ബസ് പ്രേമികളുടെയിടയില്‍ ഇപ്പോള്‍ ഹിറ്റ് ആയിരിക്കുന്ന ഒരു തകര്‍പ്പന്‍ ഗെയിമാണ് ബസ് സിമുലേറ്റര്‍ ഇന്തോനേഷ്യ. വളരെ പെട്ടെന്ന് ക്ലിക്കായ ഈ ആന്‍ഡ്രോയ്ഡ് ഗെയിം പിറവിയെടുത്തത് ഇന്തോനേഷ്യയില്‍ നിന്നുമാണ്. സംഭവം വിദേശി ഗെയിം ആണെങ്കിലും ഇത് ഇപ്പോള്‍ കൂടുതലായും ഹിറ്റായിരിക്കുന്നത് കേരളത്തിലാണ്.
ഈ ഗെയിമിനു ഇത്രയും പ്രശസ്തിയുണ്ടാകാന്‍ കാരണമെന്താ എന്നാകും ഇപ്പോള്‍ നിങ്ങളുടെ ചിന്ത. മറ്റു ഗെയിമുകളെപ്പോലെ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ബസ് മോഡലുകളും ഡിസൈനുകളും ഉപയോഗിച്ച് മാത്രം കളിക്കാവുന്ന ഒരു ഗെയിമല്ല ഇത്. നമുക്ക് ഇഷ്ടമുള്ള ബസ് ഡിസൈന്‍ വേണമെങ്കില്‍ നമുക്ക് തന്നെ സെറ്റ് ചെയ്ത് എടുക്കാം. കല്ലട, കേസിനേനി, ശരണ്യ മുതലായ പ്രൈവറ്റ് ബസ്സുകള്‍ മുതല്‍ വിവിധതരം കെഎസ്ആര്‍ടിസി, കർണാടക ആർടിസി, തമിഴ്നാട് ആർടിസി ബസ്സുകള്‍ വരെ ഇതില്‍ ഓടിച്ചു രസിക്കാം.
കെഎസ്ആര്‍ടിസിയുടെ വേണാട് മുതല്‍ സ്കാനിയ വരെയുള്ളവയുടെ ലിവെറികള് ധാരാളം ലഭ്യമാണ്. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ രണ്ടു മോഡല്‍ ഗെയിമാണ് ഇതില്‍ ഉള്ളത്. ഒന്ന് കരിയര്‍ മോഡും പിന്നെയുള്ളത് മള്‍ട്ടി പ്ലയര്‍ മോഡും. കരിയര്‍ മോഡില്‍ നമുക്ക് സ്വന്തമായി ഒരു ബസ് ലഭിക്കുകയും അത് ഒരു ബസ് ടെര്‍മിനലില്‍ നിന്നും മറ്റൊരു ബസ് ടെര്‍മിനലിലേക്ക് ട്രിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. ബസ് ടെര്‍മിനലില്‍ നിന്നും വഴിയില്‍ നിന്നും യാത്രക്കാര്‍ ബസ്സില്‍ കയറുകയും ചെയ്യും.
ബസ് റൂട്ടുകള്‍ ഗെയിം തുടങ്ങുന്നതിനു മുന്‍പായി നമുക്ക് തിരഞ്ഞെടുക്കാം. സിറ്റികള്‍, വലിയ ഹൈവേകള്‍, ഗ്രാമങ്ങള്‍, കുത്തനെയുള്ള ഹെയര്‍പിന്‍ വളവുകള്‍ ഉള്ള ചുരങ്ങള്‍.. ഇങ്ങനെ പോകുന്നു ബസ് കടന്നുപോകുന്ന റൂട്ടുകള്‍. യാത്രക്കാരെ സുരക്ഷിതമായി സ്ഥലത്ത് എത്തിച്ചാല്‍ കളിക്കുന്നയാള്‍ക്ക് പണം പോയിന്റായി ലഭിക്കും. ഇങ്ങനെ പണം കൂടുതലായി ഉണ്ടാക്കി നമുക്ക് വേറെ മോഡല്‍ ബസ്സുകളും വാങ്ങാവുന്നതാണ്.
ഈ ഗെയിം കളിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ഒരുമിച്ചു ലൈവായി കളിക്കുവാന്‍ അവസരമൊരുക്കുന്നതാണ് മള്‍ട്ടി പ്ലെയര്‍ മോഡ്. നാലുപേര്‍ക്ക് വരെ ഒരേസമയം ഇങ്ങനെ ഒന്നിച്ചു കളിക്കാം. മള്‍ട്ടി പ്ലയര്‍ മോഡ് കളിക്കണമെങ്കില്‍ മിനിമം 40000 പോയിന്റുകള്‍ വേണം. കരിയര്‍ മോഡില്‍ കളിച്ച് ഈ പോയിന്റ് നമുക്ക് ഉണ്ടാക്കാവുന്നതാണ്. ആദ്യമായി കളിക്കാരില്‍ ഒരാള്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നു. ഗ്രൂപ്പിന് പേരും പാസ് വേഡും കൊടുക്കാം. മറ്റുള്ള കളിക്കാര്‍ ഈ പേരും പാസ് വേഡും ഉപയോഗിച്ച് ഗ്രൂപ്പില്‍ കയറാവുന്നതാണ്. നാലുപേരും OK കൊടുത്താല്‍ ഗെയിം ആരംഭിക്കുകയായി. ഈ മോഡില്‍ പ്രത്യേകിച്ച് പോയിന്റുകളും ടാസ്ക്കുകളും ഇല്ല. ചുമ്മാ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ബസ് ഓടിക്കുക. അത്രേയുള്ളൂ. ഈ മോഡ് ഇപ്പോള്‍ ഗെയിമുകാര്‍ ടെസ്റ്റ് എന്ന നിലയിലാണ് ഓപ്പണ്‍ ആക്കിയിരിക്കുന്നത്. അടുത്ത അപ്ഡേറ്റില്‍ മള്‍ട്ടിപ്ലയര്‍ മോഡില്‍ കുറേ ടാസ്ക്കുകള് വരാന്‍ സാധ്യതയുണ്ട്.
കൂടുതല്‍ ആളുകള്‍ ഇത് കളിക്കുവാന്‍ തുടങ്ങിയതോടെ ഈ ഗെയിം കളിക്കുന്നവരുടെ വാട്സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകള്‍ ധാരാളമുണ്ട് ഇപ്പോള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ഗെയിം എല്ലാവര്ക്കും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതുവരെ ഇതിനെക്കുറിച്ച് അറിയാത്തവര്‍ ഒന്ന് കളിച്ചു നോക്കൂ. കൂടുതല്‍ വിവരങ്ങള്‍ മുകളിൽ കൊടുത്തിട്ടുള്ള വീഡിയോ കണ്ടാൽ മനസിലാകും.