മണാലിയിലേക്കുള്ള യാത്രയ്ക്കിടയിൽ ജസ്‌പാ എന്ന സ്ഥലത്ത് ഞങ്ങൾ താമസിക്കുകയും പിറ്റേദിവസം വീണ്ടും യാത്ര തുടരുകയും ചെയ്തു. ലേയിൽ നിന്നും മണാലിയിലേക്കുള്ള പാതയിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി കുറച്ചു കൂടി സൗകര്യങ്ങളോടെ താമസിക്കുവാൻ ഏറ്റവും ബെസ്റ്റ് സ്ഥലം ജസ്‌പാ തന്നെയാണ്. ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്ന വഴിയുടെ ഇരുവശങ്ങളിലും കോട്ടേജുകളും ടെന്റുകളുമൊക്കെ കാണുവാൻ സാധിച്ചിരുന്നു.
ചുരത്തിലൂടെ പോകുന്നതിനിടയിൽ താഴെ ഭാഗ് നദി കുത്തിയൊഴുകിക്കൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ കാഴ്ചകളെല്ലാം ആസ്വദിച്ചുകൊണ്ട് പോകുന്നതിനിടയിൽ ചുരത്തിൽ നിന്നും താഴേക്ക് ഒരു ലോറി മറിഞ്ഞു കിടക്കുന്ന കാഴ്ച കണ്ടു. ക്രെയിനൊക്കെ കൊണ്ടുവന്ന് അത് വലിച്ചു കയറ്റുവാനുള്ള പ്രയത്നത്തിലായിരുന്നു ആളുകൾ. ലോറിക്കാർക്ക് ആപത്തുകളൊന്നും ഉണ്ടാകരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങൾ അവിടെ നിന്നും നീങ്ങി.
നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ അകലെയുള്ള മലനിരകളെല്ലാം നല്ല വ്യക്തമായി ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നു. വഴിയിൽ ചെമ്മരിയാടിൻ കൂട്ടങ്ങളും, കുതിരകളും, പട്ടികളുമൊക്കെ വിഹരിച്ചു നടക്കുന്നുണ്ടായിരുന്നു. മിക്കയിടങ്ങളിലും ഞങ്ങൾ ബ്ലോക്കായി പെട്ടുപോയ അവസ്ഥയായിരുന്നു. വഴിയിൽ വാഹനത്തിരക്ക് വളരെ കുറവായിരുന്നതിനാലും, മോശമില്ലാത്ത റോഡ് ആയിരുന്നതിനാലും ഞങ്ങൾക്ക് സുഗമമായി സഞ്ചരിക്കുവാൻ സാധിക്കുന്നുണ്ടായിരുന്നു.
അങ്ങനെ പോയിപ്പോയി ഞങ്ങൾ ചെറിയൊരു ടൗൺഷിപ്പിൽ എത്തിച്ചേർന്നു. കീലോങ് എന്ന പേരുള്ള പട്ടണം ആയിരുന്നു അത്. ഡൽഹി – മണാലി – ലേ ബസ് കീലോങ്ങിൽ ആണ് ഒരു ദിവസം തങ്ങുന്നത്. സൗകര്യങ്ങളുള്ള ഒരു പട്ടണമായിരുന്നുവെങ്കിലും ജസ്‌പാ തന്നെയായിരുന്നു ഇതിലും മികച്ചത്. അങ്ങനെ ഞങ്ങൾ കീലോങ്ങും കടന്നു യാത്രയായി. പോകുന്ന വഴിയിൽ പലയിടങ്ങളിലും നല്ല കാഴ്ചകൾ കണ്ടു ഞങ്ങൾ വണ്ടി നിർത്തി ആസ്വദിച്ചിരുന്നു.
കുറേദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ റോത്താങ് പാസ്സിലേക്കുള്ള ചെക്ക്‌പോസ്റ്റിൽ എത്തിച്ചേർന്നു. സഞ്ചാരികളുടെയും വണ്ടിയുടെയും വിശദവിവരങ്ങളും മറ്റും അവിടെ രേഖപ്പെടുത്തേണ്ടതായുണ്ട്. ഹാരിസ് ഇക്ക ചെക്ക്‌പോസ്റ്റിൽ ചെന്ന് വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഞങ്ങൾ യാത്ര തുടർന്നു. ചെക്ക്പോസ്റ്റ് കഴിഞ്ഞു മുന്നോട്ടു കുറച്ചുദൂരം ചെന്നപ്പോൾ അതാ റോഡിനു കുറുകെ ഒരു ചെറിയ അരുവി ഒഴുകുന്നു. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ അതു മറികടന്നു.
മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ പോകുന്നതിനിടെ മെയിൻ വഴിയിൽ എന്തോ പണികൾ നടക്കുന്നതിനാൽ ഞങ്ങളെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടുകയുണ്ടായി. അതാണെങ്കിൽ ഒടുക്കത്തെ ഓഫ്റോഡും. ആ വഴിയിലും ഞങ്ങൾക്ക് വാട്ടർ ക്രോസ്സുകൾ കടക്കേണ്ടി വന്നു. ലോറികൾ വരെ അതുവഴി പോകുന്നതു കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആ ഡ്രൈവർമാരെ നമിച്ചുപോയി. പലയിടത്തും കല്ലുകളും മണ്ണുമൊക്കെ ഇടിഞ്ഞു വീണതിന്റെ ലക്ഷണങ്ങൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു.
എമിൽ കാർ ഡ്രൈവ് ചെയ്യുവാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഞങ്ങളുടെ മുന്നിൽ ഒരു മാരുതി ആൾട്ടോ കാർ പോകുന്നതു കണ്ടപ്പോൾ ഞങ്ങൾ വീണ്ടും ഒന്നമ്പരന്നു. ആൾട്ടോയുടെ പ്രകടനങ്ങൾ ഞങ്ങൾ ഇതിനു മുപ്പത്തെ യാത്രകളിലും കണ്ടിരുന്നുവെങ്കിലും ഇതുപോലുള്ള ഹെവി ഓഫ്റോഡിലൂടെ അവ എങ്ങനെ കൊണ്ടുപോകുന്നു എന്നോർത്തപ്പോളാണ് അമ്പരപ്പുണ്ടായത്.
പോകുന്ന വഴിയിൽ ഒരിടത്ത് ചെറിയ ബ്ലോക്ക് ഞങ്ങൾക്ക് അനുഭവപ്പെട്ടു. എതിരെ വന്നിരുന്ന വാഹനങ്ങൾ കടന്നുപോയപ്പോൾ ഞങ്ങളും അവിടം വിട്ടു മുന്നോട്ടു നീങ്ങി. പിന്നീട് ഇരുവശവും മഞ്ഞുമൂടിയ വഴിയിലൂടെയായി ഞങ്ങളുടെ യാത്ര. മറ്റൊരു ഇന്ത്യൻ അന്റാർട്ടിക്കയിലൂടെയായിരുന്നു ഞങ്ങളുടെ സഞ്ചാരം. നല്ല വെയിലുണ്ടായിരുന്നതിനാൽ മഞ്ഞുരുകി വഴിയിൽ നിറയെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. എന്നാലും ചിലയിടങ്ങളിൽ റോഡ് വളരെ ഡ്രൈ ആയിട്ടും കിടന്നിരുന്നു.
ചിലയിടങ്ങളിൽ സഞ്ചാരികളെല്ലാം മഞ്ഞിൽ കളിക്കുന്ന കാഴ്ച ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. റോത്താങ് പാസ്സ് എന്ന വിസ്മയം കാണുവാൻ വന്ന സഞ്ചാരികളെല്ലാം നല്ല ഹാപ്പി ആയിരുന്നുവെന്ന് അവരുടെ പ്രകടനങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഞങ്ങൾ അവിടെ വണ്ടി നിർത്തി കുറച്ചു സമയം ചെലവഴിച്ചു. അവിടെ ഒരു ചേട്ടൻ ഓപ്പൺ ആയി ന്യൂഡിൽസ് ഉണ്ടാക്കി വിളിക്കുന്നുണ്ടായിരുന്നു. ഞങ്ങളും വാങ്ങിക്കഴിച്ചു അത്. ആ കാലാവസ്ഥയിൽ നിന്നുകൊണ്ട് ചൂട് ന്യൂഡിൽസ് കഴിക്കുവാൻ എന്താ ഒരു സുഖം…
വർഷത്തിൽ മൂന്നു – നാലു മാസത്തോളം മാത്രം തുറക്കുന്ന ഒരു പാസ്സ് ആണ് റോത്താങ് പാസ്സ്. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം. പ്രകൃതി സ്നേഹിയോ, ഫോട്ടോഗ്രാഫറോ, സാഹസികനോ, റൈഡറോ ആരുമായിക്കോട്ടെ, എല്ലാത്തരക്കാരെയും തൃപ്തിപ്പെടുത്തുവാൻ വേണ്ടതൊരുക്കിയിരിക്കുന്ന ഒരു കിടിലൻ സ്ഥലമാണ് റോത്താങ്പാസ്. റോത്താങ് പാസിൽ നിന്നും മണാലിയിലേക്കുള്ള യാത്രയും വിശേഷങ്ങളും ഇനി അടുത്ത എപ്പിസോഡിൽ കാണാം.