തുഞ്ചത്തെഴുത്തച്ഛന്‌ ഭൂമി ഇഷ്ടദാനം നൽകിയ ചമ്പത്തിൽ തറവാട്‌

വിവരണം – സായ്‌നാഥ് മേനോൻ.

പാലക്കാട്‌ ജില്ലയിലെ അതിമനോഹരമായ , രാജകീയ പ്രൗഢിയുള്ള ചിറ്റൂർ എന്ന ഗ്രാമത്തിലാണ്‌ കേരളത്തിലെ സുപ്രസിദ്ധ സ്ഥാനി നായർ/ മന്നാടിയാർ പരമ്പര തറവാടായ ചമ്പത്തിൽ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌.ആദിചേര പാരമ്പര്യപ്പെരുമയുള്ള വെള്ളാംകൂറ്‌ ഗോത്രത്തിലെ പ്രമുഖ പരമ്പരയായ ചമ്പത്തിൽ തറവാട്‌ ചരിത്രത്തിലേക്ക് ഒന്ന് നമുക്ക്‌ എത്തിനോക്കാം.

കൊങ്ങുനാട്ടിൽ നിന്നു സംഘകാലഘട്ടത്ത്‌ (ബി.സി. 300 മുതൽ എ.ഡി. 300 വരെയുള്ള കാലയളവാണ്‌ സംഘകാലമായി കണക്കാക്കപ്പെടുന്നത്)ആദി ചേരനോടൊപ്പം സാമ്രാജ്യ വികസനത്തിനായി ആദിചേരനും , കൊങ്ങുനാട്ടിലെ നാടുവാഴികളായിരുന്ന മന്റ്രാടിയാർമാരും ( കൊങ്ങുനാട്‌ – കോയമ്പത്തൂർ , പെരിയാർ, കരൂർ, പഴനി, ദിണ്ഡിക്കൽ എന്നീ ഭാഗങ്ങൾ ചേർന്നതായിരുന്നു കൊങ്ങുനാട്‌. പ്രധാനമായും കരൂർ കാങ്കേയം ഭാഗത്ത്‌ നിന്ന്) കൂടി കേരള പ്രദേശത്തിലെക്ക്‌ വന്നു.

ആ മന്റ്രാടിയാർമാർ (കൊങ്ങുനാട്ടിൽ സംഘകാലം മുതൽക്കെ പരാമർശിക്കപ്പെട്ടിട്ട ഒന്നാണു മൻട്രം എന്ന നീതിന്യായ സഭ. ആദ്യ കാലത്ത്‌ കോടതി എന്നൊക്കെ പറയാം . ഒരു നാട്ടാമൈ രീതി. ഈ മൻട്രത്തിനു അധികാരികൾ അല്ലെൽ ഉടയോർ ആണു മൻട്രാടിയാർ. വെള്ളാംകൂറ് ഗോത്രത്തിലെ/ വെള്ളാള കൗണ്ടർ / ജന്മികളിൽ പ്രധാനികളായിരുന്നു ഇവർ . ചേരരാജാക്കന്മാരാൽ ലഭിച്ച പദവിയാണ് മൻട്രാടിയാർ). ആറു ഗോത്രങ്ങൾ / 20 പരമ്പരയായി കേരളം തമിഴകത്തിന്റെ ഭാഗമായിരുന്ന സംഘകാലഘട്ടത്ത്‌ , പാലക്കാടിന്റെ കിഴക്കൻഭാഗങ്ങളിൽ വന്നു ചേർന്ന് തറ , ദേശം , നാട്‌ എന്നിവ രൂപപ്പെടുത്തി ഭരണഭാരം ഏറ്റെടുത്തു തങ്ങളുടേതായ സ്വരൂപം അഥവാ അധികാര കേന്ദ്രങ്ങൾ കെട്ടിപ്പടുത്തുയയർത്തി. 6 ഗോത്രങ്ങളിൽ നാലു ഗോത്രങ്ങൾക്ക്‌ സഗോത്രങ്ങൾ ഉണ്ട്‌ (സഗോത്രങ്ങൾ – പരസ്പരം പുലയാചരിക്കേണ്ടവർ ആണു ഗോത്രം(കുലം, കൂട്ടം) അധിഷ്ഠിതമായ ചേരവംശജരുടെ കുടുംബ കെട്ടുറപ്പിന്റെ പാരമ്പര്യമാണിത്).

