ആരോഗ്യപരമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും നടക്കാൻ കഴിയാത്തവർക്കും കാറുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് വളരെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ചിലപ്പോൾ ഇതിനായി അവർക്ക് ഒന്നിലധികം ആളുകളുടെ സഹായം വേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാരണം മിക്കവരും യാത്രകൾ ഒഴിവാക്കി വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടാറാണ് പതിവ്. എന്നാൽ ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വൈക്കം സ്വദേശിയായ ആദർശ് ബാലകൃഷ്‌ണൻ എന്ന യുവാവ്.
നടക്കുവാൻ പ്രയാസമുള്ള സ്വന്തം അമ്മയ്ക്കു കാറിൽ കയറുവാനും ഇറങ്ങുവാനും വേണ്ടിയുള്ള ഉപകാരണത്തിനായി ആദർശ് പലയിടത്തും അന്വേഷിക്കുകയുണ്ടായി. എന്നാൽ ഇത്തരത്തിലുള്ള സംവിധാനം വാങ്ങുന്നതിനു അഞ്ചു ലക്ഷത്തിലധികം വിലവരുമെന്നാണ് അദ്ദേഹത്തിന് അറിയുവാൻ സാധിച്ചത്. അതോടെ അത് വാങ്ങുവാനുള്ള ഉദ്യമം അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഈ ഉദ്യമം പൂർണ്ണമായും ഉപേക്ഷിച്ചു മടങ്ങുവാൻ ആദർശ് ഒരുക്കമായിരുന്നില്ല. എന്തുകൊണ്ട് ഇത്തരമൊരു ഉപകരണം സ്വന്തമായി വികസിപ്പിച്ചെടുത്തുകൂടാ എന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങി. ആ ചിന്തകൾ എത്തിച്ചേർന്നത് ശരിക്കും ഇതുപോലൊരു ഉപകരണം സ്വന്തമായി ഉണ്ടാക്കുന്നതിൽ ആയിരുന്നു.
അതിനായി ആദ്യം ആദർശ് ചെയ്തത് തൻ്റെ ഹ്യുണ്ടായ് വെർണ കാറിലെ മുന്നിലെ സീറ്റ് (കോ -ഡ്രൈവർ സീറ്റ്) പരിഷ്‌ക്കരിക്കുകയായിരുന്നു. സീറ്റ് പൂർണ്ണമായും തെന്നി നീക്കാവുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തി. സീറ്റിനടിയിലെ ലോക്ക് അഴിച്ചു കഴിഞ്ഞാൽ അത് പൂർണ്ണമായും വശങ്ങളിലേക്ക് തിരിക്കാവുന്ന രീതിയിലാകും. അങ്ങനെ ഡോർ തുറന്നതിനു ശേഷം സീറ്റ് പുറത്തേക്ക് തിരിച്ചു വെക്കുവാൻ സാധിക്കും. ഇനി ഈ സീറ്റ് പുറത്തേക്ക് തെന്നിച്ചു തന്നെ എടുക്കണം. അതിനായി വീൽ ചെയർ മാതൃകയും ഒരു ചെറിയ വണ്ടി ഉണ്ടാക്കുകയാണ് ആദർശ് ചെയ്തത്. ഈ വണ്ടിയിലേക്ക് പുറത്തേക്ക് അഭുമുഖമായി വെച്ച സീറ്റ് പതിയെ തെന്നിച്ച് കയറ്റാം. സ്വന്തമായി നിർമ്മിച്ച ഈ വണ്ടിയിൽ സീറ്റ് കയറിക്കഴിഞ്ഞാൽ അത് ലോക്ക് ചെയ്യുവാനുള്ള സൗകര്യവും സെറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ സീറ്റ് കാറിൽ നിന്നും പൂർണ്ണമായും വിട്ട് വീൽചെയർ മാതൃകയിൽ ആകും.
ഇനി വയ്യാത്ത ആളെ ഈ വണ്ടിയിൽ വീൽ ചെയറിൽ എന്നപോലെ ഉന്തിക്കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കാം. അതിനുശേഷം സീറ്റ് തിരികെ കാറിൽ ഫിറ്റ് ചെയ്യുകയും ചെയ്യാം. ഇതേ മാതൃകയിൽത്തന്നെ ആളുകളെ കാറിലേക്ക് കയറ്റുകയും ചെയ്യാം. ഇതെല്ലാം ചെയ്യുവാൻ ഒരാളുടെ സഹായം മാത്രമേ ആവശ്യമുള്ളൂ. സീറ്റ് തള്ളിക്കൊണ്ടു പോകുവാൻ ഉപയോഗിക്കുന്ന ആ വീൽചെയർ വണ്ടി കാറിന്റെ ഡിക്കിയിൽ സൂക്ഷിക്കുകയും ചെയ്യാം. ഇതെല്ലാം ഇന്റർനെറ്റിൽ നിന്നുള്ള അറിവുകൾ നേടിയ ശേഷം ആദർശ് സ്വയം നിർമ്മിച്ചെടുത്തതാണ്. ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നത് എങ്ങനെയെന്നുള്ള വീഡിയോ ആദർശ് തൻ്റെ ഫേസ്‌ബുക്കിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ വൈറലായതോടെയാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആളുകൾ അറിയുന്നതും. ആ വീഡിയോ താഴെ കൊടുത്തിരിക്കുന്നു. നിങ്ങൾക്കത് കണ്ടു മനസ്സിലാക്കാവുന്നതാണ്.
വെളിച്ചം കാണേണ്ട ഇത്തരം കഴിവുകൾ തീർച്ചയായും ഒരു സ്റ്റാർട്ടപ്പ് ആയോ അല്ലെങ്കിൽ പേറ്റന്റ് എടുത്തോ ഇമ്പ്രൂവ് ചെയ്തു വിപണിയിലെത്തിച്ചാൽ അത് ഒരുപാടു പേർക്ക് അനുഗ്രഹമാകും എന്ന് ഉറപ്പാണ്. ആദർശിനെപ്പോലെ നിർമ്മാണ വൈദഗ്ധ്യമുള്ളവർക്ക് ഈ ഉപകരണം സ്വയം വികസിപ്പിച്ചെടുക്കാവുന്നതുമാണ്. ഇത്തരം ഉപകരണങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ കൂടുതലായി നിർമ്മിച്ച് വിപണിയിലെത്തിക്കുവാൻ കഴിഞ്ഞാൽ അത് വളരെ നല്ലൊരു കാര്യം തന്നെയാണ്. ഇതിനായി നമ്മുടെ സർക്കാർ മുൻകൈയെടുത്തു പ്രവർത്തിക്കും എന്നു വിശ്വസിക്കാം.