എഴുത്ത് – Jayakrishnan Kc.
ഇത് രമേശ് ചേട്ടൻ. ഇന്ന് ചേർത്തലയിൽ നിന്നും ഏലൂരിലേക്കുള്ള RAE 491 KSRTC ബസ്സിന്റെ ഡ്രൈവർ. 2.10 ന് ചേർത്തലയിൽ നിന്ന് പുറപ്പെട്ട ബസ്സ് ചക്കരപറമ്പു എത്തിയപ്പോൾ വണ്ടി ബ്രേക്ക് ഡൗണ് ആയി. ഉടനെ തന്നെ ഡ്രൈവർ ചേട്ടൻ ബസിന്റെ അടിയിൽ കയറി നോക്കി.
ആക്‌സിലേറ്റർ പെഡൽ ലിങ്ക് വിട്ട് പോയത് കൊണ്ട് ആണ് എന്ന് മനസ്സിലായി ഉടനെ തന്നെ അടുത്തുള്ള കടയിൽ നിന്ന് ഒരു സ്ക്രൂഡ്രൈവർ വാങ്ങി ഒരു ചെറിയ വയറിന്റെ കഷണവും എടുത്ത് ബസിന്റെ അടിയിൽ കയറി ഒരു വിധം റെഡി ആക്കി. ഇതിന്റെ ഇടയിൽ ആ ചേട്ടന്റെ കൈയിൽ ചെറുതായി പൊള്ളലേറ്റു. ഇതേ സമയം കണ്ടക്ടർ ചേച്ചി വൈക്കം KSRTC ഡിപ്പോയിൽ വിളിച്ച് വൈക്കം – ഏലൂർ KSRTC കണ്ടക്ടറുടെ നമ്പർ വാങ്ങി വിളിച്ചപ്പോൾ ആ ബസ് ഇടപ്പള്ളി ജംഗ്ഷൻ പാസ്സ് ചെയ്തിരുന്നു.
ചക്കരപറമ്പിൽ നിന്നും വണ്ടി എടുത്തപ്പോൾ ആ ചേട്ടൻ പറഞ്ഞത് രണ്ട് കാര്യങ്ങൾ ആണ്. 4 മണിക്ക് ഡ്യൂട്ടി കഴിഞ്ഞു ഏലൂർ വ്യവസായ മേഖലയിൽ വണ്ടി കാത്ത് നിൽക്കുന്ന യാത്രക്കാർ ഉണ്ട്. അവരെ എങ്ങനെ എങ്കിലും തിരിച്ചു എത്തിക്കണം. കളമശ്ശേരി എത്തിച്ചാൽ അവിടെ നിന്നും ആലുവയിൽ നിന്നും വരുന്ന ബസ് കിട്ടും.
വണ്ടി ബ്രേക്ക് ഡൗണ് ആയ വിവരം എറണാകുളം ഡിപ്പോയിൽ അറിയിച്ചു. “അവിടുന്ന് മെക്കാനിക്ക് വന്ന് വണ്ടി റെഡി ആക്കി തിരിച്ചു ചേർത്തല എത്താൻ വളരെ വൈകും. ഞാനും ആ ലേഡി കണ്ടക്ടറും വീട്ടിൽ എത്തുമ്പോൾ ഒരു നേരം ആകും. ഇത് ഏലൂർ സർവീസ് ആയത് കൊണ്ട് മാത്രം ആണ് ഞാൻ ചെയ്യുന്നത്. വേറെ ഏത് സർവിസ് ആണേലും യാത്രക്കാരെ വേറെ വണ്ടിയിൽ കയറ്റിവിട്ടിട്ട് ഡിപ്പോയിൽ വിളിച്ച് അറിയിക്കും” ഡ്രൈവർ ചേട്ടന്റെ വാക്കുകൾ.
മാസം പകുതി കഴിഞ്ഞിട്ടും ശമ്പളം പോലും കിട്ടാത്ത ഒരു ജീവനക്കാരൻ യാത്രക്കാർക്ക് വേണ്ടി ചെയ്ത നല്ല ഒരു പ്രവർത്തി. എല്ലാ ജീവനക്കാരെയും ഒരേ പോലെ വിലയിരിത്തരുത് തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥത ഉള്ള കുറച്ചു പേരും ഈ പ്രസ്ഥാനത്തിൽ ഉണ്ട് .