അതിരാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു റെഡിയായി പ്ലാൻ ചെയ്തപോലെ രാവിലെ നാലുമണിക്കു തന്നെ എറണാകുളത്തു നിന്നും ആനക്കട്ടിയിലെ എസ്.ആർ. ജംഗിൾ റിസോർട്ടിലേക്ക് യാത്ര തിരിച്ചു. വെളുപ്പിനെ ആയതിനാൽ റോഡിൽ തിരക്ക് വളരെ കുറവായിരുന്നു. ഏകദേശം രാവിലെ എട്ടുമണിയോടെ ഞങ്ങൾ ആനക്കട്ടിയിൽ എത്തിച്ചേർന്നു. റിസോർട്ടിലെ മാനേജരും സുഹൃത്തുമായ സലീഷേട്ടൻ ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു. ചെന്നപാടെ ഞങ്ങൾ കുറച്ചു സമയം വിശ്രമിച്ചു. പിന്നീട് സലീഷേട്ടൻ ഞങ്ങളെ ഒരുഗ്രൻ സംഭവം കാണിക്കാമെന്നു പറഞ്ഞു പുറത്തേക്ക് കൊണ്ടുപോയി.
ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ കുറെ മലയാളി ഫാമിലികൾ റിസോർട്ടിൽ വന്നിട്ടുണ്ടായിരുന്നു. അവരെല്ലാം നമ്മൾ മുൻപ് ചെയ്ത വീഡിയോ കണ്ടിട്ടായിരുന്നു അവിടെയെത്തിയത്. സലീഷേട്ടൻ കുട്ടികളടക്കം എല്ലാവരോടും നല്ല കമ്പനിയായിരുന്നു. ആ ടീമിനെ ഞങ്ങൾക്ക് സലീഷേട്ടൻ പരിചയപ്പെടുത്തു തന്നു. അവർ ശിരുവാണി പുഴയിൽ കുളിക്കാൻ പോകുകയാണെന്ന് പറഞ്ഞു പോയി.
ഞങ്ങൾ പോകുവാൻ പോകുന്നത് ബർളിക്കാട് എന്ന സ്ഥലത്തുള്ള ഒരു കിടിലൻ കുട്ടവഞ്ചി യാത്രയ്ക്കായിരുന്നു.തമിഴ്‌നാട് സർക്കാർ നടത്തുന്ന ഒരു ആക്ടിവിറ്റിയാണത്രെ അത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ അവിടെ കുട്ടവഞ്ചിയാത്രയും മറ്റും നടക്കുകയുള്ളൂ. കുട്ടവഞ്ചി സവാരി, ഭക്ഷണം, റിവർ ബാത്ത് എന്നിവയ്ക്ക് 500 രൂപയാണ് ഒരാൾക്ക് നിരക്ക്.
കൂടാതെ അവിടെ താമസ സൗകര്യങ്ങളും ലഭ്യമാണ് (ഇതിനു വേറെ ചാർജ്ജ് കൊടുക്കണം). സംഭവം കേട്ടപ്പോൾത്തന്നെ ഞാനും ശ്വേതയും ഹാപ്പിയായിരുന്നു. അങ്ങനെ ഞങ്ങളും സലീഷേട്ടനും കൂടി റിസോർട്ടിലെ താർ ജീപ്പുമായി യാത്ര തിരിച്ചു.
പോകുന്ന വഴിയിൽ നടുറോഡിൽ ഒരു മഞ്ഞനിറത്തിലുള്ള സുന്ദരനായ ഒരു ഓന്ത് കിടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വണ്ടി അതിനുമേൽ കയറാതെ ജീപ്പ് വെട്ടിച്ചുമാറ്റി നിർത്തി. മൃഗസ്നേഹിയായ സലീഷേട്ടൻ അവിടെയിറങ്ങി അടുത്തു ചെന്നു പരിശോധിച്ചു. മൃതപ്രായനായിരുന്നു ആ പാവം ഓന്ത്. സലീഷേട്ടൻ അതിനെ എടുത്ത് വഴിയരികിൽ കൊണ്ടു വെക്കുകയും വെള്ളം കൊടുക്കുകയുമൊക്കെ ചെയ്തു. പിന്നീട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ഞങ്ങൾ ആനക്കട്ടി കടന്നു കേരളത്തിലെത്തി മുള്ളി ചെക്ക് പോസ്റ്റ് വഴി വീണ്ടും തമിഴ്‌നാട്ടിലേക്ക് കടക്കുകയാണ് ചെയ്തത്. ചെക്ക്പോസ്റ്റ് എത്തിയപ്പോൾ സലീഷേട്ടൻ ജീപ്പിന്റെ നിയന്ത്രണം എനിക്കു വിട്ടുതന്നു. സലീഷേട്ടന് ലൈസൻസ് ഉണ്ടായിരുന്നില്ലാത്തതിനാൽ ചെക്ക്‌പോസ്റ്റിൽ പ്രശ്നമാകുകയായിരുന്നതിനാലാണ് അങ്ങനെ ചെയ്തത്. മുള്ളി ചെക്ക്പോസ്റ്റ് കഴിഞ്ഞു ഞങ്ങൾ ബെർളിക്കാട് ലക്ഷ്യമാക്കി നീങ്ങി. പിന്നീട് അങ്ങോട്ട് ഓഫ്‌റോഡ് ആയിരുന്നു. കട്ട ഓഫ്‌റോഡ് തുടങ്ങിയപ്പോൾ ഡ്രൈവിംഗ് വീണ്ടും സലീഷേട്ടൻ ഏറ്റെടുത്തു. അങ്ങനെ ഒരു കിടിലൻ ഓഫ്‌റോഡ് ഫോറസ്റ്റ് യാത്രയൊക്കെ കഴിഞ്ഞു ഞങ്ങൾ ബെർളിക്കാട് എത്തിച്ചേർന്നു.
