പ്രവാസികൾക്ക് അവർ ഉപയോഗിക്കുന്ന ഒരു പുതിയ ഫോൺ നാട്ടിലേക്ക് കൊണ്ടുവരാനുള്ള അവകാശമില്ലേ? ദുബായിൽ നിന്ന് നാട്ടിലെത്തിയപ്പോൾ കൈയിലുണ്ടായിരുന്ന ഫോണിന് എയർപോർട്ടിൽ കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടിവന്ന ദുരനുഭവം വിവരിച്ച് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷഹദ് അയാർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്.
കഴിഞ്ഞ ദിവസം താൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഫോൺ 13 പ്രോ മാക്‌സ് കൊണ്ടുവന്നതിന് 25,000 രൂപയാണ് അദ്ദേഹത്തിന് നിർബന്ധിതമായി ഡ്യൂട്ടി അടക്കേണ്ടി വന്നത്. ഷഹദിൻ്റെ അനുഭവം വിവരിക്കുന്ന കുറിപ്പ് താഴെ കൊടുക്കുന്നു.
“പ്രവാസികൾക്ക് ഉപയോഗിക്കുന്ന ഒരു പുതിയ ഫോൺ നാട്ടിലേക്ക് കൊണ്ടുവരാനുള്ള അവകാശമില്ലേ?? ഇതിന്റെ നിയമവശങ്ങൾ അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് ഹെല്പ് ചെയ്യണേ. മറ്റുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ ഇതൊന്നു ദയവായി ഷെയർ ചെയ്യുക.. ഇനി മറ്റൊരാൾക്ക് ഈ ഒരവസ്ഥ ഇല്ലാതിരിക്കട്ടെ.
ഇക്കഴിഞ്ഞ 15th October 2021 സമയം 7:20 PM ആണ് കണ്ണൂരിൽ വന്നിറങ്ങിയത്. കയ്യിൽ 13/10/2021നു വാങ്ങിയ ഫോൺ, iPhone 13 Pro Max 512GB ഉണ്ടായിരുന്നു. ഫോൺ കയ്യിൽ കണ്ടപ്പോൾ ഇതിന്റെ വിലയെത്ര വരുമെന്നും ഇതിനു ഡ്യൂട്ടി കെട്ടണം എന്നുമായി. “യൂസ് ചെയ്യുന്ന ഫോണിന് എന്തിനാ സാറെ ഡ്യൂട്ടി? പാസ്സ്പോർട്ടിൽ ഞാൻ ഈ ഫോൺ തിരികെ കൊണ്ടുപൊക്കോളാം എന്നെഴുതിക്കോളൂ. ഇതെനിക്ക് ഗിഫ്റ്റ് ലഭിച്ചതും ആവാമല്ലോ?” എന്ന ചോദ്യത്തിന് കിട്ടിയ മറുപടി ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.
“50,000 രൂപയിൽ കൂടുതൽ നിങ്ങൾക്ക് കൊണ്ടുപോകാനുള്ള അവകാശമില്ല. അത് ഉപയോഗിച്ച ഫോൺ ആയാലും ശരി (didn’t even bring the box). അപ്പോൾ ഒരു 30000 രൂപ അടച്ചിട്ട് പൊയ്ക്കോളൂ. അതുവരെ ഈ ഫോണും പാസ്സ്പോര്ട്ടും ഇവിടെ പിടിച്ചുവെക്കും. ക്യാഷ് അടക്കാതെ ഇത് തരാൻപറ്റില്ല. കയ്യിൽ കാശില്ലെങ്കിൽ നാട്ടിൽ വിളിച്ചു ഏർപ്പാടാക്കി അടച്ചിട്ടു പൊയ്യ്ക്കോളൂ” എന്നാണു അവർ പറഞ്ഞത്.
3 മണിക്കൂറോളം ഇതിനായി എയർപോർട്ടിൽ വെയ്സ്റ്റ്. തന്ന ബില്ലിലാണെങ്കിൽ അനുവദിച്ച 50,000 കഴിച്ചു ഒരു ലക്ഷം വില കണക്കാക്കീട്ടുണ്ട്. അപ്പോൾ പുതിയ ഐഫോണിന് ലോകത്തെവിടെയും ഇല്ലാത്ത വിലയോ? അതായത് ഒന്നര ലക്ഷം രൂപ. ഡോക്യുമെന്റ് ബാർകോഡ് സെർച്ച് ചെയ്ത് നോക്കിയപ്പോൾ ആണെങ്കിൽ did not match with any documents!
അവസാനം ഡ്യൂട്ടി മുപ്പതിനായിരം എന്നുള്ളത് ഇരുപത്തയ്യായിരം ആക്കി. അതിനുവേണ്ടി 512 GB മാറ്റി 256 GB ആക്കിത്തന്നു (ഒരു നിയമക്കുരുക്ക്).
ഇങ്ങനൊരു നിയമം സത്യത്തിൽ ഇല്ലെന്നാണ് എന്റെ അറിവ്. ഇതിനോടകം ഇരുപതോളം രാജ്യങ്ങളിൽ യാത്ര ചെയ്ത വ്യക്തി എന്നുള്ള നിലക്ക് സ്വന്തം നാട്ടിൽ കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഇങ്ങനൊരു ദുരനുഭവം. അല്ല, പ്രവാസികൾക്ക് മാത്രമാണോ യാതൊരു ലോജിക്കും ഇല്ലാത്ത ഈ ഏർപ്പാട്? വിദേശത്തേക്ക് യാത്ര ചെയ്ത് തിരിച്ചു വരുന്ന മേലാളന്മാരൊക്കെ ഇങ്ങനെ ക്യാഷ് അടക്കാറുണ്ടോ ആവോ?
എന്നെ കൂടാതെ വേറെയും കുറേപേരെ അവിടെ ഈ അവസ്ഥയിൽ കണ്ടു. യാതൊരു മനുഷ്യത്വവുമില്ലാത്ത പെരുമാറ്റവും എന്തോ വലിയ അധികാരം ഉണ്ടെന്നുള്ള ഹുങ്കും. ഇതെന്തോ കള്ളക്കടത്തൊക്കെ നടത്തിയത് പോലെ. എന്തായാലും ആദ്യ പടിയെന്നോണം വിവരാവകാശ നിയമ പ്രകാരം നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ ഇതൊന്നു ദയവായി ഷെയർ ചെയ്യുക.. ഇനി മറ്റൊരാൾക്ക് ഈ ഒരവസ്ഥ ഇല്ലാതിരിക്കട്ടെ.”