വിവരണം – മുഹമ്മദ് ഉനൈസ് പി.
ട്രെക്കിങ്ങിന്റെ ലഹരി നുണഞ്ഞവര്‍ക്ക് അതൊരു ആവേശമാണ്. വഴിയിലെ ഓരോ മണ്തരിയെയും പുല്‍കൊടിയെയും തൊട്ടറിഞ്ഞുള്ള ട്രെക്കിങ്ങുകള്‍ മറ്റുയാത്രകളില്‍ നിന്ന് എന്നും വേറിട്ടു നില്ക്കുന്നു. മഹാരാഷ്ടയിലെ എന്റെ ഒരോ ട്രെക്കിങ്ങിനും ഒരോ കഥ പറയാനുണ്ട്. കാഴ്ച്ചകളുടെയും വിസ്മയത്തിന്റെയും അനുഭൂതികള്‍ നിറഞ്ഞ ഏടുകള്‍. സഹനത്തിന്റെ പുനരുജ്ജീവനത്തിന്റെയും കഥകള്‍. എന്നാല്‍ അവസാനമായി നടത്തിയ ചണ്ടേരി(ചന്ദേരി – Chanderi Fort) ഫോര്‍ട്ട് ട്രെക്കിങ്ങിനു പറയാനുള്ളത് വേറിട്ടൊരു അനുഭവമാണ്. സഹയാത്രികരുടെ വേദനക്ക് കാരണം ഞങ്ങളാണെന്നറിയുമ്പോഴുള്ള മനപ്രയാസം. യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ക്കു ലഭിച്ച നിര്‍വൃതിക്ക് കാരണാമാകന് കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യം. തീരെ ട്രെക്കിങ്ങ് ചെയ്യാത്തവരെയും കൊണ്ട് എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടുള്ള ചന്ദേരി ഫോര്‍ട്ടിലേക്ക് പോയപ്പോള്‍ അവരുടെ മുഖത്ത് പ്രതിഫലിച്ച പല ഭാവഭേദങ്ങള്‍.
കഴിഞ്ഞ ഒരു വര്‍ഷമായി മഹാരാഷ്ട്രയില്‍ സ്ഥിരമായി ട്രെക്കിങ്ങു ചെയ്തു വരുന്നു. ആദ്യ കുറച്ചു ട്രെക്കിങ്ങുകള്‍ ഒറ്റക്കു ചെയ്തു. പിന്നീട് കൂടെ പലരും വന്നു. അനീഷ് ഏട്ടന് മുതല്‍, സുമേഷ്, മിഥുന്, പ്രകാശ്, അങ്ങനെ പലരും. ഇവരെല്ലാവരും ട്രെക്കിങ്ങിനു നല്ല താത്പര്യവും മുമ്പ് കുറച്ച് ട്രെക്കിങ്ങ് ചെയ്തവരുമാണ്. അത്കൊണ്ട് തന്നെ ഇപ്പോള്‍ പ്ലാനിങ്ങ് ഒരു പ്രയാസമല്ല. പോകാനുദ്ദേശിക്കുന്ന ട്രെക്കുകള്‍ ആദ്യമേ ലിസ്റ്റ് ചെയ്ത് വച്ചിട്ടുണ്ട്. സൗകര്യത്തിനായി പല കാറ്റഗറികളായി തിരിച്ചിട്ടുമുണ്ട്. കാലാവസ്ഥക്കും ലീവ് കിട്ടുന്നതിനും അനുസരിച്ച് ലിസ്റ്റില്‍ പലതിന്റെയും സ്ഥാനം മാറിക്കൊണ്ടിരിക്കും. ട്രെക്കിങ്ങു ചെയ്തു കഴിഞ്ഞു വന്നാല്‍ ഉടനടി ലിസ്റ്റില്‍ നിന്ന് അതിന്റെ പേരു വെട്ടും.