശദമായി വിവരിച്ചു തരികയുണ്ടായി. ഞങ്ങൾ വലിയൊരു യാത്ര കഴിഞ്ഞുള്ള ക്ഷീണത്തിലായിരുന്നു. അതുകൊണ്ട് അന്നേദിവസം പ്രത്യേകിച്ച് പരിപാടികൾക്കൊന്നും നിൽക്കാതെ വിശ്രമിക്കുവാനായി ഞങ്ങൾ റൂമിലേക്ക് പോയി.