വിവരണം – Naadaar Diarys.
കുറഞ്ഞ ചെലവിൽ നേപ്പാൾ പോകുന്നോ? രണ്ടാഴ്ച നീണ്ടുനിൽക്കുന്ന യാത്ര. ദിവസം കുറവാണോ? എങ്കിൽ വിമാനത്തിലും പോകാം. ഒരുപാടു സുഹൃത്തുക്കൾ വിളിച്ചതിനാൽ ഒരു വിവരണം.
എല്ലാ ഞായറാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും തിരുവനന്തപുരത്തുനിന്നും ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്കു ട്രെയിൻ ഉണ്ട്. 58 മണിക്കൂർ ആണ് യാത്ര. ട്രെയിൻ നിരക്കുകൾ : സ്ലീപ്പർ – 945, 2A 3670, 3A 2460. ചെന്നൈ, വിജയവാഡ, നാഗ്പുർ, ഭോപ്പാൽ, ബസ്തി, ഗോണ്ട ജംഗ്ഷൻ വഴി ഗോരഖ്പൂരിലേക്ക്.
രണ്ടു ദിവസ്സത്തിന് ശേഷം വൈകുന്നേരം 5 മണിയോടെ ഗോരഖ്പൂരിൽ എത്തും. അവിടെനിന്നും സൊനൗലി എന്ന നേപ്പാൾ ബോർഡറിലേക്കാണ് പോകേണ്ടത്. ടാക്സിയിൽ 300 രൂപയും ബസിൽ 125 രൂപയും ആണ് ഈടാക്കുക. 2 മണിക്കൂർ യാത്ര.
സൊനൗലിയിൽ ഇറങ്ങി 200 മീറ്റർ നടന്നാൽ ബോർഡർ കയറാം. അവിടെ ലോഡ്ജുകളും ട്രാൻസ്ഫർ സെന്റർകളും ഉണ്ട്. ബോർഡർ കയറിയാൽ പിന്നെ നെറ്റ്‌വർക്ക് ഇല്ലാതാകും. അവിടുത്തെ പ്രധാന നെറ്റ്‌വർക്ക് സിം കാർഡ് n cell ആണ്. പിന്നെയും പലതുമുണ്ട്. പാസ്പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി കൊടുത്താൽ മതിയാകും. മിനിറ്റിന് 3 രൂപ നിരക്കിൽ ഇന്ത്യയിലേക്കും 1 രൂപ നിരക്കിൽ നേപ്പാളിലും ഉപയോഗിക്കാം. ഉപയോഗം പോലെ ഡാറ്റാ പല നിരക്കിൽ ലഭ്യമാണ്. ലോഡ്ജുകളിലും മറ്റു ഷോപ്‌സുകളിലും വൈഫൈ ലഭ്യമാണ്.
അവിടെനിന്നും റിക്ഷയിൽ 5 km. സഞ്ചരിച്ചാൽ ഭൈരവയിലെത്താം. ഇവിടെ നിന്നുമാണ് നമ്മൾ യാത്ര തുടങ്ങുക. ഭൈരവയിൽ ലോഡ്ജുകളും ബസ് സ്റ്റാൻഡും ഉണ്ട്. 400 രൂപ മുതൽ റൂം ലഭ്യമാണ്. ഏകദേശം രാത്രി 10 മണിയോടെ ഭൈരവയിൽ എത്താം. രാവിലെ 6 മണിമുതൽ സ്റ്റാൻഡിൽ നിന്നും ബസുകൾ ലഭ്യമാണ്.
നേപ്പാളിൽ പ്രധാനമായും 3 സ്ഥലങ്ങളാണ് കാണാനുള്ളത്. പൊഖ്റ, കാഠ്മണ്ഡു, ജോംസം. ഭൈരവയിൽ നിന്നും പൊഖ്റയിലേക്കു ബസ് ഉണ്ട്. ഇനിയങ്ങോട്ട് നേപ്പാൾ റുപ്പീസ് ആണ് ആവശ്യം. ഇന്ത്യൻ റുപ്പീസ് 100 രൂപ നേപ്പാൾ റുപ്പീസ് 160 രൂപയാണ്. പൊഖ്റയിലേക്കു 550 രൂപയാണ് രൂപയാണ് ബസ് ചാർജ്. 8 മണിക്കൂർ യാത്ര. 185 കിലോമീറ്റർ.
പൊഖ്റയിൽ ബസ് വൈകുന്നേരത്തോടെ എത്തും. ബസ് ചെല്ലുന്നതു ബസ് പാർക്ക് എന്ന സ്ഥലത്താണ്. അവിടെനിന്നും ടാക്സിയിൽ പൊഖ്റ ടൌൺ പോകുക. പ്രശസ്തമായ ഫെവാ തടാകത്തിനു സമീപമാണ് പൊഖ്റ ടൌൺ. ഇവിടെ നേപ്പാൾ sbi atm ഉണ്ട്.