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ബദ്ലാപൂരിനടുത്താണ് (Badlapur) ചന്ദേരി ഫോര്‍ട്ട്. ചന്ദേരി ഫോര്ട്ടിലേക്ക്് പന്‍വേല്‍ ഭാഗത്തുനിന്നും ബദ്ലാപൂര് ഭാഗത്ത് നിന്നും ട്രെക്കിങ്ങ് ചെയ്ത് വരാം. പന്‍വേലില്‍ നിന്ന് 16KM അകലെയുള്ള താംസൈ(Tamsai) വില്ലേജില്‍ നിന്ന് ട്രെക്കിങ്ങ് തുടങ്ങുകയാണെങ്കില്‍ ഫോര്‍ട്ട് വരെ 3.5 KM മാത്രം. എന്നാല്‍ താംസൈ എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ഒന്നോ രണ്ടോ പേര് പോകുകയാണെങ്കില്‍. വില്ലേജിലേക്ക് നേരിട്ട് ബസ് സര്‍വ്വീസ് ഇല്ല. അല്ലെങ്കില്‍ പന്‍വേലില്‍ നിന്ന് താംസൈ വരെ ‘ടാസ്കി’ വിളിക്കേണ്ടി വരും. അതു കൊണ്ട് തന്നെ ഞങ്ങള്‍ ബദ്ലാപൂര് ഭഗത്തുള്ള ചിഞ്ചാവലി (Chinchavali) വില്ലേജില്‍ നിന്ന് ട്രെക്കിങ്ങ് തുടങ്ങി, അതുവഴി തന്നെ തിരിച്ചു പോകാനുള്ള പ്ലാന്‍ റെഡിയാക്കി.
ചിഞ്ചാവലിയില്‍ നിന്ന് ട്രെക്കിങ്ങ് തുടങ്ങുകയാണെങ്കില്‍ മുകളിലെത്താന്‍ 6 KM സഞ്ചരിക്കണം. ആകെ 12 KM മാത്രമുള്ള ചന്ദേരി ട്രെക്ക് എങ്ങനെ ഹാര്‍ഡ് ട്രെക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്ന ചോദ്യം ഇപ്പോഴും ബാക്കി. മുംബൈ കര്‍ജാട്ട് ലോക്കല്‍ ട്രെയിന്‍ റൂട്ടിലാണ് ബദ്ലാപൂര് സ്ഥിതി ചെയ്യുന്നത്. ബദ്ലാപൂരില് നിന്നും കാര്ജാട്ട് ഭാഗത്തുള്ള തൊട്ടടുത്ത ലോക്കല്‍ സ്റ്റോപ്പായ വാന്‍ഗനൈയില്‍ നിന്നും ചിഞ്ചുവാലിയില് എത്താം. ബദ്ലാപൂരില് നിന്ന് 10 KM-ും വാന്‍ഗനൈയില്‍ നിന്ന് 8KM-ും മാറിയാണ് ചിഞ്ചുവാലി സ്ഥിതിചെയ്യുന്നത്. ഈ രണ്ട് സ്റ്റോപ്പുകള്‍ക്കിടയിലുള്ള ഒരു ചെറിയ ടൗണ്‍ ആണ് കസഗോണ്‍. കസഗോണിലേക്ക് ബദ്ലാപൂരില് നിന്നും വാന്‍ഗനൈയില്‍ (Vangani) നിന്നും എപ്പോഴും ഷെയര്‍ ഒട്ടോ കിട്ടും. കസഗോണില് (Kasagaon) നിന്ന് നടക്കാവുന്ന ദൂരം മാത്രമേയുള്ളു ചിഞ്ചാവലിയിലേക്ക്, വെറും 3 KM.
