ലേഖകൻ – വിപിൻകുമാർ.
പേര്‍ഷ്യയുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും പ്രാചീനകാലത്തുതന്നെ ഇന്ത്യക്കാര്‍ വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. ഇതിന്റെ ചില സ്മാരകങ്ങള്‍ ഇന്നും കാണാം. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവിലെ സുരഖനിയിലുള്ള അഗ്നിക്ഷേത്രം (Atash-gah of Surakhani, Baku) 1745ല്‍ പഞ്ചാബില്‍ നിന്നുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡ് ഉപയോഗിച്ച് കച്ചവടം നടത്തിയിരുന്ന ഹിന്ദു-സിഖ് വ്യാപാരികള്‍ക്കായി തദ്ദേശീയ ഭരണാധികാരികള്‍ പുനര്‍നിര്‍മിച്ച പഴയ സൊരാസ്ട്റിയൻ അഗ്നിക്ഷേത്രമാണ്. 1892 ല്‍ പണികഴിപ്പിച്ച ഇറാനിലെ ബന്ദര്‍ അബ്ബാസിലുള്ള വിഷ്ണുക്ഷേത്രം സമാനമായ മറ്റൊരു നിര്‍മ്മിതിയാണ്. എന്നാല്‍ പാകിസ്ഥാന്റെ ആവിര്‍ഭാവത്തോടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ സാധ്യമല്ലാതെയായി.
തെക്കന്‍ ഇറാന്‍ തീരത്തെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമാണ് ഛബഹാര്‍. അറബ് രാജ്യങ്ങള്‍ അറേബ്യന്‍ ഗള്‍ഫെന്നും ഇറാന്‍ പേര്‍ഷ്യന്‍ ഗള്‍ഫെന്നും വിളിക്കുന്ന കടലിടുക്കിലേക്ക് സുഗമമായി കടക്കാവുന്നതിനാല്‍ പണ്ടുമുതല്‍ക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖം. ഇന്ത്യയ്ക്ക് പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയും എന്നതാണ് ഛബഹാറിന്റെ പ്രാധാന്യം. ഇതോടെ ഇന്ത്യയില്‍നിന്നും തിരിച്ചുമുള്ള ചരക്കുകൂലിയില്‍ ഗണ്യമായ കുറവ് വരുത്താനും മധ്യേഷ്യയും യൂറോപ്പുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും സാധിക്കും.
ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖവും ഛബഹാറില്‍നിന്നു 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവും വികസിപ്പിച്ച് വ്യാപാരരംഗത്ത് മുന്നേറ്റം കാഴ്ചവെച്ച ചൈനയുടെ നീക്കത്തിന് ബദലായിക്കൂടിയാണ് ഇന്ത്യ ഛബഹാര്‍ പദ്ധതിയെ കാണുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലുടനീളം വാണിജ്യരംഗത്തു മേല്‍ക്കൈ നേടാന്‍ വേണ്ടി ചൈന ഗ്വാദര്‍ തുറമുഖത്തു കോടികള്‍ മുടക്കി വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊട്ടടുത്തുള്ള ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം നേടാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
ഗ്വാദറിന് 80 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഛബഹാര്‍ തുറമുഖം നിര്‍മാണം തുടങ്ങിയത് ഷാ ഭരണകാലത്താണ്. ഇസ്ലാമികവിപ്ലവവും ഇറാന്‍-ഇറാഖ് യുദ്ധവും പദ്ധതിയെ മന്ദീഭവിപ്പിച്ചു. ഷഹീദ് കലന്തേരി, ഷഹീദ് ബഹേഷ്ടി എന്നീ രണ്ടു തുറമുഖങ്ങള്‍ ചേര്‍ന്നതാണ് ഛബഹാര്‍ തുറമുഖം (ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം നല്‍കുകയും പിന്നീട് ഭീകരാക്രമണത്തില്‍ രക്തസാക്ഷികളാവുകയും ചെയ്തവരാണ് കലന്തേരിയും ബഹേഷ്ടിയും). 2003ല്‍ ആദ്യഘട്ടം പൂര്‍ത്തിയായി.
2003 ല്‍ വാജ്പേയി സര്‍ക്കാറിന്റെ കാലത്താണ് ഇന്ത്യയും ഇറാനും ഛബഹാര്‍ തുറമുഖ വികസനത്തെക്കുറിച്ച് ധാരണയിലെത്തിയത്. പ്രാദേശികമായ പരസ്പരബന്ധം ഊട്ടിയുറപ്പിക്കുക ലക്ഷ്യമായിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാറിന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായില്ല. 2014ല്‍ വീണ്ടും എന്‍ഡി എ അധികാരത്തിലെത്തിയതോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു.
2015 മേയില്‍ അന്നത്തെ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ഛബഹാര്‍ തുറമുഖ വികസനകരാറില്‍ ഇറാന്‍ പോര്‍ട്സ് ആന്റ് മാരിടൈം ഓര്‍ഗനൈസേഷനുമായി ധാരണയിലെത്തി. പാശ്ചാത്യരാജ്യങ്ങള്‍ ഇറാനെതിരെയുള്ള ഉപരോധത്തില്‍ ഇളവുവരുത്തിയതും പിന്നാലെ പ്രധാനമന്തി നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനവും പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. 2016ല്‍ ഛബഹാര്‍ തുറമുഖവികസന കരാറും ത്രികക്ഷി ചരക്ക് വാണിജ്യ കരാറും ഇറാനും അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഒപ്പുവെച്ചു.
