വിവരണം – അജ്മൽ അലി പാലേരി.
“നീ കടലിൽ നിന്നും കര കണ്ടിട്ടുണ്ടോ?” 2020 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം സിനിമാ ഡയലോഗ് പോലെ സുഹൃത്തിന്റെ ചോദ്യം. “അതിനിപ്പോ കപ്പലിൽ കയറേണ്ട…” സംശയം ആർക്കും എങ്ങിനെയുമാവമല്ലോ. “അതൊന്നും വേണ്ടെടാ, നമ്മുടെ ബേപ്പൂർ പോയാൽ കുറഞ്ഞ പൈസക്ക് ബോട്ടിൽ കടൽ കാണാൻ പോവാം.” “ശരിക്കും കടലിലേക്കെല്ലാം പോവോ? പൈസയൊക്കെ കുറെ വേണ്ടിവരുമല്ലേ?” “ശരിക്കും പോവും. 300 രുപ കൊടുത്താൽ മതി” അവൻ ഉറപ്പിച്ചു പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ ഞങ്ങൾ സുഹൃത്തുക്കൾ അടക്കമുള്ള നാല് ഫാമിലി ബേപ്പൂരിൽ എത്തിയപ്പോഴേക്കും സമയം വൈകുന്നേരമായി. കാർ പാർക്ക് ചെയ്തു ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോഴേക്കും സഞ്ചാരികൾ ജെട്ടിയോട് ചേർന്നു ഒരുക്കിയിരിക്കുന്ന വെയിറ്റിങ് ഷെഡിൽ നിറഞ്ഞിരുന്നു. ആൾക്ക് 300 രൂപ നിരക്കിൽ ടിക്കറ്റ് എടുക്കുമ്പോൾ കയ്യിൽ ഒരോരുത്തർക്കും ഓരോ സ്നാക്സ് കിറ്റ് കൂടെ വെച്ചു തന്നു. നാലരയ്ക്കുള്ള ട്രിപ്പിൽ ആണ് ഞങ്ങൾ ടിക്കറ്റ് എടുത്തത്ത്. യാത്രക്കാർ പിന്നെയും വന്നുകൊണ്ടിരുന്നു.
വൈകുന്നേരമായത് കൊണ്ടുതന്നെ നിരവധി മൽസ്യബന്ധന ബോട്ടുകളും വള്ളങ്ങളും ബേപ്പൂർ ഹാർബറും ചാലിയം ഹാർബറും ലക്ഷ്യമാക്കി അഴിമുഖം കടന്നു ഞങ്ങൾക്ക് മുന്നിലൂടെ നീങ്ങിക്കൊണ്ടിരുന്നു. അൽപ സമയത്തിനുശേഷം അഴിമുഖത്തെ ഓളങ്ങൾക്കൊപ്പം നൃത്തം വെച്ചുകൊണ്ട് ബേപ്പൂരിലെ നീലസുന്ദരി “ക്ലിയോപാട്ര” ഞങ്ങൾക്കഭിമുഖമായുള്ള ജെട്ടിയിൽ വന്നുച്ചേർന്നു.
അറബികളും പോർച്ചുഗീസുകാരുമടക്കം ഒട്ടനവധി വിദേശികൾ വന്നിറങ്ങിയ ബേപ്പൂർ തുറമുഖം പായ്ക്കപ്പലുകൾക്കും ഉരുനിർമാണത്തിനും പേരുകേട്ട മലബാറിന്റെ ഈ കടൽത്തീരത്തുനിന്നും തിരമലകക്കൊപ്പം ഓളങ്ങളിൽ ചാഞ്ചാടി കടൽ കാഴ്ചകൾ കാണാൻ ” ക്ലിയോപാട്ര” യിൽ ഞങ്ങൾ യാത്രതിരിച്ചു. നൂറു പേർക്ക് ഇരുന്നു യാത്ര ചെയ്യാൻ സാധിക്കുന്ന അത്യാധുനിക നൗകയിൽ നൂറ്റിമുപ്പതു ആളുകളെ ഉൾകൊള്ളാൻ സാധിക്കും.
യാത്രക്കാർക്ക് ഹരമേകിക്കൊണ്ടു ബോട്ടിന്റെ മെയിൻ ഹാളിൽ സംഗീതവിരുന്നു അരങ്ങേറുന്നുണ്ടായിരുന്നു. ക്യപ്റ്റൻ കാർത്തികേയൻ ചേട്ടന്റെ പ്രത്യേക അനുമതിവാങ്ങിച്ചു വീഡിയോ എടുക്കാൻ വേണ്ടി ഞാൻ ഡ്രൈവിംഗ് റൂമിൽ കയറി. ദൂരെ അസ്തമയ സൂര്യന്റെ ഓറഞ്ചു വെളിച്ചത്തിൽ മൽസ്യബന്ധന ബോട്ടുകൾ നീങ്ങുന്നത് കാണാം.
കടലിന്റെ ആഴം കാണിക്കുന്ന മീറ്ററും, നങ്കൂരമിടാൻ ഉപയോഗിക്കുന്ന ഉപകരണവും, ദിശയറിയാൻ ഉപയോഗിക്കുന്ന കൊമ്പസും എല്ലാം എനിക്കായി പരിചയപ്പെടുത്തിത്തരുമ്പോൾ ഞങ്ങൾ മാറാട് തീരവും കഴിഞ്ഞു കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള കടലിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. തീരത്തു നിന്നും മൂന്നു കിലോമീറ്ററോളം മാറി ഒരുമണിക്കൂർ നീണ്ടുനിൽക്കുന്ന യാത്ര ഒരു സുന്ദരാനുഭവം തന്നെയാണ്.