എഴുത്ത് – പ്രകാശ് നായർ മേലില.
ഏകാന്തതയിലും സജീവമാണ് തിരുപ്പതിയിലെ അന്നദാനമണ്ഡപം. ദിവസം ഇവിടെനിന്നും 1.4 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യപ്പെടുന്നു. കൂടാതെ തെരുവുമൃഗങ്ങൾക്കും കന്നു കാലികൾക്കുമായി എല്ലാ ദിവസവും രണ്ടുനേരം ആഹാരം നൽകുന്നു. ആന്ധ്രാപ്രദേശിലെ 13 ജില്ലകളിലെ ഭിക്ഷാടകർക്കും ദരിദ്രർക്കും ഭക്ഷണത്തിനായി ഓരോ ജില്ലക്കും ഒരുകോടി രൂപ വീതം TTD ട്രസ്റ്റ് സംഭാവന നൽകിയിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രത്തിന്റെ 2000 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു മാസത്തിലധികം സമയം ഭക്തർക്ക് പ്രവേശനമില്ലാതെ ബാലാജി ക്ഷേത്രം അടച്ചിടുന്നത്. മാർച്ച് 20 നാണ് അമ്പലം അടച്ചത്.128 വർഷം മുൻപ് 1892 ൽ 2 ദിവസം ക്ഷേത്രം അടച്ചിട്ടിരുന്നതായി റിക്കാർഡുകളിൽ ഉണ്ടെങ്കിലും അതിന്റെ കാരണം വിവരിച്ചിട്ടില്ല.
ഒരു ദിവസം 70000 മുതൽ 80000 വരെ ഭക്തർ എത്തിയിരുന്ന ഇടമാണ്. ഇന്ന് ക്ഷേത്രാങ്കണത്തിൽ ഭക്തരാരുമില്ലെങ്കിലും ക്ഷേത്രത്തിൽ നിത്യപൂജകളും അന്നപ്രാസാദവും ഇതുവരെ മുടങ്ങിയിട്ടില്ല.
അന്നപ്രാസാദം മുൻപ് നടന്നതുപോലെ ഇപ്പോഴും തയ്യാറാക്കുന്നുണ്ട്. പക്ഷേ ഇപ്പോഴവ പാക്കറ്റുകളിലാക്കി ആന്ധ്രാപ്രദേശിലെ 10 ലധികം ജില്ലകളിൽ വാഹനത്തിൽക്കൊണ്ടു പോയി വിതരണം ചെയ്യുകയാണ്. രാവിലെ 70000 പാക്കറ്റുകളും വൈകിട്ട് 70000 പാക്കറ്റുകളുമാണ് തയ്യാറാക്കുന്നത്.
ഇപ്രകാരം വിതരണം ചെയ്യുന്ന ‘ശ്രീവരി അന്ന പ്രസാദം’ വാങ്ങാൻ ദിവസവും ആളുകൾ വിവിധ സ്ഥലങ്ങളിൽ കാത്തുനിൽക്കുന്നത് ഇപ്പോൾ പതിവാണ്. ഭിക്ഷാടകർ , അനാഥർ , പ്രവാസി തൊഴിലാളികൾ , പാവപ്പെട്ടവർ തുടങ്ങി നിരവധിയാളുകൾക്ക് ഇതൊരനുഗ്രഹമാണ്.
തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് (TTD) ഇത് കൂടാതെ തെരുവുനായ്ക്കൾക്കും മൃഗങ്ങൾക്കും ദിവസം രണ്ടുനേരം ആഹാരം നൽകിവരുന്നുണ്ട്. ഇതിനായി മൂന്നു ടൺ ഭക്ഷ്യധാന്യം ഇതുവരെ സംഭാവനയും ലഭിച്ചിട്ടുണ്ട്.
അന്നദാനമണ്ഡപത്തിൽ 750 പേർ ഇപ്പോഴും ദിവസം പാചകവും പാക്കറ്റുകൾ തയ്യറാക്കലും വിതരണവുമുൾ പ്പെടെ ജോലിചെയ്യുന്നുണ്ട്. രണ്ടു ഷിഫ്റ്റാണ്.ആദ്യഷിഫ്‌റ്റ് വെളുപ്പിന് 3 മുതൽ 11 മണിവരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 മണിവരെയുമാണ്. പ്രത്യേക അനുമതിയും മുൻകരുതലുകളും എടുത്താണ് ഇവർ ജോലിചെയ്യുന്നത്. ജില്ലാ ഭരണകൂടങ്ങളുടെയും NGO കളുടെയും വാഹനങ്ങളും ഭക്ഷണപ്പൊതി വിതരണത്തിൽ ഭാഗഭാക്കുകളാണ്.
ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രമാണ് തിരുപ്പതി. ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ തല്ക്കാലം മെയ് മൂന്നുവരെ ഭക്തർക്ക് ദർശനമുണ്ടായിരിക്കില്ലെന്ന് തിരുപ്പതി ദേവസ്ഥാനം അധികൃതർ അറിയിച്ചു.