വറുത്തതും പൊരിച്ചതുമായ നാടൻ വ്യത്യസ്ത വിഭവങ്ങൾ നിറഞ്ഞ ‘ചുക്കിൻ്റെ കട’

വിവരണം – Vishnu A S Nair.

ഇത് ചുക്കിന്റെ കട. വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ കൊണ്ട് നമ്മുടെ നാവുകളെ രുചിയുടെ കുത്തൊഴുക്കിലെത്തിച്ച ധാരാളം കടകൾ നമ്മൾ കണ്ടിട്ടുണ്ട്… കേട്ടിട്ടുണ്ട്.. എന്നാൽ വെറും ദോശയും ചമ്മന്തിയും നല്ല കിണ്ണം കാച്ചിയ കാരാവടയും കൊണ്ട് കഴിഞ്ഞ എട്ട് പതിറ്റാണ്ടുകൾക്ക് മേലെയായി വാമൊഴിയുടെയും കൈപ്പുണ്യത്തിന്റെയും ബലത്തിൽ മാത്രമായി നിലനിൽക്കുന്ന ഒരു ഭക്ഷണശാലയുണ്ട് നമ്മുടെ തിരുവനന്തപുരത്തിന്റെ മണ്ണിൽ. നമ്മുടെ സ്വന്തം വട്ടിയൂർക്കാവിൽ… നമ്മുടെ സ്വന്തം ‘ചുക്കിന്റെ കട’…

മേൽപ്പറഞ്ഞത് പോലെ എൺപത് വർഷങ്ങൾക്ക് മുമ്പ് വേലായുധൻ നായർ എന്ന വ്യക്തിയാണ് വട്ടിയൂർക്കാവ് ജംഗ്ഷനിൽ തന്നെ ‘ഹോട്ടൽ സ്വരാജ്’ എന്നപേരിൽ ഒരു കട തുടങ്ങി. സ്വരാജെന്ന് പേരൊക്കെ ഉണ്ടായിരുന്നെങ്കിലും വേലായുധൻ നായരുടെ വട്ടപ്പേരായ ‘ചുക്ക്’ എന്നപേരിൽ ചുക്കിന്റെ കട എന്ന നാമത്തിലാണ് കട പ്രസിദ്ധമായത്. ഇന്ന് അദ്ദേഹത്തിന്റെ മകനായ ഗോപകുമാർ മാമനാണ് സ്വരാജിന്റെ സാരഥി…

കയറിച്ചെല്ലുമ്പോൾ തന്നെ കണ്ണാടിപെട്ടിയിലെ കടി പലഹാരങ്ങൾ നമ്മെ നോക്കി ചിരിക്കും. മറിച്ചൊരു ചിരിയും പാസാക്കി ഉള്ളിലേക്ക് കയറുമ്പോൾ ഇരുവശങ്ങളിലുമായി ഒരിക്കലുമൊഴിയാത്ത മൂന്നാല് ബെഞ്ചും ഡെസ്കും, അതാണ് സ്വരാജ്, അത്ര തന്നെ. ചെന്നു കയറി ഒരു ബെഞ്ചിൽ സ്ഥാനം പിടിക്കണം എന്നിട്ട് വിശ്വവിഖ്യാതമായ ദോശയും ചമ്മന്തിയും പറയണം. പറഞ്ഞുടനെ ഒരു വാഴയിലക്കീറ് മുന്നിലേക്ക് വീണു. അതിൽ പറ പറാ ദോശയും വന്നെത്തി.
ദോശയെന്നൊക്കെ പറഞ്ഞാൽ വേറെ ലെവൽ.. കാണുമ്പോൾ ഒടുക്കത്തെ കട്ടി തോന്നുമെങ്കിലും കൈവയ്ക്കുമ്പോൾ പഞ്ഞി പോലെ മൃദുവായ ദോശ അതിലേക്ക് ജലാംശത്തിന്റെ സാരാംശം ധാരാളമുണ്ടെങ്കിലും കിടുക്കാച്ചി ചമ്മന്തി ഒഴിക്കണം.. (ഒരിക്കലും ദോശ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ചിട്ട് കറി ഒഴിക്കരുത്, ദോശ മാറ്റി മാറ്റി വച്ചിട്ട് കറി ഒഴിപ്പിക്കുക, എന്നാലേ ആ ഒരു ‘ഗും’ കിട്ടുകയുള്ളൂ.) ചമ്മന്തിയിൽ നനഞ്ഞു കുതിർന്ന ദോശ അടർത്തിയെടുത്ത് വായിലേക്ക് തിരുകി കൊടുക്കണം, ചുമ്മാ അലിഞ്ഞിറങ്ങി പോകും.. ഒരു രക്ഷയുമില്ല കിടുക്കാച്ചി രുചി.. ബീഫും ചിക്കനും മട്ടനും മാത്രമല്ല ഇതുപോലുള്ള തീർത്തും ലളിതമായ വിഭവങ്ങളിലും കൈപ്പുണ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കി.

