കടപ്പാട് – അജോ ജോർജ്ജ് (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ).
ഇതുവരെ ഉള്ള ഗോസ്റ്റ് ഷിപ് കഥകളിൽ ഏറ്റവും ഭയാനകവും ഭീകരവുമായ സംഭവം നടന്നത് ഒരു ഡച്ച് കപ്പലായ എസ് എസ് ഔറങ് മെഡാൻ എന്ന കപ്പലിലാണ്. ഈ ചരക്കു കപ്പൽ മാർഷൽ ദ്വീപുകൾക്കു സമീപത്തുനിന്ന് കണ്ടെടുക്കുന്നതിനു മുൻപുതന്നെ ഇതിലെ എല്ലാ നാവികരും മരിച്ചിരുന്നു. സംശയാസ്പദവും നിഘൂഢവും ആയ നാവികരുടെ മരണത്തിനുമുമ്പു ഔറങ് മെഡാൻ കപ്പലിൽ നിന്നും ധാരാളം SOS സന്ദേശങ്ങൾ അയച്ചതായി പറയപ്പെടുന്നു. ഈ കപ്പൽ കണ്ടെടുത്ത നാവികർ പറഞ്ഞ കഥകളിൽ ഒരു നാവികന്റെ കൈ മരണത്തിനു ശേഷവും SOS ഉപകരണത്തിൽ തന്നെ പിടിച്ചിരിക്കുന്നതായി കാണപ്പെട്ടുവത്രെ. ഈ കപ്പൽ കണ്ടെടുത്ത സമയത്തെ കുറിച്ചും (1947 – 1948) ഇതിനെ കുറിച്ച് പ്രചരിച്ച കഥകളിലെ യാഥാർഥ്യങ്ങളെപ്പറ്റിയും ഒരുപാടു സംവാദങ്ങൾ ഇന്നും നടന്നുവരുന്നു
ഔറങ് മെഡാനിൽ നിന്നുള്ള SOS സന്ദേശം ആദ്യം ലഭിച്ചത് അമേരിക്കൻ കപ്പലുകൾ ആയ “സിറ്റി ഓഫ് ബാൾട്ടിമോർ” കപ്പലിനും “സിൽവർ സ്റ്റാർ” കപ്പലിനുമാണ്. ഇവർക്ക് ലഭിച്ച SOS സന്ദേശം “ഞങ്ങൾ ഒഴുകുന്നു. ക്യാപ്റ്റൻ അടക്കം കുറെ ഓഫീസർമാർ ചാർട്ടുറൂം മിലും ബ്രിഡ്ജിലും മരിച്ചുകിടക്കുന്നൂ”. ഈ സന്ദേശം ഔറങ് മെഡാന്റെ ദയനീയവും ഭീകരവും ആയ അവസ്ഥ വിവരിക്കുന്നതായിരുന്നു. സിൽവർ സ്റ്റാർ കപ്പൽ സഹായത്തിനായി ഉടൻ തന്നെ അപകടസ്ഥലം ലക്ഷ്യമാക്കി നീങ്ങി. അവർ അവിടെ എത്തുന്നതിനു മുൻപുതന്നെ മറ്റൊരു SOS സന്ദേശം വർക്ക് ലഭിച്ചു. ആ സന്ദേശം “ഞാൻ മരിക്കുകയാണ് ” എന്നായിരുന്നു.
സിൽവർ സ്റ്റാർ കപ്പൽ അപകടസ്ഥലത്തു എത്തിയപ്പോൾ അവർക്കു കാണാൻ കഴിഞ്ഞത് മനസാക്ഷിയെ നടുക്കുന്നവിധം കൂടിക്കിടക്കുന്ന മരവിച്ച ശവശരീരങ്ങൾ ആയിരുന്നു. എല്ലാ ശവശരീരങ്ങളുടെയും മുഖംങ്ങൾ മുകളിലേക്ക് സുര്യനെ നോക്കിയിരിക്കുന്ന പോലെയായിരുന്നു. എല്ലാ ശവ ശരീങ്ങളുടെയും കണ്ണുകൾ തുറിച്ചു വായ പിളർന്നിരുന്നിരുന്നു. ഇതുകണ്ട് ഭയന്ന് സിൽവർ സ്റ്റാർ കപ്പൽ നാവികർ ഔറങ് മെഡാനിൽനിന്നു വേഗം തിരികെ വന്നു. സിൽവർ സ്റ്റാർ കപ്പൽ ഔറങ് മെഡാനെ കരക്ക് വലിച്ചു കൊണ്ടുവരുവാൻ ശ്രമം തുടങ്ങി.
