ലേ – ലഡാക്ക് റൂട്ടിൽ കാറിലും ബുള്ളറ്റിലുമായി ഞങ്ങളുടെ റോഡ് ട്രിപ്പ്

ലേയിൽ കാക്കായുടെ ഗസ്റ്റ് ഹൗസിൽ ആയിരുന്നു ഞങ്ങളുടെ താമസം. ഉച്ചയോടെ ഞങ്ങൾ ലേയിലെ കറക്കങ്ങൾക്കായി പുറത്തേക്കിറങ്ങി. ലേയിലൂടെ ഒരു ബുള്ളറ്റ് ട്രിപ്പ് നടത്തുക എന്നത് എമിലിന്റെ ഒരു ആഗ്രഹമായിരുന്നു. അതുകൊണ്ട് കാക്കായോട് പ്രത്യേകം പറഞ്ഞു ഒരു റോയൽ എൻഫീൽഡ് ക്‌ളാസിക് 500 ബുള്ളറ്റ് എമിൽ ഏർപ്പാടാക്കിയിരുന്നു.

കാക്കയുടെ ഗസ്റ്റ് ഹൗസിന്റെ ഏരിയയിൽ ധാരാളം ഹിമാചൽ പ്രദേശ് രജിസ്‌ട്രേഷൻ ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായി കണ്ടു. സംഭവം മറ്റൊന്നുമല്ല, ഹിമാചൽ പ്രദേശ് – ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ ബൈക്കേഴ്‌സ് അസോസിയേഷനുകൾ തമ്മിൽ അത്ര നല്ല രസത്തിലല്ലത്രേ. അതിനാൽ അങ്ങോട്ടും ഇങ്ങോട്ടും വാടക ബൈക്കുകൾ അവർ അനുവദിക്കില്ല. അതിനാൽ ഹിമാചലിൽ നിന്നും HP
രജിസ്‌ട്രേഷൻ ബൈക്കിൽ വരുന്ന ബൈക്കുകൾ അവർ കാക്കായുടെ അടുത്ത് വെച്ചിട്ട്, ഇവിടെ നിന്നും മറ്റൊരു ബൈക്ക് വാടകയ്ക്ക് എടുത്തുകൊണ്ട് കാശ്മീരിൽ കറങ്ങും. അങ്ങനെ വന്നവരുടെ ബൈക്കുകൾ ആയിരുന്നു ഞങ്ങൾ അവിടെ കണ്ടത്.

അങ്ങനെ ഞങ്ങൾ കാറിലും, എമിൽ ബുള്ളറ്റിലുമായി യാത്ര തുടങ്ങി. അവിടെ അടുത്തുള്ള ഒരു ചെറിയ കുന്നിൻമുകളിൽ ആയിരുന്നു ലേ പാലസ് സ്ഥിതി ചെയ്തിരുന്നത്. അതിന്റെ അടിവാരത്തായി ഞങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്തുകൊണ്ട് അവിടത്തെ കാഴ്ചകൾ കാണുവാനായി നടന്നു. അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിലെ ചെറു തെരുവുകളെ അനുസ്മരിപ്പിക്കുന്ന ഒരു സ്ഥലമായിരുന്നു അത്. ചെറിയ ഇടവഴിയുടെ വശങ്ങളിലെല്ലാം ചെറിയ കടകളും ചായക്കടകളും ഒക്കെ കാണാം.

അവിടെ മോസ്‌കും ഗുരുദ്വാരയും ഒക്കെ ഉണ്ടായിരുന്നു. അതിനടുത്തായി സെൻട്രൽ ഏഷ്യൻ മ്യൂസിയം എന്നൊരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. മ്യൂസിയത്തിൽ ക്യാമറ അനുവദനീയമല്ലാത്തതിനാൽ ഞങ്ങൾ അവിടെ കയറുവാൻ നിന്നില്ല. ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി അവിടെയുള്ള ഒരു പക്കാ കാശ്മീരി റെസ്റ്റോറന്റിലേക്ക് നീങ്ങി. കാശ്മീരി പുലാവ്, മട്ടൺ കറി, മട്ടൺ മോമൊ എന്നിവയൊക്കെ ഞങ്ങൾ ഓർഡർ ചെയ്തു. വ്യത്യസ്തമായ രുചികൾ അറിഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്നും നീങ്ങി.