ചുക്കിന്റെ കടയിലെ മറ്റൊരു ഹൈലൈറ്റാണ് ഇവിടുത്തെ കാരാവട. രാവിലെ 9.30 മുതൽ കാരാവട കിട്ടും. ഏതാണ്ട് ഒന്നര മണിക്കൂർ കൊണ്ട് കാലിയാവുകയും ചെയ്യും.. അത്ര ഡിമാന്ഡാണ് ഇവിടുത്തെ കാരാവടയ്ക്ക്. രാവിലത്തെ സമയം കഴിഞ്ഞാൽ പിന്നെ കാരാവട ഉണ്ടാക്കുകയുമില്ല.. അതിനാൽ ആവശ്യക്കാർ സമയമറിഞ്ഞു പോവുക. അങ്ങനെ വാച്ചിലെ സൂചിയും നോക്കിയിരുന്നപ്പോൾ കൃത്യം ഒൻപതരയ്ക്ക് കാരാവട മുന്നിലെത്തി.. നല്ല മൊരിഞ്ഞ ചൂടൻ കാരാവട.. ഇതു വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും കിടുക്കാച്ചി കാരാവടയെന്നു പറയാം..

ദോശയും ചമ്മന്തിയും കഴിച്ചു കഴിഞ്ഞ ഇലയിൽ ആ കാരാവട വയ്ക്കണം എന്നിട്ട് വലതുകൈയുടെ ഉള്ളം കൊണ്ടൊരു അമർത്തൽ… മൊരിഞ്ഞ കാരാവട പൊളിയുന്ന കർണാനന്ദകരമായ ഒരു ശബ്ദമുണ്ട് കൂടെ അതിനുള്ളിലെ ഇഞ്ചിയും പച്ചമുളകും ചേർന്നു വരുന്ന മണവും.. നാവിൽ കപ്പലോടും. എന്നിട്ട് ആ പരന്ന കാരാവടയെ തിരിച്ചും മറിച്ചും ഇലയിലെ ചമ്മന്തി പറ്റിക്കണം, ഇനി പതുക്കെ ഇടതു കയ്യിലൊരു കട്ടനും മൊത്തി വലതു കൈകൊണ്ട് അടർത്തിയെടുത്ത കാരാവടയും കഴിക്കണം… അറജ്ജം പുറജ്ജം കിടുക്കാച്ചി.. നല്ല ഒന്നാംതരം കോംബോ. ഇവിടുത്തെ കാരാവട കഴിച്ചിട്ടില്ലെങ്കിൽ അതൊരു നഷ്ടമാണ്, വലിയൊരു നഷ്ടം. ദോശയുടെ കൂടെ കിട്ടുന്ന കിഴങ്ങു കറിയും ഒന്നാംതരം തന്നെ.. എന്നാലും ദോശയും തേങ്ങയരച്ച ചമ്മന്തിയും അതാണ് അതിന്റെയൊരു ഇരിപ്പുവശം…