ഇതിനിടയിൽ ഔറങ് മെഡാന്റെ താഴെ തട്ടിൽ എവിടെയോ ഉണ്ടായ ഒരു വലിയ സ്ഫോടനം കപ്പലിന്റെ അടിത്തട്ടിൽ ഒരു വലിയ ധ്വാരം ഉണ്ടാക്കി. ധ്വാരം ശരിയാക്കാൻ ഔറങ് മെഡാന്റെ അടിത്തട്ടിൽ പോകാൻ സിൽവർ സ്റ്റാറിലെ ഒരു നാവികനും ധൈര്യമുണ്ടായില്ല. ഔറങ് മേടാൻ അതിവേഗം മുങ്ങിത്തുടങ്ങി. വേറെ മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സിൽവർ സ്റ്റാർ നാവികർക്ക് ഔറങ് മേടാൻ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപോകുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇന്നും ഔറങ് മെഡാനിലെ നാവികരുടെ ദുർവിധിയുടെ കാരണം എന്താണെന്നു ആർക്കും അറിയാൻ കഴിഞ്ഞിട്ടില്ല.
ഖോസ്റ്റ് ഷിപ് അന്വേഷകർക്കിടയിൽ ഔറങ് മേടാനുള്ള പ്രശസ്തി മറ്റേതു കപ്പലുകളെക്കാളും മുൻപിലാണ്. ഔറങ് മെഡാന്റെ ദുരന്തത്തെകുറിച്ചു ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ കപ്പലിന്റെ ദുരവസ്ഥക്കുള്ള കാരണം അതിലെ ചരക്കായിരുന്നു എന്ന് പലരും വിശ്വസിക്കുന്നു. കപ്പലിൽ വളരെ അശാസ്ത്രീയമായി കൊണ്ടുപോയ സൾഫ്യുറിക് ആസിഡും മറ്റു രാസപഥാർത്ഥങ്ങളും കടൽവെള്ളവും ആയി ഉണ്ടായ രാസ പ്രക്രിയയാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് ഇക്കൂട്ടരുടെ പക്ഷം.
എന്നാൽ ചില നാവികർ വിശ്വസിച്ചിരുന്നത് ഔറങ് മെഡാന്റെ യാന്ത്രിക ഭാഗങ്ങളുടെ ശരിയായ പരിപാലനം ഇല്ലാത്തതിനാൽ അതിൽ നിന്ന് വമിച്ച കാർബൺ മോണോക്‌സൈഡ് ആണ് അതിലെ നാവികരുടെ മരണത്തിനു കാരണമായതെന്നാണ്. ഔറങ് മെഡാൻ പലപ്പോളായി രാസവസ്തുക്കളുടെ കള്ളക്കടത്തിനായി ഉപയോഗിക്കുമ്പോൾ സംഭവിച്ച അപകടമയാണെന്നു കരുതുന്നു ചിലർ. എന്നാൽ ബഹുഭൂരിപക്ഷം പേരും ശാസ്ത്രത്തിനുവിവരിക്കാനാകാത്തതും അന്യഗ്രഹ സംബന്ധമായ കാര്യങ്ങളാണ് ഔറങ് മെഡാന്റെ നാവികരുടെ മരണത്തിനു കാരണമായതെന്നു കരുതുന്നവരാണ്.
ഔറങ് മെഡാൻ എന്ന കപ്പൽ ഒരു മിഥ്യയാണെന്നു വിശ്വസിക്കുന്നവരും കുറവല്ല. അതിനു കാരണം ഔറങ് മെഡാൻ മുങ്ങിയെന്നു പറയപ്പെടുന്ന സമയവും SOS സന്ദേശം ലഭിച്ചു എന്ന് പറയപ്പെടുന്ന കപ്പലുകളായ “സിറ്റി ഓഫ് ബാൾട്ടിമോർ” കപ്പലിന്റെയും “സിൽവർ സ്റ്റാർ” കപ്പലിന്റെയും ദൈനംദിന പ്രവർത്തന രേഖകളിൽ ഔറങ് മെഡാനെക്കുറിച്ചോ ഔറങ് മെഡാനിൽനിന്നു വന്ന SOS സന്ദേശങ്ങളെ കുറിച്ചോ ഉള്ള ഒരു സൂചന പോലും ഇല്ലാത്തതാണ്. ഈ രേഖകൾ മാഞ്ഞുപോയതിനു പുറകിൽ നാവികർക്കിടയിൽ പാരിഭ്രാന്തി പറക്കാതിരിക്കാൻവേണ്ടിയുള്ള പല രാജ്യങ്ങളിലെയും ഗവണ്മെന്റുകളുടെ ഗൂഢാലോചനയാണെന്നും പറയപ്പെടുന്നു.