വിമാനത്തിൽ കിടന്നുറങ്ങി കൊളംബോ ടു സിംഗപ്പൂർ യാത്ര

കൊച്ചിയിൽ നിന്നും ശ്രീലങ്ക വഴി സിംഗപ്പൂരിലേക്കുള്ള യാത്രയിൽ ഞങ്ങൾ കൊളംബോയിൽ ട്രാൻസിസ്‌റ്റ് വിസയെടുത്ത് കറങ്ങുവാനായി ഇറങ്ങി. ബസ്സിലായിരുന്നു ഞങ്ങളുടെ കറക്കം. വിഭവ സമൃദ്ധമായ ബുഫെ ലഞ്ചിന്‌ ശേഷം ഞങ്ങൾ കറക്കം വീണ്ടും തുടർന്നു. ഷോപ്പിംഗിനായും മറ്റും ചിലയിടങ്ങളിൽ ബസ് നിർത്തുകയും ഞങ്ങൾ ഇറങ്ങി ഷോപ്പിംഗ് നടത്തുകയുമൊക്കെ ചെയ്തു. അവസാനം കൊളംബോ മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിന് മുന്നിൽ നിന്നുകൊണ്ട് ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം ഞങ്ങൾ കറക്കം മതിയാക്കി തിരികെ മടങ്ങി.

നേരം സന്ധ്യയായതോടെ എയർപോർട്ടിലേക്ക് വരുന്ന വഴി ഞങ്ങൾ ഒരു ഹോട്ടലിൽ ഫ്രഷ് ആകുവാനായി കയറുകയുണ്ടായി. ശ്രീലങ്കയിൽ നൈറ്റ് ലൈഫ് ആസ്വദിക്കാൻ പറ്റിയ ഏരിയയിൽ ആയിരുന്നു ഞങ്ങൾ. ഞാൻ പെട്ടെന്ന് കുളിച്ചു റെഡിയായി വന്നപ്പോഴേക്കും റെസ്റ്റോറന്റിൽ ഡിന്നർ തുടങ്ങിയിരുന്നു. വ്യത്യസ്ത വിഭവങ്ങളടങ്ങിയ ഡിന്നറും കഴിച്ചു ഞങ്ങൾ എയർപോർട്ടിലേക്ക് യാത്രയായി. യാത്രയ്ക്കിടെ ബസ്സുകാർ കിടിലൻ കരോക്കെ ഗാനമേളയൊക്കെ നടത്തി ഞങ്ങളെ സന്തോഷിപ്പിക്കുകയുണ്ടായി.

അങ്ങനെ ഞങ്ങൾ കൊളംബോ എയർപോർട്ടിൽ എത്തിച്ചേർന്നു. സെക്യൂരിറ്റി ചെക്കുകളും ഇമിഗ്രെഷനും ശേഷം ഞങ്ങൾ വിമാനം പുറപ്പെടുന്നത് വരെ ഗേറ്റിനരികിലെ ലോഞ്ചിൽ കാത്തിരുന്നു. നേരത്തെ റിക്വസ്റ്റ് ചെയ്തതു പ്രകാരം എനിക്ക് ശ്രീലങ്കൻ എയർലൈൻസിൽ ഫ്രീയായി ബിസിനസ്സ് ക്ലാസ്സിൽ സീറ്റ് തരപ്പെട്ടു. ഇതിനു മുൻപ് ശ്രീലങ്കൻ എയർലൈൻസ് ബിസിനസ്സ് ക്ലാസ്സിൽ യാത്ര ചെയ്തിരുന്നുവെങ്കിലും ഇത്തവണ എങ്ങനെയായിരിക്കും എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു.

ഒടുവിൽ വിമാനം പുറപ്പെടാൻ സമയമായപ്പോൾ ഞങ്ങൾ വിമാനത്തിലേക്ക് കയറി. ബിസിനസ്സ് ക്ലാസ്സ് വിചാരിച്ചപോലെ തന്നെ കിടിലനായിരുന്നു. വിൻഡോ സീറ്റ് തരപ്പെടുത്തി ഞാൻ അതിൽ ഇരുന്നു. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു കുറച്ചു സമയത്തിനകം ഭക്ഷണവുമായി എയർഹോസ്റ്റസ്സുമാർ എത്തി. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഭക്ഷണത്തിനു ശേഷം ഞാൻ സീറ്റ് പുഷ്ബാക്ക് ചെയ്ത്, തലയണയൊക്കെ വെച്ച് നല്ല സുഖമായി കിടന്നുറങ്ങി.

നേരം പുലർന്നു തുടങ്ങിയപ്പോൾ ഞങ്ങൾ സിംഗപ്പൂരിൽ ലാൻഡ് ചെയ്തു. ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി കടലിൽ കപ്പലുകൾ നിരനിരയായി കിടക്കുന്ന കാഴ്ച നന്നായങ്ങു ആസ്വദിച്ചിരുന്നു. മൂന്നു മണിക്കൂറോളം ഉറങ്ങാൻ സാധിച്ചെങ്കിലും ആ ക്ഷീണം അങ്ങ് വിട്ടുമാറിയിരുന്നില്ല. ലാൻഡ് ചെയ്ത ശേഷം ഞങ്ങൾ എയർപോർട്ട് ടെര്മിനലിലേക്ക് നീങ്ങി. അവിടെ പ്രഭാതകൃത്യങ്ങളെല്ലാം നിർവ്വഹിച്ച ശേഷം ഇമിഗ്രെഷൻ നടപടിക്രമങ്ങൾക്കായി നീങ്ങി.

ടോയ്‌ലറ്റിൽ വെള്ളമില്ല എന്നതൊഴിച്ചാൽ സിംഗപ്പൂർ എയർപോർട്ട് കിടിലൻ തന്നെയായിരുന്നു. എയർപോർട്ടിനകത്ത് കാട് വരെ പിടിപ്പിച്ചിട്ടുണ്ട് അവർ. അതാണ് സിംഗപ്പൂർ… മുൻപ് ചൈനയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂർ എയർപോർട്ട് വഴി യാത്ര ചെയ്തിരുന്നുവെങ്കിലും പുറത്തേക്ക് ഇറങ്ങുവാൻ സാധിച്ചിരുന്നില്ല. അങ്ങനെ എൻ്റെ പാസ്സ്പോർട്ടിൽ പുതിയ ഒരു രാജ്യത്തിൻറെ സീൽ കൂടി പതിഞ്ഞിരിക്കുകയാണ്.

ഇമിഗ്രെഷൻ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ഞങ്ങൾ എയർപോർട്ട് ടെർമിനലിന് വെളിയിലേക്ക് ഇറങ്ങി. അവിടെ ഞങ്ങൾക്കായുള്ള ബസ് തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. ആ ബസ്സിൽ കയറി ഞങ്ങൾ നേരെ പോയത് കപ്പലിനടുത്തേക്ക് ആയിരുന്നു. ആദ്യമായി കപ്പലിൽ യാത്ര ചെയ്യുവാൻ പോകുന്ന ത്രില്ലിലായിരുന്നു ഞാൻ. കപ്പലിലേക്ക് കയറുവാനായി എയർപോർട്ടിൽ ഉള്ളതു പോലത്തെ ചില കടമ്പകളൊക്കെ കടക്കേണ്ടതായുണ്ട്. അവയെല്ലാം പെട്ടെന്ന് പൂർത്തിയാക്കി ഞങ്ങൾ കപ്പലിലേക്ക് കയറുവാനായി നീങ്ങി. ആ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം. To contact Bonvo: +91 85940 22166, +91 75940 22166.