തൃശ്ശൂർക്കാർക്ക് തൃശ്ശൂർ പൂരം എന്നപോലെ കൊച്ചിക്കാർക്ക് അഭിമാനിക്കുവാനുമുണ്ട് സാംസ്കാരിക – പൈതൃക ആഘോഷങ്ങൾ. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിവയാണ് അവ. ഇവ രണ്ടും രണ്ടു വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെ ആവിഷ്കക്കാരമാണ്. ശരിക്കും എന്താണ് കൊച്ചിൻ കാർണിവലും അത്തച്ചമയവും? എല്ലാം ചുവടെ വിശദീകരിച്ചിരിക്കുന്നു..
കൊച്ചിൻ കാർണിവൽ : എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ എല്ലാ വർഷവും ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുന്ന പുതുവർഷ ആഹ്ലാദോത്സവമാണു് കൊച്ചിൻ കാർണിവൽ. കൊച്ചിക്കാര്‍ മുഴുവന്‍ ഒരുപോലെ കാത്തിരിക്കുന്ന ദിവസം. ഏതാണ്ട് അഞ്ച് നൂറ്റാണ്ട് മുന്‍പ് ഇവിടെ വന്ന പോര്‍ചുഗീസുകാര്‍ അവരുടെ പണവും പ്രശസ്തിയും കാണിക്കാന്‍ വേണ്ടി തുടങ്ങി വെച്ചതാണത്രേ കാര്‍ണിവല്‍.
കാർണിവൽ കാണുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സന്ദർശകർ എത്തുന്നുണ്ടു്. ഒപ്പം ആയിരക്കണക്കിന് വിദേശികളും. വളരെ കൌതുകകരമായ ഭീമൻ പാപ്പാഞ്ഞിയുടെ (സാന്താക്ലോസ്) പ്രതീകാത്മക രൂപത്തിനു് പൂതുവർഷപുലരിയോടെ തീക്കൊളുത്തുക എന്നതാണ് കാർണിവലിന്റെ പ്രധാന ചടങ്ങ് . ഏകദേശം രണ്ടുലക്ഷത്തോളം പേരാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു. പ്രാദേശിക സംഘാടക സമിതിയാണ് ഈ പരിപാടി നടത്തുന്നത്.
കൊളോണിയൽ കാലഘട്ടത്തിൽ പോർച്ചുഗീസുകാർ ഇവിടെ നടത്തിയിരുന്ന പുതുവത്സരാഘോഷത്തിലാണ് ഇന്നത്തെ കാർണിവലിന്റെ തുടക്കം. 2012-13-ലെ കൊച്ചിൻ കാർണിവൽ ആ വർഷം ആരംഭിച്ച ബിനാലെയുമായി ഒരുമിച്ചു ചെർന്നാണ് ആസൂത്രണം ചെയ്തത്. കാർണിവലിന്റെ മുന്നോടിയായി ഗാനമേളയും തായമ്പക മേളവുമുണ്ടാകാറുണ്ട്. നിശ്ചലദൃശ്യങ്ങൾ, തെയ്യം, കഥകളി, കാവടിയാട്ടം, പരിചമുട്ട്, ദഫ്മുട്ട്, ഒപ്പന, കോൽകളി, കരകാട്ടം, ബൊമ്മകളി, അമ്മൻ കുടം, തുടങ്ങിയ പരിപാടികളും കാർണിവൽ റാലിയുടെ ഭാഗമായി നടക്കുന്നു. ഇത്തരം സാംസ്കാരിക പരിപാടികൾ കാണുവാനായി സ്വദേശികളും വിദേശികളുമടക്കം ധാരാളം ആളുകൾ കൊച്ചിയിൽ എത്താറുണ്ട്.
അലങ്കരിച്ച ആനയും ദക്ഷിണേന്ത്യയിൽ നിന്നുള്ള നൃത്തങ്ങളോടൊപ്പം ഉത്തരേന്ത്യയിൽ നിന്നുമുള്ള നൃത്തരൂപങ്ങളും റാലിയുടെ ഭാഗമാകാറുണ്ട്. ഡർട്ട് ബൈക്ക് റേസ്, ബീച്ച് വോളിബോൾ എന്നിവയും കൊച്ചിൻ കാര്ണിവലിന്റെ ഭാഗമായി നടക്കാറുണ്ട്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തുറമുഖത്തെ കപ്പലുകൾ ഹോൺ മുഴക്കുന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്.
