വാൽപ്പാറ വഴി ചിന്നാറിലേക്ക് തൂവാനം വെള്ളച്ചാട്ടം തേടി ഒരു തകർപ്പൻ യാത്ര..

വിവരണം – ബിബിൻ രാമചന്ദ്രൻ.

“എത്ര നിർബന്ധിച്ചിട്ടും അയ്യാളെ ആശുപത്രിയിൽ എത്തിക്കാൻ മൂപ്പനും കൂട്ടരും തയ്യാറായില്ല. അസുഖം മാറ്റാനായിട്ടുള്ള മന്ത്രവാദങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം ആരംഭിച്ചിരുന്നു. മണിമുഴക്കങ്ങളും, മന്ത്രോച്ചാരണങ്ങളും തുടങ്ങി. ഏതാനും മണിക്കൂറുകൾ നീണ്ട പ്രാർത്ഥനകളും മന്ത്രങ്ങളും. അവശനിലയിൽ കിടക്കുന്ന ആൾക്ക് എന്തോ ബാധ കൂടിയതാണത്രെ. ബാധ ഒഴിവാക്കാൻ മന്ത്രവാദത്തിലൂടെ അവർ അവരുടെ കുല ദൈവത്തെ കൊണ്ടുവന്നു. അതിലൂടെ പ്രത്യേകിച്ച് രോഗിക്ക് മാറ്റമൊന്നും ഉണ്ടായില്ല.

രണ്ടാമത്തെയും മൂന്നാമത്തെയും ദൈവവങ്ങളെ കൊണ്ടുവന്നിട്ടും ബാധ ഒഴിഞ്ഞുപോയില്ല. നിരാശ തളംകെട്ടിയ മുഖങ്ങൾ. അല്ലെങ്കിലും ടെറ്റനസ് അസുഖത്തെ മന്ത്രവാദംകൊണ്ടു ഭേധമാക്കുവാൻ പറ്റുമോ ! അവസാനം അവർ പറഞ്ഞു, ഇനി മന്ത്രവാദത്തിൽ നിൽക്കില്ല ആൾ എന്തായാലും മരിക്കും, നിങ്ങൾ എവിടേക്കാണെൽ കൊണ്ടുപോയ്ക്കോളു എന്ന്. അയ്യാളെ ചുമന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നേരം രോഗിക്കായി ഒന്ന് രണ്ടു പുതുവസ്ത്രങ്ങളും അവർ ഏൽപ്പിച്ചു.

രോഗി എന്തായാലും മരിക്കും എന്നവർ വിശ്വസിക്കുന്നതുകൊണ്ട് ഇഹലോകവാസം വെടിയുമ്പോൾ ധരിക്കാനുള്ള വസ്ത്രങ്ങളാണത്രെ. ചിന്നാർ വനമേഖലകളിൽ താമസിക്കുന്ന ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോൾ കണ്ട വിചിത്രമായ സംഭവമാണിത്. രോഗം പിടിപെട്ടാൽ മന്ത്രവാദങ്ങൾ ചെയ്‌തു അസുഖം മാറ്റാം എന്നുവിശ്വസിക്കുന്ന ഒരു ജനത.” ധനുഷ്‌കോടി സർ പറഞ്ഞു നിർത്തിയപ്പോൾ എല്ലാവർക്കും ആകാംഷയും അത്ഭുതവും ആയിരുന്നു. ഇന്നത്തെ കാലത്തും ഇത്തരം ആളുകളോ…? അതെ, ചിന്നാറിലെ കാടിന്റെ മക്കൾക്ക്‌ ഇന്നുമുണ്ട് ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും.

കഴിഞ്ഞ രണ്ടു വർഷമായി മനസ്സിൽ കൊണ്ടുനടക്കുന്ന വലിയൊരു മോഹമാണ് ചിന്നാർ സന്ദർശിക്കണമെന്നും, തൂവാനം വെള്ളച്ചാട്ടവും കാണണമെന്നതും. സഞ്ചാരി തൃശൂർ, കൊച്ചി യൂണിറ്റുകൾക്കുവേണ്ടി ചിന്നാറിൽ ക്യാമ്പ് ബുക്ക്‌ ചെയ്യാൻ വിളിച്ചപ്പോൾ ആദ്യം നിരാശയായിരുന്നു ഫലം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എല്ലാ വീകെൻഡും നാച്ചുറൽ ക്ലാസ്സ്‌ ഉണ്ടത്രേ. മൂന്നാർ വൈൽഡ്‌ലൈഫ് ഡിവിഷനിലെ പരിചയമുള്ള ഒരു സ്റ്റാഫിനെ വീണ്ടും വിളിച്ചു ശല്യം ചെയ്തപ്പോഴാണ് ഫെബ്രുവരി 9 10 തീയതികൾ കിട്ടിയത്. പിന്നീട് നീണ്ട കാത്തിരിപ്പായിരുന്നു. അങ്ങനെ ശനിയാഴ്ച പുലർച്ചെ ഞാനും, അനിലേഷും, ഷൗക്കത്തും തൃശ്ശൂരിൽ നിന്നും പുറപ്പെട്ടു. ചാലക്കുടിയിൽ നിന്ന് ജെറിനേം പൊക്കി നേരെ അതിരപ്പിള്ളിക്കു വിട്ടു.

6 മണിക്ക് മുന്നേ അതിരപ്പിള്ളി ചെക്ക് പോസ്റ്റ്‌ എത്തി. അവിടെയിറങ്ങി ഓരോ കാപ്പി കുടിച്ചു നിൽക്കെ സബീബും കൂട്ടരും പുറകെ മറ്റൊരു കാറിൽ എത്തിയിരുന്നു. വാഴച്ചാൽ വഴി, വാൽപ്പാറ ഉദുമൽപേട്ട, ചിന്നാർ അതാണ്‌ പ്ലാൻ. ആറു മണിക്കു തന്നെ വാൽപ്പാറ ചെക്ക് പോസ്റ്റ്‌ കടന്നു. തലേന്ന് രാത്രി പെയ്ത മഴയിൽ തണുത്തുറഞ്ഞു കിടക്കുന്ന കാടിന്റെ കുളിരനുഭവിച്ചു, കോടനിറഞ്ഞ കാട്ടുപാതയിലൂടെ ഞങ്ങൾ ആകാംഷയോടെ യാത്രയായി. വഴിയിൽ എപ്പോൾ വേണമെങ്കിലും ആനയെ പ്രതീക്ഷിക്കാം. തണുത്തുറഞ്ഞ ആ പ്രഭാതത്തിൽ, കോടമഞ്ഞിൻ ഇളംതണുപ്പിൽ വിരിഞ്ഞ കാട്ടുപൂക്കളുടെ സുഗന്ധം. മുഖമൊന്നു പുറത്തേക്കിട്ടു കണ്ണുകളടച്ചു ആവോളം ആ സുഗന്ധം ആസ്വദിച്ചു. കിളികളുടെ തീറ്റതേടിയുള്ള ബഹളവും, വേഴാമ്പലുകളുടെ ചിറകടിശബ്ദവും കേൾക്കാനുണ്ട്. എങ്ങുനിന്നോ പനങ്കാക്കയുടെ മനോഹരമായ പാട്ടു കേൾക്കാനുണ്ട്. ആരും പരസ്പരം സംസാരിക്കുകപോലും ചെയ്യാതെ കാടിന്റെ സൗന്ദര്യം ആസ്വദിച്ചു നിശബ്ദരായി ഇരുന്നു.

റോഡിൽ പലസ്ഥലങ്ങളിലും ആനപിണ്ടങ്ങൾ കാണാമായിരുന്നു. പുലർച്ചെ ആനക്കൂട്ടം ആ വഴി പോയതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. എന്നാൽ ആനയെ കാണാൻ പറ്റാത്തതിന്റെ ചെറിയൊരു നിരാശ എല്ലാവരിലും ഉണ്ടായിരുന്നു. വാഴച്ചാൽ വാൽപ്പാറ റൂട്ടിൽ പോകുമ്പോൾ ആനയെ കണ്ടിരിക്കണം, അത് നിർബന്ധമാ.. മലക്കപ്പാറക്കു മുന്നേ ഡാം വ്യൂ പോയിന്റിന് മുന്നെയായി ഒരു വളവു തിരിഞ്ഞപ്പോൾ പെട്ടന്ന് വണ്ടി സ്ലോ ആയി. റോഡിലൂടെ പോകാൻ പറ്റാത്ത വിധത്തിൽ മരക്കമ്പുകളും വള്ളിപ്പടർപ്പും വഴിയിൽ വലിച്ചുവാരിയിട്ട നിലയിൽ. ആനക്കൂട്ടം തന്നെ. ഞങ്ങൾ ചുറ്റിനും നോക്കി, പുറത്തു നല്ല ആനചൂരുണ്ട്, പുറകിലിരിക്കുന്ന റെജി പറഞ്ഞു. റോഡിൽ നല്ല ഫ്രഷ് ആനപ്പിണ്ടം കിടക്കുന്നുണ്ട്. ആവിപറക്കുന്ന ആനപ്പിണ്ടം നോക്കി ആരോ പറഞ്ഞു, കൂടെയൊരു കുട്ടിയാനയും ഉണ്ടെന്നു തോന്നുന്നു എന്ന്.

ഏകദേശം പത്തു മിനുട്ട് മുന്നേ ആനക്കൂട്ടം അവിടെ ഉണ്ടായിരുന്നതിന്റെ എല്ലാ തെളിവുകളും കാണാമായിരുന്നു. ഞങ്ങൾക്ക് മുന്നേപോയ സബീബും കൂട്ടരും ആനയെ കണ്ടിട്ടുണ്ടാകുമല്ലോ എന്നോർത്തപ്പോൾ മനസ്സിൽ നല്ല വിഷമവും അതിനേക്കാളേറെ അസൂയയും തോന്നി. കാറിലിരുന്ന് ആനക്കാര്യവും ചർച്ച ചെയ്തു അല്പദൂരംകൂടെ കഴിഞ്ഞപ്പോൾ മുന്നിൽ ഡാം വ്യൂ പോയിന്റിന് ഒരല്പം മുന്നിലായി സബീബിന്റെ വണ്ടി കണ്ടു. ഇടതുവശത്തുള്ള റിസെർവോയറിന്റെ ചിത്രമെടുക്കുകയാണെന്നാണ് ആദ്യം കരുതിയത് അപ്പോഴാണ് റോഡിനു സമീപത്തായി കാട്ടിൽ ഒരാനക്കൂട്ടത്തെ കണ്ടത്, കുട്ടിയാനയടക്കം നാലോ അഞ്ചോ ആനകൾ ഉണ്ട്. സഹ്യന്റെ മക്കൾ കൂട്ടമായി തന്നെ വന്നു ഞങ്ങൾക്ക് ദർശനം തന്നതിൽ ഒരുപാട് സന്തോഷം തോന്നി. മലക്കപ്പാറയിൽ നിന്ന് നല്ല പുട്ടും കടലയും കഴിച്ചു ഞങ്ങൾ വാൽപ്പാറ ലക്ഷ്യമാക്കി വീണ്ടും യാത്രയായി.

വാൽപ്പാറയിൽ നിന്ന് 10 കിലോമീറ്റർ ദൂരെയായി നല്ലമുടി പൂഞ്ചോല എന്നൊരു വ്യൂ പോയിന്റ് ഉണ്ട്. വാൽപ്പാറ തൃശ്ശൂർക്കാരുടെ ബന്ധുവീട് പോലെയാണെങ്കിലും, വാൽപ്പാറക്കടുത്തുള്ള നല്ലമുടി പൂഞ്ചോലയിൽ ഇതുവരെപോയിട്ടില്ല. കയ്യിൽ ഒരുപാട് സമയം ഉള്ളതുകൊണ്ട് നേരെ അങ്ങോട്ടുവിട്ടു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അത്യാവശ്യം കുഴികൾ നിറഞ്ഞ വഴികളിലൂടെ നല്ലമുടിയിൽ എത്താൻ അരമണിക്കൂറിലേറെ എടുത്തു. വണ്ടി പാർക്ക്‌ ചെയ്തു ഒരു അരകിലോമീറ്റർ നടക്കണം വ്യൂ പോയിന്റിൽ എത്താൻ. മനോഹരമായ ആ വ്യൂ പോയിന്റിൽ നിന്നുനോക്കിയാൽ അങ്ങ് ദൂരെ വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാം. അവിടെ നിന്നും മടങ്ങി നേരെ പൊള്ളാച്ചി റോഡുപിടിച്ചു, ആളിയാർ ചുരമിറങ്ങി ഞങ്ങൾ ചിന്നാറിലേക്കു യാത്രയായി.

ഇരുവശത്തും കൃഷിപ്പാടങ്ങളും, തെങ്ങുകളും നിറഞ്ഞ മനോഹരമായ റോഡിലൂടെ ഒരുപാട് ദൂരം യാത്ര ചെയ്തു ഞങ്ങൾ മൂന്നരയോടെ ചിന്നാറിലെത്തി. ഇടുക്കി ജില്ലയിലെ ഒരു പ്രമുഖ വന്യജീവി സങ്കേതമാണ് ചിന്നാർ. പൊതുവെ ഒരു വരണ്ട പ്രദേശമായ ചിന്നാർ, ഇടുക്കി ജില്ലയുടെ വടക്കേ അറ്റത്തു തമിഴ്‍നാടിനോട് ചേർന്ന് കിടക്കുന്നു. ചിന്നാർ ഒരു മഴ നിഴൽ പ്രദേശമാണ്, മഴ വളരെ കുറവ് മാത്രം ലഭിക്കുന്ന ചിന്നാറിൽ കേരളത്തിലെ മൺസൂണിനു പ്രത്യേകിച്ച് റോൾ ഒന്നുമില്ല.

ചിന്നാർ ചെക്ക് പോസ്റ്റിലെത്തിയ ശേഷം അവിടെയെത്തിയിരുന്ന മറ്റു സഞ്ചാരി സുഹൃത്തുക്കളെ പെട്ടന്നൊന്നു പരിചയപെട്ട ശേഷം ഞങ്ങൾ ആദ്യദിവസത്തെ ട്രെക്കിങ്ങിനു പോകാൻ തയ്യാറായി. റോഡ് ക്രോസ്സ് ചെയ്തു മറുവശത്തു ദൂരെ കാണുന്ന വാച്ച് ടവറിലേക്കായിരുന്നു ആദ്യ യാത്ര. ഏകദേശം നാൽപ്പതു അടിയോളം ഉയരമുള്ള വാച്ച് ടവറിന്റെ മുകളിൽ നിന്നാൽ ചിന്നാർ വന്യ ജീവി സങ്കേതത്തിന്റെ ഒരു പനോരാമിക് വ്യൂ കാണാം. മുകളിൽ നിന്ന് നോക്കിയാൽ പലപ്പോഴും താഴെ ആനയെയും, കാട്ടുപോത്തുകളെയും, മാൻ കൂട്ടാതെയും കാണാറുണ്ടെങ്കിക്കും ഞങ്ങൾ കയറിയ സമയത്തു ഒന്നും തന്നെ കാണാനായില്ല.

വാച്ച് ടവറിൽ നിന്നിറങ്ങി നേരെ ചിന്നാർ പുഴയുടെ ഓരത്തുകൂടെ ഞങ്ങൾ നടന്നു. പത്തു മീറ്ററോളം വീതിയുള്ള പുഴയുടെ ഒരു വശത്തു കേരളവും മറുവശം തമിഴ്നാടുമാണ്. ചെറുതും വലുതുമായ ഉരുണ്ട കല്ലുകൾ നിറഞ്ഞ ചിന്നാർ പുഴയിൽ വെള്ളം വളരെ കുറവേ ഉണ്ടായിരുന്നുള്ളു. എല്ലാവരും പുഴയിലിറങ്ങി കയ്യും മുഖമൊക്കെ കഴുകി, അല്പസമയം പുഴയിലെ കല്ലുകളിൽ ഇരുന്നു. പുഴയുടെ ഇരുവശത്തും ഒരുപാട് വലിയ മരങ്ങൾ വളർന്നു നിൽക്കുന്നു. അവയുടെ ശിഖിരങ്ങൾ പടർന്നു പന്തലിച്ചു പുഴയുടെ കുറുകെ നിൽക്കുന്നതിനാൽ പുഴയിൽ എപ്പോഴും നല്ല തണൽ നിറഞ്ഞിരിക്കും. കല്ലുകൾക്കുമീതെ കൂടി ഒഴുകുന്നതു കൊണ്ടാകാം ഈ വെള്ളത്തിനു ഒരു പ്രത്യക തണുപ്പുണ്ടായിരുന്നു.

പുഴയുടെയും കാടിന്റെയും സൗന്ദര്യം ആസ്വദിക്കുന്നതിനിടയിലാണ് ഞങ്ങളവനെ കണ്ടതു. മരച്ചില്ലകളിലൂടെ ചാടി ചാടി പുഴ കടക്കാൻ ശ്രമിക്കുന്ന അവൻ വേറെ ആരുമല്ല, കേരളത്തിൽ ചിന്നാറിൽ മാത്രം കാണുന്ന, വംശനാശം ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ. കയ്യിൽ മാറാൻ മറ്റു വസ്ത്രങ്ങൾ ഇല്ലാത്തതിനാൽ അവിടെ ഒന്ന് കുളിക്കാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമത്തോടെ ട്രെക്കിങ്ങ് മതിയാക്കി താമസ സ്ഥലത്തേക്ക് മടങ്ങി. എന്നാൽ ആ വിഷമം തിരിച്ചു ചെന്നതിനു ശേഷം, ഡോർമിറ്റോറിയോടു ചേർന്നൊഴുകുന്ന ചിന്നാർ പുഴയുടെ മറ്റൊരു വശത്തു ഇറങ്ങി ഞങ്ങളങ്ങു തീർത്തു. ക്യാമ്പിനു വന്ന എല്ലാവരും, പത്തു വയസുകാരൻ റോഷൻ അടക്കം ആ പുഴയിലെ തണുപ്പിൽ മതിയാവോളം നീരാടി.

കുളി കഴിഞ്ഞു തിരിച്ചുവന്ന എല്ലാവരും നാച്ചുറൽ ക്ലബ്ബിന്റെ ഡോര്മിറ്ററിയോടു ചേർന്നുള്ള ഹാളിൽ ഒത്തുകൂടി. ധനുഷ്‌കോടി സാറും മനോജ്‌ സാറും ഞങ്ങൾക്കുവേണ്ടി അവിടെ ചെറിയൊരു ക്ലാസ്സ്‌ എടുത്തു. ചിന്നാറിനെ കുറിച്ചും ചിന്നാറിലെ മൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങൾ മനോജ്‌ സർ പങ്കുവച്ചപ്പോൾ ധനുഷ്‌കോടി സർ ചിന്നാറിലെ അപൂർവമായ നക്ഷത്ര ആമകളെക്കുറിച്ചും വെള്ള കാട്ടുപോത്തിനെക്കുറിച്ചും ഞങ്ങളോട് കൂടുതൽ വിശദമായി പറഞ്ഞു. പിന്നീടാണ് ചിന്നാറിലെ വനങ്ങളിൽ അധിവസിക്കുന്ന ട്രൈബൽസിനെക്കുറിച്ചും അവരുടെ വ്യത്യസ്തമായ ജീവിതരീതിയെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സർ പറയുന്നത്. അതിന്റെ കൂട്ടത്തിലാണ് മുകളിൽ പറഞ്ഞ മന്ത്രവാദ കഥ അദ്ദേഹം ഞങ്ങളോട് പങ്കുവച്ചത്.

വൈകീട്ടത്തെ ഭക്ഷണമായ കഞ്ഞീം പയറും കഴിച്ചു എല്ലാവരും കുറച്ചുനേരം പല ഗ്രൂപ്പുകളായി ചെക്ക്പോസ്റ്റിലും മറ്റും പോയിരുന്നു സംസാരിച്ചു നിന്നു. ശേഷം ഒൻപതു മണിയോടെ എല്ലാവരും ചിന്നാർ ചെക്ക് പോസ്റ്റിനു സമീപമുള്ള റെസ്റ്റോറന്റിന് മുന്നിൽ ഒത്തുകൂടി. ചെറിയൊരു പരിചയപ്പെടൽ സെഷനാണ് ഉദ്ദേശിച്ചതെങ്കിലും 11 മണിവരെ നീണ്ടുനിന്ന ആ തള്ളൽ മഹാമഹം തീർത്തും രസകരമായിരുന്നു എന്നുതന്നെ പറയാം.

ഞായറാഴ്ച രാവിലെ തന്നെ എണീറ്റു. പുഴയിൽ പോയി കുളിക്കാം എന്നൊക്കെ പ്ലാനിങ് ഉണ്ടായിരുന്നെങ്കിലും രാവിലെ പുഴയിലെ വെള്ളത്തിന്റെ തണുപ്പ് മനസിലോർത്തപ്പോൾ ആ ശ്രമം മെല്ലെ ഉപേക്ഷിച്ചു. ഏലക്ക പൊടിച്ചിട്ട കട്ടൻചായ കുടിച്ചു, ഒരു 7 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ വാച്ച് ടവറിലേക്ക് ചെറിയൊരു ട്രെക്കിങ്ങ് നടത്തി. തണുപ്പുള്ള ആ പ്രഭാതത്തിൽ വാച്ച് ടവറിനു മുകളിൽ നിൽക്കാൻ ഒരു പ്രേത്യേക ഫീൽ തന്നെ ആയിരുന്നു. ഇറങ്ങാൻ നേരം കുറച്ചു ദൂരെയായി കേഴമാൻ കൂട്ടത്തെ കണ്ടത് എല്ലാവർക്കും ഒരു ആശ്വാസത്തിന് വകയായി. തിരിച്ചു വന്നു ഭക്ഷണം കഴിച്ചു ഒൻപതരയോടെ എല്ലാവരും തൂവാനം ട്രെക്കിങ്ങിനു റെഡിയായി. സ്വന്തം വാഹനങ്ങളിൽ ആലാംപെട്ടിയിലെത്തിയ ഞങ്ങൾ 10 മണിയോടെ തൂവാനത്തേക്കുള്ള ട്രെക്കിങ്ങ് തുടങ്ങി.

മൂന്നര കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചുവേണം പാമ്പാറിലുള്ള തൂവാനം വെള്ളച്ചാട്ടത്തിലെത്താൻ. പോകുന്ന വഴിക്കു, പലതരം പക്ഷികളെയും, ചിത്രശലഭങ്ങളെയും കാണാനായി. ഒരുമണിക്കൂറിലേറെ സമയം നടന്നുക്ഷീണിച്ച ഞങ്ങൾക്കു മുന്നിൽ ഒരു മാലാഖയെപ്പോലെ തൂവാനം ഒഴുകിയിറങ്ങി. ഈ ഫെബ്രുവരിയിലെ ചൂടിൽ ഇത്രേം വെള്ളം തൂവാനത്തു ആരും പ്രതീക്ഷിച്ചിരുന്നില്ല. തൂവാനം വെള്ളച്ചാട്ടം കാണാൻ ഏറ്റവും നല്ല സമയം നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ്. കേരളത്തിൽ മഴപെയ്യുന്ന ജൂൺ, ജൂലൈ മാസങ്ങളിലൊന്നും തൂവാനത്തു വെള്ളമുണ്ടാകില്ല.

വെള്ളച്ചാട്ടത്തിനു താഴെ നിന്ന് കുറെ ഫോട്ടോസെല്ലാം എടുത്ത ശേഷം ഞങ്ങൾ ഗൗയിടുകളുടെ നേതൃത്വത്തിൽ പുഴ മുറിച്ചുകടന്ന് അക്കരയെത്തി. റിവർ ക്രോസിങ് രസമുള്ളതും, സാഹസികത നിറഞ്ഞതുമായ ഒരു പരിപാടിയാണ്. കല്ലുകളിൽ ചവുട്ടി ചവുട്ടി, പരസ്പരം കൈ കൊടുത്തു സഹായിച്ചും ഞങ്ങൾ മറുകരയിൽ എത്തി. അവിടെ നിന്ന് കാട്ടിലൂടെ അല്പം മുകളിലോട്ടു നടന്നാൽ തൂവാനത്തെ ലോഗ് ഹൌസിൽ എത്താം. ലോഗ് ഹൗസിനു സമീപത്തു കൂടെ നടന്നു ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ മുകളിലെത്തി. പാമ്പാർ ശക്തിയായി ഒഴുകിവന്നു താഴെ പാറക്കൂട്ടങ്ങളിലേക്കു പതിക്കുന്ന കാഴ്ച തൊട്ടുമുന്നിൽ നിന്ന് കാണാം.

കുറച്ചുനേരം അവിടെ നിന്ന് നിശബ്ദം തൂവാനസുന്ദരിയുടെ സൗന്ദര്യം ആസ്വദിച്ചപ്പോഴേക്കും അവളിലെ ജല കണികകൾ പുകപോലെ വന്നു എന്നെ കുളിരണിയിച്ചു. അതികം നേരം അവിടെ നിന്നാൽ മൊബൈലിൽ വെള്ളം കേറും എന്ന അവസ്ഥയായപ്പോൾ വഴുക്കലുള്ള പാറകളിലൂടെ ശ്രദ്ധിച്ചു നടന്നു തൊട്ടപ്പുറത്തു വെള്ളം ചാടുന്ന സ്ഥലത്തുപോയി കുളിച്ചു. അവിടെ ശക്തമായ ഒഴുക്ക് ഇല്ലായിരുന്നെങ്കിലും കുളിക്കാൻ അതാണ്‌ നല്ല സ്ഥലം എന്നതിനാൽ ഞങ്ങൾ എല്ലാവരും അവിടെയിറങ്ങി കുളിച്ചു. മനസ്സുനിറഞ്ഞു… ശിരസിൽ ഒരു പ്രത്യേകതരം തണുപ്പ്.. ശരീരത്തിന് ഒരു ഉന്മേഷം. മൂന്നര കിലോമീറ്റർ കാട്ടിലൂടെ നടന്നതിന്റെ ക്ഷീണമെല്ലാം വെള്ളച്ചാട്ടത്തിലെ ആ കുളിയിൽ ഇല്ലാതായി.

കുളികഴിഞ്ഞപ്പോൾ ചെറിയ വിശപ്പുതോന്നി. അപ്പോഴാണ് സുഹൈബ് ബാഗിൽ ഉള്ള പുളി പുറത്തെടുത്തത്. വരുന്നവഴിക്കു പുള്ളിക്കാരൻ ആനമല റോഡിൽ നിന്ന് പറുക്കി ബാഗിൽ ഇട്ടതാണ്. പഴുത്ത പുളി തൊടുകളഞ്ഞു വായിലിട്ടു നുണയുമ്പോൾ പതിയെ മനസ് കുറച്ചുകാലം പുറകിലോട്ടു സഞ്ചരിച്ചു.. വേനലവധിക്ക് പഴംപുളി നുണഞ്ഞു നടന്നിരുന്നതും, പുളി കഴിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ പുളിങ്കുരു വിഴുങ്ങിപോയിരുന്നതും.. മധുരമുള്ള, ഒരിക്കലും തിരിച്ചുവരാത്ത ആ കുട്ടിക്കാലം. മറക്കാനാകുമോ ആ ബാല്യകാലം.

വെള്ളച്ചാട്ടം കണ്ടു തിരിച്ചു വന്ന ഞങ്ങൾ ആലംപെട്ടിയിലെ ഇക്കോ ഷോപ്പിനടുത്തുള്ള കടയിൽ നിന്ന് ഓരോ ചക്കര കാപ്പി കുടിച്ചു. ശർക്കര, നന്നാരി, ഏലക്കായ എന്നിവ മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു പ്രത്യേകതരം കാപ്പിയാണത്. സംഭവം കിടു ആയതുകൊണ്ട് ഞാൻ ഒരെണ്ണം കൂടെ വാങ്ങി കഴിച്ചു. തിരിച്ചു ചിന്നാറിൽ എത്തിയ ഞങ്ങൾ എല്ലാവരുംകൂടി ഒരു യാത്രപറയൽ ചടങ്ങുകൂടെ സംഘടിപ്പിച്ചു. ചിന്നാർ ഇവന്റിൽ ഞങ്ങളോടൊപ്പം പങ്കെടുത്ത സഞ്ചാരി അഡ്മിൻസിൽ ഒരാളായ സബീലിനു ഞങ്ങളൊരു സ്നേഹോപഹാരം നൽകി. ശേഷം എല്ലാവരെയും സ്നേഹത്തോടെ യാത്രയാക്കി. ഞാനും, അനിലേഷും, ഷൗക്കത്തും പിന്നെ ജെറിയും. ബാക്കി എല്ലാവരും പോയിരുന്നു.

എന്തായാലും ചിന്നാറിനോട് വിടപറയുകയല്ലേ, ഒരുവട്ടം കൂടി ആ പുഴയിലിറങ്ങി നീരാടാൻ ഒരുമോഹം. നാലുപേരുംകൂടി വീണ്ടും പുഴയിലേക്ക്. കുളികഴിഞ്ഞു ഞങ്ങൾ മറയൂർ മൂന്നാർ വഴി നാട്ടിലേക്ക് തിരിച്ചു. മറയൂരിലെ ചന്ദനക്കാടുകളുടെ സുഗന്ധം ആസ്വദിച്ചു മൂന്നാർ എത്തിയപ്പോഴേക്കും ഞങ്ങളെത്തേടി വന്ന വേനൽമഴയും അവൾക്കകമ്പടിയായി മലയിറങ്ങിവന്ന കോടമഞ്ഞും ഞങ്ങളുടെ ചിന്നാർ യാത്ര പൂർണമാക്കി…

ചിന്നാർ എത്താനുള്ള പ്രധാന റൂട്ടുകൾ. 1 Thrissur- athirapilly- vazhachal – malakkappara – valppara – aliyar – nm sungam – chinnar, 2. Thrissur – Angamali – perumbavoor – kothamangalam – Munnar -Marayoor – Chinnar. തൃശ്ശൂരിൽ നിന്നു പാലക്കാട്‌ റൂട്ടിൽ വടക്കുംചേരിയിൽ നിന്നു നെന്മാറ വഴി പൊള്ളച്ചി റോഡിൽ പോയി ഉദുമൽപേട്ട വഴിയും ചിന്നാറിലെത്താം. ചിന്നാർ ഡോര്മിറ്ററി & തൂവാനം ലോഗ്ഹൌസ് ബുക്കിങ്ങിനായി, www.munnarwildlife.com സന്ദർശിക്കുക. തൂവാനം വാട്ടർഫാൾസ്‌ ട്രെക്കിങ്ങിനായി മറയൂരിനും ചിന്നാറിനുമിടയിലുള്ള ആലംപെട്ടി എന്ന സ്ഥലത്തുള്ള ഇക്കോ ഷോപ്പിനോട് ചേർന്ന ഓഫീസിൽ നിന്നു ടിക്കറ്റെടുക്കാം. ടിക്കറ്റ് നിരക്ക് ഒരാൾക്ക് : 225 രൂപ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം – Forest Information Centre Wildlife Warden’s Office, Munnar PO, Idukki Dist. Kerala, India. PIN:685 612 Tel: 91-4865-231587.