ഗോത്രം 1 : അങ്കരാത്ത്‌ – നല്ലേപ്പിള്ളി (ഇന്നു കാണുന്ന തലമുറയുമായി ബന്ധമില്ല), ചമ്പത്തിൽ – ചിറ്റൂർ, ചോണ്ടത്ത്‌- നല്ലേപ്പിള്ളി (പഴയ ചോണ്ടത്ത്‌, ഇന്നത്തെ ചോണ്ടത്തുമായി ബന്ധമില്ല), വടശ്ശേരി – പുതുശ്ശേരി.

ഗോത്രം 2 : ഇരവമന്നാട്ടിൽ – കളപ്പെട്ടി, കുമരൻ ചിടയത്ത് – കുഴൽമന്നം, കൊണ്ടിശ്ശേരി – കൂടല്ലൂർ, പുളിയങ്കാളത്ത്‌ – തേങ്കുറുശ്ശി.

ഗോത്രം -3 : ഇളയാട്ട്‌ – പല്ലഞ്ചാത്തനൂർ, കവശ്ശമന്നാട്ടിൽ എന്ന കണ്ടം കണ്ടത്തിൽ – പല്ലഞ്ചാത്തനൂർ, പാട്ടത്തിൽ – മാത്തൂർ, കേനാത്ത്‌- വേങ്ങോടി, മന്നാട്ടിൽ – കണ്ണാടി.

ഗോത്രം 4 : കാരശ്ശേരി എന്ന നാനാത്ത്‌ – കുളവൻ മുക്ക്‌, നാഞ്ചാത്ത്‌ – പല്ലശ്ശന, ചേങ്ങത്ത്‌ – മാത്തൂർ, പണിക്കത്ത്‌ – കൊല്ലങ്കോട്‌, പരവത്ത്‌ – തേങ്കുറുശ്ശി, സഗോത്രം ഇല്ലാത്ത ഗോത്രങ്ങൾ – നടുവത്ത്‌- കുത്തനൂർ, പൂക്കോട്ട്‌ – വിത്തനശ്ശേരി.

ഇതിൽ ഗോത്രത്തിൽ ഉണ്ടായിരുന്ന അങ്കരാത്ത്‌, ചോണ്ടത്ത്‌, കാരശ്ശേരി , കൊണ്ടിശ്ശേരി എന്നീ പരമ്പരകൾ അന്യം നിന്നു പോയി. ഇന്നത്തെ അങ്കരാത്തും ചോണ്ടത്തും വള്ളുവനാട്ടിൽ നിന്ന് വന്ന ആ പരമ്പര നാമം ഏറ്റെടുത്ത്‌ അവിടെ താമസമുറപ്പിച്ചവരാണ്.

ഇന്നു നിലവിൽ ഉള്ളത്‌ 16 പരമ്പരകൾ ആണു. ഇവർ ചേരന്റെ തലമുറയാണു . വെള്ളാംകൂറ് ഗോത്രം അഥവ കൊങ്ങുനാട്ടിലെ വെള്ളാള കൗണ്ടർ എന്ന വിഭാഗമായിരുന്നു. കൃഷിയായിരുന്നു മുഖ്യ തൊഴിൽ. ഇവർ ഭൂപ്രഭുക്കളായിരുന്നു. അറുപത്തിനാലു പ്രാഥമിക കൊങ്ങുവെള്ളാള ഗോത്രങ്ങളിൽ ഒന്നാണു ചേരൻ ഗോത്രം . ചേരരാജധാനി കരൂർ ആയിരുന്നു എന്നാണു ചരിത്രം. അവിടെ നിന്നാണു ആദിചേരനും അദ്ദേഹത്തിന്റെ രക്തബന്ധങ്ങളായ മന്റ്രാടിയാർ മാരും കേരളപ്രദേശത്തിലേക്ക്‌ വന്നത്‌.