http://coimbatorewilderness.com/ എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ബുക്ക് ചെയ്തിട്ട് വേണം ഇവിടേക്ക് വരുവാൻ. അല്ലെങ്കിൽ പിന്നെ അനക്കട്ടി SR ജംഗിൾ റിസോർട്ടിൽ വരികയാണെങ്കിൽ അവർ കൊണ്ടുപോകും ഈ ആക്ടിവിറ്റിയ്ക്ക്. ഞങ്ങൾ അവിടെ ചെന്നപ്പോൾ അധികം തിരക്കുകൾ ഒന്നുമില്ലായിരുന്നു. ഈ ആക്ടിവിറ്റികളെക്കുറിച്ച് അധികമാർക്കും അറിയില്ല എന്ന് തോന്നുന്നു. ഞങ്ങൾ അവിടെ ചെന്ന് ബുക്ക് ചെയ്തതിന്റെ രേഖകളൊക്കെ കാണിച്ചു. പിന്നീട് കുട്ടവഞ്ചി യാത്രയ്ക്കായി ലൈഫ് ജാക്കറ്റുകൾ ഒക്കെ ധരിച്ചുകൊണ്ട് പുഴയരികിലേക്ക് നടന്നു.
കുട്ടവഞ്ചി എന്നു പേര് മാത്രമേയുള്ളൂ. വഞ്ചി ഫൈബർ കൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണ്. എന്തായാലും സംഭവം കൊള്ളാം. ഞങ്ങൾ മൂന്നു പേരും വഞ്ചിയിൽ കയറി. ഒപ്പം തമിഴ്നാട്ടുകാരനായ വഞ്ചിക്കാരൻ ചേട്ടനും. പ്രളയം വന്ന സമയത്ത് ഇവിടെയൊക്കെ നന്നായി വെള്ളം പൊങ്ങിയെന്നും മറ്റുമുള്ള വിശേഷങ്ങൾ ആ ചേട്ടൻ ഞങ്ങളോട് വിവരിച്ചു. മഴയൊന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങൾ പോയ സമയത്ത് അത്യാവശ്യം ചൂട് ഉണ്ടായിരുന്നു. വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു അവിടമാകെ അനുഭവപ്പെട്ടത്. ഇവിടെ വരുന്നവർ രാവിലെതന്നെ ബോട്ടിംഗ് നടത്തുവാൻ ശ്രമിക്കുക. ഉച്ചയായാൽ നല്ല ചൂട് ആയിരിക്കും.
ബോട്ടിംഗ് നടത്തുന്നതിനിടയിൽ തമിഴ്‌നാട്ടിൽ നിന്നും വന്ന മറ്റൊരു ടീമിനെക്കൂടി ഞങ്ങൾ കണ്ടു. സ്വസ്ഥമായി ചെലവഴിക്കുവാനായിരിക്കണം അവരും ഇവിടെ വന്നിരിക്കുന്നത്. പക്ഷെ ഞാനും ശ്വേതയും ആ സമയം വല്ലാതെ ക്ഷീണിതനായിരുന്നു. അതിനൊരു കാരണമുണ്ട്. ഞങ്ങൾ വരുന്നവഴി അങ്കമാലിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഹോട്ടലിൽ നിന്നും അതിരാവിലെ മസാലദോശ കഴിച്ചിരുന്നു. അതിൽ നിന്നും ഞങ്ങൾക്ക് വൈകാതെ പണിയും കിട്ടി. നല്ല ഒന്നാന്തരം ഫുഡ് പോയിസൺ. കുട്ടവഞ്ചിയിൽ നിന്നും കരയിലേക്ക് ഇറങ്ങിയപ്പോൾത്തന്നെ ആ ഫുഡ് പോയിസണിന്റെ ലക്ഷണങ്ങൾ വീണ്ടും ഞങ്ങളിൽ കണ്ടുതുടങ്ങി. അതോടെ അവിടെ നിന്നും ഭക്ഷണം ഒന്നും കഴിക്കാതെ ഞങ്ങൾ റിസോർട്ടിലേക്ക് തിരികെ യാത്രയായി.
ഇതിൽ നിന്നും ഞങ്ങൾക്ക് ഒരു കാര്യം വ്യക്തമായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നും അതിരാവിലെ ആരും ഭക്ഷണം കഴിക്കുവാൻ നിൽക്കരുത്. ഞങ്ങൾ മൂന്നു ദിവസത്തോളം അതിൻ്റെ സൈഡ് എഫക്ട് അനുഭവിച്ചു. ഇനി ഇത്തരം കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ചെലുത്തണം. ആനക്കട്ടിയിലുള്ള SR Jungle Resort ന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8973950555.