മുംബൈയില്‍ നിന്ന് കര്‍ജാട്ട് ഭാഗത്തേക്കുള്ള ആദ്യ ലോക്കലില്‍ യാത്ര പുറപ്പെട്ടാല്‍ രാവിലെ 6:20ന് വാന്‍ഗനൈ എത്താം. പെട്ടെന്ന് ഷെയര്‍ ഓട്ടോ കിട്ടിയാല്‍ 8 മണിക്ക് തന്നെ ചിഞ്ചാവലിയില്‍ നിന്ന് ട്രെക്കിങ്ങ് തുടങ്ങാം, 11 മണിക്ക് മുകളില്‍ എത്താം, ഒരു മണിക്കൂര്‍ മുകളില്‍ ചിലവഴിക്കാം, തിരിച്ച് വില്ലേജില്‍ 3 മണിക്കെത്താം. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍. എന്നാല്‍ 4 പുതിയ അതിഥികള്‍ കൂടെവരാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍, ഞങ്ങളുടെ പ്ലാനുകള്‍ തിരുത്തി ചിന്തിക്കേണ്ടിവന്നു. അതില്‍ ചിലര്‍ മുമ്പ് ഒരു ട്രെക്കിങ്ങ് പോലും ചെയ്തിട്ടില്ലെന്നറിഞ്ഞപ്പോള്‍ ചന്ദേരിഫോര്ട്ടിന്റെ ഉയരം കണക്കെ ഞങ്ങളുടെ ഭീതിയും.
ആദ്യമായാണ് 4-ല്‍ കൂടുതല്‍ പേരുമായി ട്രെക്കിങ്ങിനു പോകുന്നത്. കൂട്ടത്തില്‍ ഒരു അതിഥി കുറച്ച് ദൂരത്ത് നിന്നായതിനാല്‍ പ്ലാന്‍ ചെയ്തത് പോലെ ആദ്യ ട്രെയിനില്‍ യാത്ര പുറപ്പെടാന്‍ സാധിച്ചില്ല. അങ്ങനെ ഞങ്ങള്‍ 5 പേര് 8.30ന് വാന്‍ഗനൈ എത്തി. 9.30 ആയപ്പോഴേക്കും മറ്റേ സുഹൃത്തും എത്തി. സമയം കുറച്ചു വൈകിയതിനാല്‍ പ്ലാനിലെ അടുത്ത മാറ്റം, വാന്‍ഗനൈയില്‍ നിന്ന് ചിഞ്ചാവലി വരെ ഓട്ടോ വിളിക്കാന്‍ തീരുമാനിച്ചു. വാന്‍ഗനൈ റയില്‍വെ സ്റ്റേഷന്റെ പുറത്ത് തന്നെ രണ്ട് ഓട്ടോയിലായി ഞങ്ങള്‍ യാത്രപ്പുറപ്പെട്ടു. കസഗോണ്‍ മുതല്‍ ചിഞ്ചാവലി വരെയുള്ള റോഡ് വളരെ മോശമാണ്. വഴിയരികില്‍ ധാരാളം മാമ്പഴത്തോട്ടങ്ങള്‍ ഉണ്ട്. മനസ്സില്‍ ഒരു ലഡു പൊട്ടി, അടുത്ത സീസണില്‍ ഇവിടെ ഒന്ന് വരേണ്ടി വരും. 10.15ന് തന്നെ ഞങ്ങള്‍ ചിഞ്ചാവലിയില്‍ എത്തി. ഒരോ ഓട്ടോക്കും ചാര്‍ജായി 200 രൂപം വിതം കൊടുക്കുകയും ചെയ്തു.
ചെറിയൊരു ഗ്രാമം, കൂടിയാല്‍ 20 വീടുകള്‍. അതാണ് ചിഞ്ചാവലി. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി ഇടതു ഭാഗത്തേക്ക് ചെറിയൊരു വഴി കാണാം – ഫോര്‍ട്ടിലേക്കുള്ള വഴി. നേരം വൈകിയതിനാല്‍ തിരിച്ച് വരുമ്പോഴാകം ഗ്രാമ കാഴ്ചകള്‍ എന്ന ഉദ്ദേശ്യത്തോടെ 10.15-നു തന്നെ ഫോര്‍ട്ട് ലക്ഷ്യമാക്കി നടത്തം തുടങ്ങി. പുറപ്പെടുന്നതിനു തലേ ദിവസം തന്നെ പുതിയ സുഹൃത്തുക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രത്യകിച്ച്, 3 ലിറ്റര്‍ വെള്ളം കൊണ്ടുവരാന്‍ എല്ലാവരോടും പറഞ്ഞിരിന്നു. ട്രെക്കിങ്ങ് ഷൂവിന്റെ ആവശ്യകതയെ കുറിച്ചും ഉണര്‍ത്തിയിരുന്നു. ചിലര്‍ റണ്ണിങ്ങ് ഷൂവില്‍ വന്നപ്പോള്‍ ചിലര്‍ അത് ഗൗനിച്ചതേയില്ല. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും, എന്ന കമന്റും പാസാക്കി ഞങ്ങള്‍ നടത്തം തുടര്‍ന്നു.
