വിവരണം – Praveen Shanmukom to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ഒടിയൻ മാത്രമല്ല തെക്കേവിളയിലെ ദം ചിക്കൻ ബിരിയാണിയും കിടു. “കുറേ നാളത്തേക്ക് ശേഷം നല്ലൊരു ബിരിയാണി കഴിച്ചു.” തെക്കേവിളയിലെ ചിക്കൻ ബിരിയാണി കഴിച്ച ശേഷം വീട്ടിൽ എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിവ. അച്ഛന്റെ കൈയ്യിൽ നിന്നൊക്കെ ഒരു നല്ലത് എന്നുള്ള ഒരു “സർട്ടിഫിക്കറ്റ്” കിട്ടാൻ പാടാ. കീറിമുറിച്ചൊക്കെ അങ്ങ് പറഞ്ഞ് കളയും.
ഇത് പോത്തൻകോടിലെ കരൂർ തെക്കേവിളയിലെ ദം ചിക്കൻ ബിരിയാണി. Location: പോത്തൻകോട് നിന്ന് മംഗലാപുരം പോകുന്ന റൂട്ടാണ്. പോത്തൻ കോട് ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്ററിനകത്ത്. പോത്തൻകോട് നിന്ന് പോകുമ്പോൾ പോത്തൻകോട് പഞ്ചായത്ത് ഓഫീസിനും ലക്ഷ്മി വിലാസം ഹൈസ്ക്കൂളിനും ഇടയ്ക്ക് ഇടത് വശത്തായി വരും ഈ ഹോട്ടൽ. ഗൂഗിൾ മാപ്പ് – https://goo.gl/maps/eeR4UrFnnXPLcT1T6.
ശ്രീ അബ്ദുൾ സലാം – അദ്ദേഹത്തിൽ നിന്നാണ് ഈ ഭക്ഷണയിടത്തിന്റെ തുടക്കം. പതിനഞ്ച് വർഷം മുമ്പ് പോത്തൻകോട് ജംഗ്ഷനിലായിരുന്നു. അവിടെ നിന്ന് കരൂരിൽ വീടിനോട് ചേർന്ന് തുടങ്ങിയിട്ട് 6 വർഷത്തോളമായി. മട്ടൺ, ചിക്കൻ, ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, ഒറട്ടി തുടങ്ങിയ നാടൻ വിഭവങ്ങളായിട്ടായിരുന്നു തുടക്കം. മകൻ മുഹമ്മദ് ഷാൻ 3 വർഷത്തോളമായി എല്ലാ പിന്തുണയും നല്കി മുന്നിൽ തന്നെയുണ്ട്. കറികൾക്കെല്ലാം വ്യത്യസ്തമായ പേര്, സിനിമാ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പേരുകൾ ഷാൻ നല്കി (ചിക്കൻ ബിഗ് ബി, തൊണ്ടി മുതല് ) കൂടുതൽ ആകർഷകമാക്കി. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയും പ്രചാരണത്തിനായി നല്ല രീതിയിൽ ഉപയോഗിച്ചു.
എത്ര പരസ്യം നല്കിയാലും ആഹാരം നല്ലതല്ലെങ്കിൽ ആൾക്കാര് പിന്നെ കയറില്ല. ഇവിടെ അബ്ദുൾ സലാം മാമന്റെ കൈപുണ്യം തെക്കേവിളയിലിനെ കൈ വെടിഞ്ഞില്ല. പേരാത്തതിന് ആ കൈ പുണ്യത്തിനെ പൊലിപ്പിക്കാൻ മകൻ ഷാനും മുന്നിൽ നില്ക്കുമ്പോൾ കാര്യങ്ങൾ ഉഷാറായി തന്നെ മുന്നോട്ട് പോകുന്നു. ഇപ്പോൾ ഈ കൊറോണ സമയത്ത് പാഴ്സൽ സർവീസ് മാത്രമേ ഉള്ളു. ബിരിയാണി (ചിക്കൻ, മട്ടൺ) ഉച്ചയ്ക്ക് 11 മണി മുതൽ 2:30 വരെ കാണും. വൈകുന്നേരം 5 മണി മുതൽ രാതി 9 മണി വരെ ബിഗ്ബി , ഒടിയൻ മുതലായ വിഭവങ്ങൾ കാണും.
