തലസ്ഥാനത്ത് കിടിലൻ ബീഫ് ഡ്രൈ ഫ്രൈ കിട്ടുന്ന ഒരു സ്ഥലം

വിവരണം – ‎Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ബീഫ് ഡ്രൈ ഫ്രൈക്ക് ഹോട്ടൽ ഗ്രീൻ (സിയാദ്). തിരുവനന്തപുരം ജില്ലയിലെ കുഞ്ചാലംമൂട് വഴി പോകുമ്പോഴെല്ലാം നാസാരേന്ദ്രിയങ്ങളെ പിടിച്ചുലയ്ക്കുന്ന ഒരു മണം ഇവിടെ നിന്ന് വരാറുണ്ട്. പൂജപ്പുര നിന്ന് പോകുമ്പോൾ കുഞ്ചാലംമൂട് പാലം എത്തേണ്ട അതിന് മുൻപായാണ് ഈ ഹോട്ടൽ.

ബീഫ് കൊള്ളാം എന്നറിഞ്ഞ് നട്ടുച്ചയ്ക്ക് ഒരു ദിവസം അവിടെ എത്തി. വലിയ കാലതാമസം കൂടാതെ തന്നെ ഓർഡർ ചെയ്ത പെറോട്ടയും ബീഫ് ഡ്രൈ ഫ്രൈയും മുന്നിൽ എത്തി. കിടുക്കാച്ചി. കൊള്ളാം. ആസ്വദിച്ച് ആസ്വദിച്ച് ഓരോ കഷ്ണവും തട്ടി വിട്ടു. കൂടെ കിട്ടിയ ഗ്രേവിയും കൊള്ളാം. ഒറ്റയ്ക്ക് ആയതിനാൽ ബീഫ് ഡ്രൈ ഫ്രൈയിൽ ഒതുക്കി.

ഉടമസ്ഥൻ ശ്രീ ഇസ്മയിൽ ആയിരുന്നു ബില്ല് തന്നതും ബീഫ് വിളമ്പിയതും. ഒരു മുൻ പരിചയവും ഇല്ലെങ്കിലും സൗഹാർദ്ദപരമായ പുഞ്ചിരിയും വളരെ നല്ല പെരുമാറ്റവും. എല്ലാം കൊണ്ട് ഉച്ച വെയിലിന്റെ കാഠിന്യം അറിഞ്ഞില്ല. വളരെ സംതൃപ്തിയോടെ ഇറങ്ങി. വില വിവരം: ബീഫ് ഡ്രൈ ഫ്രൈ : ₹ 80, പെറോട്ട: ₹ 7.

19 വയസ്സിൽ തുടങ്ങിയ ഭക്ഷണയിടവുമായുള്ള യാത്ര – തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ ജീവതത്തിൽ പകച്ചു നിന്നില്ല ; ശ്രീ ഇസ്മയിൽ, ചേട്ടനായ ശ്രീ നാസറുമൊന്നിച്ച് ഒരു തട്ടുകട തുടങ്ങി. കുഞ്ചാലംമൂട് ജംഗ്ഷനിൽ ബസ്‌സ്റ്റോപ്പിന് അടുത്തായി. 3 വർഷം ആ തട്ടുകട നടത്തി. അതിനു ശേഷം തട്ടുകട നിർത്തി അടുത്ത് തന്നെയുള്ള പമ്പിന് എതിർവശത്തായി സഹോരദനുമായി ചേർന്ന് ഒരു ഹോട്ടൽ തുടങ്ങി. നാസർ ചേട്ടന്റെ മകന്റെ സിയാദ് എന്ന പേരാണ് ഹോട്ടലിനും നൽകിയത്.

7 വർഷം അവിടെ നടത്തിയ ശേഷം 2001 ജനുവരി 15 ന് ഹോട്ടൽ ഇപ്പോൾ ഇരിക്കുന്ന പുതിയ സ്ഥലത്തോട്ടു മാറ്റി. ചേട്ടനായ ശ്രീ നാസർ ഹോട്ടൽ തുടങ്ങിയ സമയം ഏകേദശം ഒരു വർഷം കൂടെയുണ്ടായിരുന്നു. അതിനു ശേഷം ഇസ്മയിൽ ചേട്ടൻ ഒറ്റയ്ക്കാണ് ഇത് നടത്തുന്നത്. ഹോട്ടലിന്റെ പേര് സിയാദ് എന്നതിനാൽ പലരും ഇദ്ദേഹത്തെ സിയാദ് എന്നാണ് വിളിക്കുന്നത്. 7 മാസമാകും ഹോട്ടലിന്റെ പേര് മാറ്റിയിട്ട്. ഹോട്ടൽ ഗ്രീൻ എന്നാണ് ഇപ്പോഴത്തെ പുതിയ പേര്.

ഇവിടെ കുഞ്ചാലംമൂട് 15 പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഹോട്ടലായാണ് തുടങ്ങിയത്. ഇപ്പോൾ അത് നവീകരിച്ച് 30 പേർക്ക് ഇരിക്കാവുന്ന ഹോട്ടൽ ആക്കിയിട്ടുണ്ട്.

രാവിലെ 7 മണി മുതൽ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിക്കും. രാവിലെ പുട്ട്, പയർ, പപ്പടം, ദോശ, അപ്പം, ഇടിയപ്പം, പെറോട്ട, ബീഫ് കറി, ചിക്കൻ കറി, കടല കറി, മുട്ട കറി, ഉച്ചയ്ക്ക് ഊണ് ഇല്ല. നെയ്‌ച്ചോറ്, ബീഫ് ബിരിയാണി, ചിക്കൻ ബിരിയാണി കിട്ടും. രാത്രി ചിക്കൻ ഫ്രൈ, ചിക്കൻ കറി, വെജ് കറി, ചിക്കൻ തോരൻ, കൊത്തു കോഴി, ചിക്കൻ പെരട്ട്, ചിക്കൻ ചില്ലി, ബീഫ് ചില്ലി. പെറോട്ടയും ബീഫും രാവിലെ മുതൽ വൈകുന്നേരം വരെ കാണും. ഫ്രൈയിനെ അപേക്ഷിച്ച് ബീഫ് കറിക്കാണ് കൂടുതലും ആവശ്യക്കാർ. സമയം രാത്രി 11:30 മണി വരെ. റെഡിമെയ്‌ഡ് മസാലകൾ ഇല്ല പൊടിച്ചു എടുക്കുകയാണ് ചെയ്യുന്നത്. കൂടുതലും വെളിച്ചെണ്ണയിലാണ് പാചകം, പാമോയിലും ഉപയോഗിക്കും.

ഈ മാസം ജനുവരി 15 ഹോട്ടൽ ഗ്രീനിനു കുഞ്ചാലംമൂട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു വന്നിട്ട് 19 വർഷമായി. ഹോട്ടൽ തുടങ്ങിയിട്ട് 26 വർഷമാകും. ഭക്ഷണയിടം ഇസ്മയിൽ ചേട്ടൻ ഒരു ജീവിത മാർഗമാക്കിയിട്ടു 29 വർഷവും. അനുസ്യൂതം തുടരട്ടെ ഈ യാത്ര. എല്ലാ ആശംസകളും പ്രാർത്ഥനകളും. ബീഫ് ഡ്രൈ ഫ്രൈ മനസ്സിൽ വരുമ്പോൾ Hotel Green മറക്കേണ്ട. Seating Capacity: 30, Timings 7:00 AM to 11:30 PM.