എമിൽ ഞങ്ങളുടെ മുന്നിൽ ബുള്ളറ്റിലും ഞങ്ങൾ കാറിലുമായി യാത്ര തുടർന്നു. പോകുന്ന വഴി ലേ മാർക്കറ്റ് ഞങ്ങൾ കണ്ടു. മണാലിയിലെ മാൾ റോഡ് പോലെ തോന്നിപ്പിച്ചു ആ മാർക്കറ്റും പരിസരവുമൊക്കെ. ലേ എന്നൊക്കെ കേൾക്കുമ്പോൾ പൊതുവെ പോയിട്ടില്ലാത്തവർ വിചാരിക്കുന്നത് ഒരു ചെറിയ ഹിമാലയൻ ഗ്രാമം ആണെന്നാണ്. ഞങ്ങളും അങ്ങനെയൊക്കെയായിരുന്നു കരുതിയിരുന്നത്. എന്നാൽ അവിടെച്ചെന്നു നേരിട്ടു കണ്ടപ്പോളാണ് ലേ അത്യാവശ്യം വലിയൊരു പട്ടണം തന്നെയാണെന്നു ഞങ്ങൾക്ക് ബോധ്യപ്പെട്ടത്.

അങ്ങനെ ഞങ്ങൾ പോകുന്നതിനിടെ കാക്കായ്ക്ക് വീട്ടിൽ നിന്നും കോൾ വന്നു. എന്തോ അത്യാവശ്യ കാര്യമായതിനാൽ അദ്ദേഹത്തിന് അവിടേക്ക് പോകേണ്ടതായി വന്നു. എങ്കിലും എന്തു സഹായത്തിനായും അദ്ദേഹം ഒരേയൊരു ഫോൺകോളിനപ്പുറം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ പഴയപോലെ യാത്രയായി. പോകുന്ന വഴിയിൽ ‘ശ്ശെ’ (Shey) എന്നു പേരുള്ള ഒരു സ്ഥലത്തിന്റെ ബോർഡ് കണ്ടപ്പോൾ ഞങ്ങൾക്ക് അത് വളരെ കൗതുകമായി തോന്നി.

യാത്രയ്ക്കിടയിൽ ധാരാളം മൊണാസ്ട്രികൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. റോഡുകൾ ആണെങ്കിലോ നല്ല കിടിലൻ തന്നെയായിരുന്നു. ബൈക്ക് റൈഡർമാർക്ക് ശരിക്ക് ആസ്വദിക്കുവാൻ പറ്റിയ സ്ഥലങ്ങളായിരുന്നു അതെല്ലാം. അങ്ങനെ പോകുന്നതിനിടെ കാക്കാ വീണ്ടും ഞങ്ങളോടൊപ്പം വരാമെന്നു വിളിച്ചറിയിക്കുകയുണ്ടായി. അതിനിടെ ഞാൻ കാറിൽ നിന്നിറങ്ങി എമിലിന്റെ പിന്നിൽ ഇരുന്നു കുറച്ചു ദൂരം യാത്ര ചെയ്യുകയുണ്ടായി. ആഹാ.. ബൈക്ക് ട്രിപ്പ് ഒരു ഒന്നൊന്നര അനുഭവം തന്നെയായിരുന്നു.

കാക്കാ ഞങ്ങളുടെ ഒപ്പം വീണ്ടും കൂടി. കുറച്ചു കഴിഞ്ഞപ്പോൾ എമിലിന്റെ കൈയിൽ നിന്നും ഹാരിസ് ഇക്ക ബുള്ളറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. എമിൽ പഴയതുപോലെ കാറിലേക്ക് മാറി. അങ്ങനെ പോയിപ്പോയി ഞങ്ങൾ ജനവാസകേന്ദ്രങ്ങൾ കടന്നു നല്ല കിടിലൻ ലൊക്കേഷനിലേക്ക് എത്തിപ്പെട്ടു. ആഹാ അതുതന്നെ ലഡാക്ക്…. ഞങ്ങൾ ലഡാക്കിൽ എത്തിച്ചേർന്നിരിക്കുന്നു. നമ്മൾ ചിത്രങ്ങളിലൂടെ കണ്ട ലഡാക്ക് അതാ ഞങ്ങൾക്ക് ചുറ്റിനുമായി പരന്നു കിടക്കുന്നു. ലഡാക്ക് വിശേഷങ്ങൾ ഇവിടെ തീരുന്നില്ല. ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.