വിലവിവരം : ദോശ :- ₹.5/-, കിഴങ്ങു കറി :- ₹.15/-, ഉഴുന്നു വട :- ₹.7/-, കാരാവട :- ₹.7/-, കട്ടൻ ചായ :- ₹.5/-, കിണ്ണം കാച്ചിയ ചമ്മന്തി :- തീർത്തും സൗജന്യം. വിലക്കുറവും കൈപ്പുണ്യത്തിന്റെ കൂടുതലും കൊണ്ടാകും എപ്പോഴും നല്ല തിരക്കാണ് ചുക്കിന്റെ കടയിൽ. സാധാരണക്കാരായ തൊഴിലാളികളുടെയും പോക്കറ്റിന്റെ ഭാരം കുറഞ്ഞവന്റെയും കാരാവട കഴിക്കാനായി മാത്രം വരുന്നവരെയും എല്ലാം ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു പാവം കട…

എല്ലാ വിഭവങ്ങൾക്കും അതിന്റെതായൊരു സമയമുള്ള ഹോട്ടലാണ് ചുക്കിന്റെ കട. രാവിലെ ദോശ കൂടാതെ അപ്പം, പുട്ട് തുടങ്ങിയവ കിട്ടും. ഒരു സമയം കഴിഞ്ഞാൽ പിന്നെ ദോശ മാത്രം.. ഊണില്ല.. രാവിലെ 9.30 മുതൽ കാരാവട കിട്ടും. വൈകിട്ട് 8 മണിക്ക് കട അടയ്ക്കുന്നത് വരെ ദോശയും… മാംസാഹാരവും മറ്റും ഇവിടെ ലഭ്യമല്ല. കാരാവട കൂടാതെ ഉഴുന്നു വട, രസവട, ബോണ്ടാ, സുഖിയൻ അഥവാ മോദകം എന്നീ പലഹാരങ്ങളും സമയമനുസരിച്ചു ലഭ്യമാണ്.

കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ ഗോപൻ മാമൻ പറഞ്ഞു ” എനിക്കിപ്പോൾ 66 വയസ്സുണ്ട്, ഇനി എത്ര നാൾ കട കൊണ്ട് പോകാനാകുമെന്നറിയില്ല… റോഡിന് വീതി കൂട്ടാനും മറ്റും അളന്ന് ഇട്ടിരിക്കുന്ന സ്ഥലമാണ്. ഫണ്ടിന്റെ പ്രശ്നം കൊണ്ടെന്തോ പണി തുടങ്ങിയില്ല.. തുടങ്ങിയാൽ …. !!! തുടങ്ങിയാൽ പിന്നെ അടയ്ക്കുകയല്ലാതെ വേറെ വഴിയില്ല…”

കൊട്ടിഘോഷിക്കലുകളും കൊള്ളലാഭവും മുഖമുദ്രകളാക്കിയ ഇന്നിന്റെ കടകളിൽ നിന്നും ചുക്കിന്റെ കട അന്നുമിന്നും തീർത്തും വ്യത്യസ്തമാണ്. പറയാനൊരു പേരില്ല, ബോർഡില്ല, തള്ളാൻ ആളുമില്ല… എന്നാലും സാധാരണക്കാരന് വയറ് കാളി പോക്കറ്റിൽ പരതി ചില്ലറ തുട്ടുകൾ കയ്യിലുടക്കുമ്പോൾ ആദ്യം ഓർമവരുന്നത് ചുക്കിന്റെ കട പോലുള്ള കൊച്ചു കടകളായിരിക്കും… അത് ഡെഫിനിറ്റാ..

എന്തിനും ഏതിനും പുതിയത് മാത്രം തേടിപ്പോകുന്ന ഇന്നത്തെ തലമുറ മനസ്സിലാക്കുമോ കഴിഞ്ഞ 80 വർഷമായി ഹോട്ടൽ മേഖലയിൽ കടവിറങ്ങി തഴമ്പിച്ച ചുക്കിന്റെ കടയുടെ വിശേഷങ്ങൾ ?? കണ്ടറിയാം… കാലം !! അവൻ പറയട്ടെ.

ലൊക്കേഷൻ :- Swaraj Hotel, Vattiyoorkavu, Junction, Thiruvananthapuram, Kerala 695013, https://maps.app.goo.gl/rJec9J6spjhdnK7YA, NB :- പാർക്കിംഗ് സൗകര്യമില്ല !!