മലയാളികളുടെ പൊങ്കാല ഏറ്റു; വാർത്തയിൽ നിന്നും KSRTC ചിത്രം ഒഴിവാക്കി ഡെക്കാൻ ക്രോണിക്കിൾ…

ബെംഗളൂരുവിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചു മുന്നോട്ടോടിയ കർണാടക ആർടിസി ബസ് കാറിലിടിച്ച് ഇരുപതു വയസ്സുകാരനായ യുവാവ് മരിച്ച വാർത്തയിൽ കർണാടക ആർടിസി ബസ്സിന്റെ ചിത്രത്തിനു പകരം കേരള ആർടിസി ബസ് ചിത്രം പോസ്റ്റ് ചെയ്ത ഡെക്കാൻ ക്രോണിക്കിളിനു മലയാളികളുടെ കൂട്ടപ്പൊങ്കാല. ഇതിനെത്തുടർന്ന് പത്രം അധികൃതർ ചിത്രം മാറ്റി വിവാദത്തിൽ നിന്നും തലയൂരിയിരിക്കുകയാണ് ഇപ്പോൾ.

ബെംഗളൂരുവിലെ രാജാജി നഗറിൽ നവരംഗ് തീയേറ്ററിന് സമീപമായിരുന്നു വാർത്തയ്ക്ക് ആധാരമായ അപകടം നടന്നത്. ഈ വാർത്ത കൊടുത്തപ്പോഴുണ്ടായ ഒരു പിഴവാണ് പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിനു വിനയായത്. സംഭവത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്ത ഡെക്കാൻ ക്രോണിക്കിൾ ഓൺലൈൻ വിഭാഗത്തിന്റെ എഡിറ്റർ, ഈ വാർത്തയ്‌ക്കൊപ്പം കൊടുക്കുവാനായി കെഎസ്ആർടിസി (കർണാടക) ബസ്സിന്റെ ചിത്രം ഗൂഗിളിൽ തപ്പി. കിട്ടിയതാകട്ടെ കേരള ആര്ടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ചിത്രവും.

സംഭവം മലയാളികളായ ആനവണ്ടിപ്രേമികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആകെ പ്രശ്നമായി. ഡെക്കാൻ ക്രോണിക്കിളിന്റെ ഫേസ്‌ബുക്ക് പേജിൽ ആനവണ്ടി പ്രേമികളായ മലയാളികളുടെ കൂട്ടപ്പൊങ്കാലയാണ് നടന്നത്. കർണാടക ആർടിസി ബസ് ഉണ്ടാക്കിയ അപകടത്തിന് കെഎസ്ആർടിസി (കേരള) ബസ്സിന്റെ ചിത്രം കൊടുത്തത് എന്ത് ഉദ്ദേശിച്ചിട്ടാണെന്നും മര്യാദയ്ക്ക് ചിത്രം മാറ്റി മാപ്പു പറഞ്ഞില്ലെങ്കിൽ സംഗതി വഷളാകുമെന്നുമാണ് പൊങ്കാലയിലൂടെ മലയാളികൾ ഒന്നടങ്കം വാണിംഗ് നൽകിയത്. കർണാടക ആർടിസിയും കേരള ആർടിസിയും തിരിച്ചറിയാത്തവരെയൊക്കെ എന്തിനാണ് പത്രത്തിൽ നിയമിച്ചിരിക്കുന്നതെന്നുള്ള ചോദ്യങ്ങളും കമന്റ് മുഖേന ചിലർ ചോദിക്കുന്നുമുണ്ടായിരുന്നു.

ചിത്രത്തോടൊപ്പമുള്ള വാർത്തയിൽ അപകടമുണ്ടാക്കിയത് കർണാടക ആർടിസിയുടെ ബസ്സാണെന്നും അതിന്റെ രജിസ്‌ട്രേഷൻ നമ്പർ ‘KA 27 F 0828’ എന്നാണെന്നും പറയുന്നുണ്ട്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് മൂലം അപകടമുണ്ടാക്കിയ കർണാടക ആർടിസി ബസ് ഡ്രൈവർ പ്രകാശ് നായകിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വാർത്തയുടെ പൂർണ്ണരൂപം – https://bit.ly/2YU7yY5 .

ഒരു ബസ്സിന്റെ ചിത്രം മാറിപ്പോയത് ഇത്രയ്ക്ക് വഷളാകുമെന്നു പത്രക്കാരും കരുതിക്കാണില്ല. ഇതിനിടെ ഡെക്കാൻ ക്രോണിക്കിളിന്റെ ഒഫീഷ്യൽ ആപ്ലിക്കേഷന്റെ റേറ്റിങ് കുറയ്ക്കുന്നതിനായുള്ള കാമ്പെയ്‌നുകളും ശക്തമായി. സംഭവത്തിൽ ആദ്യമൊന്നും പത്രമധികൃതർ പ്രതികരിച്ചിരുന്നില്ലെങ്കിലും പിന്നീട് കൈവിട്ട കളിയാകുമെന്നു കണ്ടതോടെ ചിത്രം മാറ്റി തടിയൂരുകയാണ് അവർ ചെയ്തത്. കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടെങ്കിലും കെഎസ്ആർടിസി എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. തമാശയ്ക്കാണെങ്കിലും കെഎസ്ആര്ടിസിയെ പുറത്തുള്ളവർ കളിയാക്കിയാൽ മലയാളികളും ആനവണ്ടി പ്രേമികളും വെറുതെയിരിക്കില്ല.

ഇതിനു മുൻപ് ഒരിക്കൽ ബെംഗളൂരുവിൽ കെഎസ്ആർടിസിയെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യബോർഡ് ആമസോൺ കമ്പനി സ്ഥാപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇപ്പോഴത്തേതിനു സമാനമായ രീതിയിൽ അന്നും ആമസോൺ കമ്പനിയുടെ പേജിൽ മലയാളികൾ പൊങ്കാലയിടുകയും ആമസോൺ ആപ്പിൾ നെഗറ്റിവ് റിവ്യൂസ് ഇടുകയുമൊക്കെ ചെയ്തു പ്രതിഷേധം അറിയിച്ചിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ആമസോൺ അധികൃതർ മാപ്പു പറയുകയും പ്രസ്തുത പരസ്യം നീക്കം ചെയ്യുകയുമാണുണ്ടായത്. ഈ സംഭവം അന്ന് വാർത്താമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിരുന്നു.

ആമസോൺ പോലുള്ള ഭീമൻ കമ്പനിയെ മുട്ടുകുത്തിച്ച ആനവണ്ടി പ്രേമികളും മലയാളി സുഹൃത്തുക്കളുമൊക്കെ ഡെക്കാൻ ക്രോണിക്കിളിനെയും വെറുതെ വിട്ടില്ല. സംഭവം കൂടുതൽ വഷളായതോടെയാണ് പത്രം അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായത്. ആനവണ്ടിബ്ലോഗ് ബെംഗളൂരു ഘടകം പ്രതിനിധികളാണ് ഈ പൊങ്കാലയ്ക്ക് നേതൃത്വം നൽകിയത്. ചിത്രം മാറ്റിയതോടെ പൊങ്കാലയും അവസാനിച്ചു. ഇതൊരു താക്കീതാണ്, മലയാളികളുടെ സ്വന്തം വണ്ടിയായ ആനവണ്ടിയെ ചൊറിയുന്നവർക്കുള്ള താക്കീത്.