ബാർസലോണ സ്റ്റേഡിയവും റാമ്പ്ല തെരുവിലെ അർദ്ധനഗ്‌ന മദ്യശാലയും

വിവരണം – Ashraf Kiraloor.

ഏഴു മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വിമാന താവളത്തിൽ നിന്നും നേരെ പോയത് പ്രസിദ്ധമായ റാമ്പ്ല തെരുവിലെ താമസ സ്ഥലത്തേക്ക് ആയിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യേന വലിയ രാജ്യമായ സ്പെയിനിലെ ഏകദേശം പതിനഞ്ചു ദിവസത്തോളം നീളുന്ന എന്റെ യാത്ര തുടങ്ങിയത് മനോഹരമായ ബാഴ്‌സലോണയിൽ നിന്നും. പൗലോ കൊയിലൊയെ വായിച്ച സ്കൂൾ കാലം മുതൽ തുടങ്ങിയതായിരുന്നു സ്പെയിൻ കാണാനുള്ള ഭ്രമം.

മാഡ്രിഡ്, വലൻസിയ, ഗ്രെനാഡ, മലാഗ, കോർഡോബ, സരഗോസ, ബില്ബാഒ, ഹംബ്ര (കാറ്റലോണിയ, അണ്ടലൂസിയാ) തുടങ്ങിയ മനോഹര നഗരങ്ങളും അതിലേറെ ഹൃദ്യമായ ഗ്രാമങ്ങളും കാണാനുള്ള ആവേശം കത്തി നിന്നിരുന്നത് കൊണ്ട് ബാഴ്‌സലോണയിലെ ആദ്യ രാത്രി എനിക്ക് വളരെ നേരത്തെ തന്നെ അവസാനിച്ചിരുന്നു. യാത്രയുടെ പതിമൂന്നാം ദിവസം തിരിച്ചു കാറ്റലോണിയൻ തലസ്ഥാനമായ ബാഴ്‌സലോണയിൽ എത്തി ശേഷിച്ച ദിവസങ്ങൾ അവിടെ കഴിയാൻ പദ്ധതി ഉണ്ടായിരുന്നത് കൊണ്ട്, സ്‌പെയിനിലെ ആദ്യ ദിവസം വെറും കാറ്റലൂണിയൻ അത്താഴത്തിൽ ഒതുക്കി നേരത്തെ തന്നെ ഉറങ്ങി.

പിറ്റേന്ന് രാവിലെ 6 മണി മുതൽ തുടങ്ങിയ യാത്ര ബസിലും, ട്രെയിനിലും, ട്രാമിലും, ബോട്ടിലും, മോപ്പഡിലും, സൈക്കിളിലും ഒക്കെയായി തകർത്തു ആസ്വദിച്ചു കൊണ്ട് നേരത്തെ പ്ലാൻ ചെയ്തപോലെ അവസാന സ്റ്റോപ്പ് ആയ ബാഴ്‌സലോണയിലെ റാമ്പ്ല തെരുവിലെ താമസ സ്ഥലത്തു എത്തി.

ഒരു പഴയ പന്തുകളിക്കാരൻ ബാഴ്‌സലോണയിൽ എത്തിയാൽ ആദ്യം എന്താ ചെയ്യുക? നീളൻ ചുണ്ടൻവള്ളത്തിൽ തുഴക്കാർ പങ്കായം പിടിച്ചു ഇരിക്കുന്നത് വരച്ച പോലെയാണ് ബാർസിലോണ മെട്രോയുടെ മാപ്. പല നിറത്തിൽ കോഡു ചെയ്തിട്ടുള്ള സർവീസുകൾ. ഒരു ചെറിയ ദൂരം പോവാൻ ഒരു പക്ഷെ മൂന്നോ നാലോ ലൈനുകൾ മാറി കയറിയാലും ഏതു മുക്കിലും മൂലയിലും എത്താൻ ദിവസ പാസുള്ള മെട്രോ തന്നെ ധാരാളം. പ്രിന്റഡ് മാപ്പോ അല്ലെങ്കിൽ ഫോണിലുള്ള ആപ്പോ ഉണ്ടെങ്കിൽ സംഭവം ലളിതം.