നമ്മുടെ ഭക്ഷണാനുഭവം – ഇളയ സഹോദരൻ കല്യാണം കഴിഞ്ഞ് ഒരു വർഷം ആയതിന്റെ വാർഷികം പ്രമാണിച്ച് വീട്ടുകാർക്കായി മാത്രം ഒരു വിരുന്ന് ഒരുക്കി. ചിക്കൻ ബിരിയാണിയൊക്കെ പുള്ളിയുടെ സെലക്ഷനായിരുന്നു. എന്തായാലും സെലക്ഷൻ ഒന്നും തെറ്റിയില്ല. അക്ഷരാർത്ഥത്തിൽ പൊളിച്ചു. കരൂർ തെക്കേവിളയിൽ എന്ന് പറയുമ്പോൾ മുമ്പ് കഴിച്ചിട്ടുള്ള ഒടിയൻ ചിക്കൻ ആണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാൽ ഇനി ഇവിടത്തെ ഈ ദം ചിക്കൻ ബിരിയാണിയും മറക്കില്ല. പ്രത്യേകിച്ച് ബിരിയാണിയുടെ കൂടെയുള്ള ചിക്കൻ ഫ്രൈയും. അതിലെ പൊടിയൊക്കെ നാക്കിൽ നൊട്ടി നുണഞ്ഞ് കഴിക്കുമ്പോഴുള്ള ഒരു സുഖം.
ദം ബിരിയാണി നന്നേ പിടിച്ചു. ക്വാളിറ്റിയും ക്വാണ്ടിറ്റിയുമുള്ള അരിയും, നല്ല നെയ്യും, അണ്ടിപരിപ്പും, കിസ്മിസ്സും, പപ്പടവും, മുട്ടയും, വെന്തുലഞ്ഞ മസാല നല്ല പോലെ പിടിച്ച കോഴി ഇറച്ചിയും, സലാഡും, അച്ചാറും എല്ലാത്തിനും മുകളിൽ നില്ക്കുന്ന ആ ബിരിയാണിയുടെ രുചിയും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണികളിൽ തെക്കേ വിളയിലെ ചിക്കൻ ദം ബിരിയാണിയും സ്ഥാനം പിടിച്ചു. കൂടുതൽ സന്തോഷം തോന്നിയത് വീട്ടുകാർക്ക് കൂടി ഇഷ്ടപ്പെട്ടപ്പോഴാണ്. കൂട്ടത്തിൽ വാങ്ങിയ വെജിറ്റബിൾ ബിരിയാണിയും നല്ലതാണെന്ന് അറിഞ്ഞു.
സന്തോഷങ്ങളുടെ മുകളിൽ കാർമേഘം പോലെ കോവിഡ് നിറഞ്ഞു നില്ക്കുന്ന കാലമാണിത്. ഇതിനിടയിലാണ് ആ ദിവസത്തെ അനിയന്റെ കല്യാണ വാർഷികം കുറച്ച് നിമിഷങ്ങളിലേക്ക് നമ്മൾ ആഘോഷിച്ചത്. ആഹാരത്തിൽ കല്ലുകടിയായി ആ ദിവസം ഒന്നും കടന്ന് വന്നില്ല. സന്തോഷത്തിന് മാറ്റ് നിറച്ച് കരൂർ തെക്കേവിളയിലെ ബിരിയാണിയുടെ രുചി അവിടെ നിറഞ്ഞ് നിന്നിരുന്നു.
രണ്ട് മുറികളിലായി 25 പേർക്ക് ഇരിക്കാവുന്ന അവിടെ ഇപ്പോൾ ഈ കോവിഡ് കാലത്ത് ‘ടേക്ക് എവേ’ (പാർസൽ) മാത്രമേ ഉള്ളു. വിലവിവരം ഇങ്ങനെ, ചിക്കൻ ദം ബിരിയാണി + ചിക്കൻ ഫ്രൈ – ₹ 120 രൂപ, വെജിറ്റബിൾ ബിരിയാണി 60 രൂപ.