പുരാതനമായ ഒരു ഭാരതീയ കളിയും ചെസ്സ്, ഷോഗി, മാക്രുക്, ഷിയാങ്ചി, ജാങ്ജി എന്നീ കളികളുടെ പൂർവ്വികനുമാണ് ചതുരംഗം (സംസ്കൃതം: चतुरङ्ग; caturaṅga). ആറാം നൂറ്റാണ്ടിൽ, ഭാരതത്തിലെ ഗുപ്ത സാമ്രാജ്യത്തിലാണ് ചതുരംഗം രൂപംകൊണ്ടതു്. ഏഴാം നൂറ്റാണ്ടിൽ സസാനിനിയൻ സാമ്രാജ്യത്തിൽ “ഷത്രഞ്ജ്” എന്ന പേരിൽ ഈ കളി പ്രീതിനേടി. ഈ ഷത്രഞ്ജാണു് പിൽകാലത്തു് യൂറോപ്പിൽ ചെസ്സായതു്.
ചതുരംഗത്തിന്റെ എല്ലാ നിയമങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കുള്ള അറിവ് പരിമിതമാണ്. എന്നാൽ ഷത്രഞ്ജിന്റെ നിയമങ്ങൾ തന്നെയായിരുന്നു ചതുരംഗത്തിന്റേതെന്നൂഹിക്കുന്നു. പ്രത്യേകിച്ചും ആനയുടെ മുൻഗാമിയായ ഗജത്തിന്റെ നീക്കങ്ങളെക്കുറിച്ച് സംശയങ്ങളുണ്ട്.
“ചതുരംഗം” എന്ന സംസ്കൃത പദം ബഹുവ്രീഹി സമാസമാണു്. ഇതിന്റെ ഭാഗങ്ങൾ നാലു് എന്നർത്ഥം വരുന്ന “ചതുർ” എന്നവാക്കും “ഭാഗം” എന്നർത്ഥം വരുന്ന അംഗം എന്നവാക്കുമാണു്. ഈ വാക്ക് ഇതിഹാസങ്ങളിൽ “സേന” എന്ന അർത്ഥത്തെയും സൂചിപ്പിക്കുന്നു. ഈ പേരു് മഹാഭാരതത്തിൽ പറയപ്പെടുന്ന ഒരു സേനാനിരയിൽ നിന്നാണു് ഉദ്ഭവിക്കുന്നതു്; ഈ നിരയിൽ നാലുഭാഗങ്ങൾ ഗജം, രഥം, അശ്വം, കാലാൾ എന്നിവയാണു്. അക്ഷൗഹിണി എന്ന പ്രാചീനമായ യുദ്ധവിന്യാസത്തെ അനുസ്മരിക്കുന്ന തരത്തിലാണ് ചതുരംഗത്തിന്റെ സജ്ജീക്കരണം.
കരുക്കളും അവയുടെ നീക്കങ്ങളും : രാജൻ (രാജാവ്) : ചെസ്സിലെ രാജാവിലെ പോലെ ഒരു കള്ളി ഏതു ദിശയിലേയ്ക്കും (കുത്തനെ, തീരശ്ചീനം, കോണോടുകോൺ) നീക്കാൻ സാധിക്കും. പക്ഷേ, ചെസ്സിലേതിനു സമാനമായ കാസ്ലിങ്ങ് നീക്കം ചതുരംഗത്തിലില്ല., മന്ത്രി (സേനാപതി) : ഒരു കള്ളി ഏതു ദിശയിലേയ്ക്കും കോണോടുകോണായി നീക്കാൻ സാധിക്കുന്നു. ഷത്രഞ്ജിലെ ഫെർസ് കരുവിന് തുല്യമാണ് ഈ കരു., രഥം (തേര്) : ചെസ്സിലെ തേരിനെ പോലെ നീങ്ങുന്നു. ഗജം (ആന) : മൂന്നു തരത്തിലുള്ള വ്യത്യസ്ത നീക്കങ്ങൾ ചരിത്രപഠനങ്ങളിൽ പ്രതിപാദിച്ചു കാണുന്നു. ഷത്രഞ്ജിലെ ആൽഫിൽ കരുവിനെ പോലെ, രണ്ടു കള്ളി കോണോടുകോണായി ആദ്യ കള്ളിയെ മറികടന്നു കൊണ്ട് നീങ്ങുന്നു. (2,2) എന്ന രീതിയിൽ നീങ്ങാൻ കഴിയുന്ന ഇതൊരു കാല്പനിക ചെസ്സ് കരുവാണ്.
ഇതേ നീക്കം തന്നെ, നാലു പേർക്ക് കളിക്കാവുന്ന ചതുരംഗരൂപമായ ചതുരാജിയിലെ ബോട്ട് എന്ന കരുവിനുമുണ്ട്. തടസ്സങ്ങൾക്കു മുകളിലൂടെയുള്ള ചാട്ടമൊഴിവാക്കിയുള്ള ഇതേ നീക്കം ഷിയാങ്ചിയിലെ ആനയ്ക്കുമുണ്ട്. ഒരു കള്ളി മുന്നോട്ടോ ഒരു കള്ളി കോണോടുകോണായി ഏതു ദിശയിലേയ്ക്കുമുള്ള നീക്കം.
