കുട്ടനാട്ടിൽ വെച്ചു നടന്ന ആനവണ്ടി മൺസൂൺ മീറ്റ് വിജയകരമായി പൂർത്തിയാക്കിയത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ മീറ്റിൽ പങ്കെടുത്തിരുന്നു. അതിൻ്റെ ഫോട്ടോകളും വീഡിയോകളും ഒക്കെ അന്നു രാത്രി മുതൽ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചതും ചിരിപ്പിച്ചതും വൈറലായതുമൊക്കെ മറ്റൊരു വീഡിയോ ആയിരുന്നു.
സംഭവം ഇങ്ങനെ – മൂന്നു കെഎസ്ആർടിസി ബസ്സുകളും ആനവണ്ടി പ്രേമികളും ചേർന്നുള്ള കുട്ടനാടൻ യാത്ര വീഡിയോ & ഫോട്ടോസ് കവർ ചെയ്യുന്നതിനായി അടൂർ സ്വദേശി നിധിൻ ഉദയുടെ ‘സൺറൂഫ്’ ഉള്ള കാറിൽ രണ്ടു ആനവണ്ടി ബ്ലോഗ് അഡ്മിനുകൾ ബസ്സുകൾക്ക് മുന്നേ സഞ്ചരിക്കുന്നുണ്ടായിരുന്നു. അതിലൊരാളായ അടൂർ സ്വദേശി ശ്രീശാന്ത് കാറിന്റെ തുറന്ന സൺറൂഫിലൂടെ പിന്നാലെ വരുന്ന ബസ്സുകളുടെ വീഡിയോയും ചിത്രങ്ങളും പകർത്തുന്ന തിരക്കിലായിരുന്നു.
അങ്ങനെ പോകുന്നതിനിടയിൽ ചമ്പക്കുളം പള്ളിയും കഴിഞ്ഞു പാലം കയറി അക്കരെ ഇറങ്ങുന്ന സമയത്ത് പിന്നീട് വഴി വലത്തേയ്ക്കും ഇടത്തേയ്ക്കുമായിരുന്നു തിരിയുന്നത്. റൂട്ടിനെക്കുറിച്ച് വലിയ ഐഡിയയൊന്നും ഇല്ലാതിരുന്ന മുന്നിലെ കാർ ടീം ശ്രീശാന്തിനോട് ഇനി എവിടേക്കാണ് പോകേണ്ടതെന്നു പിന്നിലെ ബസ്സിലുള്ളവരോട് ചോദിക്കുവാൻ ആവശ്യപ്പെട്ടു. ശ്രീശാന്ത് അത് തൻ്റെ ശൈലിയിൽ “അണ്ണാ..” എന്നൊക്കെ വിളിച്ചുകൊണ്ട് ബസ്സുകാരോട് ചോദിക്കുകയും ചെയ്തു.
ഇതിനിടയിൽ ബസ്സിൽ നിന്നും ആരോ വലത്തേക്ക് ചൂണ്ടിക്കാണിച്ചു. ഡ്രൈവിംഗ് സീറ്റിലിരുന്ന നിധിൻ എവിടേക്കാണ് തിരിക്കേണ്ടതെന്നു വീണ്ടും ആവർത്തിച്ചു ചോദിച്ചപ്പോൾ കാറിനു മുകളിൽ തലയിട്ടു നിന്നുകൊണ്ട് ശ്രീശാന്ത് വലത്തേക്ക് ചൂണ്ടി “അണ്ണാ.. അങ്ങോട്ട് അങ്ങോട്ട്..” എന്നു പറയുകയും, കാറിനു മുകളിൽ നടക്കുന്നത് കാണുവാൻ സാധിക്കാത്ത നിധിൻ വീണ്ടും ദേഷ്യത്തിൽ ചോദിച്ചപ്പോൾ “അണ്ണാ… ലെഫ്റ്റ്… അല്ല അല്ല, റൈറ്റ് റൈറ്റ്..” എന്ന് ശ്രീശാന്ത് പറഞ്ഞൊപ്പിക്കുകയായിരുന്നു.
ഇതുകേട്ടയുടനെ കാർ വലത്തേക്ക് തിരിയുകയും പിന്നിലുള്ള ബസ്സുകാർ ഇടത്തേക്ക് തിരിയുകയുമാണുണ്ടായത്. അപ്പോഴാണ് ശ്രീശാന്തിന് തനിക്കു പറ്റിയ അമളി വ്യക്തമായത്. ഉടനെ അവർ കാർ തിരിച്ചു ബസ്സിനു പിന്നാലെ പോവുകയാണുണ്ടായത്.
