വിവരണം – വിഷ്ണു എ.എസ്.നായർ.
കടലെന്നു കേട്ടാലേ മലയാളിക്ക് ആദ്യം മനസ്സിൽ വരുന്നത് തിരമാല തഴുകി പിൻവാങ്ങിയ മണൽപ്പരപ്പിൽ കാലിന്റെ പെരുവിരൽ കൊണ്ടെഴുതിയ “കടലമ്മ കള്ളി” എന്ന എഴുത്തും അതിനെ വിഴുങ്ങാനായി ആർത്തലച്ചെത്തുന്ന കടലമ്മ അയക്കുന്ന നുരയാർന്ന തിരമാലകളുമാണ്. പ്രായമെത്ര മുതുക്കനാക്കിയാലും ആയൊരു കുട്ടിത്തം എല്ലാ മലയാളികളുടെയും ഉള്ളിലുണ്ട്. ഇനിയും അറിയാൻ കഴിയാത്ത വല്ലാത്തൊരു അത്ഭുതമാണ് കടൽ. തനിക്കുള്ളതും തന്നിലുള്ളതും നമുക്കായി നൽകിയ കടലമ്മ.
പിന്നെ ഭക്ഷണപ്രിയരുടെ കാര്യമെടുത്താൽ മീൻ വിഭവങ്ങളുടെ പറുദീസയാണ് കടൽക്കരയിലെ ഹോട്ടലുകൾ. എന്നാൽ മനസ്സലടിയുറച്ച അത്തരം നിഗമനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഒരു പക്ഷേ തിരുവനന്തപുരത്തെ മികച്ച ചിക്കൻ ഫ്രൈകളിൽ ഒന്നെന്നു എടുത്തു പറയാവുന്നൊരു കടയുണ്ട് – ജെറീസ് തട്ടുകട.
പ്രവാസിയായ അച്ഛനെന്നത് അറിവാകും വരെ മക്കൾക്ക് കുപ്പിയിൽ നിന്നും വന്ന ഭൂതം പോലെയാണ്. എന്താഗ്രഹവും ക്ഷിപ്രനേരത്തിനുള്ളിൽ സാധിച്ചു കൊടുക്കപ്പെടും. അത് ചിലപ്പോഴൊക്കെ ഒരു ചിരിക്ക് വേണ്ടിയാണ്. ചിലപ്പോഴൊക്കെ ഒരു ചുംബനത്തിന് വേണ്ടിയും. അങ്ങനെയൊരു നാലു വയസ്സുകാരിയുടെ ആഗ്രഹവും തോളിലേറ്റി അർക്കൻ മറഞ്ഞ നേരം ശംഖുമുഖത്ത് വന്ന് പതിഞ്ഞമർന്ന തിരമാലയിൽ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് കരക്കാറ്റിനെ വെല്ലുന്ന വിശപ്പിന്റെ ഏമ്പക്കം എന്റെ ശ്രദ്ധയിൽപെട്ടത്.
ശംഖുമുഖത്തു നിന്നും ഡൊമെസ്റ്റിക്ക് എയർപോർട്ട് പോകുന്ന വഴി എസ്.ബി.ഐ ബാങ്കിന് നേരെ എതിരെയായാണ് ജെറീസ് തട്ടുകട. മൂന്നാലു കടകൾ ചേർന്നിരിക്കുന്നതിൽ ആദ്യമിരിക്കുന്ന കടയാണ് ജെറീസ്. വലിയ ലുക്കും ലഗാനുമില്ലാത്ത ഒറ്റമുറിയും വരാന്തയുമുള്ള തട്ടുകടയിലേക്ക് വച്ചു പിടിച്ചത്. ഉദ്ദേശം 12 പേർക്കിരിക്കാവുന്ന സ്ഥലമുണ്ട്. കയറിപ്പോൾ മുതൽ ഈ കൊച്ചു കടയ്ക്ക് മുന്നിൽ ഒടുങ്ങാത്ത തിരക്ക്. എന്നാലോ ഇരുന്ന് കഴിക്കാൻ ചുരുക്കം ചിലർ മാത്രം.
അങ്ങനെയൊരു വിശാലമായ ഇരിപ്പിടം കയ്യടക്കിക്കൊണ്ട് പൊറോട്ട, ദോശ, അപ്പം, ഒരു ഫുൾ ചിക്കൻ ഫ്രൈ എന്നിവ ഉത്തരവിട്ടു. ബാക്കിയെല്ലാം ക്ഷണനേരത്തിനുള്ളിൽ മുന്നിലെത്തിയെങ്കിലും ചിക്കൻ ഫ്രൈ മാത്രം അഞ്ചു പത്തു മിനുട്ട് താമസിച്ചു. പാഴ്സലുകാരുടെ അജ്ജാതി തിരക്കാണ്.
