വിവരണം – ഷബീർ അഹമ്മദ്.
എത്ര സുന്ദരമാണ് കർണ്ണാടകയുടെ കടൽത്തീരങ്ങൾ. യാത്ര അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും, ആവേശം കെട്ടണയുന്നില്ല. കാടും മലയും പുഴയും താണ്ടി കടലോരങ്ങളിലൂടെ മനോഹരമായ ബീച്ച് ട്രക്കിങ്ങ്. ബീച്ചിലൂടെയും ട്രക്ക് ചെയ്യാമോ??.. എന്താ സംശയം!…. തിരമാലകളുടെ ഓളങ്ങളോടൊപ്പം, ഒരു തീരത്തുനിന്ന് മറു തീരത്തേയ്ക്ക് വ്യവഹരിക്കുകയും, രാത്രികാലങ്ങളിൽ നക്ഷത്രമെണ്ണി, മതിവരുവോളം കടലിൽ നീരാടി തിമിർക്കാനും കിട്ടുന്ന ഒരു അടിപൊളി അവസരമാണ് ബീച്ച് ട്രക്കിങ്. സീ ട്രക്കിങ്, ബീച്ച് ഹോപ്പിങ്ങ്, കോസ്റ്റ്റിംഗ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്. ഇന്ത്യയിൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും, വെയിൽസ് പോലത്തെ രാജ്യങ്ങളിൽ സർവ്വസാധാരണമാണ് ബീച്ച് ട്രക്കിങ്ങ്. ക്ലിഫ് ഡൈവിംഗ് പോലത്തെ വിനോദവും കൂട്ടിണക്കിയാൽ ഇത് നല്ലൊരു അഡ്വഞ്ചർ സ്പോർട്സ്സ് കൂടിയാണ്.
നമ്മുടെ ട്രക്കിംഗ് പാതകൾ കൂടുതലും മലയോര പ്രദേശങ്ങളിലും വനവീഥികളെയും കേന്ദ്രികരിച്ചതിനാൽ, ബീച്ച് ട്രങ്ങിന്റെ സാധ്യതകളെ അധികമാരും പര്യവേക്ഷണം ചെയ്യിത്തിട്ടില്ല. ഉത്തരകർണ്ണാടകയിലെ ചെറുപട്ടണങ്ങളായ കുമ്തയും ഗോകർണകുമിടെയിൽ സ്ഥിതി ചെയ്യുന്ന, ചെറുതും വലുതുമായ കടൽ തീരങ്ങളെ ചുബിച്ചു കൊണ്ടാണ് ട്രെയിൽ പുരോഗമിക്കുന്നത്. കുംമ്ത ബീച്ചിൽ നിന്ന് തുടങ്ങി, പ്രശസ്തമായ നിർവാണ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് വഴിയാണ് ഗോകർണ ബീച്ചിൽ എത്തിച്ചേരേണ്ടത്. പാതിവഴിയിലെ കടത്തുതോണി യാത്രക്ക് ഹരം വർദ്ധിപ്പിക്കുന്നു. അകാനാശിനി നദിക്ക് കുറെകെയാണ് കടത്തുള്ളത്. വിവിധതരം പക്ഷികളെ നിരീക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ ജീവിതം നേരിട്ട് വീക്ഷിക്കാനും ഈ യാത്ര സഹായകമാകും.
രാക്ഷസ പാറകളായ മോഹിനിഷിക്കാരെയും ബൈരവഷിക്കാരയുടെയും പേരിൽ പ്രസിദ്ധമായ യാനയിലായിരുന്നു ഞങ്ങളുടെ തലേദിവസത്തെ താമസം. ആറേക്കർ കൃഷിത്തോട്ടത്തിന്റെ ഒത്ത നടുക്കൊരു വീട്. വീടിന്റെ ഒന്നാം നിലയാണ് അതിഥികൾക്കായി ഒരുക്കിയിട്ടുള്ളത്. മുൻനിശ്ചയിച്ച പ്രകാരം രാവിലെ ആറരയ്ക്ക് തന്നെ പ്രാതൽ കഴിച്ചു, ട്രെക്കിങ്ങിനായിയോരുങ്ങി. ഹോംസ്റ്റേയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ ദൂരമുണ്ട് കുംമ്ത ബീച്ചിലോട്ട്. വീട്ടുടമസ്ഥൻ യതീഷിന്റെ കാറിലായിരുന്നു ബീച്ച് വരെയുള്ള യാത്ര. ഞങ്ങൾ എത്തിയപ്പോഴേക്കും സൂര്യൻ ഉദിച്ചു കഴിഞ്ഞിരുന്നു. മുഖത്ത് സൺസ്ക്രീം പുരട്ടി ട്രക്കിങ്ങിന് സജ്ജമായി. നല്ല ഉറപ്പുള്ള മണ്ണ്, നടക്കാൻ വലിയ പ്രയാസം തോന്നിയില്ല.