പത്രം വായിക്കാൻ തുടങ്ങിയ കാലം മുതൽ വായിക്കുന്ന, TV കാണാൻ തുടങ്ങിയ കാലം മുതൽ നൂറു കണക്കിന് മത്സരങ്ങൾ കണ്ടു കണ്ണ് കുളിർത്ത ബാർസിലോണ ഫുട്ബോൾ ക്ലബ്ബിന്റെ “ക്യാമ്പ്‌ നൗ” സ്റ്റേഡിയം അതാ തൊട്ടു മുന്നിൽ. പുറത്തു നിന്ന് കാണുന്ന സ്റ്റേഡിയത്തിലെ ഭീമാകാരനായ സ്ക്രീനിലേക്ക് നോക്കി അങ്ങിനെ നിന്നപ്പോൾ ആരവങ്ങളുടെ അകമ്പടിയിൽ നൂറായിരം ചിത്രങ്ങൾ മനസ്സിലേക്ക് ഇറങ്ങി കയറി വന്നു.

നാല്പതു യൂറോ കൊടുത്തു അരീന സന്ദര്ശനത്തിനുള്ള പാസ് എടുത്തു. പ്രഗത്ഭരായ ഗയിഡുകൾ നയിക്കുന്ന, മുപ്പതു പേരോളമുള്ള ഓരോരോ സന്ദർശക സംഘങ്ങൾ “ക്യാമ്പിനോയുടെ” ചരിത്രവും വിശേഷങ്ങളും അറിഞ്ഞു മൈതാനത്തിന്റെ ഇരിപ്പിടങ്ങളിലും, ഡ്രെസ്സിങ് റൂമുകളിലും തുടങ്ങി പച്ച പരവതാനി വിരിച്ച കളി സ്ഥലത്തു ഒഴികെ ബാക്കി എല്ലായിടത്തുമായി രണ്ടു മണിക്കൂർ നീളുന്ന യാത്ര.

ലെവ് യാഷിൻ, ബോഡോ ഇൽനെർ, പീറ്റർ ഷിൽട്ടൻ, പുംബിഡോ, റെനേ ഹിഗിറ്റാ, വാൾട്ടർ സെൻഗ, ചിലവർട്, ഗോയ്‌ കൊയ്ഷ്യ, ദിനോസോഫ്, സ്‌മിഷേല്, ബുഫൊൺ, കാസിയസ് തുടങ്ങിയ ലോകോത്തര ഗോൾകീപ്പർമാരെല്ലാവരും ഇടിമിന്നൽ സേവുകൾ നടത്തിയിട്ടുണ്ടാവുന്ന ആ ഗോൾപോസ്റ്റിൽ ഒന്ന് പോയി നില്ക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമായി ഗയിഡ് കാണിച്ചു തന്നത് മൂക്കിനും മൂലയിലുമുള്ള നൂറു കണക്കിന് CCTV കാമറകൾ ആയിരുന്നു. വേലികെട്ടിതിരിച്ചിട്ടുള്ള മൈതാനത്തേക്ക് ആരെങ്കിലും കടന്നാൽ അറസ്റ്റ് ഉറപ്പു.

യൂറോപ്പിലെ മറ്റു പല സ്റ്റേഡിയങ്ങളിലും കളിക്കാരുടെ റിസേർവ് ബെഞ്ച് വരെ അനുമതിയോടെ ഞാൻ പോയിട്ടുണ്ട്. പക്ഷെ “ക്യാമ്പി നൗ” ക്ക് കണ്ണിൽ ഒരു തുള്ളി ചോര പോലുമില്ല .
ബാഴ്‌സലോണയിലെ മുഴുവൻ കാഴ്ചകളും എഴുതൽ ശ്രമകരമായ ജോലിയാണ്. തലകെട്ടിലെ റാമ്പ്ല തെരുവും അവിടെ വെച്ചുണ്ടായ ഒരു അനുഭവവും ഏഴുതി കുറിപ്പ് അവസാനിപ്പിക്കാം.