കരാര്‍ പ്രകാരം ഷഹീദ് ബഹേഷ്ടി തുറമുഖത്തിന്റെ രണ്ടു ടെര്‍മിനലുകളുടെയും അഞ്ചു മള്‍ട്ടി-കാര്‍ഗോ ബെര്‍ത്തുകളുടെയും നിയന്ത്രണവും വികസനവും ഇന്ത്യയ്ക്കായിരിക്കും. കൂടാതെ, ഛബഹാറിനെ അഫ്ഗാന്‍ നഗരങ്ങളുമായി റോഡ്,റയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്ന ഛബഹാര്‍-സഹേദന്‍-സറന്‍ജ് ഇടനാഴിയുടെ നിര്‍മാണം സംബന്ധിച്ച ത്രികക്ഷി കരാറിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ പ്രസിഡെന്റ് ഹസ്സന്‍ റൂഹാനിയും അഫ്ഗാന്‍ പ്രസിഡെന്റ് അഷ്റഫ് ഗനിയും ഒപ്പുവെച്ചിട്ടുണ്ട്. അഫ്ഗാനിലെ സറന്‍ജ്-ദെലറാം പാത ഇന്ത്യ 2009ല്‍ പൂര്‍ത്തിയാക്കി അഫ്ഗാനിസ്ഥാന് കൈമാറിയിരുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്കുള്ള വാണിജ്യസൗകര്യം മെച്ചപ്പെടുത്തുകയാണ് ഈ പാതയുടെ ലക്ഷ്യം. ഈ പാത മൂന്നു രാജ്യങ്ങള്‍ക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്കുനീക്കം സുഗമമാക്കും.
അഫ്ഗാനിസ്ഥാന്‍ ഇതുവരെ കറാച്ചി വഴിയുള്ള ഒരേയൊരു സമുദ്രമാര്‍ഗമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇനി അതിന്റെ ആവശ്യമില്ല. അഫ്ഗാന്റെ വിദേശനയ രൂപീകരണത്തില്‍ പാകിസ്ഥാന്റെ അപ്രമാദിത്വം കുറയ്ക്കുവാന്‍ ഇതുവഴി സാധിക്കും. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകും. ഛബഹാര്‍ തുറമുഖത്തെ പാകിസ്ഥാനെതിരെ ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും തജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനികതാവളങ്ങളായ ഫാർഖോർ, അയ്നി വ്യോമതാവളങ്ങളിലേക്ക് കരമാര്‍ഗമുള്ള പ്രവേശനം ഛബഹാര്‍ സാധ്യമാക്കുന്നത് പാകിസ്ഥാന്റെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമാണ് ഛബഹാര്‍. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനമാണ് ഇന്ത്യ ഏറ്റെടുത്തത്. കാര്‍ഗോ ബെര്‍ത്തുകളും ടെര്‍മിനലുകളും വികസിപ്പിക്കുന്നതിനായി 200 മില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യ ചെലവഴിക്കും. ഛബഹാര്‍-സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോമീറ്റര്‍ റയില്‍ പ്പാതയുണ്ടാക്കാന്‍ ഇര്‍ക്കോണ്‍ നേതൃത്വം നല്‍കും. ഇതിനായി 500 മില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യ ചെലവഴിക്കും. ഛബഹാര്‍ സ്വതന്ത്ര വ്യാപാരമേഖലയില്‍ അലൂമിനിയം പ്ലാന്റ്, യൂറിയ പ്ലാന്റ് തുടങ്ങിയവയും സ്ഥാപിക്കും. നാല്‍ക്കോയ്ക്കായിരിക്കും അലൂമിനിയം പ്ലാന്റിന്റെ നിര്‍മാണച്ചുമതല.
അഞ്ച് കടല്‍ പ്പാലങ്ങളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ ശേഷി വര്‍ധിപ്പിച്ച ഛബഹാര്‍ തുറമുഖം 2017 ഡിസംബര്‍ മൂന്നിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉദ്ഘാടനം ചെയ്തു. ഛബഹാറിലേക്കുള്ള ഇന്ത്യയുടെ ആദ്യ കയറ്റുമതി 15,000 ടണ്‍ ഗോതമ്പായിരുന്നു. 2017 ഒക്‍ടോബറില്‍ അയച്ച ചരക്ക് നവംബര്‍ 11-ന് അഫ്ഗാനിസ്ഥാനിലെ സരണ്‍ജില്‍ എത്തി. മധ്യേഷ്യയിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയിലെയും ട്രാന്‍സിറ്റ് ഹബ്ബായി ഛബഹാര്‍ തുറമുഖത്തെ മാറ്റുകയാണ് ഇറാന്റെ ലക്ഷ്യം. വടക്കുകിഴക്കന്‍ യൂറോപ്പുമായി വ്യാപാരബന്ധത്തിന് റഷ്യയില്‍ക്കൂടി പുതിയപാതയും ഇറാന്‍ ആലോചിക്കുന്നുണ്ട്. ഇറാന്റെ രാജ്യാന്തരബന്ധങ്ങളിലും ഛബഹാര്‍ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. പദ്ധതിയിലൂടെ രാജ്യാന്തരതലത്തില്‍ ഇറാനു ലഭിക്കുന്ന സഹകരണവുമ്പിന്തുണയും ഇറാനെ ഇനിയും അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനാവില്ലെന്ന സന്ദേശം അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും നല്‍കുന്നു.