എന്നാൽ സംഭവം ഇവിടം കൊണ്ടൊന്നും തീർന്നില്ല. ഈ രസകരമായ സംഭാഷണങ്ങളും ദൃശ്യങ്ങളുമെല്ലാം ശ്രീശാന്തിന്റെ കയ്യിലിരുന്ന വീഡിയോ ക്യാമറ ഒപ്പിയെടുത്തു കൊണ്ടിരുന്നു. മീറ്റെല്ലാം കഴിഞ്ഞു വീഡിയോ ക്ലിപ്പുകൾ എഡിറ്റിങ് ടേബിളിൽ എത്തിയപ്പോഴാണ് ബ്ലോഗ് അഡ്മിനുകളിൽ ഒരാളായ പ്രശാന്ത് ഈ രസകരമായ ദൃശ്യങ്ങൾ ശ്രദ്ധിക്കുന്നത്. ആനവണ്ടി മീറ്റിന്റെ ഒഫീഷ്യൽ വീഡിയോയിൽ നിന്നും ഇത് വെട്ടിനീക്കിയെങ്കിലും, സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഈയൊരു നർമ്മ മുഹൂർത്തം വെറുതെയങ്ങു ഡിലീറ്റ് ചെയ്യാൻ മനസ്സു വന്നില്ല. നേരെ ആ ഭാഗം മാത്രം എടുത്ത് ആനവണ്ടി ഗ്രൂപ്പിലും, യൂട്യുബിലും ഒക്കെ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ആ വീഡിയോ താഴെ കൊടുത്തിരിക്കുന്നു. ഒന്നുകൂടി കാണേണ്ടവർക്ക് കാണാം.
വീഡിയോ കണ്ടവരെല്ലാം അത് വീണ്ടും വീണ്ടും കാണുകയും ചിരിച്ചു ചിരിച്ചു മരിക്കുകയുമാണുണ്ടായത്. ഇതോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഒപ്പം ശ്രീശാന്ത് എന്ന ആനവണ്ടി അഡ്‌മിനും. വീഡിയോയിൽ കളങ്കമില്ലാത്ത സംഭാഷണങ്ങൾ കൊണ്ട് ചിരിയുടെ പെരുന്നാൾ തീർത്ത ആ വ്യക്തി ആരെന്നറിയുവാൻ ആളുകൾക്ക് ആഗ്രഹമായി. പലരും ആനവണ്ടി പേജിലേക്ക് ഈ വീഡിയോയിൽ സംസാരിക്കുന്നത് ആരെന്നറിയുവാൻ മെസ്സേജുകൾ അയച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം അന്വേഷണങ്ങൾ കൂടിയതോടെയാണ് ഈ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സംഭവങ്ങൾ എല്ലാവർക്കും മുന്നിൽ പങ്കുവെയ്ക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചത്. എന്തായാലും ആനവണ്ടി മീറ്റും ഹിറ്റായി ശ്രീശാന്തിന്റെ “അണ്ണാ..അണ്ണാ.. ലെഫ്റ്റ്, റൈറ്റ്, ലെഫ്റ്റ്” വിളിയും ഹിറ്റായി.
അടൂർ സ്വദേശിയായ ശ്രീശാന്ത് ചെറുപ്പം മുതലേ തന്നെ ഒരു വണ്ടിപ്രേമി ആയിരുന്നു. വലുതായപ്പോൾ ആ ഇഷ്ടവും കൂടി അങ്ങ് വളർന്നു. സമാന ചിന്താഗതിയുള്ള സുഹൃത്തുക്കളുമായി ചേർന്ന് ഫേസ്‌ബുക്കിൽ ‘കെഎസ്ആർടിസി അടൂർ’ എന്ന പേരിൽ പേജ് ഉണ്ടാക്കി, അതിൽ അടൂരിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകളുടെ വിശദവിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ശ്രീശാന്ത് ആദ്യം ആനവണ്ടി പ്രേമികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. അതോടൊപ്പം ബിടെക് വിദ്യാർത്ഥിയായിരിക്കെ സുഹൃത്തുക്കളുമായി ചേർന്ന് അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ ആളുകൾക്ക് ബസ് സമയം അറിയുവാനുള്ള ഒരു കിയോസ്‌ക്ക് തയ്യാറാക്കി നൽകിയും ശ്രീശാന്ത് വാർത്തകളിൽ ഇടംനേടി. ഇപ്പോഴിതാ രസകരമായ ഈ വൈറൽ വീഡിയോയിലും താരമായിരിക്കുകയാണ് ശ്രീശാന്ത് എന്നയീ അടൂർക്കാരൻ.
ആനവണ്ടി മീറ്റിന്റെ ഫുൾ വീഡിയോ കാണുവാൻ : https://bit.ly/30eNqR4 .