കുറച്ചുദൂരം മുന്നോട്ട് നടന്ന ശേഷം പുറകിലോട്ട് ഒന്ന് തിരിഞ്ഞുനോക്കി, യതീഷ് അപ്പോഴും ഞങ്ങളെ നോക്കി അവിടെ തന്നെ നിൽപുണ്ട്. കവുങ്ങ് കശുമാവും വാഴയും വിളഞ്ഞുനിൽക്കുന്ന നല്ല ഒന്നാന്തരം തോട്ടമാണ് യതീഷിന്റെത്. ഈ ചെറുപ്രായത്തിലും കൃഷിയോടുള്ള അദ്ദേഹത്തിൻറെ അഭിരുചി അഭിനന്ദിക്കേണ്ടിയിരിക്കുന്നു. യാത്ര മുഴുവനും നിരപ്പായ തീരത്തിലൂടെയായിരിക്കുമെന്ന മുൻ ധാരണ തെറ്റി. കുറച്ചു ദൂരം നടന്നപ്പോൾ, മുന്നിൽ അതാ ഒരു കുന്ന്… കുന്ന് കയറി മുകളിലെത്തിയ ഞങ്ങളെ വരവേറ്റത് സുന്ദരമായൊരു കാഴ്ചയാണ്. ഉദിച്ചു പൊങ്ങിയ സൂര്യകിരണത്താൽ കടലിലെ ഓളങ്ങൾ വെട്ടിത്തിളങ്ങുന്നു. വിദൂരതയിൽ വരച്ചിട്ടത് പോലെ ചെറുതോണികൾ. സന്ദർശകർക്കായി ഒരുക്കിയ ഇരിപ്പിടത്തിലിരുന്ന് കാഴ്ചകളിൽ മുഴുകി.
മലമുകളിൽ ചെറിയ പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നല്ല വൃത്തിയിൽ തന്നെ അതെല്ലാം പരിപാലിച്ചു പോകുന്നു. മലയിറങ്ങി നേരെ ചെല്ലുന്നത് വണ്ണല്ലി ബീച്ചിലാണ്. ഏതു ഫോട്ടോഗ്രാഫറുടെയും മനസ്സ് നിറയ്ക്കുന്ന ഫ്രെയിമുകളാണ് ഈ കടൽത്തീരത്തുള്ളത്. മത്സ്യതൊഴിലാളികൾ ഏറെയുളള ചെറു ഗ്രാമം കൂടിയാണ് വണ്ണല്ലി. തുറയിലും മത്സ്യബന്ധനത്തിലും ഏർപ്പെട്ടിരിക്കുന്ന ധാരാളം ചെറുതോണികളെയും, മനുഷ്യ ജീവിതങ്ങളെയും ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്തു. മൂന്നു കിലോമീറ്റർ ദീർഘമുള്ള ഈ കടലോരം അവസാനിക്കുന്നത് ചെറുകുന്നിലാണ്. മത്സ്യത്തൊഴിലാളികൾ പറഞ്ഞ വഴിപ്രകാരം കുന്നുകയറി എത്തിയത്താകട്ടെ ഒരു ശവപ്പറമ്പിലായിരുന്നു. മുസ്ലിം സമുദായത്തെ അടക്കുന്ന കുഴിമാടമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി.