ഗ്രാമത്തില്‍ നിന്ന് ഉദ്യമം തുടങ്ങുകയായി. 15 മിനുറ്റിനുള്ളില്‍ ആദ്യ പ്ലാറ്റിയു എത്തി. അപ്പോഴേക്കും തുടങ്ങിയിരുന്നു ചില അസ്വാരസ്യങ്ങള്‍. ചിലര്‍ക്ക് ശ്വാസം കിട്ടുന്നില്ല. ചിലര്‍ക്ക കാലു വേദന. ചിലര്‍ എല്ലാം സഹിച്ച് ഒന്നും മിണ്ടാതെ. എല്ലാവരും ചെറുതായി ഒന്ന് ക്ഷീണിച്ചിരിക്കുന്നു. അപ്പോഴേക്കും സുമേഷ് ക്ലാസ് എടുക്കാന്‍ തുടങ്ങിയിരുന്നു. ട്രെക്കിങ്ങ് ചെയ്യുമ്പോള്‍ ശ്വസിക്കേണ്ട രീതിയെക്കുറിച്ചും മുകളിലോട്ട് കയറുമ്പോള്‍ ശ്വാസോച്ഛാരണം എങ്ങനെ സുഗമമാക്കാമെന്നും വെള്ളം എപ്പോഴൊക്കെ, എങ്ങനെയൊക്കെ കുടിക്കണമെന്നും നന്നായി വിശദീകരിച്ചു കൊടുത്തു. ട്രെക്കിങ്ങ് ചെയ്യുമ്പോള്‍ വായ അടച്ചുപിടിച്ച് മൂക്ക് കൊണ്ട് ശ്വാസം എടുക്കാനും പുറത്തു വിടാനും ശ്രമിക്കുക. ഒരു സ്റ്റെപ്പില്‍ ശ്വാസം എടുത്ത് അടുത്ത സ്റ്റെപ്പില്‍ ശ്വാസം വിട്ട് ഒരു താളത്തിലങ്ങനെ ട്രെക്കിങ്ങ് ചെയ്യുക. ഒരിക്കലും നന്നായി കിതക്കുന്ന സമയത്ത് വെള്ളം കുടിക്കരുത്. കുറച്ച് റെസ്റ്റ് എടുത്ത് വെള്ളം കുടിക്കുക. വെള്ളം കുടിക്കോമ്പോള് ഒന്നിച്ച് കുടിച്ചിട്ട് കാര്യമില്ല. പല പ്രാവശ്യമായി ഇടവിട്ട് കുടിക്കുക. അങ്ങനെ പലമേഖലകളിലായി സുമേഷ് കത്തികയറുകയായിരുന്നു.
ഒന്നാമത്തെ പ്ലാറ്റിയുവിന്റെ മുകളില്‍ എത്തിയപ്പോള്‍, മുന്നില്‍ ഉദിച്ചുയര്‍ന്നു നില്ക്കുന്ന ഫോര്‍ട്ടിന്റെ ദൃശ്യം മനോഹരമാണ്. എന്നാല്‍ കൂട്ടത്തില്‍ ചിലര്‍ക്ക് അത് തിരിച്ചായിരുന്നു. ഇതിന്റെ മുകള്‍ ഭാഗം വരെ കയറണോ?, എന്നെക്കൊണ്ട് ഇത് കയറാന്‍ പറ്റുമോ? അങ്ങനെ പല ചോദ്യങ്ങളും വന്നു തുടങ്ങി. ഫോര്‍ട്ട് കണ്ടപ്പോള്‍ തന്നെ ചിലര്‍ക്ക് റെസ്റ്റ് എടുക്കേണ്ടി വന്നു യാത്ര തുടരാന്‍. കൊണ്ടുവന്ന ഭക്ഷണം കഴിച്ച് കുറച്ച് നേരം അവിടെ ഇരുന്നു. ഇനി പ്ലാറ്റിയുവിലൂടെ 2KM നടക്കാനുണ്ട് ഫോര്‍ട്ട് നില്ക്കുന്ന മലയുടെ ചുവട്ടിലെത്താന്‍. അതു വരെയുള്ള നടത്തം എല്ലാവര്ക്കും എളുപ്പമായിരുന്നു.