സംഘകാലകൃതികളിലും, കമ്പരുടെ കൃതികളിലും വെള്ളാള കൗണ്ടർ വിഭാഗത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. ഇവർ ശ്രേഷ്ഠരായാണു അറിയപ്പെടുന്നത്‌. ഒരു കാലത്ത്‌ സസ്യാഹാരികളായിരുന്നു ഇക്കൂട്ടർ. ബ്രാഹ്മണരെ പോലെ ആചാരാനുഷ്ഠാനങ്ങളൊടെ ജീവിച്ച വരായിരുന്നു ഇവർ.

ഒരു കാലത്ത്‌ കാടു പിടിച്ചു കിടന്ന കേരളത്തെ, പാലക്കാടിനെ കാർഷികഭൂമിയാക്കിയതിലും, സംസ്കാര രീതികൾ കെട്ടിപ്പടുത്തതിലും ഒക്കെ ഒരു വല്ലിയ പങ്കു ആദിചേരനും സംഘത്തിനുമുണ്ട്‌. പ്രത്യേകിച്ചു പാലക്കാടിനെ ഹരിതാഭയുള്ള ഭൂമിയാക്കി മാറ്റിയതിൽ ഈ വെള്ളാംകൂറ് ഗോത്ര പരമ്പരയ്ക്ക്‌ ഒരു വല്ലിയ പങ്കുണ്ട്‌. ഇന്ന് കേരളത്തിൽ ഉള്ള ഏത് രാജ വംശത്തെക്കാളും പഴക്കമുള്ളതാണു വെള്ളാംകൂറ് ഗോത്രക്കാർ. അധികാരചിഹ്നമായ കെട്ടാൻ കയറും വെട്ടാൻ വാളും എന്ന പദവി ലഭിച്ചവരാണിവർ.

ചമ്പത്തിൽ തറവാട്ടിലെ പുരുഷന്മാർക്ക്‌ മന്നാടിയാർ എന്നും , സ്ത്രീകൾക്ക്‌ മന്നാടിശ്ശ്യാർ എന്നും സ്ഥാനപ്പേർ ആണുള്ളത്‌. ചമ്പത്തിൽ തറവാട്ടുകാരുടെ സഗോത്രമാണ്‌ വടശേരി തറവാട്ടുകാർ. ഇവർ തമ്മിൽ വൈവാഹിക ബന്ധങ്ങൾ ഉണ്ടാകില്ല. കാരണം ഇവർ രണ്ട്‌ പരമ്പരയും പരസ്പരവും സഹോദരി സഹോദര ബന്ധമാണുള്ളത്.

ചിറ്റൂർ പാലക്കാട്ടുശ്ശേരി രാജവംശത്തിന്റെ കീഴിൽ ഉള്ള പ്രദേശമായിരുന്നു എങ്കിലും (പിന്നീട്‌ കൊച്ചി രാജവംശത്തിന്റെ കീഴിലായി) ചിറ്റൂർ ദേശത്തിന്റെ ഭരണം ചമ്പത്തിൽ തറവാട്ടുകാർക്കായിരുന്നു. കൊങ്ങുനാട്ട്‌ സൈന്യത്തിന്റെ ആക്രമണങ്ങൾ സ്ഥിരമായി നേരിട്ടുള്ള ചിറ്റൂരിനെ സ്വന്തമായി സൈന്യം ഇല്ലാത്ത പാലക്കാട്ടുശ്ശേരിക്ക്‌ സംരക്ഷിക്കാൻ കഴിയാതെ ആയി എന്നും, നാട്‌ സംരക്ഷിക്കാൻ ചമ്പത്തിൽ തറവാട്ടുകാർക്ക്‌ രാജപദവി നൽകി, ചിറ്റൂരും അതിനോട്‌ ചേർന്നുള്ള മറ്റു ദേശങ്ങളും സംരക്ഷിച്ച്‌ വാഴാൻ കൽപ്പിച്ചു.