ശവപറമ്പിന്റെ ഇടതു ചേർന്ന് വഴിയും എത്തി നിൽക്കുന്നത് പാറക്കെട്ടുകളിലാണ്.. നല്ല തെന്നൽ ! പാറയിൽ ചവിട്ടാൻ ധൈര്യമില്ല. വഴിയടഞ്ഞു.. മുന്നോട്ടുപോകാൻ ഇനിയൊരു മാർഗ്ഗമില്ല, വന്ന വഴി തിരിച്ചു നടക്കുക തന്നെ. മലയിറങ്ങി വണ്ണല്ലി ബീച്ചിനോട് ചേർന്നുള്ള റോഡ് മാർഗ്ഗം മുന്നോട്ടു നടന്നു. ഗൂഗിൾ സാറ്റലൈറ്റ് വ്യൂവാണ് ഏക മാർഗദർശിനി. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും അടുത്ത കടലോരത്തെത്തി – മാംഗോടോലു ബീച്ച്. ചെറിയ കുന്നുകൾക്കിടയിൽ ഒറ്റപ്പെട്ട് കിടക്കുന്ന ശാന്തസുന്ദരമായ കടൽത്തീരം. അടുത്തുള്ള റിസോർട്ടിൽ നിന്ന് സൂര്യസ്നാനത്തിനായി ഇറങ്ങിയ കുറച്ച് വിദേശികൾ മാത്രമേ അവിടെ ഉള്ളു. തിരമാലകൾക്ക് ശക്തി കുറവുള്ളതിനാൽ നീന്തി രസിക്കാൻ പറ്റിയൊരു ഇടം കൂടിയാണ് മാംഗോടോലു. ഒട്ടും താമസിച്ചില്ല വസ്ത്രങ്ങൾ ഊരിയെറിഞ്ഞു കടലിൽ ഇറങ്ങി ശരീരമൊന്ന് തണുപ്പിച്ചു.
കട്ലെയാണ് അടുത്ത ബീച്ച്. പത്ത് കിലോമീറ്റർ വിസ്ഥാരത്തിൽ വ്യാപിച്ചുകിടക്കുന്ന തീരമാണ്,കട്ലെയിൽ നിന്ന് തുടങ്ങി കാഗൽ ബീച്ച് വരെ നീളുന്ന ഋജുരേഖ. ഒരു ചെറു ഹനുമാൻ ക്ഷേത്രത്തിൽ നിന്നാണ് കട്ലെയുടെ തുടക്കം. അതിനോട് ചേർന്നുള്ള പാറകെട്ടുകളിൽ നിന്നുള്ള വ്യൂ അപാരമാണ്. കണ്ണെത്താദൂരം വരെ നീണ്ടുകിടക്കുന്ന കടൽത്തീരം…നേർത്ത തിരമാലകൾ…, നല്ല മാർദ്ദവമുള്ള മണ്ണൽ തരികൾ…. ബൂട്ടുകൾ ഊരി നഗ്നപാദങ്ങൾ കടൽത്തീരത്തെ സ്പർശിച്ചു. ആദ്യചുംബനം എന്നപോലെ വല്ലാത്തൊരനുഭൂതി. ചെറു ഓളങ്ങളും പങ്ക് ചേർന്നതോടെ മനസ്സ് സ്വയം മന്ത്രിച്ചു…”Happiness is sand between your toes”…. കാഗൽ എത്തുന്നതിനു മുന്നേ മൂന്ന് ബീച്ചുകളും കൂടിയുണ്ട്… ഗുഡേൻഗഡി, ഹുമ്പെൻഗരി, നിർവാണ. വിവിധതരം ദേശാടനപക്ഷികളും കടൽ കാക്കകളെയും കാണാൻ ഇവിടുന്ന് സാധിക്കും. കുറച്ച് മത്സ്യത്തൊഴിലാളികളും അവരുടെ കുടിലും മാത്രമേ ഈ റൂട്ടിലോള്ളു… കൂടുതലും പ്രൈവറ്റ് റിസോർട്ടുകളാണ്.
നിർവാണ ബീച്ചിൽ നിന്ന് പ്രൈവറ്റ് ബോട്ട് മാർഗം ഓം ബീച്ചിലോട്ടും, ബെല്ലിക്കൺ ബീച്ചിലോട്ടും പോകാവുന്നതാണ്, പക്ഷേ ചാർജ് കടുക്കും. ഉച്ചഭക്ഷണം കാഗൽനടത്തുള്ള പാർനാകൂട്ടിരയിലായിരുന്നു. താമസത്തിനുള്ള അടിസ്ഥാന സൗകര്യവും പാർനകൂട്ടിരയിലുണ്ട്. ഇവിടെനിന്ന് രണ്ട് മാർഗങ്ങളാണ് മുന്നോട്ടുള്ളത്.. ഒന്നെങ്കിൽ മെയിൻ റോഡിൽ നിന്നും ബസ് മാർഗം അകാനാശിനി ബോട്ടുജെട്ടിയിൽ എത്തുക അല്ലെങ്കിൽ അടുത്ത തീരങ്ങളായ മിസ്ട്രി കേവ് ബീച്ച്, ഹെവൻ ബീച്ച് സന്ദർശിക്കുക. നിർവാണയിൽ നിന്ന് മോക്ഷം കിട്ടിയിട്ട് സ്വർഗത്തിൽ പോകാതെ എങ്ങനെ…?? അതുകൊണ്ട് രണ്ടാമത്തെ മാർഗമാണ് സ്വീകരിച്ചത്. തീരുമാനം തെറ്റായി പോയെന്നും പിന്നീട് മനസ്സിലായി.