ഏതൊരു സ്ഥലത്തേക്കും ആദ്യമായ് പോവുമ്പോൾ ആ സ്ഥലത്തെ കുറിച്ചു ഒരു ലഘു പഠനം നമ്മൾ നടത്തുമല്ലോ. നിർഭാഗ്യവശാൽ ബാർസലോണ പോക്കറ്റടിക്കാർക്കും തെമ്മാടികൾക്കും അല്പം എണ്ണ കൂടുതൽ ഉള്ള സ്ഥലമാണെന്ന് നൂറു കണക്കിന് റിവ്യൂകളിൽ വായിച്ചിരുന്നു. അത് കൊണ്ട് തന്നെ മൊത്തത്തിൽ ഒരല്പം കരുതൽ എപ്പോഴും കൂടെ ഉണ്ടായിരുന്നു.

റാമ്പ്ല തെരുവ് ഏകദേശം ഒരു രണ്ടു കിലോമീറ്റർ വരും. ലോകോത്തര കലാകാരൻമാരുടെ പെർഫോമൻസുകൾ. അൽപ നേരം ഇരുന്നു കൊടുത്താൽ നമ്മളെ ഫോട്ടോ എടുത്ത പോലെ വരച്ചു തരും. പിന്നെ അമ്മാനമാട്ടക്കാർ, ജലവിദ്യക്കാർ, തെരുവ് നാടകങ്ങൾ, ടാബ്ലോ, പാട്ട്, കൂത്ത്, കസ്റ്റമർസിനെ കണ്ണുകൾ കൊണ്ട് ആകർഷിച്ചു വിലപേശി ഉറപ്പിക്കുന്ന ലോകത്തിന്റെ നാനാ ഭാഗത്തും നിന്നുള്ള അതിസുന്ദരികൾ, കഞ്ചാവ് വേണോ എന്ന് ചോദിക്കുന്ന കാഴ്‌ചയിൽ ആഫ്രിക്കൻ വംശജർ എന്ന് തോന്നിക്കുന്നവർ, വർഷങ്ങൾ പഴക്കമുള്ള പബ്ബുകൾ, ലഘു ഭക്ഷണ ശാലകൾ, മാർക്കറ്റ്, സൗവെനീർ കടകൾ അങ്ങിനെ അങ്ങിനെ നൂറ് തരം കാഴ്ച്ചകൾ. ഇതെല്ലം കാണാൻ വലതു കീശയിൽ ഉള്ള പേഴ്സും പിന്നെ പാസ്സ്പോര്ട്ടും ഒരു എമർജൻസി മൊബൈലും ഇട്ട ഒരു പൗച് അരയിൽ കെട്ടി ഇത് രണ്ടിലും ഒരു പ്രത്യേക രീതിയിൽ കൈ വെച്ച് പോക്കറ്റടിക്കാരെ പേടിച്ചു നടക്കുന്ന ഞാനും.

യൂറോപ്പിലേക്ക് മയക്കു മരുന്നുകളും മറ്റും വരുന്നതിന്റെ പ്രധാന പ്രവേശന കവാടം തന്നെ സ്പെയിൻ ആണത്രേ. അവിടുത്തെ തെക്കുപടിഞ്ഞാറൻ ജിബ്രാൾട്ടർ മുനമ്പിൽ നിന്നും ആഫ്രിക്കയിലേ മൊറോക്കോ കരയിലേക്ക് കടലിലൂടെ വെറും ഇരുപതിൽ താഴെ കിലോമീറ്ററുകളെ ഉള്ളൂ. അത് കൊണ്ട് തന്നെ ജിബ്രാൾട്ടറിൽ നിന്നും സ്‌പെയിനിന്റെ മെയിൻ ബോഡി യിലേക്കുള്ള പാതയെ Drug road എന്നും വിളിക്കാറുണ്ട്.

