മദ്രാസ് അഥവാ ചെന്നൈ; നിങ്ങളറിയേണ്ട ചരിത്രവും വിശേഷങ്ങളും

തമിഴ്‌നാ‍ടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം.

ഇന്ത്യൻ മെട്രോകളിൽ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

ചെന്നൈയും ചുറ്റുമുള്ള സ്ഥലങ്ങളും ഭരണപരമായും, സാമ്പത്തികമായും, സൈനികമായും പ്രാധാന്യമുള്ളതായി ഒന്നാം നൂറ്റാണ്ടു മുതലേ നിലനിന്നിരുന്നു. ചെന്നൈയിൽ, പല്ലാവരം എന്നയിടത്ത് നിന്നും ശിലായുഗത്തിലെ പല വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്. ഭാരതീയ പുരാവസ്തു വകുപ്പിന്റെ പട്ടികയിൽ, പല്ലാവരം ഒരു നവീന ശിലായുഗ ജനവാസ കേന്ദ്രമായിരുന്നു.

കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, വിജയനഗര സാമ്രാജ്യങ്ങളിൽ ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ പല്ലവസാമ്രാജ്യത്തിലെ പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി. 1612ൽ ഡച്ചുകാർ ചെന്നൈക്ക്‌ വടക്ക്‌, പുലിക്കാട്ട് എന്ന സ്ഥലത്ത് ഒരു പട്ടണം സ്ഥാപിക്കുകയും ചെയ്തു.

1639 ആഗസ്റ്റ്‌ 22ആം തിയ്യതി ബ്രിട്ടിഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഫ്രാൻസിസ്‌ ഡേ എന്നാ നാവികൻ കടൽ തീരത്ത് ഭൂമി വാങ്ങിയിരുന്നു. ആ സമയം, വന്ദവാസിയിലെ നായകനായ ദാമർല വേങ്കടാദ്രി നായകുടു ആയിരിന്നു ചെന്നൈ ഭരിച്ചിരുന്നത്. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ വ്യവസായ ശാലകളും ശേഖരണ നിലവറകളും നിർമ്മിക്കാനുള്ള അനുമതിയും നൽകി. ഒരു വർഷത്തിനു ശേഷം ബ്രിട്ടിഷുകാർ സെന്റ്‌ ജോർജ്ജ് കോട്ട നിർമ്മിക്കുകയും, പിൽകാലത്ത്‌ തെക്കൻ ഭാരതത്തിന്റെ തന്നെ ഭരണ സിരാകേന്ദ്രം ആയിത്തീരുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, ഇതേ കോട്ട തന്നെ തമിഴ്നാടിന്റെ നിയമസഭാ മന്ദിരമായും ഉപയോഗിച്ച് വന്നു.

1746 ൽ അന്ന് മൌറിഷ്യസിന്റെ ഗവർണറായിരുന്ന ജനറൽ ലാ ബോർഡോനൈസിന്റെ നേതൃത്വത്തിലുള്ള സേന, ഈ കോട്ട പിടിച്ചടക്കുകയും, പട്ടണവും, സമീപ ഗ്രാമങ്ങളും മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു. മൂന്ൻ വർഷത്തിനു ശേഷം എയ്ക്സ്‌-ലാ-ചാപെല്ലെ കരാറിൻപടി ബ്രിട്ടിഷുകാർ കോട്ട തിരിച്ചു പിടിക്കുകയായിരുന്നു. അതിനു ശേഷം കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും നവീകരിച്ച്, ഇനിയൊരു യുദ്ധത്തെ നേരിടാൻ തക്ക പ്രാപ്തമാക്കി. മൈസൂരിലെ ഹൈദരലിയുടെ പടയോട്ടത്തെ ലക്ഷ്യമിട്ടായിരുന്നു നവീകരണം.

