നിഹാവ്, കോപ്പൻഹേഗൻ, ഡെൻമാർക്ക്‌ – ഒരു യാത്രാക്കുറിപ്പ്

വിവരണം – Vipin Vasudev S Pai

2018 ലെ ജനുവരി മാസത്തിലാണ് കോപ്പൻഹേഗനിൽ യാത്ര പോയത്. സ്കാന്ഡിനേവൻ രാജ്യങ്ങളായ ഡെൻമാർക്ക്‌, ഫിൻലൻഡ്‌, സ്വീഡൻ, നോർവേ എന്നിവ സന്ദർശിക്കുകയായിരുന്നു ലക്‌ഷ്യം. തികച്ചും ചിലവ്ചുരുക്കിയുള്ള ഒരു യാത്ര ആയിരുന്നു. നോർത്തേൺ ലൈറ്റ്‌സ് കാണുക എന്നൊരു ഉദ്ദേശ്യം കൂടി ഈ ഒരു യാത്രയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ കോപ്പൻഹേഗനിൽ എത്തിയതിനു ശേഷം ആദ്യം സന്ദർശിച്ചത് അതിമനോഹരമായ നിഹാവ് കനാലും പരിസര പ്രദേശങ്ങളുമാണ്. കോപ്പൻഹേഗനിലെ സന്ദർശകർ ഏറ്റവും കൂടുതൽ ഫോട്ടോകൾ / ചിത്രങ്ങൾ എടുത്ത സ്ഥലമായിരിക്കും നിഹാവ് കനാലും അതിൻറെ പരിസര പ്രദേശങ്ങളും.

വിമാനത്താവളത്തിൻറെയും മെട്രോസ്റ്റേഷൻറെയും അടുത്തായുള്ള ഒരു ഹോട്ടൽ ആയിരുന്നു ബുക്ക് ചെയ്തത്. നഗരത്തിലേക്കുള്ള യാത്രയും മറ്റും മെട്രോ ട്രെയിനിൽ യാത്ര ചെയ്യാൻ വേണ്ടിയായിരുന്നു ഇങ്ങനെ ബുക്ക് ചെയ്തത്. ഞാൻ താമസിച്ച ഹോട്ടലിൽ നിന്നും മെട്രോ ട്രെയ്‌നിലായിരുന്നു യാത്ര. കോംഗൻസ് നൈറ്റോർവ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി ഒരു ഇരുന്നൂറു മീറ്റർ നടക്കണം. ഒരു ചരിത്രകാല പട്ടണത്തിൻറെ പ്രൗഢിയും ഇന്നത്തെ പുതിയതലമുറയുടെ ട്രെൻഡുകളും ചേർന്നു സംയോജിച്ച ഒരു തെരുവ്.

ഡാനിഷ് ഭാഷയിൽ നിഹാവ് എന്നാൽ പുതിയ ഹാർബർ എന്നാണ് അർത്ഥം. പതിനേഴാം നൂറ്റാണ്ടിലെ വാട്ടർഫ്രണ്ട്, കനാൽ ജില്ലയാണ് നിഹാവ്. ലോകമെമ്പാടുമുള്ള കപ്പലുകൾ വന്നിരുന്ന തിരക്കേറിയ വാണിജ്യ തുറമുഖവും കോപ്പൻഹേഗനിലെ ഒരു പഴയ തുറമുഖവുമാണ് നിഹാവ്. വ്യത്യസ്തനിറങ്ങളിൽ കനാലിന്റെ ഇരുവശത്തും ഉള്ള യൂറോപ്യൻ രീതിയിൽ പണിത കെട്ടിടങ്ങൾ (ഇപ്പോൾ പലതിലും കഫേകളും റെസ്റ്റോറന്റുകളുമാണ്), വീടുകൾ, കാണാലിലുടനീളമുള്ള കപ്പലുകൾ (ചെറിയ ബോട്ടുകളാണ്) ഇതൊക്കെ കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ്.

തെരുവോരങ്ങൾ നിറയെ ടൂറിസ്റ്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇന്ന് ഇത് കോപ്പൻഹേഗനിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. തുറമുഖത്തിൻറെ ഒരു അറ്റത്ത് രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ഡാനിഷ് നാവികസേനയിലെ 1700 ഉദ്യോഗസ്ഥരെയും നാവികരെയും അനുസ്മരിക്കുന്ന സ്മാരകമാണ് (മെമ്മോറിയൽ Anchor & ദി കിങ്‌സ് ന്യൂ സ്ക്വ്‌യർ). മറ്റേ അറ്റത്ത് റോയൽ പ്ലേ ഹവ്‌സും നിഹാവനെ ക്രിസ്റ്റ്യൻഷാവ് പ്രദേശവുമായി ബന്ധിപ്പിക്കുന്ന പുതുതായി നിർമ്മിച്ച പാലവുമാണ്. കോപ്പൻഹേഗൻ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് നിഹാവ് കനാൽ.