എല്ലാവര്ക്കും ടൂർ പോകുവാൻ ഇഷ്ടമാണ്. പണ്ടൊക്കെ ടൂർ എന്ന് പറഞ്ഞാൽ ഊട്ടിയോ, മൂന്നാറോ, കൊടൈക്കനാലോ ഒക്കെയായിരുന്നു നമ്മൾ മലയാളികൾക്ക്. എന്നാൽ കാലം മാറിയതോടെ മലയാളികളുടെ ശീലങ്ങളിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. എങ്കിലും വിദേശ രാജ്യങ്ങൾ ഒന്നു കറങ്ങണം എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പല ട്രാവൽ ഏജൻസികളുടെ ബഡ്ജറ്റ് പാക്കേജുകൾ വന്നതോടെ കാശുണ്ടാക്കി വിദേശരാജ്യങ്ങളിലേക്കും യാത്രകൾ പോകുവാൻ നമ്മൾ ശീലിച്ചു തുടങ്ങി. എങ്കിലും ഒരു വിഭാഗം ആളുകൾക്ക് ഇപ്പോഴും വിദേശ രാജ്യങ്ങളിൽ പോകുവാനായി എന്തോ ഒരു മടി പോലെ.
കയ്യിൽ പണം ഉണ്ടെങ്കിലും എവിടെ പോകണം? എങ്ങനെ പോകണം? ഭാഷ പ്രശ്നമാകുമോ? പണം കൂടുതൽ ചെലവാകുമോ? എന്നൊക്കെയാണ് മിക്കവരുടെയും സംശയം. എന്നാൽ ഒരു കാര്യം അറിഞ്ഞോളൂ. യാത്രയ്ക്കായി ഒരാൾക്ക് മുപ്പത്തിനായിരത്തിനും അൻപതിനായിരത്തിനും ഇടയിൽ പണം ചെലവഴിക്കുവാൻ നിങ്ങൾ ഒരുക്കമാണോ? എങ്കിലിതാ നിങ്ങൾക്ക് തിരഞ്ഞെടുക്കുവാനായി മനോഹരമായ അഞ്ച് രാജ്യങ്ങളെ പരിചയപ്പെടുത്തി തരാം. ഇന്ത്യയിൽ നിന്നും 50000 രൂപയിൽ താഴെ മുടക്കി കറങ്ങുവാൻ പറ്റുന്ന അഞ്ച് രാജ്യങ്ങൾ…
1. തായ്ലൻഡ് : കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ വിനോദസഞ്ചാരത്തിനായി സന്ദർശിക്കുന്ന ഒരു വിദേശരാജ്യമാണ് തായ്ലൻഡ്. ഇവിടേക്ക് ഒരാൾക്ക് 20000 രൂപ മുതൽ പാക്കേജുകൾ ലഭ്യമാണ് എന്നത് തന്നെയാണ് എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം. അതുപോലെതന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തായ്ലൻഡിൽ ചെലവുകൾ കുറവുമാണ്. പോരാത്തതിന് ഇന്ത്യക്കാർക്ക് ഇവിടേക്ക് മുൻകൂട്ടി വിസ എടുക്കേണ്ടി വരില്ല. എയർപോർട്ടിൽ ഇറങ്ങിയ ശേഷം ഓൺ അറൈവൽ വിസ കൗണ്ടറിൽ ക്യൂ നിന്ന് വിസ എടുത്താൽ മതി. ബാച്ചിലേഴ്സിനും അതോടൊപ്പം തന്നെ കുടുംബവും കുട്ടികളുമായി സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണ് തായ്ലൻഡ്.
പാക്കേജ് എടുക്കുമ്പോൾ ‘പട്ടായ പാക്കേജ്’ നോക്കി എടുക്കുവാൻ ശ്രമിക്കുക. പട്ടായ എന്നാൽ സെക്സ് ടൂറിസം മാത്രമുള്ള സ്ഥലമാണ് എന്ന നിങ്ങളുടെ തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടതാണ്. ഏതു തരാം ആളുകൾക്ക് വന്നാലും രസിക്കുവാനുള്ള സംഭവങ്ങൾ ഇവിടെയുണ്ട്. അതുപോലെതന്നെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് വേണമെങ്കിലും പാട്ടായ പാക്കേജ് എടുത്ത് ഇവിടെ വരുവാൻ ഒരു പേടിയും വിചാരിക്കേണ്ട. ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കാര്യങ്ങളെല്ലാം അവർ നോക്കിക്കോളും. അപ്പോൾ അടുത്ത ഓഫ് സീസൺ നോക്കി ഒരു തായ്ലൻഡ് ട്രിപ്പ് അങ്ങ് പ്ലാൻ ചെയ്തോളൂ. നിങ്ങൾക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
2. ഭൂട്ടാൻ : ഇന്ത്യയിൽ നിന്നും ഏറ്റവും ചിലവ് കുറച്ചുകൊണ്ട് പോകുവാൻ പറ്റിയ രാജ്യമാണ് ഭൂട്ടാൻ. ഇവിടേക്ക് കടക്കുവാനായി നമ്മൾ ഇന്ത്യക്കാർക്ക് വിസയോ പാസ്സ്പോർട്ടോ വേണ്ട. ഇലക്ഷന് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ മതിയാകും. അതുപോലെ തന്നെ റോഡ് മാർഗ്ഗവും ഇവിടേക്ക് എത്തിപ്പെടാം. തായ്ലൻഡ് ട്രിപ്പിന്റെ പകുതി പണം മതിയാകും ഭൂട്ടാനിൽ പോയി വരുന്നതിന്. പക്ഷേ ഇവിടം എല്ലാത്തരക്കാർക്കും ഇഷ്ടപ്പെടണമെന്നില്ല. അൽപ്പം ആത്മീയതയും ചരിത്രാന്വേഷണപരവും കലർന്ന യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ധൈര്യമായി ഇവിടേക്ക് വരാം. അല്ലാതെ കാണുവാനും ഒത്തിരിയുണ്ട് കേട്ടോ. ഏകദേശം ഇന്ത്യയിലെ കറൻസിയുടെ അതേ മൂല്യം തന്നെയാണ് ഇവിടെയും.
