ഇന്നത്തെ കാലത്ത് വിവാഹങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണു എല്ലാവരും ചിന്തിക്കുന്നത്. നിശ്ചയം കഴിഞ്ഞാൽ ‘സേവ് ദി ഡേറ്റ്’ എന്ന പേരിൽ ഫോട്ടോഷൂട്ട്, കൗതുകകരമായ വിവാഹക്ഷണക്കത്ത്, വിവാഹദിവസം കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുക്കൽ, ചെക്കനും പെണ്ണും കൂടി മറ്റു ചില പെർഫോമസുകൾ (കൂട്ടുകാർ നിർബന്ധിച്ചു ചെയ്യിക്കുന്നവ) എന്നിങ്ങനെയാണ് ഇക്കാലത്ത് വിവാഹങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുവാൻ മിക്കയാളുകളും ചെയ്യാറുള്ളത്.
ഇതാ ഇപ്പോള്‍ അത്തരത്തിലൊരു വ്യത്യസ്തതയാണ് ശ്രദ്ധ നേടുന്നത്. വെളുപ്പ്, നീല ബലൂണുകളാല്‍ അലങ്കരിച്ച ഒരു ഓട്ടോറിക്ഷ ഓടിച്ച് വിവാഹത്തിന് ഒരാള്‍ എത്തിയാണ് വൈറൽ ആയിരിക്കുന്നത്. അത് മറ്റാരുമല്ല മുല്ലപ്പൂവും ചൂടി, ആഭരണങ്ങളും അണിഞ്ഞു, വിവാഹവേഷത്തിൽ സാക്ഷാല്‍ കല്യാണ പെണ്ണ് തന്നെയായിരുന്നു. ഉഴവൂര്‍ പെരുന്താനത്ത് മാമലയില്‍ മോഹനന്‍ നായരുടെയും ലീലാമണിയുടെയും മകള്‍ മഹിമയാണ് സ്വന്തം വിവാഹവേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചെത്തി ശ്രദ്ധേയയായത്.
പട്ടാമ്പി കൊപ്പം പ്രേംനിവാസില്‍ രാജഗോപാലന്റെയും പുഷ്പയുടെയും മകന്‍ സൂരജായിരുന്നു വരന്‍. കുറിച്ചിത്താനം പൂത്തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇവിടേയ്ക്കാണ് മഹിമ വിവാഹവേഷത്തിൽ ഓട്ടോറിക്ഷ ഓടിച്ച് എത്തിയത്. 1995 മുതല്‍ ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മോഹനന്റെ ആഗ്രഹമാണ് മകളുടെ വിവാഹം ഓട്ടോറിക്ഷക്കാരുടെ ആഘോഷം ആക്കണമെന്നത്. വിവാഹനിശ്ചയത്തിനും മഹിമ ഇതേപോലെ ഓട്ടോറിക്ഷ ഓടിച്ചാണ് എത്തിയത്. ഇതേ ആശയം തന്നെ എന്തുകൊണ്ട് വിവാഹത്തിനും ഉപയോഗിച്ചുകൂടാ എന്ന ചിന്തയാണ് വ്യത്യസ്തതയില്‍ എത്തിച്ചത്. ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, പൂവത്തുങ്കല്‍ സ്റ്റാന്‍ഡുകളില്‍നിന്നായി ധാരാളം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സ്വന്തം ഓട്ടോറിക്ഷയുമായി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.
അടുത്തകാലത്തായി കൃഷിപ്പണികളിലേക്കു കൂടി തിരിഞ്ഞതിനാല്‍ മോഹനന്‍നായര്‍ അധിക സമയം ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ചെലവഴിക്കാറില്ല. ചെറുപ്പത്തിലെ മഹിമയെ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയായതോടെ ലൈസന്‍സും എടുത്തു. മഹിമ ബിഎഡ് പൂര്‍ത്തിയാക്കിയതാണ്. സൂരജ് ബഹ്റൈനില്‍ ജോലിചെയ്യുന്നു. വിവാഹവേദിയില്‍നിന്ന് സദ്യ നടക്കുന്നിടത്തേക്കും തിരികെ മഹിമയുടെ വീട്ടിലേക്കും എല്ലാം ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു യാത്ര. ‘മഹിമ’ എന്നു തന്നെയാണ് ഓട്ടോറിക്ഷയുടെയും പേര് എന്ന കാര്യം എല്ലാവരിലും കൗതുകമുണർത്തി.
തുറന്ന ജീപ്പും, ലക്ഷ്വറി കാറുകളും എല്ലാം ഉപയോഗിച്ച് ആഡംബര വിവാഹങ്ങള്‍ നടക്കുമ്പോള്‍ സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷയെന്നും യാത്രാസുഖമുള്ള വാഹനമാണെന്നുമുള്ള സന്ദേശം പകരാനാണ് ഈ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് മോഹനന്‍ പറയുന്നു. അതോടൊപ്പം തന്നെ ഓട്ടോഡ്രൈവറായ അച്ഛനുള്ള ദക്ഷിണ കൂടിയാണ് ഇതെന്നും മഹിമ പറഞ്ഞു. സംഭവം ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് മഹിമയുടെ ഓട്ടോറിക്ഷയിലുള്ള കിടിലൻ മാസ്സ് എൻട്രി.
വിവരങ്ങൾക്ക് കടപ്പാട് – bignewslive, ചിത്രം – G Siva Prasad.