തായ്ലൻഡിലെ പട്ടായയിലായിരുന്നു ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും ഹാരിസ് ഇക്കയും. ഹാരിസ് ഇക്കയുടെ ടൂർ ഗ്രൂപ്പ് തിരികെ നാട്ടിലേക്ക് പോകുന്ന ദിവസമായിരുന്നു അത്. രാവിലെ തന്നെ ബാങ്കോക്ക് വിമാനത്താവളത്തിലേക്ക് എല്ലാവരുംകൂടി ബസ്സിൽ യാത്രയായി.
കിടിലൻ എക്സ്പ്രസ്സ് വേയിലൂടെ ഏകദേശം രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം ഞങ്ങൾ ബാങ്കോക്കിൽ എത്തിച്ചേർന്നു. ബാങ്കോക്കിലെ സഫാരി പാർക്കിലേക്ക് ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ എൻട്രി. സഫാരി പാർക്ക് എന്തെന്നാൽ മനുഷ്യനിർമ്മിതമായ വലിയ കാട്ടിൽ എല്ലാ മൃഗങ്ങളെയും പാർപ്പിച്ചിരിക്കുന്ന ഏരിയയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പക്ഷികളും മൃഗങ്ങളുമൊക്കെ ഇവിടെയുണ്ട്.
ബാങ്കോക്കിലെ സഫാരി വേൾഡും സഫാരി പാർക്കും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്, നമ്മുടെ വണ്ടിയിൽ ഇരുന്ന് കൃത്രിമമായി നിർമ്മിച്ച കാട്ടിലൂടെ യാത്ര ചെയ്ത് മൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരമാണ് ഇവിടുത്തെ പ്രത്യേകത.
സഫാരി പാർക്കിൽ സഞ്ചാരികൾക്ക് അവരവരുടെ വാഹനങ്ങളുമായി പ്രവേശിക്കാവുന്നതാണ്. പാർക്കിനുള്ളിലെ റോഡിൽക്കൂടി പതിയെ നിരങ്ങിനീങ്ങുന്ന വാഹനങ്ങളിൽ ഇന്നും സഞ്ചാരികൾക്ക് മൃഗങ്ങളെ അടുത്തു കാണാം. ഒരു കാട്ടിലെന്നപോലെ സ്വൈര്യവിഹാരം നടത്തുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം കാണുന്നവരുടെ കണ്ണിനു കൗതുകം പകരുന്നവയാണ്.
സഫാരി വേൾഡ് തുടങ്ങുമ്പോൾ ജിറാഫ്, ഒട്ടകം, സീബ്ര, പക്ഷികൾ തുടങ്ങിയവയെയാണ് പ്രധാനമായും കാണുവാൻ സാധിക്കുന്നത്. അതുകഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ പിന്നെ മാനുകളുടെ ഏരിയയായി. പലതരത്തിലെ മാനുകളെ അവിടെ കാണാം. മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ട തീറ്റയും, കുളിക്കുവാനും കുടിക്കുവാനുമുള്ള വെള്ളത്തിനായി തടാകങ്ങളും കുളങ്ങളുമൊക്കെ പാർക്കിൽ ഉണ്ടാക്കിയിട്ടുണ്ട്.
സസ്യഭുക്കുകളുടെ ഏരിയയിൽ നിന്നും മാംസഭുക്കുകളുടെ ഏരിയയിലേക്ക് കടക്കുന്ന ഭാഗത്ത് പ്രത്യേകം കമ്പിവേലികൾ കൊണ്ട് അടച്ചിട്ടിട്ടുണ്ട്. മാംസഭുക്കുകളായ മൃഗങ്ങൾ സസ്യഭുക്കുകളുടെ ഏരിയയിലേക്ക് കടന്ന് അവരെ അക്രമിക്കുവാതിരിക്കുവാനായിരിക്കണം ഇങ്ങനെ ഒരു വാതിൽ. സിംഹക്കൂട്ടങ്ങളാണ് അവിടേക്ക് കടക്കുമ്പോൾ ആദ്യമായി കണ്ണിൽപ്പെട്ടത്. ഞങ്ങൾ കാണുമ്പോൾ അവയെല്ലാം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമത്തിലായിരുന്നു. അതിൽ ചിലർ ഇണചേരാനുള്ള ഒരുക്കത്തിലുമായിരുന്നു.
സിംഹങ്ങളുടെ ഏരിയ പിന്നിട്ടപ്പോൾ പിന്നെ കടുവകളുടെ സാമ്രാജ്യമായി. രണ്ടെണ്ണം തമ്മിൽ കടിപിടികൂടുന്ന കാഴ്ചയാണ് ആദ്യം ഞങ്ങളെ ആകർഷിച്ചത്. ബാക്കിയെല്ലാം വിശ്രമത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മൃഗങ്ങളെയെല്ലാം നിരീക്ഷിക്കുന്നതിനായി പാർക്കിലെ വാച്ചർമാർ പലയിടങ്ങളിലായി വാഹനങ്ങളിൽ നിലയുറപ്പിച്ചിരുന്നു. അവരുടെ ധൈര്യം സമ്മതിക്കണം.
ഏതാണ്ട് അഞ്ഞൂറോളം ഏക്കർ പ്രദേശമാണ് ഇത്തരത്തിൽ കാടാക്കി മാറ്റിയിരിക്കുന്നത്. ടൂറിസം ലക്ഷ്യം വെച്ചുള്ള പരിപാടിയാണെങ്കിലും മൃഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയ്ക്കനുസരിച്ചു പരിപാലിക്കുന്നത് പ്രശംസനീയം തന്നെയാണ്. നമ്മുടെ നാട്ടിലെ ടൂറിസം അധികാരികൾ ഇക്കാര്യത്തിൽ തായ്ലൻഡുകാരെ മാതൃകയാക്കേണ്ടതുണ്ട്.
പ്രകൃതിക്ക് കോട്ടം വരുത്താത്ത രീതിയിൽ ഇത്തരത്തിൽ നമുക്കും ചെയ്യാവുന്നതാണ്. പക്ഷെ, പറഞ്ഞിട്ടെന്താ കാര്യം? നമ്മൾ ഇങ്ങനൊക്കെയങ്ങു പോകുന്നു. ആകെയുള്ള ആശ്വാസം ബന്ദിപ്പൂർ, മുത്തങ്ങ, മുതുമല വനത്തിലെ ഫോറസ്റ്റ് സഫാരിയാണ്. എന്തായാലും തായ്ലൻഡിൽ വരുന്നവർ തീർച്ചയായും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് കാട്ടിലെ മൃഗങ്ങളുടെ ഇടയിലൂടെ വണ്ടിയിൽ കയറിയുള്ള ഈ യാത്ര. തായ്ലൻഡ് പാക്കേജുകൾക്ക് നിങ്ങൾക്ക് ഹാരിസ് ഇക്കയെ വിളിക്കാം, റോയൽസ്കൈ ഹോളിഡേയ്സ്- +91 9846571800.