3. ശ്രീലങ്ക : ഇന്ത്യയുടെ തൊട്ടുതാഴെ കിടക്കുന്ന രാജ്യമായ ശ്രീലങ്ക, തമിഴ് പുലികളുടെ അന്ത്യത്തോടെ ഇന്ന് മനോഹരമായൊരു ടൂറിസം കേന്ദ്രം കൂടിയാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഹണിമൂൺ ആഘോഷിക്കുന്നവർക്കും ശ്രീലങ്കയുടെ നിഗൂഡതകളിലേക്ക് യാത്ര ചെയ്യാം. ടൂർ പാക്കേജുകൾ ആകർഷകമായ നിരക്കിൽ ഇവിടേക്ക് ലഭ്യമാകും. ബീച്ചുകൾ, കാടുകൾ, ആനക്കൊട്ടിൽ, മലകയറ്റം തുടങ്ങി നിരവധി സംഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്.
4. ദുബായ് : മലയാളികളുടെ സ്വന്തം ഗൾഫ് നഗരമായ ദുബായിലേക്ക് ട്രിപ്പ് പോയി വരുന്നതിന് ഒരാൾക്ക് അൻപതിനായിരം രൂപയിൽ താഴെയേ ചെലവ് വരുകയുള്ളൂ. നല്ല അടിച്ചു പൊളിച്ച് ആര്മാദിക്കുവാൻ പറ്റിയ സംഭവങ്ങൾ ദുബായിലുണ്ട്. ഡെസേർട്ട് സഫാരി, ബീച്ച്, ,ബോട്ടു യാത്ര, സിറ്റി ലൈഫ് എക്സ്പ്ലൊറിംഗ്, ഷോപ്പിംഗ് തുടങ്ങിയ സംഭവങ്ങളാണ് മലയാളി സഞ്ചാരികളെ ദുബായിലേക്ക് ആകർഷിക്കുന്നത്. അതോടൊപ്പം തന്നെ തങ്ങളുടെ പരിചയക്കാർ ആരെങ്കിലും ദുബായിൽ ഉണ്ടെങ്കിൽ അവരെ നേരിൽക്കാണുവാനും കൂടിയുള്ള ഒരവസരമായി ഈ ട്രിപ്പ് മാറ്റുന്നവരുമുണ്ട്.
5. ഇന്തോനേഷ്യ : ഇന്ത്യക്കാർക്ക് ഇവിടേക്ക് വിസ വേണ്ടേ വേണ്ട. “കയറി വാടാ മക്കളെ” എന്നും പറഞ്ഞു നമ്മളെ കാത്തിരിക്കുകയാണ് ഇൻഡോനേഷ്യ എന്ന കൊച്ചു രാജ്യം. ബാലിയാണ് ഇവിടത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം. അതുകൊണ്ട് കൂടുതൽ ട്രാവൽ ഏജൻസികളും ബാലി കേന്ദ്രീകരിച്ചാണ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നത്. ഇവിടുത്തെ ചെറുദ്വീപുകളും മ്യൂസിയങ്ങളും ‘ലേക്ക ടോബ’ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘അഗ്നിപര്‍വത തടാക’വും ബ്രോമോ മലനിരകളുമൊക്കെ ഏവരുടെയും മനസ്സു കവരുന്ന ആകര്‍ഷണങ്ങളാണ്. ഇന്ത്യൻ രൂപയ്ക്ക് മൂലവും കൂടുതലാണ് ഇവിടെയെന്നതിനാൽ പാക്കേജിന് പുറമെയുള്ള പരോക്ഷമായ ചെലവുകൾ കുറവായിരിക്കും.
ഇവയെക്കൂടാതെ മലേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളും നമുക്ക് 50000 രൂപയിൽ താഴെ ചെലവാക്കി കണ്ടു മടങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഏതെങ്കിലും ട്രാവൽ ഏജൻസികളെ സമീപിക്കുക. അതല്ല ഒറ്റയ്ക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നതാണ് താല്പര്യമെങ്കിൽ മുൻപ് പോയിട്ടുള്ളവരോട് സംശയങ്ങൾ ചോദിക്കുകയോ ഇന്റർനെറ്റിൽ തിരക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. അപ്പോൾ വൈകണ്ട… വിദേശയാത്ര വെറും സ്വപ്നം മാത്രമായി അവശേഷിപ്പിക്കാതെ ജീവിതം അവസാനിക്കും മുൻപ് എല്ലാം കണ്ടു തീർക്കുക…