ചമ്പത്ത്‌ രാജാവും , അച്ചോത്ത്‌ തറവാട്ടുകാർ മന്ത്രിയായും, നാലു വീട്ടിൽ മേനോന്മാർ ( അമ്പാട്ട്‌ തച്ചാട്ട്‌ പുറയത്ത്‌ എഴുവത്ത്‌) സൈന്യാധിപന്മാരുമായും ചിറ്റൂർ ദേശം വാണു . ചിറ്റൂർ ഭഗവതി , ഇവരോടൊപ്പം ചേർന്ന് കൊങ്ങു സൈന്യത്തിനെതിരെ യുദ്ധം ചെയ്ത്‌ തോൽപ്പിച്ചതിന്റെ സ്മരണയ്ക്കാണ്‌ കൊങ്ങൻ പട കേരളത്തിലെ ഒരേ ഒരു രണോത്സവം നടക്കുന്നത്‌. കരം പിരിക്കാനും, നീതിന്യായങ്ങളിൽ തീർപ്പ്‌ കൽപ്പിക്കാനും ചമ്പത്തിൽ തറവാട്ടുകാർക്ക്‌ അധികാരം ഉണ്ടായിരുന്നു. അധികാരി പദവിയും കാലാന്തരത്തിൽ ഇവർക്ക്‌ കൈ വന്നു .

ജന്മി പരമ്പരയായിരുന്ന ഇവർക്ക്‌ ചിറ്റൂർ,പൊൽപ്പുള്ളി, കമ്പിളി ചുങ്കം തുടങ്ങി അനവധി പ്രദേശങ്ങളിൽ ഭൂസ്വത്തുണ്ടായിരുന്നു. അത്‌ പോലെ പല പ്രദേശങ്ങളിലായി കളങ്ങളും ഉണ്ടായിരുന്നു. 20000 പറ പാട്ടം ലഭിച്ചിരുന്നു ഒരു കാലത്ത്‌.

മുന്നൂറോളം വർഷം പഴക്കം വരുന്ന നാലുകെട്ടാണ്‌ ചമ്പത്തിൽ തറവാട്‌ . പഴമയുടെ ഭംഗി എടുത്ത്‌ കാണിക്കുന്ന മനോഹരമായ തറവാട്‌ 3 നിലകളിലായാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. വിസ്തൃതിയുള്ള പൂമുഖവും, വലിയ അകത്തളങ്ങളും, വല്ലിയ നടുമുറ്റവും, രണ്ട്‌ നിലകളിലായി ഇരുപത്തഞ്ചോളം മുറികളും നമുക്ക്‌ തറവാട്ടിലേക്ക്‌ പ്രവേശിച്ചാൽ കാണാൻ ആകും. തട്ടുകൾക്കോ , നിർമ്മിതിക്കോ കാലപ്പഴക്കം ഏറ്റിട്ടില്ലാ. ചെറിയ മുറികളിൽ നല്ല തണുപ്പ്‌ ഉള്ളതിനാൽ വേനൽക്കാലത്തും ഇവിടം സ്വർഗ്ഗം തന്നെ. രണ്ടാമത്തെ നിലയിലെ മട്ടുപ്പാവ്‌ ഈ തറവാടിന്റെ ഒരു പ്രത്യേകതയാണ്‌ . തറവാടിന്‌ ചുറ്റുമുള്ള നീളൻ വരാന്തയും, മനോഹരമായ ഗോവണികളും, കിളിവാതിലുകളും, നടുമുറ്റത്തിന്‌ ചുറ്റുമായുള്ള തൂണുകളും തറവാട്ടിന്‌ ഭംഗിക്കൂട്ടുന്നു.

