ബാത്തു കേവ്സ് – ‘മലേഷ്യൻ പഴനി’യിലേക്ക് പോകാം..

പതിവിലും വിപരീതമായി അന്ന് ഞങ്ങള്‍ രാവിലെതന്നെ ഉറക്കമുണര്‍ന്നു. അതുകൊണ്ട് ഹോട്ടിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാന്‍ അവസരമുണ്ടായി. അത്യാവശ്യം എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ അടങ്ങിയ ഒരു ബുഫെ ആയിരുന്നു ബ്രേക്ക് ഫാസ്റ്റ്. എങ്കിലും നല്ല ഇഡ്ഡലിയും ദോശയും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാന്‍ ആശിച്ചുപോയി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോള്‍ രാജു ഭായ് ഞങ്ങളെ പിക് ചെയ്യാന്‍ ഹോട്ടലിനു മുന്നില്‍ എത്തിയിരുന്നു. അന്നത്തെ ഞങ്ങളുടെ യാത്ര മലേഷ്യയിലെ പ്രശസ്തമായ മുരുകന്‍ ക്ഷേത്രത്തിലേക്ക് ആയിരുന്നു. ബാത്തു കേവ്സ് എന്നാണ് ഈ സ്ഥലത്തിന്‍റെ പേര്.

നാനൂറു ദശലക്ഷം വര്‍ഷം പഴക്കമുള്ള ലൈംസ്റ്റോണിലാണു (ചുണ്ണാമ്പ് കല്ല്) ബാത്തു കേവ്സ് സ്ഥിതി ചെയ്യുന്നത്.മലേഷ്യയിലെ ഇന്ത്യക്കാരുടെ പ്രധാനമായും തമിഴരുടെ പ്രധാനപ്പെട്ട ആരാധനാസ്ഥലമാണ് ഇവിടം. നൂറ്റിനാല്‍പത് അടിയിലധികം ഉയരത്തില്‍, സുവര്‍ണ നിറത്തിലൊരു മുരുക പ്രതിമയുണ്ട് ഇവിടെ. അതിനടുത്ത് അമ്പലവും.വെയില്‍ തട്ടുമ്പോള്‍ അതിന് പ്രത്യേക ഭംഗിയാണ്.ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമയാണത്രേ ഇത്.ഈ പ്രതിമയുടെ താഴെ പ്രാവുകളുടെ കൂട്ടമുണ്ട്. അതിന് ഭക്ഷണം കൊടുത്ത് ഒരു പാട് ആള്‍ക്കാരും.

കറുത്തും വെളുത്തും നിറംപകര്‍ന്ന്, പച്ചപ്പുകള്‍ അണിഞ്ഞു നില്‍ക്കുന്ന ഭീമമായ ബാത്തു മലയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവര്‍ണ്ണമായി നില്‍ക്കുന്ന പ്രതിമ ഒരു സുന്ദര ദൃശ്യമാണ്. മൂന്നു വര്‍ഷം കൊണ്ടാണ് ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയായത്. 2006ല്‍. 272 പടികള്‍ കയറിയാല്‍ മലയുടെ മുകളിലുള്ള ഗുഹയിലെത്താം. വൃത്തിയായി പാകിയ പടവുകള്‍ പക്ഷെ കുത്തനെയുള്ളതാണ്. പടവുകളില്‍ നിറയെ കുരങ്ങന്‍മാര്‍. സദാ വെള്ളമൂറി നില്‍ക്കുന്ന ചുണ്ണാമ്പു കല്ലില്‍ കാലം തീര്‍ത്ത വിശാലമായ ഗുഹാമുഖം. ഗുഹാമുഖം കഴിഞ്ഞാല്‍ അതിവിശാലമായ കല്‍ത്തളത്തിലേക്കിറണം. ഈ തളത്തിന്റെ വശങ്ങളില്‍ പഴനിയാണ്ടവനേയും ഗണപതിയേയും മറ്റു മൂര്‍ത്തികളേയും കാണാം.

ഇവിടെ നാനാജാതി മതസ്ഥര്‍ക്കും കയറാവുന്നതാണ്. അമ്പലങ്ങളില്‍ കയറുവാന്‍ നമ്മുടെ നാട്ടിലെപ്പോലെ പ്രത്യേകം ചിട്ടവട്ടങ്ങള്‍ ഒട്ടില്ലതാനും. എന്തിനേറെ പറയുന്നു, പര്‍ദ്ദയണിഞ്ഞ മുസ്ലിം സ്ത്രീകള്‍ വരെ ഈ മുരുകന്‍ ക്ഷേത്രത്തില്‍ കയറുന്ന കാഴ്ച തെല്ലൊരു അത്ഭുതത്തോടെയും സന്തോഷത്തോടെയും ഞങ്ങള്‍ നോക്കി നിന്നു. ദിവസവും മൂവായിരത്തിലധികം പേര്‍ ബാത്തു ഗുഹ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. മഹാമാരിയമ്മന്‍ ദേവസ്ഥാനമാണ് ക്ഷേത്ര നടത്തിപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.