1759 ൽ വീണ്ടും ഒരു ഫ്രഞ്ച് യുദ്ധത്തെ ചെന്നൈ അതിജീവിച്ചു. 1769 ൽ മൈസൂർ രാജ്യത്ത്‌ നിന്നും പട്ടണം യുദ്ധ ഭീഷണി നേരിട്ട്. പിന്നീട് മദ്രാസ്‌ ഉടമ്പടിയിൽ യുദ്ധമില്ലാതെ ധാരണയിൽ എത്തി. പതിനെട്ടാം നൂറ്റാണ്ടിൽ തമിഴ്നാടിന്റെ ഏതാണ്ട് മുഴുവനും ആന്ധ്രാപ്രദേശിന്റെ വലിയ ഒരു ഭാഗവും കർണാടകവും മദ്രാസ്‌ പ്രസിഡൻസിക്ക് കീഴിൽ വന്നു. അതിനു ശേഷമാണ് നഗരത്തിനെ നവീകരിച്ചതും നാവിക സേനയും മറ്റ് ആധുനിക സംവിധാനങ്ങളും കൊണ്ട് വന്നതും.

പത്തൊൻപതാം നൂറ്റാണ്ടോടു കൂടി വികസിതമായ ഒരു നഗരമാവുകയും, ബോംബെ, കൽക്കട്ട തുടങ്ങി വലിയ നഗരങ്ങളിലേക്ക് റെയിൽ ഗതാഗതം തുടങ്ങുകയും, വാർത്താ വിനിമയ ശൃംഖല സ്ഥാപിക്കുകയും ചെയ്തതോടെ, ചെന്നൈ തെക്കൻ ഭാരതത്തിന്റെ തലസ്ഥാനതുല്യമായി മാറി.

ഒന്നാം ലോകയുദ്ധ കാലത്ത്‌ ഇന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേഒരു നഗരമാണ് മദ്രാസ്‌. ജർമൻ ലഘു ക്രൂസർ ആയ എസ്.എം.എസ്. എംഡൻ ആണ് 1914 സെപ്തംബർ 22നു ചെന്നൈ തീരത്തെ ആക്രമിച്ചത്. ആ സംഭവത്തിന്റെ ഓർമക്കായി സെന്റ്‌ ജോർജ്ജ് കോട്ടയിൽ ഒരു ശിലയും ഉണ്ട്.

സ്വാതന്ത്ര്യാനന്തരം, മദ്രാസ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാവുകയും, പിന്നീട് സംസ്ഥാനത്തെ തമിഴ്നാട് എന്ന പുനർനാമകരണം ചെയ്യുകയും ഉണ്ടായി.

2004 ഡിസംബർ 26നുണ്ടായ സുനാമിയിൽ ഭീമൻ തിരമാലകൾ ചെന്നൈ തീരത്തെ താറുമാറാക്കുകയും അനേകം ആളുകൾ മരിക്കുകയും ഉണ്ടായി.

ചെന്നൈയിൽ സാൻതോം എന്ന സ്ഥലത്തുള്ള ‘മാദ്രെ ദേ ദേവൂസ്” ദേവാലയം പണ്ട് മുതലേ പ്രസിദ്ധമായിരുന്നു. മദ്രാസ്‌ എന്ന പേര് ഈ ദേവാലയത്തിന്റെ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.

ഭാരതത്തിന്റെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ് നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായി അതിർത്തി പങ്കിടുന്നു. ചെന്നൈ നഗരത്തിന്റെ വിസ്തീർണ്ണം 174.ച.കി.മീറ്ററാണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേർന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. മഹാബലിപുരം, ചെങ്കൽപ്പെട്ട്, അരക്കോണം, കാഞ്ചീപുരം, ശ്രീഹരിക്കോട്ട, ശ്രീപെരും‌പുതൂർ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്.

ചെന്നൈയിലെ മെറീനാ ബീച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടൽക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടൽക്കരയെ മൂന്നായി വേർതിർക്കാം. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച് എന്നറിയപ്പെടുന്നു. അഡയാർ നദി കടലിൽ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസൻറ് നഗർ അല്ലെങ്കിൽ എലിയറ്റ്സ് ബീച്ച് എന്നും അറിയപ്പെടുന്നു.

കടപ്പാട് – വിക്കിപീഡിയ.