എഴുത്ത് – പ്രശാന്ത് പറവൂർ.
ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് അച്ഛൻ ഗൾഫിൽ നിന്നും ലീവിനു വന്നപ്പോൾ National ൻ്റെ കളർ ടിവിയും പിന്നെ ഒരു വി.സി.ആറും കൊണ്ടുവന്നു. ടിവിയും ആന്റിനയും വിസിആറും ഒക്കെ ഉച്ചയോടെ തന്നെ സെറ്റ് ചെയ്തു കഴിഞ്ഞു വൈകിട്ടോടെ വീട്ടിൽ സിനിമ പ്രദർശനം തുടങ്ങി. വൈശാലി ആയിരുന്നു അന്ന് വീട്ടിൽ ആദ്യമായി ഇട്ട സിനിമ. സിനിമ കാണുവാനായി കുറേയാളുകൾ വീട്ടിൽ തടിച്ചുകൂടിയിരുന്നതും, ചിലരൊക്കെ വരാന്തയിലിരുന്നുകൊണ്ട് ജനലിലൂടെ കണ്ടുകൊണ്ടിരുന്നതുമൊക്കെ ഇന്നും എനിക്ക് നേരിയ ഓർമ്മയുണ്ട്. അങ്ങനെ പല ദിവസങ്ങളിലും എത്രയോ സിനിമകളും കോമഡി പരിപാടികളുമൊക്കെ നിറഞ്ഞ സദസ്സിൽ വീട്ടിൽ പ്രദർശിപ്പിച്ചു.
രണ്ടര മാസത്തെ ലീവ് കഴിഞ്ഞു അച്ഛൻ തിരികെ പോകുന്നതിനു മുൻപായി ഒരു ചതി ചെയ്തു. വി.സി.ആർ. നാട്ടിൽ തന്നെ ഒരാൾക്ക് വിറ്റു. അങ്ങനെ വീട്ടിലെ സിനിമാ പ്രദർശനം ഞായറാഴ്ചകളിൽ മാത്രമായി ഒതുങ്ങി. വി.സി.ആർ. പോയതോടെ ടിവി കാണാൻ അധികമാരും വരാതെയുമായി. പിന്നെ 1998 ൽ അച്ഛൻ എന്നെന്നേക്കുമായി ഗൾഫിൽ നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് വന്നപ്പോൾ കൂടെ ഒരു വി.സി.പി.യും (SANYO) കൊണ്ടുവന്നു. അപ്പോഴേക്കും ഞങ്ങൾ തറവാട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.
വി.സി.പി. എത്തിയതോടെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട് വീണ്ടും സിനിമാകൊട്ടകയായി മാറി. ഫൂലൻദേവിയുടെ കഥ പറഞ്ഞ ‘ബാൻഡിറ്റ് ക്വീൻ’ ആയിരുന്നു അത്തവണത്തെ വീട്ടിലെ ഹിറ്റ് സിനിമ. സിനിമയിൽ ഇടയ്ക്ക് അത്യാവശ്യം ‘A’ കണ്ടന്റ് ഉണ്ടായിരുന്നതിനാൽ കേട്ടവർ കേട്ടവർ സിനിമ കാണാൻ താല്പര്യപ്പെട്ടു വന്നു. അങ്ങനെ പലതവണ വീട്ടിൽ ഫൂലൻദേവി മിന്നി മറഞ്ഞു. ഇതിനിടെ വീട്ടിൽ കേബിൾ കണക്ഷനെടുത്തു. അതോടെ വി.സി.പി. വീണ്ടും വീടിനു പുറത്തായി. നാട്ടിൽത്തന്നെ ഒരാൾക്ക് അത് വിറ്റു. എൻ്റെ സിനിമ കാണലുകൾ ഏഷ്യാനെറ്റിൽ മാത്രമായി ഒതുങ്ങി. വല്ലപ്പോഴുമൊക്കെ മാത്രമേ സിനിമാ തിയേറ്ററിൽ പോകുമായിരുന്നുള്ളൂ എന്നതിനാൽ എന്റെയുള്ളിലെ കൊച്ചു സിനിമാപ്രേമം കൊട്ടിയടയ്ക്കപ്പെട്ടു.
