നമ്മൾ നമുക്ക് വേണ്ടപ്പെട്ടവരുടെ പിറന്നാൾ ദിനം ആഘോഷിക്കാറുണ്ട്. അതിപ്പോൾ മാതാപിതാക്കളുടെയോ, കൂട്ടുകാരുടെയോ, കുട്ടികളുടെയോ, ഭാര്യയുടെയോ ഒക്കെയാകാം. എന്തായാലും കേക്കൊക്കെ മുറിച്ച് “ഹാപ്പി ബർത്ത് ഡേ ടു യൂ..” പാട്ടും പാടി അതങ്ങു ആഘോഷിച്ചു കളയും. മിക്കവാറും വീടുകളിൽ വെച്ചാണ് ഇത്തരത്തിൽ ബർത്ഡേ പാർട്ടികൾ നടത്താറുള്ളത്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ആകാശത്തു വെച്ച് ബർത്ത് ഡേ ആഘോഷിക്കുവാൻ സാധിച്ചാലോ? ചുമ്മാ പറയുകയാണോ എന്നായിരിക്കും ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു ഭാഗ്യം കൈവരിച്ച കഥയാണ് മുണ്ടക്കയം സ്വദേശിയും Juan Travels & Logistics ഉടമയുമായ ആൽവിൻ ഫിലിപ്പിനു പറയാനുള്ളത്.
സംഭവം ഇങ്ങനെ : ആൽവിനും കുടുംബവും കൂടി ഹൈദരാബാദിലേക്ക് ഒരു ട്രിപ്പ് പോകുന്നു. ഹൈദരാബാദിലേക്കും അവിടുന്നുള്ള മടക്കയാത്രയ്ക്കും ഇവർ തിരഞ്ഞെടുത്തത് ഇൻഡിഗോ എയർലൈസ് വിമാന സർവ്വീസുകളെയായിരുന്നു. മടക്കയാത്രയടക്കം ബുക്ക് ചെയ്തതിനു ശേഷമാണ് ഇവർ ഹൈദരാബാദിലേക്ക് പോയതും. ഹൈദരാബാദ് ടൂറൊക്കെ കഴിഞ്ഞ ശേഷം അവിടുന്ന് തിരികെ കൊച്ചിയിലേക്ക് വിമാനം കയറുന്നതിനായി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇവരുടെ ഇളയ മകനായ ആർതറിൻ്റെ ഒന്നാം പിറന്നാളാണ് ആ ദിവസമെന്ന് അവർ ഓർത്തത്. വീട്ടിലെത്തിയിട്ട് എല്ലാവരെയും കൂട്ടി പിറന്നാൾ ഗംഭീരമായിത്തന്നെ ആഘോഷിക്കാമെന്നു ഇവർ പ്ലാൻ ചെയ്യുകയും ചെയ്തു.
ചെക്ക് ഇൻ കൗണ്ടറിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റാഫ് കുട്ടിയുടെ പിറന്നാൾ ദിനമാണല്ലോ എന്ന് ഇവരോട് പറയുകയും ചെയ്തു. ഒപ്പം തന്നെ കുട്ടിയ്ക്ക് അവർ പിറന്നാളാശംസകൾ നേർന്നുകൊണ്ട് ബോർഡിങ് പാസ്സ് കൈമാറുകയും ചെയ്തു. സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞു വിമാനത്തിലേക്ക് കയറിയ ആൽവിനും കുടുംബവും തങ്ങളുടെ സീറ്റിനു മുകളിലുള്ള ബെർത്തിൽ ലഗേജുകൾ വെച്ച ശേഷം സീറ്റിൽ ഇരിപ്പുറപ്പിച്ചു. സമയമായപ്പോൾ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു.
ഹൈദരാബാദിൽ നിന്നും പറന്നുയർന്ന വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്യുന്നതിനു മുൻപായി എയർഹോസ്റ്റസുമാർ ഇവരുടെ അടുത്തേക്ക് വരികയും എല്ലാ യാത്രക്കാരെയും മുൻനിർത്തി കുട്ടിയുടെ ജന്മദിനമാണെന്നു പറയുകയും വിഷ് ചെയ്യുകയും ചെയ്തു. അപ്രതീക്ഷിതമായി ഇതെല്ലാം കണ്ട് അന്തംവിട്ടു നിൽക്കുകയായിരുന്നു ആൽവിനും ഭാര്യയും മൂത്ത മകനും. ഇതിനിടെ യാത്രക്കാരെല്ലാം കുട്ടിയ്ക്ക് പിറന്നാളാശംസകൾ നേരുകയുണ്ടായി. അങ്ങനെയിരിക്കുമ്പോഴാണ് വിമാന ജീവനക്കാരുടെ വക അടുത്ത സർപ്രൈസ്.. ഒരു ബർത്ത്ഡേ കേക്കുമായി എയർഹോസ്റ്റസുമാർ പിറന്നാളാഘോഷം ഗംഭീരമാക്കുവാനായിത്തന്നെ തയ്യാറെടുത്തു.
ആഘോഷത്തിനായുള്ള എല്ലാം സൈറ്റായപ്പോൾ ജീവനക്കാർ ആൽവിനെയും കുടുംബത്തെയും സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ച് കേക്ക് മുറിക്കുവാനായി സ്വാഗതം ചെയ്തു. കാര്യമൊന്നുമറിയാതെ നിന്ന കുഞ്ഞു ആർതറിനെ എയർഹോസ്റ്റസുമാർ ഓരോരുത്തരായി എടുത്തു കളിപ്പിക്കാൻ തുടങ്ങി. കുട്ടിയെക്കൊണ്ട് അവർ തന്നെ കേക്ക് മുറിപ്പിക്കുകയും ബർത്ത്ഡേ ഗാനം ആലപിക്കുകയും ഒക്കെ ചെയ്തു. ഇതെല്ലാം കണ്ടുനിന്ന യാത്രക്കാരെല്ലാം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ആഘോഷങ്ങളെല്ലാം നോർത്ത് ഇന്ത്യക്കാരായ എയർഹോസ്റ്റസുമാർ വീഡിയോയിൽ പകർത്തുകയും അത് ആൽവിന് വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്തു. ആ വീഡിയോ താഴെ കാണാം.
വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്ത് എല്ലാവരോടും യാത്ര പറഞ്ഞു ടെർമിനലിലേക്ക് പോകുമ്പോൾ ആൽവിന്റെയും ഭാര്യയുടെയും മനസ്സു നിറഞ്ഞിരുന്നു. ഒരിക്കലും പ്രതീക്ഷിച്ചതല്ല അവർ ഇതൊക്കെ. സംഭവം വേറൊന്നുമല്ല, ഹൈദരാബാദിലെ ചെക്ക് ഇൻ കൗണ്ടറിൽ നിന്നും കുട്ടിയുടെ ബർത്ത്ഡേ ആണെന്ന വിവരമറിയിച്ചു കൊണ്ടുള്ള മെസ്സേജ് വിമാനത്തിലെ ജീവനക്കാർക്ക് പോയി. അങ്ങനെയാണ് അവർ ഈ സെലിബ്രെഷനുകളൊക്കെ സെറ്റ് ചെയ്തത്. എന്തായാലും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം കൈവന്ന സന്തോഷത്തിലാണ് ആൽവിനും കുടുംബവും.