ഒരു കാലത്ത്‌ ഇവിടെ ആറ്‌ അടുക്കള ഉണ്ടായിരുന്നുവത്രേ . അപ്പോൾ ആലോചിച്ചു നോക്കൂ ആ കൂട്ടുകുടുംബത്തിന്റെ വലുപ്പം. മൂന്ന് പത്തായപ്പുരകളും പഴയ കാർ പോർച്ചും, തറവാടിനോട്‌ ചേർന്നായുണ്ട്‌. പണ്ട്‌ പടിപ്പുരയും ഈ വാസ്തുസമുച്ചയത്തിൽ ഉണ്ടായിരുന്നുവത്രേ. തറവാടിനോട്‌ ചേർന്ന് ഒരു വലിയ കുളം ഉണ്ട്‌ . ചമ്പത്തുകാർ നിർമ്മിച്ച കുളമാണത്‌. ഇന്നത്‌ ചിറ്റൂരിലെ ജനങ്ങൾക്ക്‌ കൂടി ഉപകാരപ്രദമായി മാറി. ഞാൻ വരെ കണ്ടതിൽ വച്ച്‌ വളരെ വിത്യസ്തമായ വാസ്തുഭംഗിയാണ്‌ ഈ തറവാടിനുള്ളത്‌ . കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ തറവാട്‌ ഭംഗിയോടെ കാത്തുസൂക്ഷിക്കാൻ ഇവിടുത്തെ അംഗങ്ങൾക്ക്‌ കഴിയുമാറാകട്ടെ

ചമ്പത്തുകാരുടെ അടിമക്കാവ്‌ ചിറ്റൂർ ഭഗവതി ക്ഷേത്രമാണ്‌ . ചിറ്റൂർ കാവിലെ ഭഗവതിയുടെ വാളും ചിലമ്പും സൂക്ഷിക്കുന്നത്‌ ചമ്പത്തിൽ തറവാട്ടിലെ മച്ചിലാണ്‌ . ഇവിടെ കെടാവിളക്കുണ്ട്‌ .കൊങ്ങൻ പടയ്ക്ക്‌ എല്ലാ വേലകളും ഇവിടെ നടുമുറ്റത്ത്‌ മച്ചിൽ തൊഴുത്‌ വണങ്ങി കളിച്ചാണ്‌ കാവിലേക്ക്‌ പോവുക . ചിറ്റൂർ കാവിലെ എല്ലാ ചടങ്ങുകൾക്കും ചമ്പത്തിൽ തറവാട്ടുകാർക്കും , തറവാടിനും പ്രാധാന്യമുണ്ട്‌. കൊങ്ങൻ പടയ്ക്ക്‌ മുന്നെയുള്ള കണ്യാർ കുറിക്കുന്ന ചടങ്ങിന്‌ ക്ഷണിക്കാനായി നാല്‌ വീട്ടിൽ മേനോന്മാർ ചമ്പത്തിൽ തറവാട്ടിൽ വന്ന് ക്ഷണിക്കുന്ന ചടങ്ങ്‌ കാലങ്ങളായി ഒരു മുടക്കവും ഇല്ലാതെ നടന്നു വരുന്നു.

ചമ്പത്തിൽ തറവാടിന്‌ മുന്നിലൂടെ പോകുന്നവർ പുറത്ത്‌ നിന്ന് മച്ചിലെ വിളക്ക്‌ തൊഴുതെ പോകാറുള്ളൂ. ചിറ്റൂർ കാവും ചമ്പത്തിൽ തറവാടും അഭേദ്യമായ ബന്ധമാണുള്ളത്‌ എന്ന് നമുക്ക്‌ ഇതിൽ നിന്ന് തന്നെ മനസിലാക്കാം അല്ലോ. ദുർഗ്ഗ ഭഗവതിയാണ്‌ ചമ്പത്തിൽ തറവാട്ടുകാരുടെ കുടുംബ പരദേവത. തറവാട്ടിൽ തന്നെ ഭഗവതിയ്ക്ക്‌ ക്ഷേത്രം പണിത്‌ പ്രതിഷ്ഠിച്ചിട്ടുണ്ട്‌ . എല്ലാ ദിവസം ഇവിടെ നമ്പൂതിരി പൂജയുണ്ട്‌. മകര മാസത്തിലെ ഉത്രം നാൾ ഭഗവതിയുടെ പിറന്നാൾ ദിനമായും പ്രതിഷ്ഠാദിനമായും ആഘോഷിക്കുന്നു. അന്ന് എല്ലാ ബന്ധുജനങ്ങളും ചമ്പത്ത്‌ തറവാട്ടിൽ ഒത്തുചേരും.