വൈകിട്ട് നടക്കാനായി തടാകത്തിനു സമീപം ഉള്ള walk way യിലൂടെ പോയാൽ ഒരുപാടു കാഴ്ചകൾ കാണാനാകും. പബ്ബ്കൾ, ബാറുകൾ, ധാബകൾ… മദ്യത്തിന്റെ കുത്തൊഴുക്കുള്ള ഏരിയ ആണ് ഇവിടം. നേപ്പാളിന്റെ മറ്റൊരു സൗകര്യം മദ്യം സുലഭമായി ലഭിക്കും എന്നതാണ്. ചായക്കടകളിൽ പോലും മദ്യം ലഭിക്കും.. മലേഷ്യയിലോ തായ്‌ലണ്ടിലോ പോയ ഒരു ഫീൽ.
അവിടെ ഒരുപാടു ലോഡ്ജുകൾ ലഭ്യമാണ്. റൂമിനു 800 രൂപയാണ്. പൊഖ്റയിൽ കാണേണ്ട പ്രധാന സ്ഥലങ്ങൾ – Fewa lake, Bindhyabasini temple, Sarangatt, Mahendra cave, Devis falls, Begnas lake. സ്കൂട്ടർ റെന്റിനു എടുത്താൽ ഒരു ദിവസം കൊണ്ട് എല്ലാ സ്ഥലങ്ങളും കാണാൻ സാധിക്കും. Fewa lake ൽ ബോട്ടിങ്ങിനു ഒരാൾക്ക് 380 രൂപയാണ് ചാർജ്.
പൊഖ്റയിൽ നിന്നും ജോംസം ആണ് ഇനി പോകുക.. അതിനു പൊക്കാറ ടൗണിൽ തന്നെയുള്ള പൃഥ്വിരാജ് ബസ് ബുക്കിങ് ഓഫീസിൽ നിന്നും ടിക്കറ്റ് ലഭിക്കും. 1100 രൂപയാണ് ബസ് ചാർജ്. 10 മണിക്കൂർ യാത്ര… 155 കിലോമീറ്റർ. പോകുമ്പോൾ പിൻസീറ്റ് ബുക്ക് ചെയ്യാതിരിക്കുക. യാത്ര വളരെ മോശം റോഡുകളും മലകളും താണ്ടിയാണ്. ഉറപ്പായും മുൻസീറ്റുകളോ മിഡിൽ സീറ്റുകളോ തിരഞ്ഞെടുക്കുക.
രാവിലെ 6 മണിക്ക് ബസ് പുറപ്പെടും. തലേദിവസം പോയി ബസ് ബുക്ക് ചെയ്താൽ രാവിലെ പുറപ്പെടാം. രാവിലെ ചെന്നാൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടാകും. രാവിലെ തന്നെ പുറപ്പെടുന്നതാണ് ഉത്തമം. രാത്രി 9 മണി വരെയോളം ബുക്കിങ് ഓഫീസ് ഉണ്ട്. അധികം പേർക്കും അറിയാത്ത ഒരു ഓഫീസ് ആണ് ഇത്. ഏതെങ്കിലും മൊബൈൽ ഷോപ്‌സിൽ ചോദിച്ചാൽ അറിയാൻ സാധിക്കും.
ജോംസം പോകാൻ പെർമിറ്റ് ആവശ്യമാണ്. ഡാം സൈഡിൽ ഉള്ള ഓഫീസിൽ പെർമിറ്റ് എടുക്കാം. ഇല്ലെങ്കിൽ ജോംസം പോകും വഴി ഓഫീസ് ഉണ്ട്. വോട്ടർ id or പാസ്പോർട്ട് കാണിച്ചാൽ മതിയാകും.
ജോംസത്തിൽ രാത്രിയോടെ എത്തും. മണ്ണിടിച്ചിൽ ഉണ്ടായാൽ രണ്ടോ മൂന്ന മണിക്കൂർ വൈകും. ജോംസത്തിൽ റൂം 500 രൂപ മുതൽ ലഭ്യമാണ്. ഡോർമെറ്ററി സൗകര്യങ്ങളും ലഭ്യമാണ്. അവിടെനിന്നും രാവിലെ മുക്തിനാദ് ടെംപിൾ, നരസിംഹ ടെംപിൾ, ബുദ്ധ സ്റ്റാച്യൂ എന്നീ കാഴ്ചകൾ കാണാനായി ബസ് ബസ് ഉണ്ട്. 24 കിലോമീറ്റർ ആണ് ദൂരം. സമീപമുള്ള മർഫ ഗ്രാമത്തിലും താമസ സൗകര്യം ഉണ്ട്. അവിടെയാണ് ആപ്പിൾ തോട്ടങ്ങൾ ഉള്ളത്.
