ഭൂട്ടാൻ അതിർത്തിയായ ഫ്യുണ്ട്ഷോലിംഗിലെ താമസത്തിനു ശേഷം ഞങ്ങൾ രാവിലെ തന്നെ ഇന്ത്യൻ അതിർത്തി കടന്നു ആസ്സാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. കുറച്ചു ദിവസങ്ങളായി ഭൂട്ടാനിലെ ഹിൽസ്റ്റേഷനുകളുടെ തണുപ്പ് ആസ്വദിച്ചിരുന്ന ഞങ്ങൾക്ക് ഇവിടത്തെ ചൂട് പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. അധികനേരം വെയിൽ കൊള്ളാതെ ഞങ്ങൾ കാറിൽക്കയറി വേഗം യാത്രയായി. ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്ക് കയറിയപ്പോൾ ഞങ്ങൾക്ക് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലായത് റോഡിലെ ഡ്രൈവിംഗിൽ നിന്നുമായിരുന്നു. ഒച്ചയും ബഹളവുമില്ലാത്ത ഭൂട്ടാനിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കയറിയപ്പോൾ തുടങ്ങി ഹോണടിയും തിരക്കും ബഹളവുമെല്ലാം. പക്ഷേ എന്തായാലും നമ്മുടെ നാട്ടിൽ കയറിയപ്പോൾ മനസ്സിനു ലഭിച്ച ആ ഒരു ഫീൽ… അത് വേറെ തന്നെയായിരുന്നു.
അങ്ങനെ ഒരുവിധം തിരക്കുകളിൽ നിന്നൊക്കെ മാറി ഞങ്ങൾ ആസ്സാം ലക്ഷ്യമാക്കി പാഞ്ഞു. പോകുന്ന വഴിയിൽ കണ്ട ഒരു റെസ്റ്റോറന്റിൽ നിന്നും ബ്രേക്ക്ഫാസ്റ്റായി ഞങ്ങൾ ബട്ടൂരയും കറിയും കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഞങ്ങൾ മൂന്നുപേരും ബട്ടൂരയിൽ ഒരു ആക്രമണം തന്നെ നടത്തി. ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങൾ ഹൈവേയിലൂടെ യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഒരു ഭാരത് ബെൻസ് ലോറി മറിഞ്ഞു കിടക്കുന്ന കാഴ്ച ഞങ്ങൾ കണ്ടു. ലോറിയ്ക്ക് അധികം കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ക്രെയിൻ കൊണ്ടുവന്നു ലോറി നിവർത്താൻ നന്നായി പാടുപെടുന്നുണ്ടായിരുന്നു അവർ. എത്ര തിരക്കുള്ള യാത്രകളിലാണെങ്കിലും അപകടദൃശ്യങ്ങൾ കാണുമ്പോൾ മനസ്സ് വല്ലാതൊന്നു പിടയും. നമ്മളെപ്പോലെ തന്നെയല്ലേ അവരും. അപ്രതീക്ഷിതമായി വരുന്ന അപകടങ്ങൾ ഒഴിവാക്കാൻ എന്തു ചെയ്യും? അങ്ങനെയൊക്കെ മനസ്സിലോർത്തുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.
അങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് ഹൈവേയുടെ അരികിൽ വഴിയിൽത്തന്നെ എന്തോ ഉണക്കുവാൻ ഇട്ടിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അത് എന്താണെന്നറിയാൻ ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി നോക്കി. അപ്പോഴാണ് മനസിലായത് ആ ഇട്ടിരിക്കുന്നത് ചോളം ആണെന്ന്. നമ്മുടെ പോപ്കോൺ ഇല്ലേ, അതുതന്നെ സംഭവം. അവിടെ നിന്നും കുറച്ചങ്ങോട്ടു ചെന്നപ്പോൾ ബംഗാൾ – ആസ്സാം ബോർഡറിലെത്തിച്ചേർന്നു. ഒരു പാലം കടന്നു അപ്പുറത്തെത്തിയാൽ അവിടുന്നു തുടങ്ങുകയായി ആസ്സാം.