തറവാടിനോട്‌ ചേർന്നുള്ള സർപ്പകാവിൽ കന്നിയിലെ ആയില്യത്തിനും, പ്രതിഷ്ഠാദിന ദിവസവും പൂജ പതിവുണ്ട്‌.തറവാട്ടിനുള്ളിൽ ഗുരു കാരണവന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള അറ( മുറി) ഉണ്ട്‌ . അമ്മാവന്റെ അറ എന്നാണ്‌ ആ മുറി അറിയപ്പെടുക . പ്രതിഷ്ഠാദിന ദിവസം രാത്രി തറവാട്ടിലെ ആൺകുട്ടികൾ നിവേദ്യം വച്ച്‌ ഇവിടെ പൂജ ചെയ്യും . കാലങ്ങൾ ഒരുപാട്‌ പോയാലും ഇവർ ആചാരാനുഷ്ഠാനങ്ങൾക്ക്‌ മാറ്റം വരുത്തിയിട്ടില്ലാ . അത്‌ അവരുടെ പരമ്പരയ്ക്ക്‌ എന്നും ഐശ്വര്യമേകും. വിദ്യാഭ്യാസവും , പണവും വരുമ്പോൾ ഈശ്വരന്മാരെയും , ആചാരങ്ങളെയും മറക്കുന്നവർ ഈ കാലത്ത്‌ കൂടി വരുമ്പോൾ ചമ്പത്തിൽ തറവാട്ടുകാർ എല്ലാവർക്കും ഒരു മാതൃകയാണ്‌ .

വിദ്യാഭ്യാസത്തിനും , മാനുഷിക മൂല്യങ്ങൾക്കും പണ്ടു മുതലെ മുൻ തൂക്കം കൊടുത്തിരുന്നു ചമ്പത്തിൽ തറവാട്ടുകാർ . അതിനാൽ ഒരുപാട്‌ നന്മയുള്ള കാര്യങ്ങൾ ചെയ്യുവാനും, ഒരുപാട്‌ പ്രഗത്ഭർക്ക്‌ ജന്മം നൽകാനും ചമ്പത്ത്‌ തറവാട്ടുകാർക്ക്‌ കഴിഞ്ഞു . അതുമായി ബന്ധപ്പെട്ട കുറച്ച്‌ കാര്യങ്ങൾ കൂടി വായിക്കാം ഇവിടെ .

തുഞ്ചൻ മഠവും ചമ്പത്തിൽ തറവാടുമായും വളരെ അഭേദ്യമായ ബന്ധമാണുള്ളത്‌. ജന്മനാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന തുഞ്ചത്ത്‌ എഴുത്തച്ഛൻ ചിറ്റൂർ വന്ന് അഭയം പ്രാപിച്ചു. മലയാളഭാഷപിതാവിന്‌ ചിറ്റൂരിൽ ഒരു ഗുരുകുലം സ്ഥാപിക്കണം എന്നൊരു ആഗ്രഹം തോന്നി. അതിന്‌ ചമ്പത്തിൽ മന്നാടിയാരുടെ കീഴിൽ ഉള്ള ഭൂമി നാലായിരം പണത്തിന്‌ വാങ്ങുകയും, ഗുരുകുലം കാണാൻ ചെന്ന ചമ്പത്തിൽ മന്നാടിയാർ ആ നാലായിരം പണം തിരിച്ച്‌ കൊടുക്കുകയും ചെയ്തു. അത്‌ പോലെ തുഞ്ചത്തെഴുത്തച്ഛനെ ആക്രമിക്കാൻ വന്ന നെടിയിരുപ്പിലെ അക്രമികളെ തുരത്താനും ചമ്പത്തിൽ മന്നാടിയാർ നേതൃത്വം കൊടുത്തു. എഴുത്തച്ഛൻ ഏകദേശം മുപ്പത്‌ കൊല്ലത്തോളം ഇവിടെയാണ്‌ കഴിച്ച്‌ കൂട്ടിയത്‌. എന്തായാലും മലയാള ഭാഷാപിതാവിന്‌ അഭയവും ഭൂമിയും നൽകിയതിന്റെ സൽക്കർമ്മ ഫലം കാലങ്ങളോളം ചമ്പത്തിൽ തറവാട്ടുകാർക്ക്‌ ലഭിക്കും എന്നതിൽ സംശയമില്ലാ .

