വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ഭരണി… തിരുമല… സ്ത്രീകൾ മാത്രം നടത്തുന്ന ഒരു ഭക്ഷണശാല. 2017 ജൂൺ 5 നാണ് ഈ ഭക്ഷണയിടം നിലവിൽ വന്നത്. തിരുമല പ്രഭാത് മെഡിക്കൽസിന്റെ അടുത്തായിരുന്നു തുടക്കം. ഇപ്പോൾ പേയാട് നിന്ന് തിരുമല പോകുമ്പോൾ കുശക്കോട് അമ്പലം കഴിഞ്ഞുള്ള കയറ്റത്തിന്റെ ഇടത് വശത്തായി വരും. പുതിയ സ്ഥലത്ത് 2019 ജൂൺ 17 മുതലാണ് പ്രവർത്തിച്ച് വരുന്നത്. താഴെ കാണുന്ന ഭരണി എന്ന ഫാസ്റ്റ് ഫുഡ് സർവീസിന്റെ ഇടത് വശത്ത് കൂടി കുറച്ച് മുന്നോട്ട് പോകുമ്പോൾ വലത് വശത്തായി കുറച്ച് പടികെട്ടുകൾ കാണാം. അത് വഴി കയറി മുകളിലെത്തിയാൽ നമ്മുടെ സ്ഥലമായി.
ഒരു ദിവസം ഉച്ചയ്ക്ക് സതീർത്ഥ്യനുമായി ഇവിടെയെത്തി. ഒന്നാന്തരം വാഴയിലയിൽ നല്ല ചമ്പാവരി ചോറ് വിളമ്പി. കൂടെ നല്ല രുചിയുള്ള സാമ്പാറും ബീറ്റ് റൂട്ട് കിച്ചടിയും കാബേജ് തോരനും അവിയലും, മീൻ കറിയും, നല്ല ഒന്നാം തരം മരിച്ചീനിയും. പരിപ്പും പപ്പടവും ചെലവാകാത്തത് കൊണ്ട് ഇവിടെ ഇല്ലെങ്കിലും ഉള്ള കറികളാക്കെ ക്ലാസ്സ് ആണ്. തൊടുകറികൾ അച്ചാറുകൾ സഹിതം ഒന്നും ഒരു കുറ്റവും പറയാനില്ല. എല്ലാം രുചികരം.
മീൻ ഫ്രൈയിന്റെ രുചി അറിയാൻ ചൂര ഫ്രൈയും നെത്തോലി ഫ്രൈയും. രണ്ടും പൊളിക്കാച്ചി. സർവീസ് എല്ലാം വളരെ നല്ലതാണ്. ഇടയ്ക്കിടെ വന്ന് ചോദിക്കും. ആവശ്യം അറിഞ്ഞ് വിളമ്പും. എങ്കിലും അവസാനത്തെ പുളിശ്ശേരിയുടെ കാര്യം വിട്ട് പോയെങ്കിലും ചോദിച്ച് മേടിച്ചു. അത് കഴിച്ചില്ലെങ്കിൽ ഒരു നഷ്ടമായേനെ പൈനാപ്പിളൊക്കെ ചേർത്തൊരു കിടുക്കാച്ചി പുളിശ്ശേരി.
ഉച്ചയ്ക്കത്തെ ചൂട്, ടേബിൾ ഫാനിന്റെ സാന്നിദ്ധ്യത്തിൽ ഒട്ടും അറിഞ്ഞതേയില്ല. അവിയൽ, തീയൽ, കൂട്ടുകറി എന്നിവ മാറി മാറി വരും. അതു പോലെ കിച്ചടിയും തോരനും ഓരോ ദിവസം ഓരോ വിഭവങ്ങളിലായിരിക്കും. റെഡിമെയ്ഡ് മസാലകൾ ഇല്ല. എല്ലാം പൊടിച്ച് എടുക്കുന്നത്. മീൻ ഫ്രൈയെല്ലാം 60, മീൻ കറികൾ 40 ഇതാണ് ഇവിടത്തെ രീതി. ഊണിന്റെ കൂടെയുള്ള മരിച്ചിനിയ്ക്ക് പ്രത്യേകം കാശില്ല. അല്ലാതെ വാങ്ങിക്കുന്നെങ്കിൽ ₹ 30.
പുതിയതായി തുടങ്ങിയ സ്ഥലത്ത് താഴെയായി ഫാസ്റ്റ് ഫുഡ് സർവീസ് കൂടി നടത്തുന്നുണ്ട്. അത് സ്ത്രീകൾ നടത്തുന്ന ഭക്ഷണശാലയുമായി ബന്ധമില്ല വേറെ ആൾക്കാരാണ് നടത്തുന്നത്. സ്ത്രീകളുടെ ഭക്ഷണശാലയ്ക്ക് നേതൃത്വം കൊടുക്കുന്ന ശ്രീമതി ജയലക്ഷ്മിയുടെ, ഭർത്താവായ ശ്രീ ഹരി കുമാറിന്റേയും അദ്‌ദേഹത്തിന്റെ സുഹൃത്ത് ശ്രീ അനിൽകുമാറിന്റേയും കൂട്ടായ സംരംഭമാണ് ഭരണി. ശ്രീ അനിൽകുമാറിന്റെ ജന്മനക്ഷത്രമാണ് ഭരണി എന്നുള്ള പേരിന് പുറകിൽ.
ഭക്ഷണശാല പോലെ തന്നെ കൺസ്ട്രക്ഷൻ വർക്കുകളും ഭരണി എന്ന സ്ഥാപനത്തിന്റെ ഒരു ഭാഗമാണ്. പാഴ്സലിന് ആവശ്യക്കാർ പലരേയും കണ്ടു. പാഴ്സലും വാഴ ഇലയിൽ പൊതിഞ്ഞാണ് നല്കുന്നത്. അത് പോലെ അന്വേഷിച്ചപ്പോൾ മനസ്സിലായത് പാലുകാച്ചൽ, നൂല് കെട്ട് തുടങ്ങിയതിനൊക്കെ സദ്യയടക്കം കാറ്ററിംഗ് വർക്കുകളും എടുത്ത് ചെയ്യുന്നുണ്ട്. നല്ല അഭിപ്രായമാണ് കേട്ടത്.
വൃത്തി, സർവീസ്, ഒരു വിധ മായങ്ങളുമില്ലാതെ വിശ്വസിച്ച് രുചിയോടെ കഴിക്കാവുന്ന സ്ത്രീകൾ മാത്രം നടത്തുന്ന നല്ലൊരു ഭക്ഷണയിടത്തിലോട്ട് ഭക്ഷണപ്രിയർക്ക് സ്വാഗതം. Seating Capacity: 24, Timings: 12 PM to 2:30 PM (11:30 – 12 മണിക്ക് തുടങ്ങും 2:30 – 3 മണി വരെ കാണും).
Address : Bharani Homli Food and Fast Food, Rohini Buildings, TV nagar, Kusakkode, Thirumala, Thiruvananthapuram.