കേരളത്തിൽ ഗതാഗതത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഉപരിതലഗതാഗതമാർഗ്ഗമായ റോഡുകളെയാണ്. കേരളത്തിൽ അനേകം റോഡുകൾ ഉണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉള്ളത് പഞ്ചായത്ത് റോഡുകളാണ്. പിന്നെ സംസ്ഥാന പാതകളും, ദേശീയപാതകളും.. ഗതാഗതത്തിനും ചരക്കുമാറ്റത്തിനും കൂടുതലായി ആശ്രയിക്കുന്നത് ദേശീയപാതകളെയാണ്.
അധികം പഴക്കമില്ലാത്ത ഒരു നീളംകുറഞ്ഞ ഹൈവേ നമ്മുടെ കേരളത്തിലുണ്ട്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നിന്നും തുടങ്ങി വല്ലാർപാടം വരെ നീണ്ടുകിടക്കുന്ന NH ‘966 A’ ആണ് ആ കുഞ്ഞൻ ഹൈവേ. ആകെ 17 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ ഈ ഹൈവേയുടെ നീളം.
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് എളുപ്പത്തിൽ കണ്ടെയ്‌നറുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹൈവേ പണിതിരിക്കുന്നത്. അതുകൊണ്ട് ഈ ഹൈവേ ‘കണ്ടെയ്‌നർ റോഡ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പേര് കണ്ടെയ്‌നർ റോഡ് എന്നാണെങ്കിലും ഇതുവഴി കണ്ടെയ്‌നർ ലോറികൾ കൂടാതെ എല്ലാത്തരം വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്.
കോതാട്, മൂലമ്പിള്ളി, മുളവുകാട്, വല്ലാർപാടം തുടങ്ങിയ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ് ഈ ഹൈവേ പൂർത്തിയാക്കിയിരിക്കുന്നത്. ആലുവ ഭാഗത്തു നിന്നും വരുന്നവർക്ക് എറണാകുളം നഗരത്തിൽ എത്തിച്ചേരുന്നതിനുള്ള ഒരു എളുപ്പ മാർഗ്ഗം കൂടിയാണ് കണ്ടെയ്‌നർ റോഡ്. കേന്ദ്രസർക്കാർ 872 കോടി രൂപ മുടക്കിയാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്.
തുടക്കത്തിൽ സ്ഥലം എടുക്കുന്നതിനെച്ചൊല്ലി ധാരാളം പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഇന്ന് എല്ലാവർക്കും വളരെ ഉപകാരപ്രദമാണ് കണ്ടെയ്‌നർ റോഡ്. ഇപ്പോൾ എറണാകുളം ജെട്ടി ബസ് സ്റ്റാൻഡിൽ നിന്നും പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളിൽ തൊണ്ണൂറു ശതമാനവും കണ്ടെയ്‌നർ റോഡിലൂടെയാണ് പോകുന്നത്. മുൻപ് ഇവ കലൂർ, ഇടപ്പള്ളി വഴിയായിരുന്നു സർവ്വീസ് നടത്തിയിരുന്നത്.
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ : ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ.ടെർമിനൽ പ്രദേശത്തേക്കുള്ള റയിൽപാതയ്ക്ക് 364 കോടി രൂപയാണ് നിർമ്മാണച്ചിലവ്. ഈ പാതയുടെ നീളം 8.86 കിലോമീറ്ററാണ്. ഈ പാതയിൽ 4.62 കിലോമീറ്റർ ദൂരം വേമ്പനാട് പാലമാണ്.
നിലവിൽ കണ്ടെയ്‌നർ റോഡിലൂടെ കടന്നു പോകുവാനായി ടോൾ കൊടുക്കേണ്ടി വരുന്നുണ്ട്. മുളവുകാട് ഭാഗത്ത് ഇതിനായുള്ള ടോൾബൂത്ത് സ്ഥിതി ചെയ്യുന്നു. എന്നിരുന്നാലും കളമശ്ശേരിയിലെയും ഇടപ്പള്ളിയിലെയും പാലാരിവട്ടത്തെയും കലൂരിലെയുമൊക്കെ തിരക്കുകളിൽ നിന്നും രക്ഷ നേടുവാൻ ഈ മാർഗ്ഗം വളരെ ഫലപ്രദമാണ്.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.
1 comment