മഹാകവി ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ (1857-1904) – കേരള വർമ്മ വലിയ കോയിത്തമ്പുരാന്‌ ശേഷം മലയാള നാടക ചരിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ഇതിഹാസമാണ്‌ ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ. ഇദ്ദേഹമാണ് പാലക്കാടിന്റെ ആധുനിക നാടക ചരിത്രം തുടങ്ങി വയ്ക്കുന്നത്‌. തിരുവിതാംകൂർ വക്കീൽ പരീക്ഷ പാസായി 1880ഇൽ മൂവാറ്റുപ്പുഴ മുൻസിഫ്‌ കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം രണ്ട്‌ കൊല്ലത്തിന്‌ ശേഷം തൃശൂരിലേക്ക്‌ വന്ന് അവിടെ സ്ഥിര താമസമാക്കി. സംസ്കൃതത്തിലും, നാടക രചനയിലും, സംഗീതത്തിലും, സാഹിത്യത്തിലും നിപുണനായിരുന്നു ചാത്തുക്കുട്ടി മന്നാടിയാർ .

വക്കീൽ ജീവിതത്തിന്റെ ഇടയിലൂടെ അദ്ദേഹം മലയാള സാഹിത്യ നാടക ലോകത്തിന്‌ തന്റെ സംഭാവനകൾ നൽകാൻ മറന്നില്ലാ. കൊടുങ്ങല്ലൂർ കവി സദസ്സുമായും, വലിയ കോയിത്തമ്പുരാനുമായും ചാത്തുക്കുട്ടി മന്നാടിയാർക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്നു.സ്വതന്ത്ര നാടക വിവർത്തനമെന്ന നിലയിൽ രചിച്ച ഉത്തര രാമ ചരിത്രം , ജാനകി പരിണയം , തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകൾ. സംസ്കൃതബാഹുല്യമേറിയ നാടകങ്ങൾ കൂടുതൽ ഉള്ള കാലമായിരുന്നതിനാൽ , മലയാളിത്തം കൂടുതൽ ഉള്ള മന്നാടിയാരുടെ വിവർത്തനങ്ങൾക്ക്‌ സ്വീകാര്യത കൂടി.

നാടക രചനയ്ക്ക്‌ പുറമെ നാടക ക്യാമ്പ്‌ നടത്തുകയും , പാലക്കാടും , മറ്റ്‌ ഭാഗങ്ങളിലുമായി അനവധി നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു മന്നാടിയാരും കൂട്ടരും.രസിക രഞ്ജിനി എന്ന നാടകാവതരണ സംഘത്തിന്‌ രൂപം നൽകുകയും ചെയ്തു അദ്ദേഹം . നൂറിൽ പരം മുക്തകങ്ങളും, സംസ്കൃതത്തിൽ പുഷ്പഗീരീശ സ്തോത്രം എന്ന കൃതിയും, ഹാലാസ്യ മാഹാത്മ്യം പരിഭാഷയും അദ്ദേഹം രചിച്ചിട്ടുണ്ട്‌.