വർഷങ്ങൾക്ക് ശേഷം 2002 കാലഘട്ടത്തിൽ നാട്ടിലെങ്ങും VCD തരംഗമായി. നാട്ടിൽ രണ്ടുമൂന്നു സിഡി ഷോപ്പും ആരംഭിച്ചു. ക്‌ളാസ്സിലെ കൂട്ടുകാരിൽ പലരുടെയും വീട്ടിൽ വിസിഡി പ്ലെയർ വാങ്ങി. എന്നിട്ടും നമ്മുടെ വീട്ടിൽ ഏഷ്യാനെറ്റും സൂര്യയും മാത്രം, ഒപ്പം പഴയ നാഷണൽ ടിവിയും. എൻ്റെ വാക്കിനു പുല്ലുവില കൽപ്പിക്കുമെന്നു ബോധ്യമുണ്ടായിരുന്നതിനാൽ അമ്മ മുഖേന വിസിഡി പ്ലെയർ വാങ്ങണമെന്ന ആവശ്യം അച്ഛൻ്റെയടുക്കൽ എത്തിച്ചു. അമ്മയുടെ വാക്കിനു ഡബിൾ പുല്ലുവിലയാണെന്ന കാര്യം അപ്പോഴാണ് എനിക്ക് മനസ്സിലായത്. Request Rejected…
അങ്ങനെ വിസിഡി പ്ലെയർ എന്ന മോഹം ഞാൻ ഉള്ളിലൊതുക്കി നടന്നു. അങ്ങനെയിരിക്കെ വീടിനടുത്തുള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ പുതുതായി വിസിഡി വാങ്ങി. ‘മീശമാധവൻ’ ഇറങ്ങിയ സമയമായിരുന്നു അത്. പടം തിയേറ്ററിൽ കളിക്കുന്ന സമയത്തു തന്നെ വ്യാജ പ്രിന്റ് സി.ഡി.യും ഇറങ്ങിയിരുന്നു. സിഡി പ്ലെയർ വാങ്ങിയ അന്നുതന്നെ അവന് മീശമാധവന്റെ സി.ഡി. കിട്ടി. ആ പരിസരത്തുള്ളവരെല്ലാം അന്ന് രാത്രി അവന്റെ വീട്ടിൽ പടം കാണാൻ സീറ്റ് ബുക്ക് ചെയ്തു. രാത്രി കാണാമെന്ന് പറഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് മടങ്ങി. നേരത്തെ തന്നെ ചോറൊക്കെ കഴിച്ച് സിനിമ കാണുവാൻ പോകാൻ ഞാൻ തയ്യാറായി നിന്നു.
അവസാന സമയത്ത് പോകാനുള്ള പെർമിഷനായി അച്ഛന്റെയടുത്തു ചെന്നു. No രക്ഷ… രാത്രിയൊന്നും പുറത്തു പോകണ്ടാ എന്ന് തറപ്പിച്ചു പറഞ്ഞു. കരഞ്ഞു നോക്കി, രക്ഷയില്ല. നൈസായി മൂഞ്ചി… ആ വിഷമത്തിൽ നേരത്തെ ഉറങ്ങാൻ കിടന്നെങ്കിലും കണ്ണടച്ചാൽ “ചിങ്ങമാസം വന്നുചേർന്നാൽ..” പാട്ടുസീനായിരുന്നു വന്നിരുന്നത്. ഞാൻ കണ്ണീരൊലിപ്പിച്ചു കിടന്നിരുന്ന ആ സമയത്ത് മറ്റവിടെ നിറഞ്ഞ സദസ്സിൽ മീശമാധവൻ കളിക്കുകയായിരുന്നു. അങ്ങനെ സിനിമാമോഹങ്ങൾ മനസ്സിലൊതുക്കി ഞാൻ നടന്നു. ജീവിതത്തിൽ വീട്ടിൽ വിസിഡി പ്ലെയർ വാങ്ങില്ലെന്ന് ഉറപ്പായി.
