എറണാകുളം – ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വ്വീസിന് രണ്ടാഴ്ചകൊണ്ട് വിട…

സഞ്ചാരികളുടെയും യാത്രക്കാരുടെയും നീണ്ട കാത്തിരിപ്പിനൊടുവില്‍ സര്‍വ്വീസ് ആരംഭിച്ച എറണാകുളം-ഹാർബർ ടെർമിനസ് ഡെമു ഒടുവില്‍ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു യാത്രാപ്രേമി എന്ന നിലയില്‍ ഏതൊരാളിനും വളരെ വേദനാജനകമായ ഒരു വാര്‍ത്തയാണിത്. ഫ്ലാഗ് ഓഫ് ചെയ്ത് ഏകദേശം രണ്ടാഴ്ച തികയുമ്പോഴാണ് ഈ സര്‍വ്വീസിന് അവസാനമായത്.

സെപ്റ്റംബര്‍ 26 നാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വില്ലിംഗ്ടന്‍ ഐലന്‍ഡിലെ കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലേക്ക് ഡെമു സര്‍വ്വീസ് ആരംഭിച്ചത്. ഉത്ഘാടന ദിവസത്തെ തിരക്ക് കണ്ട് എല്ലാവരും സന്തോഷിച്ചെങ്കിലും ആ സന്തോഷത്തിനു അധിക നേരം ആയുസ്സുണ്ടായില്ല.

ഒരുവര്‍ഷം മുമ്പാണ് ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. നിരന്തരമായ പരീക്ഷണ ഓട്ടങ്ങളും സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളുടെ നവീകരണവും സ്റ്റേഷന്‍ മാനേജര്‍, ഗേറ്റ് കീപ്പര്‍ തുടങ്ങി വിവിധ തസ്തികയിലേക്കുള്ള ജീവനക്കാരുടെ നിയമനവും നടത്തിയതിന് ശേഷമായിരുന്നു സര്‍വീസ് തുടങ്ങിയത്. ശനി, ഞായര്‍ ഒഴികെ ആഴ്ചയില്‍ അഞ്ച് ദിവസം രാവിലെയും വൈകിട്ടും രണ്ട് വീതം സർവ്വീസുകളാണ് ഡെമു നടത്തിയിരുന്നത്.

Photo – Varun Backpacker.

ഉത്ഘാടന ദിവസത്തെ തിരക്കുകള്‍ക്കു ശേഷം പിന്നീട് ദിവസേനയുള്ള ഓരോ ട്രിപ്പിലും പത്തില്‍ താഴെയാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഈ സര്‍വ്വീസ് നടത്തുന്നതിനായി ദിവസേന മുപ്പതിനായിരം രൂപയോളം ചെലവു വരും. എന്നാല്‍ ഈ സര്‍വ്വീസിന്റെ ദിവസ വരുമാനം ശരാശരി 500 രൂപയിലാണ് ഒതുങ്ങിയിരുന്നത്. കൊച്ചി ഹാർബർ ടെർമിനസ്, മട്ടാഞ്ചേരി ഹാൾട്ട്, എറണാകുളം ജങ്ഷൻ എന്നീ മൂന്ന് സ്റ്റേഷനുകൾ മാത്രമുളളതാണ് 8 – 9 കിലോമീറ്റർ ദൈർഘ്യമുളള ഈ പാത. എന്നാൽ 40 മിനിറ്റോളം സമയമെടുത്താണ് ഈ റൂട്ടിൽ ട്രെയിൻ സർവ്വീസ് നടത്തിയിരുന്നത്. സ്വകാര്യ ബസ് സര്‍വ്വീസുകളുടെ കുത്തകയായ റൂട്ട് ആയതിനാലാണ് പാവം ഡെമു സര്‍വ്വീസിന് ആളില്ലാതെ പോകുവാന്‍ കാരണം. ട്രെയിനില്‍ 40 മിനിറ്റ് എടുക്കുന്ന ദൂരം ബസ്സുകാര്‍ 15 – 20 മിനിട്ടുകള്‍ കൊണ്ട് എത്തിക്കുമെന്നതിനാല്‍ സ്ഥിരയാത്രക്കാര്‍ക്ക് പ്രിയങ്കരം ബസ്സുകള്‍ തന്നെയാണ്.

മുന്നൂറ് പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഡെമു സര്‍വീസിലൂടെ കൊച്ചിയിലെ പഴയ റെയില്‍പാതകളുടെ പുനരുജ്ജീവനവും വിനോദസഞ്ചാര സാധ്യതകളുടെ പ്രയോജനപ്പെടുത്തലുമായിരുന്നു റെയില്‍വെയുടെ ലക്ഷ്യം. എന്നാല്‍ തുടക്കത്തിലെ തന്നെ റെയില്‍വെയുടെ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. എല്ലാറ്റിനും ഒപ്പം ട്രെയിന്‍ കടന്നു പോകുമ്പോള്‍ വാത്തുരുത്തി ഭാഗത്ത് റെയില്‍വേ ഗേറ്റ് അടയ്ക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിനെതിരെ ആളുകള്‍ പ്രതിഷേധിച്ചു തുടങ്ങിയതും ഈ പൈതൃക റൂട്ടിലെ സര്‍വ്വീസിന്റെ ശവക്കല്ലറയിലെ അവസാനത്തെ ആണിയായി മാറി.

1943 ൽ ആണു കൊച്ചിൻ ഹാർബർ ടെർമിനസ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ നിർണായക സ്ഥാനമാണു ഹാർബർ ടെർമിനസ് സ്റ്റേഷനുണ്ടായിരുന്നത്. മദ്രാസ് മെയിൽ, ഐലൻഡ് എക്സ്പ്രസ്, ടീ ഗാർഡൻ, ജയന്തി ജനത, നേത്രാവതി, മംഗള, രപ്തി സാഗർ, പരശുറാം തുടങ്ങിയ ഇന്നത്തെ പേരു കേട്ട ട്രെയിനുകളെല്ലാം തുടങ്ങിയത് കൊച്ചിൻ ഹാർബർ ടെര്മിനസിൽ നിന്നാണ്. പിൽക്കാലത്ത് അവ പേരും, റൂട്ടുമൊക്കെ മാറുകയായിരുന്നു.

ഡെമു സര്‍വീസ് ലാഭകരമാവണമെങ്കില്‍ എറണാകുളം ജങ്ഷന് പുറമേ അങ്കമാലിയിലേക്കു കൂടി സര്‍വീസ് ദീര്‍ഘിപ്പിക്കണമെന്ന് നേരത്തെതന്നെ യാത്രക്കാര്‍ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്ന് റെയില്‍വേ അറിയിച്ചു. റെയിൽപ്പാത വൈദ്യുതീകരിക്കുവാൻ നേവിയുടെ അനുമതിയും കിട്ടാതെ വന്നതോടെ ഈ റെയിൽവേ സ്റ്റേഷന്റെ അവസാന പിടിവള്ളിയും വിട്ടുപോയ അവസ്ഥയിലാണ് ഇപ്പോള്‍.

അതേസമയം പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്ത് ഈ പാത വൈദ്യുതീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും നിലവിലെ സ്ഥിതിയില്‍ അതിനു സാധ്യത തീരെയില്ലെന്നു തന്നെയാണ് വിലയിരുത്തല്‍.