ഞാൻ എത്ര തവണ റാമ്പ്ല തെരുവിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് എന്നോര്മയില്ല. ഓരോ നടത്തത്തിലും പുതിയത് എന്തൊക്കെയോ തരാൻ റാമ്പ്ലക്ക്‌ കഴിയുമായിരുന്നു. പെട്ടെന്ന് ദൃഷ്ടിയിലേക്കു ഒരു ബോർഡ് “സ്ട്രിപ്പ് ബാർ.” മദ്യം ഇത് വരെ ഉപയോഗിച്ചിട്ടില്ലെങ്കിലും, സ്കൂൾ കാലം തുടങ്ങി ഈ വയസ്സു വരെയും പല മദ്യശാലകളിലും ഞാൻ കയറി ഇറങ്ങിയിട്ടുണ്ട്. എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും മദ്യം ഉപയോഗിക്കുന്നവരാണ്. അതിൽ തന്നെ വളരെ അപൂർവം ചിലര് ഉത്തരവാദിത്വ ബോധം തീരെ ഇല്ലാത്ത മദ്യോപയോഗം കൊണ്ട് ദുഃഖങ്ങളും അപകടങ്ങളും ക്ഷണിച്ചു വരുത്തിയവരും ആണ്.

പല കഥകളിലും സിനിമകളിലും സ്ട്രിപ്പ് ബാർ കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് പക്ഷെ നേരിൽ കണ്ടിട്ടില്ല. ഒരു ഇടുങ്ങിയ ഭംഗിയുള്ള മരഗോവണിയിലൂടെ മുകളിലേക്ക് കയറി ചെന്നത് വളരെ നേരിയ വെളിച്ചം ഉള്ള മനോഹരമായ ഒരു മദ്യശാലയിലേക്ക്. മേൽ വസ്ത്രം ഇല്ലാത്ത തരുണീമണികൾ മദ്യം വിളമ്പുന്നു. കണ്ണിൽ പകപ്പുമായി ഒരു പഹയൻ വരുന്നത് കണ്ട ഒരു കൊളമ്പിയൻ സുന്ദരീ എന്റെ അടുത്തേക്ക് വന്നു വളരെ സാവധാനമുള്ള ഇംഗ്ലീഷിൽ സ്വാഗതം പറഞ്ഞു. അവരുടെ ജോലി ആവശ്യപ്പെടുന്ന പോലെ തന്നെ, അവരുടെ മാറിടങ്ങളിലേക്കു എന്റെ കണ്ണുകളെ ആകർഷിക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ ശരീര ഭാഷ. ഇതിങ്ങിനെ നേരിട്ട് കണ്ടാൽ നോക്കാൻ തോന്നോ മനുഷ്യന്? അല്ല പിന്നെ.

എന്താണ് കഴിക്കേണ്ടത് ? പെപ്സി ! Pepsi ? 😂 why not whiskey? ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞു നോക്കാം. നമ്മൾ എന്ത് കഴിക്കുന്നു അത് നമ്മളെ സെർവ് ചെയ്യുന്ന സുന്ദരിക്കും വാങ്ങി കൊടുക്കണം. അവർ ഒരു പക്ഷെ അത് കഴിക്കും അല്ലെങ്കിൽ അതിന്റ പൈസ കൗണ്ടറിൽ നിന്നും അപ്പൊ തന്നെ വാങ്ങും. പത്തു യൂറോ ആണത്രേ ഒരു പെപ്സിക്ക്. വെറുതെ കിട്ടിയാൽ പോലും ഞാൻ കുടിക്കാത്ത ഒരു സാധനം ആണല്ലോ പത്തു യൂറോ കൊടുത്തു വാങ്ങുന്നത് എന്നോർത്തു. പക്ഷെ ഒരു പുതിയ അനുഭവം ലഭിക്കാനായി ഞാൻ എന്തും ചെലവാക്കും. മൊത്തം ഇരുപതു യൂറോ.

