ലോക്ഡൗൺ കഴിഞ്ഞ് ബസ് സർവീസ് ഒക്കെ ചെറിയ തോതിൽ ആരംഭിച്ചു. മിക്ക ബസുകളിലും യാത്രക്കാർ നന്നേ കുറവ്. അതുകൊണ്ട് തന്നെ ചെയ്ഞ്ച് കുറവായതിനാൽ ബാലൻസ് നൽകുന്നതിനും മറ്റും നന്നായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. നിങ്ങൾ യാത്രക്കാർ ചെയ്യേണ്ട ഒരേയൊരു കാര്യം ടിക്കറ്റിനുള്ള ഏകദേശ തുക (അറിയാമെങ്കിൽ കൃത്യം തുകയും) ചില്ലറയായി തന്നെ കരുതുക.
34 രൂപയുടെ ടിക്കറ്റിനു 100 രൂപയും 500 രൂപയുമൊക്കെ തരുമ്പോൾ ഒന്നോ രണ്ടോ പേർക്ക് കൊടുക്കാൻ സാധിക്കും. മറിച്ച്, എല്ലാവരും അതുതന്നെ ചെയ്താലോ? ഞങ്ങളെ പോലുള്ള കണ്ടക്ടർമാർ ഒരുപാട് ബുദ്ധിമുട്ടും അത് KSRTC ആയാലും, പ്രൈവറ്റ് ബസ് ആയാലും. ഇനി എവിടുന്നെങ്കിലും ചില്ലറ മാറി കൊടുക്കാമെന്നു വെച്ചാൽ മിക്ക സ്റ്റാന്റുകളിലും ചായക്കടകൾ, സ്റ്റാളുകൾ ഒന്നും തുറന്നിട്ടില്ല, ഉള്ള കടകളിൽ അത്ര ചില്ലറ ഒന്നും ഉണ്ടാവില്ല, ഉണ്ടെങ്കിൽ തരികയുമില്ല. കളക്ഷൻ കുറവായതിനാൽ KSRTC ഡിപ്പോകളിലും ചില്ലറ കിട്ടാൻ മാർഗ്ഗമില്ല.
ഇന്ന് തന്നെ ബാലൻസ് കൊടുക്കാനായി 2 പെട്രോൾ ബങ്കുകളിൽ നിർത്തേണ്ടി വന്നു. KSRTC യിലെ നിയമം അനുസരിച്ച് ബാലൻസ് കൊടുക്കാൻ ഒരു നിവൃത്തിയുമില്ലെങ്കിൽ ടിക്കറ്റിനു പുറകിൽ കൊടുക്കാനുള്ള തുക നോട്ട് ചെയ്‌താൽ മതി. ബാലൻസ് തുക കിട്ടേണ്ടവർ ആ ഡിപ്പോയിൽ പോയി ക്യാഷ് കൈപ്പറ്റേണ്ടതയായി വരും. അത് ചെയ്യാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ കോവിഡ് മൂലം മനുഷ്യൻ നട്ടം തിരിയുന്ന ഈ കാലത്ത് വിലയേറിയ സമയവും സാമ്പത്തീകവും നമ്മളാൽ നഷ്ടപ്പെടുത്തി ഒരാളെയും കഷ്ടപ്പെടുത്തരുത് എന്നോർത്തിട്ടാണ് എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും ചില്ലറ സംഘടിപ്പിച്ചു ബാലൻസ് തരുന്നത്.
ചില്ലറ തരണം, വേറെ നിവൃത്തിയില്ല എന്ന് യാത്രക്കാരോട് പറയുമ്പോൾ വീട്ടിലിരിക്കുന്നവരെ ചീത്ത വിളിച്ച ഭാവമാണ് ചിലർക്ക്. നമ്മളെന്തോ മഹാപാതകം ചെയ്തപോലെയുള്ള രൂക്ഷമായ നോട്ടവും. കണ്ടക്ടർമാർ, പ്രത്യേകിച്ച് KSRTC യിൽ ഒരു രൂപ പോലും ക്യാഷ് ബാഗിൽ ഇല്ലാതെയാണ് ജോലിക്ക് കയറുന്നത്, ഒരു രൂപ പോലും ബാഗിൽ ഉണ്ടാവരുതെന്നാണ് കോർപ്പറേഷന്റെ നിയമം. അഥവാ ഉണ്ടെങ്കിൽ അത് മുൻകൂട്ടി നോട്ട് ചെയ്തിരിക്കണം.
എവിടുന്നെങ്കിലും കുറച്ച് ചില്ലറയും വാങ്ങി അത് വേബില്ലിൽ നോട്ട് ചെയ്ത് ഡ്യൂട്ടി തുടങ്ങുന്ന കണ്ടക്ടർ 22 രൂപയുടെ ടിക്കറ്റിനു 50/100/200/500 ഒക്കെ തരുമ്പോൾ 2 രൂപ ചില്ലറ ചോദിക്കുന്നത് നിങ്ങൾക്ക് ബാലൻസ് തുക കൃത്യമായി നൽകാനാണ്. ഒരുപക്ഷെ 8 രൂപ ചില്ലറ ഒന്നോ രണ്ടോ പേർക്ക് കൊടുക്കാൻ കഴിഞ്ഞേക്കും. എല്ലാവരും ഇതുതന്നെ തുടർന്നാൽ ആരും ചില്ലറ തരാതിരുന്നാൽ ഞങ്ങളെവിടുന്ന് ചില്ലറ മടക്കി തരും?
ടിക്കറ്റ് തുകയ്ക്കുള്ള ചെയ്ഞ്ച് കയ്യിൽ കരുതുക എന്നുള്ളത് ഓരോ യാത്രക്കാരന്റെയും കൂടി ഉത്തരവാദിത്തമാണ്. ബസിൽ നിന്ന് ചില്ലറ കിട്ടിയെങ്കിൽ മാത്രമേ അടുത്ത യാത്രക്കാർക്ക് കൊടുക്കാൻ കഴിയൂ. അങ്ങനെ ചെയ്‌താൽ ബസ്സിലെ അനാവശ്യ തർക്കങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം. അത് പ്രൈവറ്റ് ബസ് ആണെങ്കിലും KSRTC ആണെങ്കിലും.
അതുകൊണ്ട് പ്രിയ യാത്രികരേ.. സ്നേഹിതരേ.. നിങ്ങളുടെ കൈവശം യാത്രയ്ക്ക് ആവശ്യമായ തുകകൾ ചില്ലറ ആണെങ്കിലും നോട്ടുകൾ ആണെങ്കിലും അവ കൃത്യമായി കയ്യിൽ കരുതുക. ഓരോ യാത്രയും സന്തോഷം നിറഞ്ഞതാകട്ടെ. പറ്റിയാൽ ഇക്കാര്യം വാട്സാപ്പ് വഴിയോ ഫേസ്‌ബുക്ക് വഴിയോ ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക. ഒരു KSRTC കണ്ടക്ടർ ഗതികേട് കൊണ്ട് കുറിച്ചത്.