വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).
വെയിൽ താഴാൻ നോക്കി ഇരിക്കയാണ് സകുടുംബം ബീച്ചിൽ ഒന്ന് ഇറങ്ങാൻ. ചൂടു കാരണം വായൊക്കെ വരണ്ടു പിള്ളേരുടെ മാത്രമല്ല നമ്മുടേം. നാരങ്ങ വെള്ളം വേണോ ഐസ്ക്രീം വേണോ ഓപ്ഷൻ വച്ചു. ഐസ്ക്രീം ഒരേ സ്വരത്തിൽ, പെണ്ണുമ്പിള്ള സഹിതം. നേരെ വച്ചടിച്ചു ആ കടയിലോട്ട്. ബീച്ചിന്റെ തുടക്കത്തിൽ തന്നെ ആരുടെയും കണ്ണിൽ പെടുന്ന ആ കട – Cheff Master.
ബോർഡോന്നും ആരും ശ്രദ്ധിക്കണമെന്നില്ല. മോളി ചേച്ചിയുടെ കട എന്ന് പറഞ്ഞാൽ ഇവിടെ എല്ലാവർക്കും അറിയാം. 22 വർഷമായി പാപനാശം കടലിന്റെ മുമ്പിൽ ഇവിടെ വരുന്നവരുടെ സ്നേഹവും സ്പന്ദനവും അറിഞ്ഞ് ജീവിക്കുന്നു. ഞാനുൾപ്പെടെ ഐസ്ക്രീം (ഐസ്ക്രീംസ് എല്ലാം company Ice creams ആണ്) നുണഞ്ഞു കഴിഞ്ഞു തമ്മിൽ തമ്മിൽ നോക്കി. അടുത്തത് ഓരോ സോഡാ നാരങ്ങ വെള്ളം ആയിക്കോട്ടെ. ചൂടത്തു ദാഹിച്ച് ഇരിക്കുമ്പോൾ അതും ഐസ്ക്രീം കഴിച്ചുള്ള ദാഹം കൂടെ ആകുമ്പോൾ. കടലും കണ്ട് അങ്ങനെ കുടിക്കണം. ഹാ എന്തൊരു സുഖം.
അകത്തു ഒരു 15 പേർക്ക് കയറി ഇരിക്കാനുള്ള സ്ഥലം ഉണ്ട്. ഉള്ളി വട എടുക്കാമെന്ന് പറഞ്ഞു. വേണ്ട ചേച്ചി, ഉച്ചയ്ക്ക് വൃത്തിക്ക് തട്ടിയാണ് വന്നത്. പിന്നൊരിക്കൽ എന്ന് പറഞ്ഞു. ചായ, കോഫി, കടി, ഐസ്ക്രീം, നാരങ്ങവെള്ളം, ഫ്രഷ് ജ്യൂസ് ഇവയൊക്കെയുണ്ട്. നേർത്തെ പറഞ്ഞ് വച്ചാൽ ( ഫോൺ – 9633634066) രാവിലെ അപ്പം, ഇടിയപ്പം, കറികളെല്ലാം ചേച്ചി തന്നെ വച്ച് തരും. കൂടെ ഒരു സഹായിയായി പെൺകുട്ടിയുണ്ട്. ഭർത്താവിന് ഒരു തട്ടുകടയുണ്ട്. ബ്രദേഴ്സ് തട്ടുകട എന്ന പേരിൽ ശിവഗിരി ഇറക്കം പോകുന്നതിന്റെ അവിടെ വിമലാ തിയേറ്റർ കഴിഞ്ഞു മിൽമയുടെ എതിരായിട്ട്. ഒഴിവ് കിട്ടുമ്പോളെല്ലാം ഭർത്താവും സഹായിക്കാൻ കാണും.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നമ്മൾ വന്നപ്പോൾ തിരക്കായിരുന്നു. ഇപ്പോൾ ഇന്ന് ഉച്ചയ്ക്ക് തിരക്ക് കുറവുണ്ട്. ചേച്ചിക്ക് ഒരു മകനും മകളും. മകൾ സിവിൽ സർവീസിന് പഠിക്കുന്നു. മകൾക്ക് ആശംസകൾ അറിയിക്കാൻ പറഞ്ഞു നമ്മൾ അവിടെ നിന്നിറങ്ങി. ഇനി ഇതുവഴി പോകുമ്പോൾ നിങ്ങളും കൂടി ഇവിടത്തെ രുചികൾ ഒന്നാസ്വദിക്കുക.