കസേര നല്ലോണം ഉയരത്തിൽ ഉള്ളത് ആയിരുന്നു. എകദേശം അരക്കൊപ്പം ഉയരമുള്ള വട്ട മേശ. സുന്ദരീ എന്റെ എതിർവശത്തും. ചെറിയ കസേര ആയതു കൊണ്ട് അരയിൽ കെട്ടിയിരിക്കുന്ന പൗച് വല്ലാത്ത ശല്യം ചെയ്തു. സ്വതവേ കയ്യിലുള്ള ഒന്നും എവിടെ പോയാലും എവിടെയും വെക്കുന്ന സ്വഭാവം എനിക്കില്ല. അതിപ്പോ വണ്ടിയുടെ താക്കോലോ മൊബൈലോ പഴ്സൊ എന്തായാലും. പൗച് ഇരിക്കാന് ബുദ്ധിമുട്ടു ഉണ്ടാക്കുന്നത് കൊണ്ട് അഴിച്ചു തൊട്ടടുത്ത കസേരയിൽ വെച്ചു. അതിലാണെങ്കിൽ പാസ്സ്പോര്ട്ടും പിന്നെ എമെർജൻസിക്ക് ഉപയോഗിക്കുന്ന ഒരു മൊബൈൽ ഫോണും മാത്രം.

വെറും പത്തു മിനിറ്റിനുള്ളിൽ എനിക്ക് മതിയായി. മരഗോവണി ഒരു പ്രത്യേക താളത്തിൽ ഇറങ്ങി നേരെ താഴെയിറങ്ങി അല്പം ദൂരെയെത്തി. ഒരു ക്യാപ്പുച്ചിനോ വാങ്ങി നുകർന്നപ്പോൾ പെട്ടെന്ന് അരയിലേക്കു കൈ ചെന്നു. എന്റുമ്മാ… എന്റെ പൗച്, എന്റെ പാസ്പോർട്ട്. കാപ്പിയും കയ്യിൽ പിടിച്ചു റാമ്പ്ല തെരുവിലൂടെ തിരിച്ചു ബാറിലേക്ക് ഒരോട്ടം.

ഏകദേശം അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും ഞാൻ അവിടെ നിന്നും ഇറങ്ങിയിട്ട്. പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു വരുന്ന എന്നെ അമ്പരന്നു നോക്കുന്ന കൊളംബിയക്കാരി. ഞാൻ ഇരുന്നിരുന്ന മേശക്കു ചുറ്റും പുതിയ ആൾകാർ. അവർക്കാർക്കും എന്റെ പൗച് കിട്ടിയിട്ടില്ല. നേരത്തെ പോരാൻ നേരത്തു പത്തു യൂറോ കയ്യിൽ കൊടുത്തപ്പോൾ “Thank you sir, you are so gentle” എന്ന് പറഞ്ഞ കൊളംബിയക്കാരിക്കും ദുഃഖം. അവർ അവിടവിടെ പോയി ആരോടോ എന്തൊക്കെയോ പറയുന്നു. സ്ട്രിപ്പ് ബാർ ആയതു കൊണ്ട് CCTV യും ഇല്ല.

പൗച്ചിൽ ഉള്ളത് ഒരു ഫോണും പിന്നെ പാസ്സ്പോര്ട്ടും. ഫോൺ പോട്ടെ, പാസ്പോർട്ട്.. അതില്ലാതെ എങ്ങിനെ തിരിച്ചു പോവും? അഷ്റഫെ നീ പെട്ടു മോനെ. തൊട്ടടുത്ത പോലീസ് സ്റ്റേഷനലിൽ പോയി റിപ്പോർട്ട് ചെയ്താൽ ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞാൽ അവർ ഒരു റിപ്പോർട്ട് തരും. അതുമായി ഇന്ത്യൻ കോൺസുലേറ്റിൽ പോയാൽ നാലു പ്രവര്ത്തി ദിവസം കഴിഞ്ഞാൽ അവർ എമർജൻസി പാസ്പോർട്ട് തരും. തിരിച്ചു UAE യിലേക്ക് വരാൻ പറ്റില്ല. നേരെ ഇന്ത്യയിലേക്ക്. എന്നിട്ടു പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കണം. പിന്നെ UAE വിസ ആദി പൂതി ഉണ്ടാക്കി തിരിച്ചു ദുബായ് എത്തുമ്പോളേക്കും ജോലിയുടെ കാര്യം ഒരു തീരുമാനം ആയിട്ടുണ്ടാവും.

