സ്‌കൂൾ കുട്ടികളോട് ക്രൂരമായി പെരുമാറി; ശിക്ഷ : ബസ് ജീവനക്കാരന് ശിശുഭവനിൽ സേവനം…

ബസ് ജീവനക്കാർ സ്‌കൂൾ കുട്ടികളോട് ക്രൂരമായി പെരുമാറുന്ന (എല്ലാവരും അല്ല, ചിലർ മാത്രം) സംഭവങ്ങളെല്ലാം നമ്മുടെ നാട്ടിൽ പണ്ടുമുതൽക്കേ നിലനിൽക്കുന്നതാണ്. വാർത്തകളും പരാതികളുമൊക്കെ വരുമ്പോൾ സംഭവം പോലീസ് സ്റ്റേഷനിൽ എത്തുകയും, ബസ് ജീവനക്കാരന് പിഴ ചുമത്തുകയുമാണ് പൊതുവെ സംഭവിക്കാറുള്ളത്. ഈ പിഴ മിക്കവാറും അടയ്ക്കുന്നത് ബസ് മുതലാളി ആയിരിക്കും എന്നത് മറ്റൊരു കാര്യം. അതിനാൽ പിന്നീടും ഇത്തരത്തിലുള്ള ജീവനക്കാർ സ്‌കൂൾ വിദ്യാർത്ഥികളോട് പഴയപടി തന്നെയായിരിക്കും പെരുമാറുക.

എന്നാൽ കഴിഞ്ഞയിടയ്ക്ക് മലപ്പുറം ജില്ലയിലെ മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിൽ സ്‌കൂൾ വിദ്യാർത്ഥിയെ സ്റ്റോപ്പിൽ ഇറക്കാത്തതു സംബന്ധിച്ച വാർത്ത സോഷ്യൽ മീഡിയ വഴി വൈറലായതോടെ സംഭവം ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടു. സംഭവമറിഞ്ഞ മലപ്പുറം ജില്ലാ കളക്ടർ ബസ് ജീവനക്കാരന് വ്യത്യസ്തമായ, വളരെ മാതൃകാപരമായ ഒരു ശിക്ഷയാണ് നൽകിയത്. അത് മറ്റൊന്നുമല്ല, പത്തു ദിവസം ശിശുഭവനിൽ കുട്ടികളെ നോക്കുന്ന കെയർടേക്കറായി ജോലി ചെയ്യണം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് IAS തൻ്റെ ഫേസ്‌ബുക്ക് പേജിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയുണ്ടായി.

ആ കുറിപ്പ് ഇങ്ങനെ….. “മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ 23/07/2019 നു വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ല‍ഭിച്ച പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.

ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും, ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ്.

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം…”

ബസ് ജീവനക്കാരൻ സ്‌കൂൾ കുട്ടികളോട് ക്രൂരമായി പെരുമാറിയത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാതെ, ഇനി ഇത്തരത്തിൽ ആവർത്തിക്കുവാതിരിക്കുവാനും, മറ്റുള്ളവർക്ക് ഇതൊരു പാഠം ആകുവാനും വേണ്ടിയാണ് കളക്ടർ ഇത്തരമൊരു മാതൃകാ ശിക്ഷാരീതി സ്വീകരിച്ചത്. ഈ സംഭവം ഫേസ്‌ബുക്ക് വഴി എല്ലാവരും അറിഞ്ഞതോടെ മലപ്പുറം കളക്ടർക്ക് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

എന്തായാലും പത്തു ദിവസം കുഞ്ഞുങ്ങളുടെ കൂടെ ഇടപഴകി ആ ബസ് ജീവനക്കാരൻ ഒരു നല്ല മനസ്സിനുടമയായി തിരികെയെത്തും എന്നു പ്രത്യാശിക്കാം. സ്കൂൾ കുട്ടികളെ എല്ലാ സ്റ്റോപ്പിൽ നിന്നും കയറ്റുന്ന നല്ല ബസ് ജീവനക്കാരുമുണ്ട്, അതോടൊപ്പം തീരെ കയറ്റാത്ത ബസ് ജീവനക്കാരുമുണ്ട്. ഈ സംഭവത്തിൽ മാതൃകാപരമായ നടപടിയെടുത്ത മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് IAS നു അഭിനന്ദനങ്ങൾ.

Bus Photo – Anand Achu.