ഫോർട്ട് കൊച്ചി മൈതാനത്തു നിന്നാരംഭിക്കുന്ന കാർണിവൽ റാലി ബീച്ചിനടുത്താണ് സമാപിക്കുക. ഫോർട്ട് കൊച്ചി ബീച്ചിനു സമീപമാണ് പപ്പാഞ്ഞിയുടെ പ്രതിമയ്ക്ക് തീകൊടുക്കുന്ന പരിപാടി നടക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. തൊണ്ണൂറോളം പ്രാദേശിക ക്ലബുകൾ ഈ പരിപാടിയിൽ പങ്കെടുക്കാറുണ്ട് . ഇതിന്റെ ഭാഗമായി വടംവലി, രംഗോലി, കോലം വരയ്ക്കൽ തുടങ്ങി ധാരാളം മത്സരങ്ങളും നടക്കാറുണ്ട്.
അത്തച്ചമയം : എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961-ൽ കേരളാ ഗവൺമെന്റ് ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.
മഹാരാജാവിന്റെ എഴുന്നള്ളത്ത് മാത്രം കേന്ദ്രബിന്ദുവാക്കിയുള്ള രാജകീയ അത്തച്ചമയത്തിന് രാമവർമ്മ പരീക്ഷിത്ത് മഹാരാജാവാണ് ഏറ്റവുമൊടുവിൽ ദർശനം നൽകിയത്. അന്നത്തെ അത്തച്ചമയക്രമം ചിട്ടപ്പെടുത്തിക്കൊണ്ട് കൊച്ചി സർക്കാർ ഹുജൂർ സെക്രട്ടറിയേറ്റിൽ നിന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1947 ഓഗസ്റ്റ് 20-ന് നടന്ന അത്തം ഘോഷയാത്രയിൽ 24 ഇനങ്ങളാണുണ്ടായിരുന്നത്. രാജകീയ അത്തച്ചമയത്തിന് മൂന്നു ദിവസംമുൻപ് ആനപ്പുറത്ത് നകാര കൊട്ടി കാഹളം മുഴക്കി ഒരു ദിവസം ഒരു കോട്ടവാതിൽ വീതം മൂന്നു കോട്ടവാതിൽക്കലും ചെന്ന് സർക്കാർ അറിയിപ്പ് വിളംബരപ്പെടുത്തുന്നു. ഇതിന് “ദേശം അറിയിക്കൽ” എന്നാണ് പറയുന്നത്.
നാലാം ദിവസം അത്തം നാൾ നാടുവാഴികൾ, പ്രഭുക്കൾ, കർത്താക്കൻമാർ, തണ്ടാൻ, അരയൻ, കത്തനാർ തുടങ്ങിയവർ എത്തിച്ചേരണമെന്നാണ് കൽപ്പന. കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെടൂർ തങ്ങളും വരാതെ അത്തച്ചമയം നടത്തില്ലെന്നാണ് വയ്പ്. അത്തച്ചമയത്തിന് തലേനാൾ(ഉത്രം) മഹാരാജാവിന് ബ്രഹ്മചര്യവ്രതമാണ്. വിശേഷാൽ പൂജയും ക്ഷദരവും നടത്തും. അത്തം നാൾ രാവിലെ സ്നാനം ചെയ്‌ത് പൂർണത്രയീശക്ഷേത്ര ദർശനം ചെയ്‌ത് അലങ്കാരമുറിയിൽ പ്രവേശിക്കുന്ന മഹാരാജാവിനെ നമ്പൂരിമാരും തിരുമുൽപ്പാടുകളും ചെങ്ങഴി നമ്പ്യാന്മാരും ചേർന്ന് ആടയാഭരണങ്ങൾ അണിയിച്ച് ഉടവാൾ കൊടുക്കുന്നു. കക്കാട് കാരണവർ മഹാരാജാവിനെ പൂമുഖത്തേക്ക് ആനയിക്കുന്നു.
ഇന്ന് അത്തച്ചമയ ഘോഷയാത്രയിൽ നിരവധി കലാരൂപങ്ങളും പ്രച്ഛന്നവേഷങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്നു. സ്ത്രീകൾ അടക്കമുള്ളവരുടെ പിന്തുണയും സഹകരണവും ഘോഷയാത്രയിൽ പ്രകടമാണ്. അത്തച്ചമയം കാണുവാൻ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം സഞ്ചാരികൾ തൃപ്പൂണിത്തുറയിലേക്ക് എത്താറുണ്ട്.
കടപ്പാട് – വിക്കിപീഡിയ.