പോലീസ് സ്റ്റേഷന്റെ വരാന്തയിൽ പരാതി കൊടുക്കാനായി സെർജന്റിനെ കാത്തിരിക്കുമ്പോൾ മനസ് എവിടെയൊക്കെയോ പോയിരുന്നു. “Brother, is it your pouch?” കാഴ്ച്ചയിൽ ആഫ്രിക്കൻ വംശജൻ എന്ന് തോന്നിക്കുന്ന ഒരു കുറിയ മനുഷ്യൻ. കടു കട്ടിയുള്ള ശബ്ദം. മദ്യത്തിന്റെ വാസന, ലഹരിയിൽ ക്ഷീണിച്ച കലങ്ങിയ കണ്ണുകൾ. വിറക്കുന്ന കൈകൊണ്ടു വേഗം പൗച് വേടിച്ചു അരയിൽ കെട്ടി തിരിഞ്ഞു നോക്കുമ്പോൾ ആളെ കാണുന്നില്ല. നോക്കുമ്പോൾ ദൂരെ നിന്നും കൈ വീശി കാണിച്ചു എനിക്ക് ഒരു നന്ദി പോലും പറയാൻ കഴിയാതെ മറഞ്ഞു. ആ മനുഷ്യൻ ദൃഷ്ടിയിൽ നിന്നും മറഞ്ഞതിനു ശേഷമാണു ഞാൻ പൗച് തുറന്നു നോക്കിയതു തന്നെ.

ജീവിതത്തിൽ നാളതു വരെ അനുഭവിക്കാത്ത ഒരു നാല്പത്തിയഞ്ചു മിനിറ്റ്. തിരിച്ചു ഹോട്ടലിലേക്ക് നടക്കുമ്പോൾ കൊളംബിയക്കാരിയുടെ ബാറിൽ കയറി വിവരം പറയാം എന്ന് കരുതി. പടി കയറി ഉന്മേഷത്തിൽ വരുന്ന എന്നെ കണ്ടപ്പോൾ തന്നെ അവർക്കു അല്പം ആശ്വാസം വന്ന പോലെ. വിവരങ്ങൾ പറഞ്ഞു പോരുമ്പോൾ അവർ വന്നു പറഞ്ഞു, “പോക്കറ്റടി ഒക്കെ ഇവിടെ സർവ സാധാരണമാണ് സർ. പക്ഷെ താങ്കളുടെ പൗച് നഷ്ടപ്പെട്ടപ്പോൾ നല്ല വിഷമം തോന്നി. പോയി കുടുംബത്തോടൊപ്പം സുഖമായി ജീവിക്കൂ.”

വാൽഡറാമ്മയുടെ, ഹിഗ്വിറ്റയുടെ, എസ്കോബാറിന്റെ അങ്ങ് ആയിരകണക്കിന് മൈലുകൾക്കു അപ്പുറമുള്ള കൊളംബിയയിൽ ഏതോ ഒരു ഗ്രാമത്തിൽ ഉള്ള രണ്ടു അനിയന്മാരെയും മാതാപിതാക്കളെയും നന്നായി ജീവിപ്പിക്കാൻ വേണ്ടിയുള്ള വേഷം കെട്ടുമ്പോളും, അവരെ ഓർത്തു ദുഃഖിക്കുന്ന ഒരു പാവം ഹൃദയം ആയിരുന്നു അവരുടെ മാറിടത്തെക്കാൾ നന്നായി എനിക്ക് തെളിഞ്ഞു കണ്ടത്.