ഉയരം കൂടിയ കനം കുറഞ്ഞ പുല്തകിടികള് നിറഞ്ഞ പാറപ്പുറത്തിലുടെ നടക്കുമ്പോള്‍ ചുറ്റുമായി സ്ഥിതിചെയ്യുന്ന കുന്നുകളുടെയും പാറക്കെട്ടുകളുടെയും കാഴ്ച്ച അവിസ്മരണീയമാണ് ചില കണ്ണുകളില്‍. എന്നാല്‍ മറ്റു ചിലര്‍ക്കത് ഭീതിയുടെ ഉറവിടമാണ്. പാറപ്പുറത്ത് എപ്പോഴും വെയില് ലഭിക്കുന്ന ഭാഗത്ത് പുല്ലുകള്‍ ഉണങ്ങിയിട്ടുണ്ട്. ഇവിടെ മഴനിന്നിട്ട് ഒരു മാസത്തില്‍ കൂടുതലായി. എങ്കിലും മണ്ണ് കൂടതലുള്ള ചിലഭാഗങ്ങളില്‍ ഇപ്പോഴും പച്ചപ്പുല്ലുകള്‍ ഉണ്ട്. വഴി മധ്യേ ചെറിയൊരു നീരുറവയുണ്ട്. ചെറുതായി ഇപ്പൊഴും വെള്ളം ഒലിക്കുന്നുണ്ട്. നീരുറവ കഴിയുന്നതോടെ മലയുടെ ചുവട്ടിലെത്തി. സമയം 12 കഴിഞ്ഞിരിക്കുന്നു. മഴക്കാലത്ത് വെള്ളം കുത്തി ഒലിക്കുന്ന ചെറിയൊരു അരുവി കാണാം.
വെള്ളത്തിന്റെ ശക്തിക്കൊണ്ട് മുകളില്‍ നിന്ന് ധാരാളം പാറകള്‍ ഒലിച്ച് വന്ന് അരുവിയില്‍ നിറഞ്ഞിരിക്കുന്നു. ഈ പാറകള്‍ക്ക് മുകളിലൂടെ വേണം ഇനിയുള്ള ട്രെക്കിങ്ങ്. കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. ചിലഭാഗങ്ങളില്‍ 10 അടിയില്‍ കൂടുതല്‍ ഉയരമുള്ള പാറകള്‍ കയറാന്‍ മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്. മഴക്കാലത്ത് ഇവിടേക്കുള്ള ട്രെക്കിങ്ങ് നിരുത്സാഹപ്പെടുത്തേണ്ടതു തന്നെയാണ്. ഇനിയുള്ള പകുതി ദൂരവും ഇതു തന്നെയാണ് വഴിയുടെ അവസ്ഥ. യുഗങ്ങളുടെ മഴവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ടൊരു വഴിയിലൂടെയുള്ള ഈ ട്രെക്കിങ്ങ് എനിക്ക് വളരെ ആവേശമായിരുന്നു. മുഗളന്മാര് മുതല്‍ മറാഠകള്‍ വരെ മാറി മാറി സഞ്ചരിച്ച, ഈ വഴിയില്‍ കാണുന്ന ഒരോ ശിലകള്ക്കുമുണ്ടാകും ഓരോ കാലഘട്ടത്തിന്റെ ഒരോ കഥ പറയാന്‍. ഇപ്പോള്‍ എനിക്ക് മനസ്സിലായി എന്ത്കൊണ്ടാണ് ചന്ദേരി ഫോര്‍ട്ട് ഹാര്‍ഡ് ട്രെക്കിങ്ങ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതെന്ന്.
