ദുബായിലെ ടെക്ട്രാവൽഈറ്റ് മീറ്റപ്പുകൾക്കു ശേഷമുള്ള ദിവസങ്ങൾ ഞങ്ങൾ ദുബായ് ചുറ്റിക്കറങ്ങുവാനാണ് പ്ലാനിട്ടിരുന്നത്. അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ദുബായിലെ ഏറ്റവും പ്രശസ്തമായ, ലോകത്തിലെ ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ്ജ് ഖലീഫ സന്ദർശിക്കുവാനായി ഇറങ്ങി.
മനോഹരമായ ദുബൈക്കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. മനോഹരമായ റോഡുകൾ, അതിലൂടെ പാഞ്ഞുപോകുന്ന കിടിലൻ വണ്ടികൾ. ശരിക്കും പറഞ്ഞാൽ പലതരത്തിലുള്ള വണ്ടികൾ കാണണമെങ്കിൽ ദുബൈയിലൂടെ ദാ ഇതുപോലൊന്നു കറങ്ങിയാൽ മതി. വണ്ടിഭ്രാന്തന്മാർക്ക് സംതൃപ്തി നൽകുന്ന പലതരത്തിലുള്ള വണ്ടിക്കാഴ്ചകൾ ഇവിടെ കാണാം.
ദുബായ് മാളിലെ പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്തുകൊണ്ട് ഞങ്ങൾ ബുർജ്ജ് ഖലീഫയുടെ എൻട്രിയിലേക്ക് നടത്തമാരംഭിച്ചു. കിടിലൻ മാൾ കാഴ്ചകൾ ആസ്വദിച്ച് കൊണ്ടായിരുന്നു ഞങ്ങളുടെ നടത്തം. ചില ഷോപ്പുകളുടെ മുന്നിലെത്തിയപ്പോൾ ശ്വേതയുടെ നടത്തത്തിന്റെ വേഗത അൽപ്പം കുറയുന്നതായി എനിക്ക് തോന്നി. പതിയെ ഞാൻ ശ്വേതയുടെ ശ്രദ്ധ തെറ്റിച്ചു സ്പീഡിൽ നടക്കുവാനായി പ്രേരിപ്പിച്ചു. കാരണം ഷോപ്പിംഗ് അല്ലല്ലോ നമ്മുടെ ഇപ്പോഴത്തെ പ്ലാൻ.
ബുർജ്ജ് ഖലീഫയിലേക്ക് പ്രവേശിക്കുവാനായി ടിക്കറ്റുകൾ എടുക്കേണ്ടതായുണ്ട്. ഞങ്ങൾ മുൻപേ തന്നെ ഓൺലൈനായി ടിക്കറ്റ് എടുത്തിരുന്നു. വളരെ മനോഹരമായി പ്രിന്റ് ചെയ്ത ടിക്കറ്റുകളിൽ ഒരു ലക്ഷം ആനകളുടെ വലിപ്പമുണ്ടാകും ബുർജ്ജ് ഖലീഫയ്ക്ക് എന്ന് അതിൽ രേഖപ്പെടുത്തിയിരുന്നു. ടിക്കറ്റുകൾ അവിടെ ക്യൂ നിന്നും എടുക്കാവുന്നതാണ്. പലതരത്തിലുള്ള പാക്കേജുകൾ അടങ്ങിയ ടിക്കറ്റുകൾ അവിടെ ലഭ്യമാണ്.
അവിടെ നിന്നും പടികൾ കയറിക്കയറി ഞങ്ങൾ ബുർജ്ജ് ഖലീഫയിലേക്ക് നടന്നു. 2004 ൽ ബുർജ്ജ് ഖലീഫ നിർമ്മിക്കുന്നതിനായുള്ള സൈറ്റ് കണ്ടെത്തിയതു മുതൽ പണി പൂർത്തിയാകുന്നത് വരെയുള്ള മാറ്റങ്ങളും വിവരങ്ങളുമെല്ലാം അവിടെ വീഡിയോ രൂപത്തിൽ സന്ദർശകർക്ക് കണ്ടു മനസിലാക്കാവുന്നതാണ്. നാലു വർഷങ്ങൾ കൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ കെട്ടിടം നിർമ്മിച്ചത് എന്നത് അദ്ഭുതകരമായ ഒരു കാര്യം തന്നെയാണ്.