മാക്റൂകിലെ (തായ് ചെസ്സ്) ഖോൻ (പ്രഭു) എന്ന കരുവിനും സിറ്റുയിനിലെ (ബർമ്മീസ് ചെസ്സ്) സിൻ (ആന) എന്ന കരുവിനും ഷോഗിയിലെ സിൽവർ ജനറലിനും ഇതേ നീക്കം കാണാം. എ.ഡി. 1030-ൽ ചരിത്രപണ്ഡിതനായ അൽ-ബറൂണി ഇൻഡ്യ എന്ന തന്റെ ഗ്രന്ഥത്തിൽ ഈ നീക്കത്തെക്കുറിച്ച് പ്രതിപാദിപ്പിക്കുന്നുണ്ട്. രണ്ടു കള്ളി കുത്തനെയോ, തിരശ്ചീനമായോ ആദ്യ കള്ളിയെ മറികടന്നു കൊണ്ട് നീങ്ങുന്നു.
ചില ചെസ്സ് വകഭേദങ്ങളിൽ ഇത്തരം നീക്കത്തോടു കൂടിയ കരുക്കളെ കാണാം. ചില പേർഷ്യൻ വകഭേദങ്ങളിൽ ഇത് ദബാബ എന്നാണ് അറിയപ്പെടുന്നത്. ഈ നീക്കത്തെ കുറിച്ച് അറബിക് ചെസ്സ് മാസ്റ്ററായ അൽ-അഡ്ലി എ.ഡി. 840-ൽ അദ്ദേഹത്തിന്റെ ചെസ്സിനെക്കുറിച്ചുള്ള പഠനത്തിൽ (ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നു) പ്രതിപാദിക്കുന്നുണ്ട്. (അറബി വാക്കായ ദബാബ മുൻകാലങ്ങളിൽ അർത്ഥമാക്കിയിരുന്നത് കോട്ടകൾ തകർക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന കവചത്തോടു കൂടിയ ആയുധപുരകളെയായിരുന്നു. ഇന്നിത് യുദ്ധടാങ്ക് എന്ന് അറിയപ്പെടുന്നു.) എന്നാൽ, രഥത്തിന്റെ ആദ്യകാല നീക്കമായാണ് ജർമ്മൻ ചരിത്രക്കാരനായ ജോഹന്നെസ് കോറ്റ്സ് (1843–1918) ഇതിനെ വ്യാഖ്യാനിക്കുന്നത്. അശ്വം (കുതിര) : ചെസ്സിലെ കുതിരയെ പോലെ നീങ്ങുന്നു. പടയാളി അഥവാ ഭടൻ (കാലാൾ അഥവാ കുട്ടി) ; സൈനികൻ എന്നും അറിയപെടുന്നു: നീക്കവും വെട്ടിയെടുക്കലും ചെസ്സിലെ കാലാളിനെ പോലെ തന്നെയാണ്. പക്ഷേ, ചെസ്സിലെ പോലെ ആദ്യ നീക്കത്തിലെ രണ്ടുകള്ളി നീക്കം ചതുരംഗത്തിലെ കാലാളിനില്ല.
പീന്നിട് ഈ കളി ഭാരതത്തിൽ നിന്ന്, പേർഷ്യയിലേക്ക് വ്യാപിക്കുകയായിരുന്നു. പേർഷ്യ അറബ് അധീനതയിലായപ്പോൾ ഈ കളി കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ, യൂറോപ്പിലാണ് ഇന്നത്തെ തരത്തിലുള്ള ചെസ്സ് ആവിർഭവിച്ചത്. യൂറോപ്പിൽ വെച്ച് കളിയ്ക്ക് മികച്ച പുരോഗതി കൈവരിച്ചു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, കളിയ്ക്ക് നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നെങ്കിലും ക്രിസ്ത്യൻ മിഷണറിന്മാർ ആധുനിക ചെസ്സിനെ പരുവപ്പെടുത്താനുള്ള ഉദ്യമം ഏറ്റെടുത്തു. ആധുനിക കാലഘട്ടത്തിന്റെ പിറവിയോടെ വിശ്വസീനമായ അവലംബ സൃഷ്ടികൾ, മത്സരബുദ്ധിയോടെയുള്ള ചെസ്സ് ടൂർണമെന്റുകൾ, ത്രസിപ്പിക്കുന്ന നൂനതമായ വകഭേദങ്ങൾ എന്നിവയുടെയെല്ലാം ആവിർഭാവം പ്രകടമായി. ഈ ഘടകങ്ങളെല്ലാം ചെസ്സിന്റെ ജനപ്രീതിയ്ക്ക് കാരണമായി. പീന്നീട് വന്ന വിശ്വസനീയമായ സമയ നിയന്ത്രണ സംവിധാനങ്ങൾ (1861-ൽ പ്രചാരത്തിലായി), ഫലപ്രദമായ നിയമങ്ങൾ, പ്രതിഭാശാലികളായ കളിക്കാർ എന്നിവയെല്ലാം ചെസ്സിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആധുനിക ചെസ്സ് മത്സരങ്ങൾ കളിക്കാൻ തുടങ്ങുകയും 1886 ൽ പ്രഥമ ലോകചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ, ചെസ്സ് തത്ത്വങ്ങൾക്ക് വിപ്ലവകരമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. അതേ കാലഘട്ടത്തിൽ, ലോക ചെസ്സ് ഫെഡറേഷൻ (ഫിഡെ) രൂപം കൊള്ളുകയും ചെയ്തു. ചെസ്സ് അപഗ്രഥനത്തിന് സഹായകരമായുള്ള കമ്പ്യൂട്ടറുകളുടെ വരവ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചെസ്സിന്റെ വികാസത്തിനു നിദാനമായി. 1970 കളിലാണ് ആദ്യ കമ്പ്യൂട്ടർ ചെസ്സ് ഗെയിം പ്രോഗ്രാം വിപണിയിലെത്തിയത്. 1990 കളുടെ മധ്യത്തിൽ, ഓൺലൈൻ ഗെയിമുകൾ രംഗത്തിറങ്ങി.