മലയുടെ മൂന്നിലൊന്ന് കഴിയുന്നതോടെ വഴിയൊന്ന് എളുപ്പമായി. ഇനി മുകളിലോട്ടുള്ള വഴി അത്ര ബുദ്ധിമുട്ടില്ല. പാറകള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷെ സഞ്ചരിച്ച ഭാഗത്തേക്കാള്‍ ചരിവ് കൂടുതലാണ്. അത് കൊണ്ട് തന്നെ ചില ഭാഗങ്ങളില്‍ തീരെ ഗ്രിപ്പ് കിട്ടുന്നുല്ല. ചിലര്‍ വീഴുന്നു, ചിലര്‍ എഴുന്നേല്ക്കുന്നു. ചിലര്‍ ഇനി ഒരടി മുന്നോട്ടില്ല എന്നാ വാശിയിലും. മുകളിലെത്താന്‍ വെറും 100 മീറ്റരെ കയറാനുള്ളു എന്ന് പറഞ്ഞ് പലരെയും പലതവണ പറ്റിച്ചു സുമേഷ്. അങ്ങനെ വളരെ പ്രയാസപ്പെട്ട് ചന്ദേരി കോള്‍ (Chanderi Col)ന്റെ ഭാഗത്ത് എത്തിയപ്പോഴേക്കും സമയം 1.45 പിന്നിട്ടിരുന്നു. താംസൈ വില്ലേജില്‍ നിന്ന് തുടങ്ങുന്ന വഴി കോളിന്റെ ഭാഗത്ത് വെച്ച് ചിഞ്ചാവലിയില്‍ നിന്ന് തുടങ്ങുന്ന വഴിയുമായി കൂടിച്ചേരുന്നു. ഇവിടെ വെച്ച് തന്നെ താംസൈ ഭാഗത്തെ താഴ്വാരകാഴ്ച്ചകള് കണ്ടുതുടങ്ങിയിരിക്കുന്നു.
പലരുടെ കാഴ്ച്ചയിലെ ഒരത്ഭുതമായ ഹരിഹര്‍ഫോര്‍ട്ട് പോലെ ഉയര്‍ന്ന് നില്ക്കുന്ന കലവാന്തിന് ദര്‍ഗ് അങ്ങ് ദൂരെ അരടയാളമായി കാണാം. തൊട്ടടുത്തായി പ്രഭല്ഗഡും, ഇടതുവശത്തായി ഇര്ഷല് ഗഡും. സമയം ഇപ്പോഴേ വൈകിയിരിക്കുന്നു. ഇനിയും മൂന്നില്‍ ഒരുഭാഗം കൂടി കയറാനുണ്ട് മുകളിലെത്താന്‍. ഞാന്‍ ഇനി മുകളിലേക്കില്ല, ഇവിടെ ഇരിക്കാം, നിങ്ങള്‍ കയറി കണ്ടു പോരൂ, എന്നായി പലരുടെയും മനോഭാവങ്ങള്‍. ചിലര്‍ വളരെ ക്ഷീണിച്ചത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെങ്കില്‍ ചിലര്‍ പേടി കൊണ്ടും. എന്തായാലും വീണ്ടും മലകയറാന്‍ തുടങ്ങി. അങ്ങനെ 2.45ന് ഞങ്ങള്‍ മുകളിലെ പിന്നാക്കിളിന് ചുവട്ടിലെത്തി. മുകളില്‍ നിന്നുള്ള കാഴ്ച്ചകള്‍ കണ്ട് സന്തോഷാധിക്യത്താല്‍ വീര്‍പ്പുമുട്ടി. ഇത് കണ്ട് ഞങ്ങള്‍ക്ക് ലഭിച്ച് ആത്മ സംതൃപ്തി അനിര്‍വചനീയമായിരുന്നു.