നടന്നുനടന്ന് ഞങ്ങൾ മുകളിലേക്കുള്ള ലിഫ്റ്റിൽ കയറി. ലിഫ്റ്റിൽ ഏതോ ഒരു നല്ല അറബി മ്യൂസിക് പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ലിഫ്റ്റ് ഉയർന്നുപോകുന്നത് ഞങ്ങൾ അറിഞ്ഞത് പോലുമില്ല. ഒരു സെക്കൻഡ് കൊണ്ട് മൂന്നും നാലും നിലകളൊക്കെ ലിഫ്റ്റ് മറികടക്കും. 60 സെക്കൻഡുകൾ കൊണ്ട് ഞങ്ങൾ 124 ആമത്തെ നിലയിൽ എത്തിച്ചേർന്നു. അപ്പോഴും ബുർജ്ജ് ഖലീഫയുടെ ഏറ്റവും മുകളിൽ ഞങ്ങൾ എത്തിയിരുന്നില്ല. ഞങ്ങൾ എടുത്ത ടിക്കറ്റിൽ ഈ നില വരെയേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
ലിഫ്റ്റിൽ നിന്നും ഇറങ്ങിയ ഞങ്ങൾ അതിനു മുകളിൽ നിന്നുള്ള പുറത്തെ കാഴ്ചകൾ കണ്ട് അന്ധാളിച്ചു പോയി. ഹോ ഭയങ്കരം തന്നെ. സന്ദര്ശകരെല്ലാം അവിടെ നിന്നും ഇരുന്നും കിടന്നുമെല്ലാം ഫോട്ടോകൾ എടുത്തു കൂട്ടുകയായിരുന്നു. അവരെപ്പോലെ ഞങ്ങളും അങ്ങനെ തന്നെ ചെയ്തു. ഫോട്ടോകൾ എടുത്തു തരാൻ അവിടെ ഫോട്ടോഗ്രാഫർമാരും നിലയുറപ്പിച്ചിട്ടുണ്ട്. കാശു കൊടുത്താൽ അവർ ഉഗ്രൻ ഫോട്ടോകൾ എടുത്തു തരും.
എൻ്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ഒരിക്കലെങ്കിലും ബുർജ്ജ് ഖലീഫയിൽ കയറണമെന്ന്. കഴിഞ്ഞ തവണ ദുബായിൽ വന്നപ്പോൾ അതിനു സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അത് സഫലമാക്കി. തീർച്ചയായും ദുബായിൽ വരുന്നവർ ബുർജ്ജ് ഖലീഫയിൽ ഒരിക്കലെങ്കിലും കയറിയിരിക്കണം. ആ അവസരം മിസ്സ് ആക്കരുതെന്നേ എനിക്ക് പറയാനുള്ളൂ.
അങ്ങനെ ബുർജ്ജ് ഖലീഫയിൽ കുറെ നേരം ആസ്വദിച്ചതിനു ശേഷം ഞങ്ങൾ തിരികെ താഴെയിറങ്ങി. അപ്പോഴേക്കും ഞങ്ങൾക്ക് വിശപ്പ് തുടങ്ങിയിരുന്നു. ഒരു റെസ്റ്റോറന്റിൽ കയറി ഞങ്ങൾ പിസ്സ കഴിച്ചു വിശപ്പടക്കി. പിസ്സ കഴിച്ചതിനു ശേഷം ഞങ്ങൾ പിന്നെ ദുബായ് മാൾ കാണുവാനാണ് പോയത്. ദുബായ് മാളിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും യാത്രയായി.