എണ്ണയിൽ സ്ഫുടം ചെയ്തു സ്വർണ്ണകുമിളകൾ പൊട്ടിച്ചു കൊണ്ട് കണ്ണാപ്പയിൽ എണ്ണ വാർത്ത ആവി പറക്കുന്ന ചിക്കൻ ഫ്രൈയുടെ മണമുണ്ടല്ലോ, ഒടുക്കത്തെ കൊതിപ്പിക്കലാണ്. ഉള്ളംകൈ വലുപ്പമുള്ള നാല് കഷ്ണങ്ങളും രണ്ട് കാലുകളും പിന്നെ കരളും മാങ്ങയും പിന്നെ ഒരു ലോഡ് പൊടി, ഇത്രയുമാണ് ഒരു ഫുൾ ഫ്രൈ. കടയുടെ ലുക്കില്ലായ്മ ആ ചിക്കൻ ഫ്രൈ നികത്തിയിട്ടുണ്ട്. കിടു ലുക്ക്. നാസാദ്വാരങ്ങളെ പുളകം കൊള്ളിക്കുന്ന മണവും.. നാവിൽ വെള്ളമൂറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
തൊടുമ്പോൾ തന്നെ പൊളിഞ്ഞു വരുന്ന വളരെ മൃദുവാർന്ന അളന്ന് കുറിച്ചിട്ട മസാലകളുടെ ചേരുവകളിൽ പാകത്തിന് മാത്രം വെന്ത കഷ്ണങ്ങൾ അടർത്തിയെടുത്ത് അപ്പത്തിന്റെ ഉള്ളിൽ വച്ചു കഴിക്കണം. ഒരു രക്ഷയില്ലാത്ത രുചി. ഒരു ചേരുവ പോലും കൂടുതലുമല്ല കുറവുമില്ല.. പക്കാ കിടുക്കാച്ചി. ചിക്കന്റെ ഒരു ഭാഗത്ത് പോലും വേവ് കുറവോ കൂടുതലോയില്ല.. പക്കാ വേവ്.. ചിക്കന്റെ പൊടിയൊക്കെ വേറെ ലെവൽ.
സോഡാപ്പൊടി കൂടിയ അപ്പത്തിന്റെ നിറഭേദം ഒഴിച്ചു നിർത്തിയാൽ ആവി പറപ്പിച്ച നല്ല കിടിലം ദോശയും പറഞ്ഞാൽ മാത്രം ചുട്ടു തരുന്ന ഗോതമ്പ് പൊറോട്ടയും വെടിച്ചില്ലൻ വിഭവങ്ങൾ തന്നെ. ഏറ്റവും അവസാനം വാങ്ങിയ ഗോതമ്പ് പൊറോട്ട ചിക്കന്റെ പൊടിയുടെ കൂടെ ഡബിൾ കിടുക്കാച്ചി.. ഉറപ്പായും ട്രൈ ചെയ്യേണ്ട കോംബോ. Highly recommended. വിലവിവരം : അപ്പം – 5 Rs, ദോശ – 5 Rs, സാധാ പൊറോട്ട – 7 Rs, ഗോതമ്പ് പൊറോട്ട – 7 Rs, ചിക്കൻ ഫ്രൈ(ഫുൾ) – 180 Rs.
ഏഴു വർഷം മുമ്പാണ് ‘ജെറിക്കൽ’ ചേട്ടൻ ശംഖുമുഖത്തായി ഒരു തട്ടുകട തുടങ്ങിയത്. മക്കളും നാട്ടുകാരും ചുരുക്കി വിളിച്ചിരുന്ന ‘ജെറി’ എന്ന പേര് കടയുടെ നാമധേയമാക്കിയതോടെ ജെറീസ് തട്ടുകടയുടെ പിറവിയായി. അന്നുമിന്നും ചിക്കൻ ഫ്രൈ തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്.
രുചിയുടെ കാര്യത്തിൽ മാത്രമല്ല അതിഥികളുടെ അഭിപ്രായങ്ങളും പരാതികളും കേൾക്കുന്നതിലും അതീവ ഉത്സുകരാണ് ജെറി ചേട്ടനും ഭാര്യ അനിത ചേച്ചിയും. അങ്ങനെയാണ് ചൂട് ചിക്കൻ ഫ്രൈയുടെ കൂടെ സവാള അരിഞ്ഞത് ഒറ്റ പൊതിയിൽ കൊടുക്കുന്നത് നിർത്തലാക്കിയത്. (അങ്ങനെ വേണ്ടവർ പ്രത്യേകിച്ചു പറയണം).
വിളമ്പലും കഴിക്കലുമൊക്കെ പെട്ടെന്ന് നടക്കുമെങ്കിലും കാശ് കൊടുക്കാൻ ഇത്തിരി കാത്തിരിക്കേണ്ടി വരും. പാർസൽ വാങ്ങാൻ വരുന്നവരുടെ തിരക്ക് അത്രയ്ക്കുണ്ട്. അപ്പോൾ ഈ കടയുടെ ആരാധകർ കുറച്ചൊന്നുമല്ലെന്നു രത്നചുരുക്കം. നഗരത്തിലെ പറഞ്ഞു പഴകി തഴമ്പിച്ച കടകൾക്കിടയിൽ ഇതുപോലുള്ള കൊച്ചു കടകളും കാണാൻ നമുക്ക് ശ്രമിക്കാം. അല്ല കാണണം, അതല്ലേ അതിന്റെയൊരു ശെരി.
ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ പ്രവർത്തനമാരംഭിക്കുന്ന ഇവിടെ ബിരിയാണിയും മറ്റ് കിടുപിടികളും ലഭിക്കുമെങ്കിലും ചിക്കൻ ഫ്രൈ വൈകിട്ട് അഞ്ചു മണിക്ക് ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ. പോകുന്നവർ സമയമറിഞ്ഞു പോവുക. ലൊക്കേഷൻ -Jerry’s Thattukada, Vallakkadavu, Thiruvananthapuram.