ചന്ദേരി ഫോര്‍ട്ടിലെ പിന്നാക്കിളിനു മുകളില്‍ കയറാന്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് വേണം. പിന്നാക്കിളിനു മുകളില്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശിവാജി മഹാരാജാവിന്റെ ഒരു പ്രതിമയുണ്ട്. പിന്നാക്കിളിന്റെ മുകളില്‍ കയറാന്‍ സാധിച്ചാല്‍ 360 ഡിഗ്രിയില്‍ ഒരു കിളിപോകും കാഴ്ച്ചകിട്ടും. പിന്നാക്കിളിന്റെ ചുവട്ടില്‍ ചെറിയൊരു ഗുഹയുണ്ട്. ഗുഹക്കുള്ളില്‍ ശിവന്റെയും സീതാലക്ഷ്മിയുടെയും ഗണപതിയുടെയും ഒരോ പ്രതിഷ്ഠകളുണ്ട്. ഗുഹക്കുള്ളില്‍ ടൈല്‍സ് വിരിച്ച് നന്നാക്കിയിട്ടുണ്ട്. കൂടാതെ വെള്ള നിറം പൂശി ഭംഗിയാക്കിയിട്ടുമുണ്ട്. വിജയദശമിയുടെയും മഹാനവമിയുടെയും ഭാഗമായി തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ പൂജ കഴിഞ്ഞതിന്റെ അടയാളങ്ങള്‍ ഗുഹക്കുള്ളില്‍ കാണാം. അവിടെ നിന്നുള്ള താഴ്വാര കാഴ്ച്ച അഭൗമമായ അനുഭൂതി പ്രദാനം ചെയ്യുന്നതാണ്. ദൂരെ അങ്ങകലെ പെബ് ഫോര്‍ട്ടും മാത്തേരണിന്റെ പല ഭാഗങ്ങളും കാണാം. കുറച്ചുകഴിഞ്ഞപ്പോഴേക്കും കാഴ്ച്ചകള്‍ക്ക് ഭംഗം വരുത്തും വിധം പരിസരമാകെ പുക നിറയാന്‍ തുടങ്ങി.
മുഗളന്മാരാണ് ചന്ദേരി ഫോര്‍ട്ടിന്റെ ശില്‍പ്പികള്‍. 1656-ല്‍ ശിവാജി മാഹാരാജ് ഫോര്‍ട്ട് പിടിച്ചെടുക്കുന്നതോടെ ഫോര്‍ട്ട് മറാഠാ സാമ്രാജ്യത്തിന്റെ അധീനതയിലായി. മുകളില്‍ കുറച്ചു വെള്ളം ശേഖരിക്കാനുള്ള കുഴികളൊഴിച്ച് ഫോര്‍ട്ടിന്റെ ഭാഗങ്ങളൊന്നും കാണാനില്ല, അല്ലെങ്കില്‍ നശിച്ചുപോയിരിക്കുന്നു. തൊട്ടടുത്തുള്ള പ്രദേശങ്ങളേക്കാളും മലനിരകളേക്കാളും ഉയര്‍ന്നു നില്ക്കുന്ന ചന്ദേരി ഫോര്‍ട്ട് പണ്ടുകാലത്ത് ഒരു നിരീക്ഷണ ഗോപുരമായിരുന്നു. ക്യാമ്പിങ്ങിനു പറ്റിയൊരു ഇടം കൂടിയാണ് ചന്ദേരി ഫോര്‍ട്ട്. ഉദയാസ്തമയങ്ങള്‍ അനുഭവവേദ്യമാകുന്ന ഒരിടമാണ് ഇവിടം. ട്രെക്കിങ്ങിനു വരുന്നവര്‍ക്ക് രാത്രി മുകളില്‍ പറഞ്ഞ ഗുഹയില്‍ ക്യാമ്പ് ചെയ്യാം.