ജോംസം സ്വർഗ്ഗതുല്യമായ ഒരിടമാണ്. രണ്ടുദിവസം കുറഞ്ഞത് ജോംസം താമസിക്കുക. ജോംസത്തിലെ ബസ് ബുക്കിങ് ഓഫീസിൽ നിന്നും പൊഖ്റയിലേക്കു തിരികെ ബസ് കേറുക. പൊഖ്റയിൽ എത്തി കാഠ്മണ്ഡുവിലെക്ക് ബസ് ലഭിക്കും. ബസ് പാർക്കിൽ നിന്നുമാണ് ബസ് കിട്ടുക.550 രൂപയാണ് ബസ് ചാർജ്. രാത്രി 9 മണിക്കാണ് അവസാന ബസ്.
കാഠ്മണ്ഡുവിൽ എത്തിയാൽ തമേൽ എന്ന സ്ഥലത്തു താമസിക്കാം. തമേൽ സ്ട്രീറ്റിൽ ഒരുപാടു കാഴ്ചകൾ കാണാൻ ഉണ്ട്. പുരാതന വസ്തുക്കളും കരകൗശല വസ്തുക്കളും മോഡേൺ ആർട്സുമായി ബന്ധപ്പെട്ടതും എന്നിങ്ങനെയുള്ള ഷോപ്‌സ് ആണ് കൂടുതൽ. പിന്നെ ഹോട്ടൽസും ബാറുകളും. കാഠ്മണ്ഡുവിലും നേപ്പാൾ sbi atm ഉണ്ട്.
കാഠ്മണ്ഡുവിൽ പോകേണ്ട സ്ഥലങ്ങൾ : Swayambhoothnadh, Pashupathinadh, Bhakthapur, Darbar squre, Budha statue, Thamel street. സ്കൂട്ടർ ഇവിടെയും ലഭിക്കും. 3 സ്ഥലങ്ങളിൽ ആണ് ഞങ്ങൾക്ക് സ്കൂട്ടർ റെന്റിനു കൊടുക്കുന്ന സ്ഥലം കാണാനായത്. ഒരിടത്തു പാസ്പോർട്ട് ചോദിക്കുകയുണ്ടായി. 1000 രൂപയാണ് ചോദിച്ചത്. കാഠ്മണ്ഡുവിൽ കാഴ്ചകൾ ഒരുദിവസം കൊണ്ട് കാണാനാകും. റൂമുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. തലസ്ഥാനമായതിനാൽ വളരെ തിരക്കിലൂടെ മാത്രമേ നമുക്ക് സഞ്ചരിക്കാനാകൂ.
കാഴ്ചകൾക്ക് ശേഷം തിരികെ പൊഖ്റയിലേക്കു മടങ്ങാം. ധാരാളം ബസുകളും ടാക്സികളും ലഭ്യമാണ്. 550 രൂപ തന്നെയാണ് ബസ് ചാർജ്. പൊഖ്റയിലെത്തിയാൽ ഇറങ്ങുന്ന സ്ഥലത്തു നിന്നും ഭൈരവ അല്ലെങ്കിൽ 4 കിലോമീറ്റർ മാറിയുള്ള സൊനൗലി എന്ന നേപ്പാൾ ഇന്ത്യ ബോർഡറിലേക്കു ബസ് ലഭ്യമാണ്. ക്ഷീണമുണ്ടെങ്കിൽ അവിടെ താമസിച്ചു അടുത്ത ദിവസം ഗോരഖ്പൂരിലേക്കു മടങ്ങുക.
ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായറാഴ്ചയും, വ്യാഴാഴ്ച്ചയും, വെള്ളിയാഴ്ചയും തിരുവനന്തപുരത്തേക്ക് ട്രെയിൻ ഉണ്ട്. ഗോരഖ്പൂരിൽ നിന്നും ഡൽഹിയിലേക്ക് 800 കിലോമീറ്റർ ആണ് ദൂരം. ഒരു രാത്രി യാത്ര. ധാരാളം ട്രെയിനുകൾ ഉണ്ട്.
രണ്ടുപേർ ചേർന്ന് പോയാൽ ഒരാൾക്ക് 13000 രൂപയിൽ ഒതുങ്ങുന്ന യാത്രയാണ് നേപ്പാൾ യാത്ര. എന്നാൽ ഒറ്റയ്ക്ക് പോയാൽ 16000 രൂപയെങ്കിലും ആകാൻ ചാൻസ് ഉണ്ട്. വിമാനത്തിൽ പോയാൽ പിന്നെയും പൈസ കൂടും.
ഹണിമൂൺ അല്ലെങ്കിൽ സുഹൃത്തുക്കൾ ചേർന്ന് ട്രിപ്പ് അല്ലെങ്കിൽ സോളോ പോകാൻ സാധിക്കുന്ന ഒരു മനോഹര സ്ഥലം ആണ് നേപ്പാൾ. നേപ്പാളിലെവിടെയും നിങ്ങള്ക്ക് ഇന്ത്യൻ റുപ്പീസ് നോട്ടുകൾ ഉപയോഗിക്കാം. ഏതു കടകളിൽ കൊടുത്താലും നേപ്പാൾ റുപ്പീസ് ആയി ചേഞ്ച് ചെയ്തു തരും. എന്തെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമിക്കുക.