നാളുകൾ കടന്നുപോയി. 2003 ലെ ക്രിസ്മസ് കാലം. ഇനിയിങ്ങനെ അടങ്ങിയിരുന്നാൽ പറ്റില്ലെന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെ രണ്ടും കല്പിച്ച് ഡിസംബർ 23 നു ഉച്ചയ്ക്ക് നാട്ടിൽ നിന്നും ബോട്ടിൽ കയറി വരാപ്പുഴയിലേക്ക് യാത്രയായി. വരാപ്പുഴയിൽ രണ്ടു തിയേറ്ററുകളായിരുന്നു അന്നുണ്ടായിരുന്നത്. ഡേവിസണും ശ്രീദുർഗ്ഗയും. സ്പെഷ്യൽ ട്യൂഷൻ ഉണ്ടെന്നു പറഞ്ഞായിരുന്നു അന്ന് ഞാൻ സിനിമയ്ക്ക് പോയത്. വരാപ്പുഴ ചെട്ടിഭാഗം ബോട്ട്ജെട്ടിയ്ക്ക് തൊട്ടടുത്തുള്ള ഡേവിസൺ തിയേറ്ററിൽ അന്ന് കളിച്ചിരുന്നത് CID മൂസ ആയിരുന്നു. അങ്ങനെ 2.30 ന്റെ മാറ്റിനിയ്ക്ക് 7.50 രൂപയുടെ ടിക്കറ്റെടുത്ത് ഞാൻ കയറി സിനിമ കണ്ടു.
പടം കണ്ടിറങ്ങിയപ്പോൾ പിന്നെ തിരികെ വരാൻ ബോട്ട് ഇല്ലായിരുന്നു. അവസാനം കിലോമീറ്ററുകൾ നടന്നും, കടത്തുവഞ്ചിയിൽ കയറിയുമൊക്കെ രാത്രിയോടെ വീടെത്തി. എന്തോ ഭാഗ്യം കൊണ്ട് വീട്ടുകാർക്ക് സംശയമൊന്നും ഉണ്ടായില്ല. അതോടെ എനിക്ക് ധൈര്യമായി. പിന്നങ്ങോട്ട് എല്ലാ വീക്കെൻഡിലും സ്പെഷ്യൽ ട്യൂഷൻ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് ഞാൻ വരാപ്പുഴയിൽപ്പോയി സിനിമ കാണുവാൻ തുടങ്ങി. കൂട്ടുകാരുടെ സൈക്കിളുകൾ കടം വാങ്ങിയായിരുന്നു പിന്നീടുള്ള പോക്ക്. ചില ആഴ്ചകളിൽ ചെല്ലുമ്പോൾ പത്രത്തിൽ കൊടുത്തിരിക്കുന്ന സിനിമയൊന്നുമാകില്ല അവിടെ. പകരം ഏതെങ്കിലും B ഗ്രേഡ് സിനിമ (A) യൊക്കെ ആയിരിക്കും. കഷ്ടപ്പെട്ട് ഇത്രയും ദൂരം വന്നതല്ലേ എന്നു കരുതി അതിനും കയറിയ ചരിത്രമുണ്ട്.
SSLC പരീക്ഷ കഴിഞ്ഞുള്ള നീണ്ട അവധിക്കാലത്ത് ചെറുകിട ജോലികളൊക്കെ ചെയ്ത് 1500 രൂപ ഒപ്പിച്ച് ഞാൻ ഒരു വിസിഡി പ്ലെയർ വാങ്ങി. ജീവിതത്തിലാദ്യമായി ജോലിചെയ്തു വാങ്ങിയ സാധനം… അച്ഛനറിയാതെ ആയിരുന്നു ഇതെല്ലാം. രാവിലെ അച്ഛൻ ജോലിക്കു പോയ്ക്കഴിയുമ്പോൾ എൻ്റെ പെട്ടിയിൽ ഒളിപ്പിച്ച വിസിഡി പ്ലെയർ പുറത്തെടുത്ത് വൈകുന്നേരം വരെ സിനിമകൾ കാണും. വൈകുന്നേരം 6 മണിയ്ക്ക് മുൻപ് സാധനം തിരികെ പെട്ടിയിലാക്കുകയും ചെയ്യും. എന്തൊരു അവസ്ഥയായിരുന്നു. ഇന്നോർക്കുമ്പോൾ ഇതെല്ലാം ഒരു രസമുള്ള ഓർമ്മകളായാണ് തോന്നുന്നത്.
പിന്നെ പ്ലസ് വണ്ണിൽ ചേർന്നതോടെ സിനിമ കാണൽ എറണാകുളത്തേക്കും നീട്ടി. എറണാകുളത്തെ തിയേറ്ററുകൾ എക്സ്പീരിയൻസ് ചെയ്യുവാനായി മാത്രം ചില സിനിമകൾക്ക് കയറിയിട്ടുണ്ട്. ഷേണായീസ്, ലിറ്റിൽ ഷേണായീസ്, പത്മ, സരിത, സവിത, സംഗീത, ശ്രീധർ, കവിത തുടങ്ങിയ തിയേറ്ററുകളിൽ അങ്ങനെ എത്രയെത്ര സിനിമകൾ… പിന്നീട് പൂട്ടിപ്പോയ ലുലു, മൈമൂൺ തിയേറ്ററുകളിൽ മാത്രം ഒറ്റയ്ക്ക് പോകുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഇന്നും സങ്കടകരമായ ഒരു കാര്യമാണ്. കച്ചേരിപ്പടിയ്ക്ക് അടുത്തയതിനാൽ പരിചയക്കാർ ആരെങ്കിലും കാണുമോയെന്ന പേടി കൊണ്ടായിരുന്നു അവിടെ പോകാതിരുന്നത്. ആ തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. പിന്നെ കാലങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിലെ അറിവോടെ സിനിമയ്ക്ക് പോകുവാൻ തുടങ്ങി. അനുവാദത്തിന്റെയൊന്നും ആവശ്യം പിന്നെയുണ്ടായിട്ടില്ല. ആരും തടഞ്ഞിട്ടുമില്ല.
ഇന്ന് പുതിയ വീട് പണിതപ്പോൾ ഒരു മുറി ഹോം തിയേറ്ററിനു മാത്രമായി ഞാൻ സെറ്റ് ചെയ്തത് ആ പഴയ സിനിമാ മോഹം ഇപ്പോഴും എരിയുന്ന കനലായി ഉള്ളിലുള്ളതു കൊണ്ടുമാത്രമാണ്. ഇന്ന് വീട്ടിലിരുന്ന് തിയേറ്ററിലെന്ന പോലെ സിനിമ ആസ്വദിക്കാം. ചില അവധി ദിവസങ്ങളിൽ മാറ്റിനിയും, സെക്കൻഡ് ഷോയും, തേർഡ് ഷോയും വരെ വീട്ടിലുണ്ടാകും. കുറച്ചുനാൾ മുൻപ് അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലെ തിയേറ്ററിലിരുന്നുകൊണ്ട് ആമസോൺ പ്രൈമിൽ #HOME സിനിമ കണ്ടപ്പോൾ തീർത്തത് ആ പഴയ മീശമാധവൻ കാണാൻ വിടാത്തതിന്റെ പരിഭവം കൂടിയായിരുന്നു.
എല്ലാവർക്കും ഉണ്ടാകും ചെറുപ്പത്തിൽ സാധിക്കാതിരുന്ന ചില ചെറിയ കാര്യങ്ങൾ. അവ വെറും സ്വപ്‌നങ്ങൾ മാത്രമായി മനസ്സിൽ കൊണ്ടുനടക്കാതെ ജീവിതത്തിൽ എന്നെങ്കിലും യാഥാർഥ്യമാക്കുവാൻ പരിശ്രമിക്കുക. തീർച്ചയായും നടക്കും. അതിൻ്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് ഞാൻ എൻ്റെ ജീവിതത്തിൽ നിന്നുമെടുത്ത് മുകളിൽ വിവരിച്ചത്. As long as you try your best, you are never a failure…
NB : ഇപ്പോഴും തിയേറ്ററിൽത്തന്നെ FDFS കാണുന്ന ശീലത്തിന് ഒരു മാറ്റവുമില്ല.