ആസ്സാമിൽ പ്രവേശിച്ച ശേഷം ഞങ്ങൾ വഴിയരികിൽ കണ്ട ഒരു ചെറിയ നദിയുടെ അടുത്തേക്ക് പോയി. അവിടെ കുറച്ചാളുകൾ വ്യത്യസ്തമായ രീതിയിൽ മീൻ പിടിക്കുകയായിരുന്നു. നദിയിലിറങ്ങി മണ്ണ് വാരുന്നത് പോലെയായിരുന്നു അവർ മീൻ പിടിച്ചിരുന്നത്. കുറേസമയം ഞങ്ങൾ ആ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് അവരോടൊപ്പം ചെലവഴിക്കുകയുണ്ടായി. അതിനുശേഷം വീണ്ടും ഹൈവേയിൽ കയറി യാത്ര തുടർന്നു.
വിജനമായ അവസ്ഥയിലായിരുന്നു ആ ഹൈവേ. ഹൈവേയുടെ വശങ്ങളിൽ പ്രത്യേകിച്ച് കാണുവാൻ കാഴ്ചകൾ ഒന്നും ഇല്ലാത്തതിനാൽ വണ്ടിയിലിരുന്നു അൽപ്പനേരം സലീഷേട്ടൻ ഉറങ്ങി. കുറേക്കൂടി ചെന്നപ്പോൾ ഞങ്ങൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. വിശപ്പ് വന്നു എന്നത് അൽപ്പം നീട്ടിപ്പറഞ്ഞു എന്നേയുള്ളൂ. ഹൈവേയുടെ ഓരത്തു കണ്ട ഒരു ധാബയിൽ ഞങ്ങൾ ഊണ് കഴിക്കുവാനായി കയറി. പുറമെ നിന്നും കാണുവാൻ നല്ല ഭംഗിയുണ്ടായിരുന്നെങ്കിലും അവിടത്തെ ഭക്ഷണം വളരെ മോശം തന്നെയായിരുന്നു. ഞങ്ങളുടെ ഈ ട്രിപ്പിനിടയിൽ ഇതുവരെ കഴിച്ചതിൽ വെച്ച് ഏറ്റവും മോശമായ ഭക്ഷണം ലഭിച്ചത് ഇവിടെ നിന്നുമായിരുന്നു.
ഈ യാത്രയ്ക്കിടെ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ ഞങ്ങൾ സഞ്ചരിച്ച ഹൈവേകളെ അപേക്ഷിച്ച് ആസ്സാമിലൂടെ ഞങ്ങൾ സഞ്ചരിച്ചിരുന്ന ആ ഹൈവേയുടെ കണ്ടീഷൻ അല്പം മോശമായിരുന്നു. രാത്രികാലങ്ങളിൽ അതുവഴിയുള്ള യാത്ര ഏറെ ദുഷ്ക്കരമായിരിയ്ക്കുമെന്നു ഞങ്ങൾ മനസ്സിലോർത്തു. അങ്ങനെ കുണ്ടിലും കുഴിയിലും പൊടിയിലുമൊക്കെക്കൂടി സഞ്ചരിച്ചു ഞങ്ങൾ പ്രശസ്തമായ ബ്രഹ്മപുത്ര നദിയ്ക്ക് കുറുകെയുള്ള പാലം കയറി.
ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ആസ്സാമിൽ മിക്കയിടത്തും ഈ നദിയ്ക്ക് ഏകദേശം 10 കി.മീറ്ററോളം വീതിയുണ്ട്. എന്നാൽ ഗുവാഹട്ടിയിൽ ഇത് വളരെ ഇടുങ്ങി, ഏകദേശം ഒരു കിലോമീറ്ററോളം വീതിയിലാണ് ഒഴുകുന്നത്.
