തണുത്ത ഡൽഹി തെരുവുകളിൽ ജീവിതം പഠിച്ച ഇരുപതുകാരൻ

എഴുത്ത് – സത്യ പാലക്കാട്.

എവിടെയൊക്കെ തെണ്ടി തിരിഞ്ഞ് ,നേരെ കുളികഴിഞ്ഞ് മുടിക്ക് നീളം ഇച്ചിരി ഇപ്പൊ കൂടിയതോണ്ട് വെള്ളം പോകാതെ അങ്ങനെ ഈർപ്പത്തോടെ ഇരുന്ന് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് നോക്കുന്നതിനിടെ ഹഷീടെ സ്റ്റേറ്റ്സ്. ഇരുന്നവിടെന്നു ഒന്ന് അനങ്ങാൻ പോലുമാകാതെ 10 വട്ടം വീണ്ടും നോക്കിയിരുന്നു .. മുത്തേ ഒന്ന് അയച്ചേക്ക് ട്ടോ … പറഞ്ഞ് മനസ് നേരെ പോയത് 5 വർഷം പിറകോട്ട് ഡൽഹിയിലെ ഹസ്രത്ത് നിസാമുദിനിലെ ദർഗയിലേക്ക് …

ഹരിയാനയിലെ ഹിസാറിൽ നിന്ന് പുലർച്ചെ കേറി യാത്ര നേരെ ഡൽഹിയിലെ തെരുവുകളിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിൽ , മാസാവസാനമായതുകൊണ്ട് തന്നെ പ്രസവം കഴിഞ്ഞ അവസ്ഥയാർന്നു പേഴ്സിന്. അതിന് മുൻപ് ഡൽഹി വന്നിട്ടുണ്ടങ്കിലും മെട്രോയിൽ കേറാത്തതിന്റെ ആവേശം തീർക്കാമെന്ന് കരുതി ടിക്കറ്റ് എടുത്ത് പേഴ്‌സ് ബാഗിലെ ഏറ്റവും അറ്റത്തെ അറയിലിട്ട് …മെട്രോ കാഴ്ചകൾ കണ്ട് മലയാളം അറിഞ്ഞിട്ടും ഹിന്ദി മാത്രം പറയുന്ന മനുഷ്യരെ കണ്ട് അന്ധാളിച്ച് ഇരുപത് വയസുകാരനായ ഒരു യുവാവ് ചാന്ദിനി ചൗക്ക് ഇറങ്ങി … വൈകുന്നേരം ഡൽഹിയിലെ സ്ഥലങ്ങളെ തണുപ്പ് വല്ലാതെ അതിക്രമിച്ച് കഴിഞ്ഞിരുന്നു , ചാന്ദിനി ചൗക്കിലെ ഏലക്കയും മറ്റും ഇട്ട് ഒരു പ്രത്യേക ചായയുണ്ട് , മഞ്ഞിൽ മുഴുകിയതിന്റെ കൂടെ ചായേം കുടിച്ച് കാശുകൊടുക്കാൻ ബാഗിൽ പേഴ്‌സ് തപ്പിയതും.

 

പ്രസവം കഴിഞ്ഞ ആ പേഴ്സിനെ ഒരുത്തൻ എന്നോട് പോലും ചോയിക്കാതെ കൊണ്ടുപോയി ..അതായത് പോക്കറ്റ് അടിച്ചെന്ന് ;പറയാൻ പറ്റില്ല ബാഗിന്റെ ഉള്ളിൽ നിന്ന് അടിച്ചോണ്ട് പോയ മഹാൻ … ബാഗും പാന്റും മുഴുവൻ തപ്പി ഏഴു രൂപക്ക് ഒരു രൂപ കുറഞ്ഞ് 6 രൂപ കൊടുത്തപ്പോൾ പേഴ്‌സ് കാണാതെ പോയതിന്റെ കഥയും പറഞ്ഞപ്പോൾ , ചാന്ദ്നി ചൗക്കിലെ സ്ഥിരം കാഴ്ചയാണെന്ന് മനസിലായി … ഉള്ളവന്റെ എന്തേലും കൊണ്ട് പോയിരുന്നെങ്കിലും എടുത്തവന് എന്തേലും ആയേനെ , ഇതിപ്പോ അവനും വിഷമം എനിക്കും … ബാഗിൽ ഇണ്ടായിരുന്ന എല്ലാ ഷർട്ടും ബനിയനും എടുത്ത് ഇട്ടിട്ട് തണുപ്പിനെ ഒരു ശതമാനം പോലും വെല്ലുവിളിക്കാനാകാതെ ആ തിരക്കുള്ള രാത്രിയിൽ എവിടേക്കോ നടന്നു ഭക്ഷണം അന്വേഷിച്ച് ..