ചാത്തുക്കുട്ടി മന്നാടിയാർ ചതുരംഗത്തിൽ അഗ്രഗണ്യനായിരുന്നു എന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രിയും,പ്രസിദ്ധ ഡോക്ടറുമായ ശ്രീ ഡോ എ.ആർ . മേനോൻ ചാത്തുക്കുട്ടി മന്നാടിയാരുടെ പുത്രനാണ്‌ . ജീവിതത്തിന്റെ കൂടുതൽ കാലവും തൃശൂരിൽ ചിലവഴിച്ച ഈ ഇതിഹാസത്തിന്റെ ഓർമ്മയ്ക്കാണ്‌ തൃശൂർ ടൗണിലെ മന്നാടിയാർ ലെയിനിന്‌ ആ പേരിട്ടത്‌.

ബ്രിട്ടീഷ്‌ ഇന്ത്യയിൽ സേവനമനുഷ്ഠിച്ച , ചെന്നൈ പ്രസിഡൻസി കോളേജിലെ കെമിസ്ട്രി പ്രൊഫസർ ആയിരുന്ന ശ്രീ പാറുക്കുട്ടി മന്നാടിശ്ശ്യാർ, 1919 മുതൽ 1947 വരെ പാലക്കാട്‌ മോയൻസ്‌ ഗേൾസ്‌ ഹൈസ്കൂളിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക ആയിരുന്ന ശ്രീ ചിന്നമ്മു മന്നാടിശ്ശ്യാർ ,ബ്രിട്ടീഷ്‌ ഇന്ത്യയിൽ മദിരാശി സംസ്ഥാനത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്ന ശ്രീ ബാലകൃഷ്ണ മന്നാടിയർ , മദ്രാസ്‌ ഹൈക്കോർട്ടിൽ അഡ്വക്കേറ്റ്‌ ആയിരുന്ന , 1897 ഇൽ സ്ഥാപിതമായ മലയാളി ക്ലബിന്റെ ആദ്യകാല സജീവപ്രവർത്തകനായ ശ്രീ വാസുദേവ മന്നാടിയാർ , പ്രശസ്ത ഭിഷഗ്വരന്മാരായിരുന്ന ഡോ. രാമനുണ്ണി മന്നാടിയാർ ,ഡോ. തങ്കം മന്നാടിശ്ശ്യാർ എന്നിവർ ഈ തറവാട്ടിലെ പ്രമുഖരാണ്‌ .

ശ്രീ ഗോപീശങ്കര വലിയ മന്നാടിയാർ ആണ്‌ ഇപ്പോഴത്തെ തറവാട്ട്‌ കാരണവർ. തറവാട്ടമ്മ ശ്രീ സുശീല വലിയ മന്നാടിശ്ശ്യാർ ആണ്‌ . ഏകദേശം മുന്നോറോളം അംഗങ്ങൾ ഉണ്ട്‌ ഇന്നീ പരമ്പരയിൽ. എലപ്പുള്ളി സർവ്വീസ്‌ കോ ഓപ്പറേറ്റീവ്‌ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്ന ശ്രീ സുജ്യോതി മന്നാടിശ്ശ്യാരും കുടുംബവും ആണ്‌ ഇന്ന് തറവാട്ടിൽ താമസിക്കുന്നത്‌. കാലങ്ങൾ എത്ര കഴിഞ്ഞാലും ചമ്പത്തിൽ തറവാടിന്റെ നാമവും ഉയർന്ന് കേൾക്കും. അതുറപ്പ്‌.

ചമ്പത്തിൽ തറവാട്ടിൽ എന്നെ സ്വീകരിച്ച്‌ , ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞു തരികയും , തറവാട്‌ എല്ലാം കാണിച്ചു തരികയും ചെയ്ത ജ്യോതി ചേച്ചിയ്ക്കും കുടുംബത്തിനും , , വെള്ളാംകൂറ്‌ ഗോത്ര ചരിത്രം വിവരിച്ചു തന്ന , വെള്ളാം കൂറ് ഗോത്ര ചരിത്ര ഗവേഷകൻ കൂടിയായ ശ്രീ പൂക്കോട്ട്‌ നടരാജൻ അങ്കിളിനോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു.