വിവരണം – പ്രശാന്ത്_കൃഷ്ണ.
ഈ പൂജാ അവധിക്കു ഒരു ദീർഘദൂര യാത്ര തയാറാക്കി വച്ചിരിക്കുകയായിരുന്നു ഞങ്ങൾ. തുടർച്ചയായ അവധി ദിനങ്ങൾ ആയതിനാൽ ഞങ്ങൾ പോകാനുദ്ദേശിച്ചിരുന്ന സ്ഥലങ്ങളിൽ നല്ല തിരക്ക് കാണും എന്നുള്ളത് മനസിലാക്കി ആ യാത്ര ഞങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു . ഒരു യാത്രപോകാൻ ഒരുങ്ങി അത് മുടങ്ങുമ്പോഴുണ്ടാകുന്ന വിഷമം ഞങ്ങളെ അസ്വസ്ഥരാക്കി. അത് മറികടക്കുന്നതിനായി ഒരു ദിവസത്തെ ഒരു യാത തട്ടിക്കൂട്ടാൻ ഞങ്ങൾ തീരുമാനിച്ചു. അധികം തിരക്കില്ലാത്ത ഒരു ദിവസം കൊണ്ട് തിരിച്ചു വരാവുന്ന ഒരു സ്ഥലം അതായിരുന്നു ലക്ഷ്യം.
അവസാനം 18 നു രാത്രി 10 മണിയോടെ യാത്ര പോകാനുള്ള സ്ഥലം തെരഞ്ഞെടുത്തു “ചിതറാൽ ജെയിൻ ടെംപിൾ”. ഒരുപാട് നാളായി പോകണം എന്ന് ആഗ്രഹിച്ചിരുന്നതാണ്, പലപ്പോഴും യാത്ര മുടങ്ങി ഇപ്പോഴാണ് അതിനു പറ്റിയ സമയം. അങ്ങനെ ഞാൻ , അനന്ദു , അപ്പൂസ് , രാഹുൽ എന്നിവർ യാത്രയ്ക്ക് തയാറെടുത്തു. മറ്റുള്ളവർക്ക് പല അസൗകര്യങ്ങൾ കൊണ്ട് യാത്രയിൽ പങ്കുചേരാൻ സാധിച്ചില്ല. പിറ്റേന്ന് ബന്ദ് ആയതിനാൽ തലേദിവസം ഓഫീസിൽ നിന്ന് വന്നപ്പോൾ വണ്ടിയിൽ ഇന്ധനം നിറച്ചു. ആകെ ഈ യാത്രയ്ക്ക് ചെലവ് ഇന്ധനച്ചിലവും പിന്നെ ഭക്ഷണവും മാത്രം. രാവിലെ 6 മണിക്ക് യാത്ര തുടങ്ങണം എന്ന് എല്ലാവരെയും അറിയിച്ചു ഉറങ്ങാൻ കിടന്നു.
രാവിലെ കൃത്യസമയത്തു തന്നെ എല്ലാവരും എത്തി യാത്ര ആരംഭിച്ചു. രാഹുലിന്റെ വീട് കാട്ടാക്കടയാണ്. അവിടുന്ന് അവനെയും കൂട്ടിവേണം പോകാൻ. രാഹുൽ കാട്ടാക്കട എത്താം എന്ന് അറിയിച്ചിട്ടുണ്ട്. ഞങ്ങൾ കാട്ടാക്കട എത്തി. അഞ്ചുമിനിട്ടിനുള്ളിൽ രാഹുലും ബസിൽ അവിടെത്തി. ഞങ്ങൾ യാത്രതിരിച്ചു ചരിത്രമുറങ്ങുന്ന ആ ജൈന ക്ഷേത്രം കാണാൻ. കാട്ടാക്കട – ഒറ്റശേഖരമംഗലം – മണ്ഡപത്തിങ്കടവ് – ചെമ്പൂര് – വഴി ഞങ്ങൾ തമിഴ്നാട് അതിർത്തി കടന്നു. പിന്നീടങ്ങോട്ട് നല്ല കാഴ്ചകൾ കണ്ണിനു കുളിർമനൽകുന്ന കാഴ്ചകൾ. പാതയോടു ചേർന്നുള്ള തടാകം അതിൽ മീൻപിടിക്കുന്ന കുറച്ചുപേർ. കുറച്ചുനേരം അതാസ്വദിച്ചശേഷം ഞങ്ങൾ യാത്രതുടർന്നു.
തമിഴ്നാടിന്റെ അതിർത്തി ഗ്രാമങ്ങളിലൂടെയും ചെറു പട്ടണങ്ങളിലൂടെയും സഞ്ചരിച്ചു ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. വണ്ടി ഒതുക്കിവച്ചു ഞങ്ങൾ ക്ഷേത്രത്തിലേക്കുള്ള നടത്തം തുടങ്ങി. പാറയുടെ മുകളിലേക്കുള്ള പാത കരിങ്കല്ല് പാകി നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഇടയ്ക്കു പടികളും ഉണ്ട് ഏകദേശം ഒരു കിലോമീറ്റർ നടക്കാനുണ്ട് ക്ഷേത്രത്തിനടുത്തെത്താൻ. ഇടയ്ക്കിടക്ക് വിശ്രമിക്കാൻ വേണ്ടി കരിങ്കല്ലിൽ തന്നെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം -കന്യാകുമാരി : ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് ചിതറാൽ . തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ പ്രധാന ആകർഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ ഉദാഹരണമാണ് ജൈന ക്ഷേത്രം . ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെസംരക്ഷണത്തിലാണ് ക്ഷേത്രം. പാറയിൽക്കൊത്തിയ ധ്യാന നിരതനായ തീർഥങ്കരന്റെ വിവിധ രൂപങ്ങളും ശിൽപ്പങ്ങളും ക്ഷേത്രത്തിലുണ്ട്. ഞങ്ങൾ നടന്നു ക്ഷേത്രത്തിനടുത്തെത്തി.
ഒരു ചെറിയ കവാടം കടന്നു പാറകൾക്കിടയിലൂടെ വേണം ക്ഷേത്രത്തിലെത്താൻ. പാറകളിൽ മനോഹരങ്ങളായ ശില്പങ്ങളും മറ്റും കൊത്തിവച്ചിരിക്കുന്നു. ശില്പങ്ങളെ കൂടാതെ ശിലാലിഖിതങ്ങളും കാണുവാൻ സാധിക്കും. വളരെ ശാന്തമായ അന്തരീക്ഷം. പാറമുകളിൽ നിന്ന് നോക്കിയാൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്നാടിന്റെ ഭംഗി ആസ്വദിക്കാനാകും. ഞങ്ങൾ അവിടെത്തിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു വെയിൽ വീണു തുടങ്ങി. എന്നിരുന്നാലും വെയിലിന്റെ ചൂടേൽക്കാതെ നില്ക്കാൻ ആൽമരങ്ങളും വൃക്ഷങ്ങളും നമ്മെ സഹായിക്കും.
അൽപനേരം ഞങ്ങൾ ആല്മരത്തണലിൽ വിശ്രമിച്ചു. ഞങ്ങൾ അവിടെത്തിയപ്പോൾ ആകെ രണ്ടുപേരെ ഉണ്ടായിരുന്നുള്ളു. പിന്നീട് ഒരുപാടുപേർ ക്ഷേത്രം കാണാനായി വന്നുകൊണ്ടിരുന്നു. പലർക്കും ഇപ്പോഴും അജ്ഞാതമാണ് ഈ സ്ഥലം. യാത്രയെയും ചരിത്ര സ്മാരകങ്ങളെയും സ്നേഹിക്കുന്ന ഓരോ വ്യക്തിയും കണ്ടിരിക്കേണ്ട ഒന്നാണ് ചിതറാൽ ജെയിൻ ടെംപിൾ. മറ്റൊന്നുകൂടി ഓർമ്മിക്കുന്നു ഈ പൈതൃകങ്ങളെല്ലാം സംരക്ഷിക്കേണ്ടതും അത് നാളേക്കുവേണ്ടി കാത്തുസൂക്ഷിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും കടമയാണ്.