പ്രത്യേക നിശ്ചിത റൂട്ടുകൾ ഒന്നും ഹെവൻ ബീച്ചിലേക്കില്ല, വഴികളെല്ലാം സ്വകാര്യ വ്യക്തികൾ കയ്യടക്കിയിരിക്കുന്നു. വെയിലും കടുത്തതോടെ നടത്തവും പ്രയാസമേറി. സ്വർഗ്ഗത്തേക്കുള്ള വഴികൾ കല്ലും മുള്ളും നിറഞ്ഞതാണല്ലോ… മുന്നോട്ടുതന്നെ. സ്വകാര്യ തോട്ടവും ചെറുകാടും താണ്ടി ഒടുവിൽ ഞങ്ങൾ സ്വർഗ്ഗത്തിലെത്തി. നിരാശ മാത്രം!! കറണ്ട് വേലി കൊണ്ട് ഹെവൻ ബീച്ചിനെ ചുറ്റി ബന്ധിച്ചിരിക്കുന്നു. അനധികൃതമായി പ്രവേശിക്കുന്നവർക്ക് മുന്നറിയിപ്പും ക്യാമറ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്. അല്ലെങ്കിലും സ്വർഗം എന്നത് കെട്ടുകഥ മാത്രമാണല്ലോ! വന്ന വഴി തിരിച്ചറിങ്ങി, കാഗൽ പോസ്റ്റ് ഓഫീസിനടുത്തു നിന്ന് അകാനാശിനി ജെട്ടിയിലോട്ട് ബസ്സ് പിടിച്ചു. തിരിച്ചിറങ്ങാൻ രണ്ടു പട്ടികളെ കൂട്ടിനു കിട്ടിയത് സഹായകമായി.
അരമണിക്കൂർ യാത്ര,ഞങ്ങൾ ജെട്ടിയിൽ എത്തുമ്പോഴേക്കും ധാരാളംപേർ ബോട്ട് കാത്തുനിൽപുണ്ട്. ജങ്കാർ വഴി വാഹനങ്ങളും മറുകരയിലേക്കു കടത്താറുണ്ട്. ഗോകർണയിൽ നിന്ന് വരുന്ന സഞ്ചാരികൾ യാനയിലെത്താൻ ഈ വഴിയാണ് സ്വീകരിക്കാറ്. വൈകീട്ട് ആറ് മണിയോടെ ലാസ്റ്റ് ബോട്ട് കൂടി ജെട്ടി അടക്കും, ആയതിനാൽ അതിനെ മുന്നേ എത്താൻ ശ്രമിക്കുക. മറുകര എത്തിയ ഞങ്ങൾ ആദ്യം സന്ദർശിച്ചത് തൊട്ടടുത്തുള്ള മീൻ മാർക്കറ്റാണ്. ശാന്തമായ അന്തരീക്ഷമെല്ലാം മാറി.. ധൃതിയിൽ ഓടിക്കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ, കുറച്ചുപേരെ മീൻ വൃത്തിയാക്കുന്ന മറ്റുചിലർ വല ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവിധതരം മത്സ്യങ്ങൾ കച്ചവടത്തിനും കയറ്റുമതിക്കുമായി കെട്ടിക്കിടക്കുന്നു. അടുത്തുള്ള കടയിൽ നിന്നൊരു ചായ നുകർന്നു യാത്ര തുടർന്നു..