ഗുഹക്കുള്ളിലും പുറത്തുമായി പാറയില്‍ വെട്ടിയെടുത്ത വെള്ളം ശേഖരിക്കാനുള്ള രണ്ട് ചെറിയ കുഴികളുണ്ട്. ഗുഹക്കുള്ളിലെ കുഴിയിലെ വെള്ളം നന്നായി മലിനമായിട്ടുണ്ട്. പുറത്ത് വലതു വശത്ത് കുറച്ച് മുകളിലായുള്ള കുഴിയിലെ വെള്ളം അത്രയങ്ങ് മലിനമായിട്ടില്ല. 3 ലിറ്റര്‍ വെള്ളവുമായി ട്രക്കിങ്ങ് തുടങ്ങിയ ഞങ്ങളുടെ വെള്ളം മുകളിലെത്തിയപ്പോഴേക്കും തീര്‍ന്നിരുന്നു. പാറക്കിടയിലൂടെ ചെറുതായി ഒലിച്ചുവരുന്ന വെള്ളം ഒരു കുപ്പിയില്‍ ശേഖരിച്ചായിരുന്നു പിന്നീടുളള യാത്ര. തിരിച്ചിറങ്ങിയപ്പോള്‍ പലയിടങ്ങളിലായി ഇതുതന്നെ ചെയ്യേണ്ടിവന്നു. 4 മണിക്ക് ഞങ്ങള്‍ തിരിച്ചിറങ്ങാന്‍ തുടങ്ങി. മുകളിലേക്ക് കയറിയപ്പോള്‍ ബുദ്ധിമുട്ടിയ ചിലര്‍ വളരെ ആവേശത്തിലായിരുന്നു താഴോട്ടിറങ്ങാന്‍. മുകളിലേക്ക് കയറിയപ്പോള്‍ ചിലര്‍ക്ക് ക്ഷീണമാണെങ്കില്‍, താഴോട്ടിറങ്ങിയപ്പോള്‍ അവര്കാലുവേദന തുടങ്ങി. കല്ലില്‍ ചവിട്ടി കൂടുതല്‍ ദൂരം നടന്നിതിനാല് കാലിനടിയില്‍ പലര്‍ക്കും വേദന ഉണ്ടായിരുന്നു. ചിലര്‍ കൊന്നാലും പുറത്തുപറയാതെ വേദന സഹിച്ചു നടന്നു, എന്നാല്‍ മുഖത്ത് അത് ശരിക്കും വ്യക്തമായിരുന്നു.
ഇപ്പോഴാണ് ട്രെക്കിങ്ങ് ഷൂവിന്റെ ഉപയാഗം എന്താണെന്ന് ഇവര്‍ക്ക് മനസ്സിലായത്. അടുത്ത ട്രെക്കിന്റെ മുമ്പായി ട്രെക്കിങ്ങ് ഷൂ വാങ്ങുമെന്ന തീരുമാനവുമായി വീണ്ടും താഴോട്ട്. ഞങ്ങള്‍ പ്ലാറ്റിയുവിലെത്തിയപ്പോഴേക്കും സൂര്യന് മലകള്ക്കപ്പുറത്തെത്തിയിരുന്നു. തിരിച്ചു പോകാന്‍ ഓട്ടോ കിട്ടണം. ഗ്രാമത്തില്‍ നിന്ന് വണ്ടികിട്ടാനുള്ള സാധ്യത വളരെ കുറവാണ്. അത്കൊണ്ട് തന്നെ രാവിലെ വന്നപ്പോള്‍ ഓട്ടോകാരന്റെ നമ്പര്‍ വാങ്ങിയിരുന്നു. ‘അരേ ഭായ്, ഹം ദസ് മിനുട്ട് കെ അംദര് ചിഞ്ചാവലി പര് പഹുംചായേഗാ’. പ്ലാറ്റിയു മുറിച്ചുകടന്നപ്പോഴേക്കും എങ്ങും ഇരുട്ട് പരന്നിരുന്നു. മൊബൈല്‍ ഫ്ളാഷിന്റെ പ്രകാശത്തില്‍ താഴെ ഗ്രാമത്തിലെത്തിയപ്പോഴേക്കും സമയം 7.30 കഴിഞ്ഞിരുന്നു. ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഓട്ടോ എത്തി. അങ്ങനെ ഒരു ഓട്ടായില്‍ 6 പേര് ഞങ്ങളും ഡ്രൈവറും വാന്ഗനൈയിലേക്ക്.
Ref : http://facebook.com/TheIndianTrails, youtube: https://www.youtube.com/c/TheIndianTrails .