രാജസ്ഥാനിൽ ബീഫും ചോറും കിട്ടുന്ന ‘D’ കേരള തട്ടുകട

എഴുത്ത് – അരുൺ വിനയ്.

എന്റെ യാത്രകൾ പൂർണ്ണമാകാറുള്ളത് ആ നാടിന്റെ ഭക്ഷണസംസ്‍കാരം കൂടി ചേരുമ്പോൾ ആണ്. ഓരോ ട്രിപ്പിനും മുന്നേ ഓൺലൈൻ, ഓഫ്‌ലൈൻ മാപ്പിൽ റൂട്ടുകൾ നോക്കി വയ്ക്കുമ്പോൾ കൂടെ നോട്ട് ചെയ്തു വയ്ക്കുന്ന പ്രധാന സംഗതികളിൽ ഒന്നാണ് അവിടെയുള്ള പ്രധാന ഫുഡ്‌ ഐറ്റംസ്.

കേരളത്തിനകത്തായാലും പുറത്തായാലും ഓരോ നാടിനും സ്വന്തമായ ഓരോ മാസ്റ്റർപീസ് ഐറ്റംസ് ഉണ്ടാകില്ലേ.. കോഴിക്കോടൻ ബിരിയാണി ആയാലും, കുളുവിലെ unexplored നാടൻ തട്ട്കടയിലെ ചോറും മട്ടൻ ചാറും ആയാലും അതിന്റെ ശരിയായ രുചി അറിയാതെ എനിക്കാ യാത്രകൾ പൂർണ്ണമാകാറില്ല.

കഴിഞ്ഞ യാത്രകളിൽ നിന്നും മനസ്സിൽ മായാതെ കിടപ്പുള്ള ഒരിടമുണ്ട്. ഉത്തർപ്രദേശിന്റെ സ്ട്രീറ്റ് ഫുഡ് ട്രൈ ചെയ്ത് എട്ടിന്റെ പണി കിട്ടി വയറും ചീത്തയായി. പഴങ്ങൾ മാത്രം കഴിച്ചു ദിവസങ്ങൾ തള്ളി നീക്കിയും ബോർഡർ വിട്ടു രാജസ്ഥാൻ വന്ന് കയറിയിട്ടും വലിയ മാറ്റമൊന്നുമില്ലാതെ, ഇച്ചിരി കേരള ഫുഡ്‌ കൊതിച്ചു അലഞ്ഞു നടന്നപ്പോൾ മാപ്പിൽ അപ്രതീക്ഷിതമായി കണ്ട മലയാളി ഹോട്ടൽ.

നോർത്തിലെ മലയാളി കഫെകൾ എന്നൊക്കെ പറയുമ്പോൾ ചുരുക്കം ചിലതൊഴിച്ചാൽ നോർത്ത് ഇന്ത്യൻ മസാല ഇട്ട കേരള ഫുഡ്‌ ആണ്. എന്നാൽ നമ്മുടെ നമ്മുടെ ഇടം വേറെ ലെവൽ ആയിരുന്നു. ഹോട്ടൽ D കേരള. ഒരുകൂട്ടം മലയാളികൾ നടത്തുന്ന തനിനാടൻ ഹോട്ടൽ. അതിപ്പോ രാജസ്ഥാൻ പോലൊരു നാട്ടിൽ, പൊന്നും പണവും നിറഞ്ഞ ഉദയ്‌പ്പൂർ എന്ന മഹാനാഗരിയുടെ ഹൃദയഭാഗത്തൊരു തനിനാടൻ മലയാളി ശാപ്പാട് കട. ഉത്തർപ്രദേശിലെ പാവ് ബാജിയുടെ മുറുമുറുപ്പ് കാരണം ഞെളിപിരി കൊണ്ടിരുന്ന എന്റെ വയറിലെ പാവം കൊക്കോ പുഴുക്കൾക്ക് ആ മലയാളിക്കട എന്നത് അംഗരാജ്യത്തിൽ മഴപെയ്യിക്കാൻ വന്ന ഋഷ്യസൃഘനെ പോലെ ആയിരുന്നു.

പിന്നാമ്പുറത്തെ കോണിപ്പടി കേറി ഉള്ളിലേക്ക് തലയിട്ടപ്പോ തന്നെ “കേറി വാ” എന്നാ വിളി. “ചേട്ടോ, കഴിക്കാനിച്ചിരി അരിഭക്ഷണം കിട്ടോ” എന്നേ ചോദിച്ചുള്ളൂ. SAS പേപ്പർ വാഴയിലയിൽ ചൂട് ചോറും സാമ്പാറും, തോരനും അവിയലും എന്റെ സാറെ. ഇതിൽ പരം ഇനിയെന്ത് എന്നാലോജിച്ച് ഇരുന്നപ്പോഴേക്കും അടുത്ത ചോദ്യം “കുറച്ചു ബീഫ് വരട്ടിയത് കൂടി എടുത്താലോ..” ആദ്യം കടക്കാരൻ ചേട്ടൻ എന്നെ വാരുന്നത് പോലെ ആണ് തോന്നിയത്.

കേരളത്തീന്ന് വണ്ടി കേറിയപ്പോ തന്നെ കൂടെ വന്നവന്റെ ഉപദേശം ആയിരുന്നു. മോനെ മനസ്സിനെ പരുവപ്പെടുത്തിക്കോ ബീഫ് എന്നൊരു വാക്ക് പോലും മിണ്ടരുതെന്നു. പക്ഷേ കക്ഷി നല്ല കുരുമുളകിട്ട് വരട്ടിയ കൊഴുകൊഴുത്ത ബീഫും ഒരു ചൂട് ഓംപ്ലേറ്റും. തികഞ്ഞു. അത്ര നാളത്തെ എല്ലാ തളർച്ചയും പുറംകാലിനു തട്ടി ഞാനിങ്ങനെ അവിടെ ഇരുന്നു.

നാട്ടിൻപുറത്തെ തട്ടുകട പോലെ എന്ന് പറയുമ്പോൾ ഇവിടെ കിട്ടുന്ന അരിപൊടി മല്ലിപൊടി മസാലപ്പൊടി, മാങ്ങാ നാരങ്ങ ഇഞ്ചി അച്ചാർ, മുറുക്ക്, പപ്പടം, അച്ചപ്പം തുടങ്ങി എല്ലാ വിധ സാധനസാമഗ്രികളും അവിടെ മേശപുറത്തുണ്ട്. സ്വർഗ്ഗം കണ്ട വികാരത്തോടെ അവിടുന്ന് ഇറങ്ങുമ്പോൾ വൈകിട്ട് ബസ് കേറുന്നതിനും മുന്നേ കഴിക്കാനുള്ള ദോശയ്ക്കും സാമ്പാറിനും കൂടി ഓർഡർ കൊടുത്തിട്ട് ഇറങ്ങാനും ഞങ്ങൾ മറന്നില്ല.