എഴുത്ത് – അർജ്ജുൻ വി.എസ്.
കോട്ടയംകാർക്കും കട്ടപ്പനക്കാർക്കും മറക്കാൻ കഴിയാത്ത ചെമ്മണ്ണാർ ചന്ദ്രയുടെ കുടുംബത്തിലെ രാജാക്കാട് ചന്ദ്ര. 1994 ൽ St. George കോട്ടയം – പൊന്മുടി ഓർഡിനറി ആയി തുടങ്ങിയ പെർമിറ്റ്. പിന്നീട് SAVIO, PROMPT ആയി. 2010 ൽ ആണ് ചന്ദ്ര മേടിക്കുന്നെ. കോട്ടയം, ഏറ്റുമാനൂർ, പാലാ, തൊടുപുഴ, പൈങ്ങോട്ടൂർ, ഊന്നുകല്, നേര്യമംഗലം, അടിമാലി, കല്ലാർകുട്ടി, വെള്ളതൂവൽ, പൊന്മുടി വഴി രാജാക്കാട്.
ചന്ദ്ര എടുത്ത് കഴിഞ്ഞ് ആദ്യ CF കഴിഞ്ഞ് ഇറങ്ങുമ്പോ രാജാക്കാട് ഫാസ്റ്റ് ആയി. കാണക്കാരി ബോഡി ആരുന്നു വണ്ടി. എടുത്ത് പറയേണ്ടത് സീറ്റിനെ പറ്റി തന്നെ ആരുന്നു. അധികം ഒന്നും കണ്ടിട്ടില്ലാത്ത ബക്കറ്റ് സീറ്റ്. നല്ല ലെഗ്സ്പെസും. ഹൈറേഞ്ച് യാത്രകളിൽ ഒരു ആവശ്യ ഘടകം ആണല്ലോ നല്ല സീറ്റും ലെഗ്സ്പെസും. ഫാസ്റ്റ് ആണേലും പുഷ്ബാക്ക് സീറ്റ് ഒന്നും ഇല്ല നല്ല ബക്കറ്റ് സീറ്റ് ആരുന്നു. നല്ല യാത്ര സുഖം ആരുന്നു യാത്ര ഒക്കെ. പിന്നെ കറക്റ്റ് സമയത്ത് ഓടിയെത്തും. അതുകൊണ്ടൊക്കെ തന്നെ സ്ഥിരം ടിക്കറ്റുകൾ ഉണ്ടാരുന്നു. സമയത്തിന്റെ കാര്യത്തിൽ യാതൊരു തർക്കവും ഇല്ലാരുന്നു.
ബസ് Prompt ആയിരുന്ന സമയം മുതൽ അടിമാലിക്ക് യാത്ര ചെയ്തിട്ടുണ്ട്. ഒരു വേനൽ അവധിക്കു അടിമാലി പോകാൻ വേണ്ടി പാലാ സ്റ്റാൻഡിൽ ചെല്ലുമ്പോ വണ്ടി കിടക്കുന്നു. നോക്കുമ്പോ ഞാൻ പ്രതീക്ഷിച്ച Prompt അല്ല. അന്ന് Prompt ന് പോയ മതിയെന്ന് പറഞ്ഞു കരഞ്ഞു ബഹളം വെച്ചത് ഓർക്കുന്നുണ്ട്. കരഞ്ഞു കൊണ്ട് സൈഡ് സീറ്റിൽ പോയി ഇരുന്നു. അന്ന് അറിയില്ലാരുന്നു വണ്ടി കൊടുത്ത കാര്യം ഒന്നും. ആ യാത്ര കഴിഞ്ഞ് എനിക്ക് ഇഷ്ടമുള്ള വണ്ടി ആയി മാറി. അടിമാലി സ്റ്റാൻഡിൽ ഇറങ്ങിയപ്പോ പേര് ചോദിച്ചു മനസിലാക്കി ഓർത്തു വെച്ചു.
സ്കൂളിൽ ഇന്റർവെൽ സമയം വണ്ടി ഓടിച്ചു കളിക്കുമ്പോഴും പടം വരക്കുമ്പോഴും എല്ലാം പേരിടുന്നത് ചന്ദ്ര. അന്നൊക്കെ ഒരു ബുക്ക് ഫുൾ വണ്ടിടെ പടം വരച്ചു തീർത്തതും, പടം വരച്ച ബുക്ക് ടീച്ചർ പിടിച്ചതും ഓർക്കുന്നു. പിന്നീട് ഉള്ള യാത്ര ഒക്കെ ചന്ദ്രയിൽ ആയിരുന്നു കോട്ടയം – അടിമാലി യാത്രയിലും പിന്നെ തിരിച്ചു കോട്ടയത്തേക്കും. ആദ്യമായി ഒരു ചെറിയ ദൂര യാത്രയും ചന്ദ്രയിൽ ആണ്.
4825 ആ വണ്ടിയോടുള്ള ഇഷ്ടം വേറൊരു വണ്ടിയോടും തോന്നിയിട്ടില്ല. പിന്നീട് കോട്ടയം സൂപ്പർ ഒക്കെ ആ ലിസ്റ്റിൽ വന്നെങ്കിലും ഫേവ് ലിസ്റ്റിൽ ഒന്നാമത് എന്നും ചന്ദ്ര ആയിരുന്നു. ഒരു മുടക്കവും കൂടാതെ കൃത്യ സമയത്ത് നല്ല യാത്ര. അതാരുന്നു ചന്ദ്ര. പിന്നീട് takeover നാടകം അരങ്ങേറി, കൂടെ കെഎസ്ആർടിസി ഓടിയിട്ടും തളരാതെ പിടിച്ച് നിന്നു. പിന്നീട് പുതിയ വണ്ടി ഇറങ്ങി കുറച്ച് നാൾ കഴിഞ്ഞ് St.Thomas വാക്കയിലിനു കൊടുക്കുകയും ചെയ്തു. നിലവിൽ ഈ വണ്ടി കോട്ടയം – അടിമാലി റൂട്ടിൽ ഓടുന്നു. അങ്ങനെ നല്ല നല്ല കുറെ ഓർമ്മകൾ ബാക്കി ഉണ്ട്.