ബെലിക്കൺ ബീച്ചിന്റെ തീരത്തിലൂടെയാണ് ഞങ്ങൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കടൽ ക്ഷോഭം കരയേല്ലാം എടുത്തിരിക്കുന്നു. മുൻ നിശ്ചയിച്ച പ്രകാരം ബെലിക്കനിൽ തങ്ങാനായിരുന്നു പ്ലാൻ. സുരക്ഷിതത്വം കണക്കിലെടുത്ത് പാരഡൈസ് ബീച്ചിലോട്ട് പ്ലാൻ പിന്നീട് മാറ്റുകയായിരുന്നു. ഗോകർണ ലൈറ്റ് ഹൗസും,ഭാണ്ട്ക്കൽ വീര ദേവീക്ഷേത്രവും ബെലിക്കൻ ബീച്ചിനുത്താണ് സ്ഥിതി ചെയ്യുന്നത്. അടുത്തലക്ഷ്യം പാരഡൈസ് ബീച്ചാണ്. നടന്ന് മാത്രമേ പാരഡൈസിൽ എത്താൻ സാധിക്കു, അതുകൊണ്ടുതന്നെ ഭക്ഷണമൊന്നും അവിടെ ലഭ്യമല്ല. ഒന്നുകിൽ പാകം ചെയ്യുകയോ അല്ലെങ്കിൽ ബെലിക്കനടുത്തുള്ള റസ്റ്റോറന്റിൽ നിന്ന് പാർസൽ കൊണ്ടുപോവുകയോ നിവൃത്തിയോള്ളൂ. പാർസലിനോന്നും ഞങ്ങൾ മുതീർന്നില്ല,
രാത്രിക്കുള്ള ഭക്ഷണവും അകത്താക്കി, ബെലിക്കനോട് ചേർന്നുള്ള കുന്ന് കയറാൻ തുടങ്ങി. വനപ്രദേശവും കശുമാവ് തോട്ടവും ഇടകലർന്ന വഴികൾ. അരമണിക്കൂർ നടത്തം യഥാർത്ഥ സ്വർഗ്ഗത്തിലെത്തിച്ചു -“ദി പാരഡൈസ് ബീച്ച്.” വല്ലാത്തൊരു വൈബ്.. ഗോവ ബീച്ചുകളുടെ പഴയ പ്രതാപം വിളിച്ചറിയിക്കുന്നത് പോലെ. അവിടെയുള്ള എല്ലാവരും ആനന്ദ ലഹരിയിലാണ്.. ചിലർ മ്യൂസിക്കിന്റെ താളത്തിൽ ക്യാമ്പ്ഫയറിനു ചുറ്റും നൃത്തം വെക്കുന്നു. കുട്ടികളെ പോലെ കടലിൽ നീരാടി മതിമറക്കുന്നു. മറ്റുചിലർ സ്വർണപ്പുകക്ക് തീകൊളുത്തി ആനന്ദ നിർവൃതി പൂകുന്നു. ഒരു ദിവസം മുഴുവൻ നടന്നതിന്റെ ക്ഷീണമെല്ലാം മാറി. ഏറ്റവും ഉയരം കൂടിയ സ്ഥലത്തുതന്നെ ടെൻറ്റ് പിച്ച് ചെയ്തു. ബാഗുകൾ ഇറക്കിവെച്ച് കടലോരത്തുള്ള ക്ലിഫിൽ പോയി വിശ്രമിച്ചു.
ഇരുൾ വീണു തുടങ്ങിയിരിക്കുന്നു. പതിയെ സഹയാത്രികരും ഒത്തുകൂടി.. ആകാശത്തെ നക്ഷത്ര വ്യുഹങ്ങളെ വീക്ഷിച്ചു. സുഹൃത്തിന് കോണ്സ്റ്റിലേഷെനെ കുറിച്ച് നല്ല ധാരണയുണ്ട്. ഓരോന്ന് പറഞ്ഞു തുടങ്ങി സമയം പോയത് അറിഞ്ഞില്ല. ടെന്റിൽ കൂടണയുമ്പോൾ കടൽത്തീരത്തുള്ള ആർപ്പുവിളികൾ മുഴങ്ങിക്കേൾക്കാം. അവർക്ക് ഈ രാത്രി ഉറക്കമില്ല ആഘോഷം മാത്രം. നല്ല ഉഷ്ണം!.. ചെറിയ ടെൻറ്റിന്റെ അകത്ത് മൂന്നുപേർ ചുരുണ്ടുകൂടിയത് കൊണ്ടാണെന്ന് തോന്നുന്നു, ഉറക്കം അങ്ങ് ശരിയായില്ല. ഇന്ന് ഗോകർണ ബീച്ച് വരെ എത്തേണ്ടതുണ്ട്. വഴികൾ കുറച്ച് ദുർഘടമാണ്, ചിലയിടങ്ങളിൽ പാറയിൽ അള്ളിപ്പിടിച്ച് പോകേണ്ടതുണ്ട്. ഹുബ്ളിയിൽ നിന്നുള്ളോരു പെൺ സംഘം കൂട്ടു കിട്ടിയതോടെ നടത്തത്തിന് വേഗത വർദ്ധിച്ചു. ചെറിയ തീരമായ സ്മോൾ ഹെൽ ബീച്ചിൽ കുറച്ചുനേരം ചില വിശ്രമിച്ചതിനു ശേഷം ഹാഫ് മൂൺ ബീച്ച് ലക്ഷ്യമാക്കി നടന്നു.