നടന്ന് നടന്ന് ഹസ്രത്ത് നിസാമുദിനിൽ ദർഗയുണ്ട് ഭക്ഷണോം കിട്ടും തലചായ്ക്കാൻ ചിലപ്പോ ചുറ്റുപാടെവിടെലും സ്ഥലം കിട്ടിയാൽ നിന്റെ ഭാഗ്യം എന്ന് പറഞ്ഞ് ഒരു രാജസ്ഥാനി ബീടക്കാരൻ.. ചാന്ദ്നി ചൗക്കീന്ന് 10 കിലോമിറ്ററോളം നടന്നതിന്റെ ക്ഷീണം മാറിയത് .. ദർഗയിലേക്കുള്ള കവാടത്ത് … സൂഫി സോങ്ങ്സും കാവാലിയും മഞ്ഞുള്ള ആ സ്ഥലത്ത് അനങ്ങാതെ ഇരമ്പിച്ചപോലെ കാതിൽ കേട്ടു … ആരോടെയൊക്കയോ അന്വേഷിച്ച് റൊട്ടിയും ദാലും കഴിച്ച് .. പാട്ടിലേക്ക് മയങ്ങി ഒരു തൂണിന്റെ അടുത്തിരുന്ന് …

ജീവിതത്തിലെ എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെ , അത് വരെ ഒന്നും സാധിക്കാതെ പോയ ഞാൻ ഒരു രാജാവിനെ പോലെ തോന്നിയ നിമിഷം … ചുണ്ട് പൊട്ടി തുടങ്ങി ,പുതപ്പ് അന്വേഷിച്ചുള്ള ദർഗയിലെ ചുറ്റലിൽ , രാജാവായ എന്നെ വെറും ഒരു ഭടനാക്കി കൊണ്ട് നീണ്ട താടിക്കാരൻ പുതപ്പ് തന്നു ചിരിച്ച് നീ പുതിയതാണോ എന്ന് ചോയിച്ച് സമയം കൂടുതലാകുന്നതിന് മുൻപ് എവിടേലും സ്ഥലം കണ്ടെത്തി ഉറങ്ങിക്കോ എന്ന് പറഞ്ഞ് …. അന്നത്തെ ദിവസത്തിന്റെ എല്ലാം ചിന്തകളും ഉറങ്ങാനാകാതെ പുതപ്പിനുള്ളിൽ തൂണിന്റെ അടുത്ത് ,പുറത്ത് ആരൊക്കയോ ഹുക്കയും വലിച്ച് കാവാലിയും പാടുന്നതിന്റെ പാട്ട് . മനസിലേറി …

പിറ്റേ ദിവസം മഞ്ഞിന്റെ തണുപ്പിൽ എല്ലാരും വൈകി എണീറ്റെങ്കിലും ഒരാൾ മാത്രം എണീറ്റില്ല …. ഞാൻ എല്ലാം കണ്ടുകൊണ്ട് മാറി നിൽകുമ്പോൾ… അയാൾ ഉറക്കത്തിൽ തന്നെ മരിച്ചു. തണുപ്പല്ലേ വയസ്സായ ആളുമല്ലേ. യാ അല്ലാ എന്താ ചെയ്യാ.. അന്ന് ഒരു കാര്യം മനസിലായി. ദിവസം ഉറങ്ങി എഴുന്നേൽക്കുന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്. ഇതൊക്കെ അറിയാതെ മനുഷ്യർ എന്തക്കയോ ചെയ്തു കൂട്ടുന്നു.