1890-ല്‍ തമ്പുസാമി പിള്ളൈ എന്ന ധനാഢ്യനായ തമിഴ് വംശജനാണ് മൂര്‍ത്തിയെ ഈ ഗുഹയില്‍ പ്രതിഷ്ഠിച്ചത്. 1892 ല്‍ തൈപ്പൂയ ആഘോഷവും തുടങ്ങി. തമിഴ്‌നാട്ടില്‍ ഒരു കോവിലില്‍പോലും ഇത്രയും പേര്‍ തൈപ്പൂയത്തില്‍ പങ്കെടുക്കുന്നില്ല എന്നാണ് കണക്ക്. ഈ കാര്യങ്ങളൊക്കെ ഹാരിസ് ഇക്ക വിശദമായി പറഞ്ഞു തന്നു.

ഓരോ തവണ ചെല്ലുന്തോറും ഈ അമ്പലത്തിനും പരിസരത്തിനും മാറ്റങ്ങള്‍ സംഭവിക്കുന്നു. കാരണം അവിടെ ഇപ്പോഴും പലതരത്തിലുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പണികള്‍ക്കാവശ്യമായ മണ്ണും കല്ലുമൊക്കെ ചുമന്നുകൊണ്ട് മുകളില്‍ എത്തിക്കുക എന്നത് ഇവിടെ ഒരു വഴിപാട് ആണ്. വിദേശികളടക്കം നിരവധിയാളുകള്‍ ഒങ്ങനെ ചെയ്യുന്നത് കാണാമായിരുന്നു.

ഷൂസ് ഒക്കെ ഊരി ഒരു മൂലയ്ക്ക് വെച്ചിട്ട് ഞാനും അമ്പലത്തില്‍ കയറി തൊഴുതു. പൂജാരി എല്ലാവര്ക്കും പ്രസാദം നല്‍കുന്നുണ്ട്. എനിക്കും കിട്ടി. വളരെ പോസിറ്റീവ് എനര്‍ജി ലഭിക്കുന്ന ഒരു സ്ഥലം… എന്താണെന്നറിയില്ല എനിക്ക് അങ്ങനെ തോന്നി.

അമ്പലത്തിന്‍റെ ഒരു വശത്തായി ഡാര്‍ക്ക് കേവ് എന്ന് പേരുള്ള മറ്റൊരു ഗുഹയും ഉണ്ട്. ഫുള്‍ ഇരുട്ടായ ആ ഗുഹയിലൂടെ വേണമെങ്കില്‍ നമുക്ക് ഒരു അഡ്വഞ്ചറസ്‌ ട്രിപ്പ് നടത്തുവാനും സാധിക്കും. അകത്തു പോയിക്കഴിഞ്ഞാല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുവാന്‍ സാധിക്കില്ല എന്നറിഞ്ഞതിനാല്‍ ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു. അവിടത്തെ കാഴ്ചകള്‍ ഒക്കെ കണ്ടതിനു ശേഷം ഞങ്ങള്‍ മലയിറങ്ങി.

താഴെ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ ഒക്കെയുണ്ട് കെട്ടോ. ഏതായാലും ആ സമയത്ത് വലിയ വിശപ്പ ഒന്നും തോന്നാതിരുന്നതിനാല്‍ ഞങ്ങള്‍ ഒന്നും കഴിക്കുവാന്‍ നിന്നില്ല. ഒന്നുകൂടി മുരുകനെ വണങ്ങിയതിനുശേഷം ഞങ്ങള്‍ അവിടെനിന്നും വിടപറഞ്ഞു. ഇനി ഞങ്ങളുടെ അടുത്ത യാത്ര മലേഷ്യയിലെ ഹൈറേഞ്ച് ആയ ‘ഗെന്‍തിംഗ് ഹൈലാന്‍ഡ്‌’ എന്ന പ്രദേശത്തേക്ക്… അത് അടുത്ത എപ്പിസോഡില്‍ കാണാം…

മലേഷ്യാ ടൂർ പാക്കേജുകൾക്ക് ഹാരിസ് ഇക്കയെ വിളിക്കാം: 9846571800.