വിവരണം – ശ്രീപതി ദാമോദരൻ.
വൈകുന്നേരം ഇൻസ്റ്റഗ്രാമിൽ ചുമ്മാ പരതിക്കൊണ്ടിരുന്നപ്പോഴാണ് Eat Kochi Eatൽ Bikash Babu Sweetsന്റെ പ്രൊഡക്ഷൻ യൂണിറ്റ് കണ്ടത്. കണ്ട മാത്രയിൽ കണ്ട്രോൾ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. വീട്ടിൽ ഞാനും ഭാര്യയും മാത്രം ഉള്ളതുകൊണ്ട് ഒരു പ്ലാൻ അങ്ങട് ഉണ്ടാക്കി. കോഴിക്കോടിന്റെ നൈറ്റ് ലൈഫ് കാണാൻ പോകാം.
അങ്ങനെ ഒരു 8 മണിയോടെ രണ്ടുപേരും കൂടി ബൈക്കിൽ അലസമായ ഒരു യാത്ര. തണുപ്പിനെ കീറിമുറിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരാളുടെ ചോദ്യം, ശരിക്കും എങ്ങോട്ടാ പോണേ? പോയി വല്ലതുമൊക്കെ കഴിച്ച് ഒന്ന് കറങ്ങിയിട്ട് വരാം എന്ന് ഞാൻ. റൈസ് ഐറ്റംസ് ഒന്നും വേണ്ട, അല്ലാതെ എന്തെങ്കിലും ഹെവി ആകാതെ മതി എന്ന് അവൾ. എങ്കിൽ പിന്നെ പാവ് ബാജി ആയാലോ എന്ന് ചോദിച്ചപ്പോൾ അവളുടെ മുഖം തെളിയുന്നത് ആ മുഖം കാണാതെതന്നെ ഞാൻ മനസ്സിലാക്കി.
ആ സമയത്തും റോഡിൽ അത്യാവശ്യം ട്രാഫിക് ഉണ്ടായിരുന്നു. രണ്ടുപേരും കൂടി വർത്തമാനം പറഞ്ഞ്, പാട്ടൊക്കെ പാടി, ഇടയ്ക്ക് നിർത്തി പെട്രോൾ അടിച്ച്, KSRTC സ്റ്റാൻഡും പുതിയ ബസ് സ്റ്റാൻഡും കടന്ന് പാളയം മാർക്കറ്റിലെത്തി. ഞാൻ ഉദ്ദേശിച്ച കടയുടെ മുന്നിലായി ബൈക്ക് നിർത്തി. വേണ്ട സാധനം ഉണ്ടെന്ന് ഉറപ്പിച്ച ശേഷം അകത്തേക്ക് കയറി.
മുന്നിലെ ചില്ലുകൂട്ടിൽ നിരത്തിവെച്ചിരുന്ന ബംഗാളി മധുരങ്ങൾ ഞങ്ങളെ സ്വാഗതം ചെയ്തു. ഒരു മേശയ്ക്ക് ഇരുവശത്തും ഇരിപ്പുറപ്പിച്ചു. മെനു വായിച്ചുനോക്കിയെങ്കിലും ഓർഡർ ചെയ്യേണ്ടത് മനസ്സിൽ ഉണ്ടായിരുന്നു. പാവ് ബാജി, കച്ചോരി ചാട്ട്, പഞ്ചാബി ലസ്സി.. കൊൽക്കത്തയെ അടയാളപ്പെടുത്തുന്ന ചുവർചിത്രങ്ങളെ ചേർത്തുവെച്ച് പടങ്ങൾ എടുക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ലസ്സി എത്തി. ആദ്യത്തെ വലിയിൽത്തന്നെ പുള്ളിക്കാരിയുടെ മുഖം തെളിഞ്ഞു. സന്തോഷം. സമാധാനം.
പിന്നെ വന്നത് ചാട്ട് ആണ്. ഞാൻ പല തവണ കഴിച്ചിട്ടുണ്ടെങ്കിലും അവൾ ആദ്യമായാണ്. അതും നന്നേ ബോധിച്ചു. നല്ല കിടിലൻ സാധനം. ഞങ്ങൾ മത്സരിച്ച് കഴിച്ചുതീർത്തു.
അടുത്തതായി വന്ന പാവ് ബാജി അത്രയ്ക്ക് അങ്ങട് സുഖായില്ല. എറണാകുളം ബിംബിസിന്റെ അത്രേം പോരാ എന്ന് അവളുടെ പക്ഷം. അവൾ പറഞ്ഞതിൻപടി വേറെ ഒന്നും ഓർഡർ ചെയ്തില്ല.
കഴിച്ചുകഴിഞ്ഞ് കുറേ നേരം മെനു നോക്കിയിരുന്നു. ഐറ്റങ്ങളുടെ പേര് പഠിക്കാമല്ലോ. പിന്നെ കുറച്ചു മധുരവും വാങ്ങി വീണ്ടും ബൈക്കിന്റെ പുറത്ത് കയറി. അവസാനത്തെ കടയും അടയ്ക്കാറായ മിട്ടായിതെരുവിനെ വലം വെച്ച് നേരേ ബീച്ചിലേയ്ക്ക്. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു അവിടെ. കുറേ നേരം കടലോളങ്ങളെ നോക്കി ജഗതിയുടെ പാട്ട് പാടിക്കൊണ്ടിരുന്നു.
“കടലു കട കണ്ടു, കട കടലു കണ്ടു, കടലു കടയിലെ കടല കണ്ടു…” ഇതിനിടയിൽ ഗുജറാത്തി തെരുവിൽനിന്ന് പടക്കത്തിന്റെ ശബ്ദങ്ങൾ കേൾക്കാമായിരുന്നു. തിരിച്ചുള്ള യാത്രയിൽ മാനാഞ്ചിറയുടെ രാത്രിസൗന്ദര്യം ആസ്വാദിക്കാനും മറന്നില്ല.