പാരഡൈസ് ബീച്ച് പോലെ തന്നെ പ്രശസ്തമാണ് ഹാഫ് മൂൺ ബീച്ച്. കൂടുതലും വിദേശികളാണ് അവിടത്തെ അന്തേവാസികൾ. പാറപ്പുറത്ത് ഇരുന്ന് സൂര്യനമസ്കാരം ചെയ്യുന്ന അവരുടെ കാഴ്ച ഏറെ വിസ്മയപ്പെടുത്തി. കുറച്ചുപേരെ പരിചയപ്പെട്ടു. രാവിലെ തന്നെ പുകയ്ക്കാൻ ക്ഷണിച്ചതോടെ, സ്നേഹപൂർവ്വം നിരസിച്ച് യാത്ര തുടർന്നു. കാട്ടുവഴികളിലൂടെയുള്ള നടത്തം എത്തിച്ചേർന്നത് പ്രശസ്തമായ ഓം ബീച്ചിലേക്കാണ്. വ്യൂ പോയിന്റ് നിന്നുള്ള കാഴ്ച അതിഗംഭീരമാണ്. ഓം എന്ന ആകൃതിയിൽ ആ കര മൊത്തം രൂപപ്പെട്ടിരിക്കുന്നു. കുറച്ചും കൂടി വാണിജ്യവത്കരിക്കപെട്ടിരിക്കുന്നു ഓം ബീച്ച്. ധാരാളം കഫേകളും താമസസൗകര്യങ്ങളും ഇവിടെയുണ്ട്. ആദ്യം കണ്ട കഫേയിൽ തന്നെ പ്രാതലിന് ഓർഡർ കൊടുത്തു. ഒരു അമേരിക്കൻ ബ്രേക്ക് ഫാസ്റ്റ്. മുട്ട ബുൾസൈയും,ബ്രഡും, ജ്യൂസ് എല്ലാംകൂടി ജഗപൊഗ.
ഹാമ്മോക്കിൽ കിടന്ന് കുറച്ചു നേരത്തെ മയക്കം യാത്രയെ മൊത്തം നിരസ്വരപ്പെടുത്തി. ആകെ മൊത്തം ഒരു അലസത മൂട്. കഫേയിൽ എത്തുന്ന യാത്രികരുമായി സംവദിച്ച്, ആ അന്തരീക്ഷത്തിൽ അങ്ങ് ലയിച്ചു. കുറെ നേരം അവിടെ തന്നെ ചെലവിട്ടു. തൽക്കാലം യാത്ര ഓം ബീച്ചിൽ അവസാനിപ്പിക്കാം. അടുത്ത ലക്ഷ്യസ്ഥാനങ്ങളായ കുട്ലേ ബീച്ചും, ഗോകർണ ബീച്ച് പിന്നീട് ഒരിക്കല്ലാവാം. ഉച്ചവരെ കഫേയിൽ തന്നെ ചെലവിട്ടതിനുശേഷം പ്രശസ്തമായ ഗോകർണ്ണ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിൽ പങ്കുചേർന്നു. പല ഭൂപ്രദേശങ്ങളിലും ട്രക്കിങ് ചെയ്തിട്ടുണ്ടെങ്കിലും, കഴിഞ്ഞ രണ്ടു ദിവസത്തെ യാത്ര ഹൃദയത്തോട് ചേർന്നിരിക്കുന്നു. ആരോ എഴുതിയ കവിതയുടെ രണ്ടു വരികൾ ഓർത്തെടുക്കുന്നു “ഞാന് വെറും കടലമ്മ മാത്രമല്ല…. നിൻ ജീവന്റെ ഉപ്പത്രെ..!!!”