അങ്ങനെ ഞങ്ങൾ ബ്രഹ്മപുത്ര നദി കടന്നു അക്കരെ ഗുവാഹത്തിയിൽ എത്തിച്ചേർന്നു. അങ്ങനെ യാത്ര ചെയ്തു ഞങ്ങൾ സന്ധ്യയോടെ Airbnb വഴി ബുക്ക് ചെയ്തിരുന്ന റൂമിൽ എത്തിച്ചേർന്നു. ഗുവാഹത്തിയിൽ ഞങ്ങളുടെ കാർ സർവ്വീസിംഗിന് കൊടുക്കേണ്ടിയിരുന്നതിനാൽ രണ്ടു ദിവസം അവിടെ തങ്ങുവാനായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. ഞങ്ങൾക്ക് ലഭിച്ച ഹോംസ്റ്റേയിൽ പാചകം ചെയ്യുവാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾ ഡിന്നർ സ്വയം പാചകം ചെയ്തു കഴിക്കുവാനായി പദ്ധതിയിടുകയും, അത് മസാലദോശ ഉണ്ടാക്കാമെന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. അതിനായുള്ള പച്ചക്കറികളും എണ്ണയുമെല്ലാം ഞങ്ങൾ കയ്യിൽ കരുതിയിരുന്നു.അവസാനം പാചകത്തിനൊരുങ്ങിയപ്പോൾ മസാലദോശ എന്നത് ഉപ്പുമാവായി മാറുകയും ഒപ്പം ഉരുളക്കിഴങ്ങു കറി ഉണ്ടാക്കാമെന്നു തീരുമാനിക്കുകയും ചെയ്തു.അങ്ങനെ ഞങ്ങൾ മൂന്നുപേരും ചേർന്നുകൊണ്ട് ഉപ്പുമാവും ഉരുളക്കിഴങ്ങു കറിയുമൊക്കെ തയ്യാറാക്കി സന്തോഷത്തോടെ, ചൂടോടെ കഴിച്ചു.
പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ ഗുവാഹത്തിയിലെ TI FORD സർവ്വീസ് സെന്ററിൽ കാർ സർവ്വീസ് ചെയ്യുവാനായി പോയി. ഭൂട്ടാനിലെ ഓഫ്‌റോഡുകളിലൂടെയുള്ള സഞ്ചാരത്തിന്റെ ഫലമായി വണ്ടിയിൽ ധാരാളം ചെളി പുരണ്ടിരുന്നു. വാട്ടർ സർവ്വീസ് ചെയ്യുന്നവർക്ക് നന്നായി ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. അങ്ങനെ കാർ മനോഹരമായി സർവ്വീസ് ചെയ്തു ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങളുടെ വണ്ടിയുടെ സർവ്വീസുകൾ എറണാകുളത്തെ കൈരളി ഫോർഡ് സ്പോൺസർ ചെയ്തിരുന്നുവെങ്കിലും ഇവിടെ ഞങ്ങൾക്ക് ചാർജ്ജ് കൊടുക്കേണ്ടി വന്നു. ആ തുക തിരികെ നാട്ടിലെത്തുമ്പോൾ കൈരളി ഫോർഡിൽ നിന്നും ലഭിക്കുകയും ചെയ്യും. അങ്ങനെ സർവ്വീസ് ചെയ്തു കുട്ടപ്പനാക്കിയ കാറുമായി ഞങ്ങൾ തിരികെ റൂമിലേക്ക് യാത്ര തിരിച്ചു.
പോകുന്ന വഴിയിൽ ‘കേരള കഫെ’ എന്നു പേരുള്ള ഒരു ഹോട്ടൽ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി അവിടേക്ക് കയറി. പൊറോട്ടയും ബീഫുമൊക്കെ കഴിക്കുവാനായിരുന്നു ആഗ്രഹമെങ്കിലും അവിടെ അത് ലഭ്യമല്ലാതിരുന്നതിനാൽ മലബാർ സ്പെഷ്യൽ ചിക്കൻ ബിരിയാണിയിൽ ഞങ്ങൾ ആ ആഗ്രഹത്തെ തളച്ചിട്ടു. പേരൊക്കെ മലബാർ ബിരിയാണി എന്നായിരുന്നെങ്കിലും നമ്മുടെ ബിരിയാണിയുടെ രുചിയൊന്നും അതിനുണ്ടായിരുന്നില്ല. ബിരിയാണിയൊക്കെ കഴിച്ച ശേഷം ഞങ്ങൾ തിരികെ റൂമിലേക്ക് യാത്രയായി.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.