പുതപ്പിന്റെ ഉടമ വന്ന് പുതപ്പ് തിരികെ ചോയിച്ചപ്പോൾ കൊടുത്തിട്ട് ചോയിച്ച് ഇവിടെ ഇരിക്കുന്ന എല്ലാരും ആരോരും ഇല്ലാത്തവരാണോ? “നഹി ബേട്ട എല്ലാരും ഇണ്ടായിട്ടും ‘ഇല്ലാതെ പോയവരാണ് , പണമുണ്ടാക്കുന്നതിന്റെ തിരക്കിൽ പലരും കൂടെയുള്ള ബന്ധങ്ങൾ നിലനിർത്താൻ മറന്നപ്പോൾ , പിന്നെ ഡൽഹി തെരുവുകൾ ജനിച്ച് വളർന്നവരുമുണ്ട്. പക്ഷെ എന്റെ കാര്യം വ്യതാസമാണ്. മക്കളെ കെട്ടിച്ച് വിട്ട് കഴിഞ്ഞതും ഞാൻ എനിക്ക് വേണ്ടി ഇറങ്ങിയതാണ് ഭാര്യ മരിച്ചു പോയപ്പോൾ.. ജീവിതത്തിൽ പലതും ചെയ്യാൻ മറന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ ചിരിക്കാൻ പോലും സമയമില്ലാതെ, ആരുടേയും കാര്യങ്ങൾ അന്വേഷിക്കാതെ വെറുതെ ജോലിക്കും പോയി കുറച്ച് സേവിങ്‌സും ഉണ്ടാക്കി. ജീവിതത്തിൽ എന്തക്കയോ കാണിച്ചുകുട്ടി എന്ന് പറയാം. ഇനിയെങ്കിലും ഒന്ന് സമാധാനയി ജീവിക്കണം. ദിവസവും സന്തോഷിക്കണം. പറ്റുന്നത് പോലെ ബാക്കിയുള്ളോരെയും … ബേട്ട ഒരു ദിവസം നീ ഒരുകോടി രൂപ ഉണ്ടാക്കിയാലും ,സന്തോഷിക്കാനോ ചിരിക്കാനോ സമയമോ ഒന്ന് ഇല്ലെങ്കിൽ … നിന്റെ കയ്യിലുള്ള ഒരുകോടിക്ക് വെറും പേപ്പറിന്റെ വില മാത്രമാണ്.”

ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തന്ന് കൈയിലേക്ക് 500 രൂപ വെച്ച് തന്നിട്ട് നീ പോയിട്ട് വാടയെന്ന് സന്തോഷത്തോടെ പറഞ്ഞ് വിട്ടു. അന്ന് ആലോചിച്ചു ഒരു പേഴ്‌സ് പോയതിൽ ഇത്രയും അധികം സന്തോഷിക്കുന്നത് ചിലപ്പോൾ ഞാൻ മാത്രമായിരിക്കും. സാഹചര്യ സമർദ്ദമൂലം ജീവിതത്തിന്റെ യഥാർത്ഥ വീഥിയിലേക്ക് കൊണ്ടെത്തിക്കുന്നോർ. അതിന് ശേഷം മൂന്നോ നാലോ വട്ടം ദർഗയിലേക്ക് പോയി ഇതുവരെയും അദ്ദേഹത്തെ കണ്ടെത്താനായില്ല. പക്ഷെ ഇപ്പഴും അദ്ദേഹത്തിന്റെ ചിന്തകൾ എന്നിൽ എവിടെയൊക്കെ ജീവിക്കുന്നതായി ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്..

ആ ദിവസം കേട്ട പാട്ടുകൾ മനസിൽ ഇപ്പഴും അന്ന് നടന്ന എല്ലാ കാര്യങ്ങളെയും ഓർമിപ്പിക്കും. സൂഫി മനസിലേക്ക് ഇടിച്ച് കേറി റാഹത്ത് ഫത്തേഹ് അലിഖാനും നസ്രത്ത്‌ ഫത്തേഹ് അലിഖാനും എആർ റഹ്‌മാനും ഒക്കെയായി. ജീവിതത്തിന്റെ അർഥം ഇപ്പഴും എവിടെയൊക്കയെ സുഫി വരികളിൽ ഇപ്പഴും തങ്ങിയിരിപ്പുണ്ട്. ഹാഷിയിട്ട സ്റ്റാറ്റസിൽ “ക്വജാ മേരാ ക്വജാ..” സുഫിയിലെ പ്രധാന പാട്ട് മേൽപറഞ്ഞ അനുഭവങ്ങളിലേക്ക് മുറിതുണ്ടായ നിമിഷങ്ങൾക്കുളിൽ മനസിൽ മാഞ്ഞു പോയി.

ചില പാട്ടുകൾ അങ്ങനെയാണ്. മരുഭൂമിയിൽ ഇരുന്ന് കേട്ടാലും പച്ചപ്പിന്റെയും പ്രതീക്ഷയുടെയും വികാരങ്ങൾ വാരി വിതറാൻ കഴിയും. വായിക്കൊന്നോർക്കും അങ്ങനെ തന്നയായിരിക്കും എന്ന് കരുതുന്നു. ഞാനിപ്പഴും വല്യ പണക്കാരനൊന്നുമല്ല ,സ്വന്തമായി വീടുപോലുമില്ലാത്തവനാണ്. പുള്ളിക്കാരൻ അന്ന് പറഞ്ഞതുപോലെ എല്ലാ ദിവസവും സന്തോഷായി ഇരിക്കാനും, കൂടെയുള്ളോരേ സന്തോഷിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കോടിപതിക്ക് പറ്റാത്തത് നമുക്ക് പറ്റിയാൽ അതൊരു രസം തന്നെയല്ലേ. ഇതൊക്കെ തന്നെയല്ലേ ജീവിതം ഇഹ്…